Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമാകുക 4.7 കോടി ജനങ്ങൾക്ക്; നാല് ആഴ്‌ച്ചക്കിടെ തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചത് 52 ലക്ഷം പേർ; കോവിഡിനെ ഇനിയും നിയന്ത്രിക്കാനായില്ലെങ്കിൽ അമേരിക്ക വൻ സാമ്പത്തിത മാന്ദ്യത്തിന് വേദിയാകുമെന്ന് ഐക്യരാഷ്ട്രഭയുടെ പ്രത്യേക പ്രതിനിധി

കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമാകുക 4.7 കോടി ജനങ്ങൾക്ക്; നാല് ആഴ്‌ച്ചക്കിടെ തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചത് 52 ലക്ഷം പേർ; കോവിഡിനെ ഇനിയും നിയന്ത്രിക്കാനായില്ലെങ്കിൽ അമേരിക്ക വൻ സാമ്പത്തിത മാന്ദ്യത്തിന് വേദിയാകുമെന്ന് ഐക്യരാഷ്ട്രഭയുടെ പ്രത്യേക പ്രതിനിധി

മറുനാടൻ മലയാളി ബ്യൂറോ

വാഷിംങ്ടൺ: അമേരിക്കയിൽ കൊവിഡ്19 പടർന്ന് പിടിക്കുകയാണ്. 37,200ലേറെ പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 7.12 ലക്ഷത്തിലേറെ പേരാണ് കൊറോണ വൈറസ് ബാധിതർ.മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗൺ ദീർഘകാല പരിഹാരമല്ലെന്നു പറഞ്ഞ പ്രസിഡന്റ്ട്രംപ് അതാത് സംസ്ഥാനങ്ങളിലെ നിയന്ത്രണം നീക്കാൻ ഗവർണർമാർക്ക് അനുമതി നൽകിയിരുന്നു. 30% പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കിടെ പുതിയ കേസുകളില്ല; ആരോഗ്യവും സാഹചര്യവും അനുകൂലമെങ്കിൽ ജനത്തിനു പതിവു പ്രവർത്തനങ്ങളിലേക്കു മടങ്ങാമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ, കാര്യങ്ങൾ അത്ര നിസ്സാരമല്ല എന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. കോവിഡ് പിടിമുറുക്കിയാൽ യുഎസ് വൻ സാമ്പത്തിക മാന്ദ്യത്തിന് വേദിയാകുമെന്ന് യുഎൻ പ്രത്യേക പ്രതിനിധി ഫിലിപ് ആൽസ്റ്റൻ വ്യക്തമാക്കി. ദശലക്ഷക്കണക്കിന് പേരെ ഇത് ദാരിദ്രത്തിലാഴ്‌ത്താതിരിക്കാൻ സാമ്പത്തിക നയങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾക്ക് യുഎസ് ജനപ്രതിനിധി സഭ തയാറാകണമെന്നും ദാരിദ്രം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലെ വിശകലന വിദഗ്ധൻ കൂടിയായ ആൽസ്റ്റൻ അഭിപ്രായപ്പെട്ടു.

Stories you may Like

പിന്നിട്ട നാല് ആഴ്ചകളിൽ തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി 52 ലക്ഷം പേർകൂടി അപേക്ഷ നൽകിയതോടെ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായവരുടെ എണ്ണം 2.2 കോടിയായെന്നാണ് കണക്കുകൾ. ഇത് 4.7 കോടി വരെ ഉയരാമെന്നാണ് യുഎസ് ഫെഡറൽ റിസർവിലെ സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ സാമ്പത്തികനില 5.9% ഇടിയുമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ പ്രവചനം.

നയങ്ങളിൽ കാര്യമായ മാറ്റം വരുത്തേണ്ട സമയമാണിത്. കോവി‍ഡിനു പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ ആസന്നമാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ സാധാരണക്കാർക്കു മേൽ പതിക്കാതിരിക്കാൻ സർക്കാർ മുൻകരുതൽ സ്വീകരിക്കണം – ഫിലിപ്പ് ആൽസ്റ്റൻ പറഞ്ഞു. കൊറോണ വൈറസിന്റെ പ്രത്യാഘാതം ഏറെ ബാധിക്കാൻ പോകുന്നത് കുറഞ്ഞ വരുമാനക്കാരെയും ദരിദ്രരെയുമാണ്. രാജ്യത്തെ മുതലാളിത്ത അധിഷ്ഠിത സംവിധാനത്തിൽ വിവേചനം നേരിടുന്ന ഇവരുടെ സ്ഥിതി കൂടുതൽ പരിതാപകരമാകാതിരിക്കാൻ ശ്രദ്ധ വേണം.

പ്രതിസന്ധി നേരിടുന്നതിൽ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ എത്ര സമർഥമാണെന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവി. പാവപ്പെട്ടവർക്കും തൊഴിൽ രഹിതർക്കും വയോധികർക്കും ഇടത്തരക്കാർക്കും മറ്റും എല്ലാ സഹായവും എത്തിക്കേണ്ട സമയമാണിത്. സർക്കാർ പ്രഖ്യാപിച്ച സഹായധനം ഇവരുടെ ജീവിതനിലവാരം എത്രത്തോളം ഉയർത്തുമെന്നതും ചിന്തിക്കണം. ഈ വിഭാഗങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിക്കാനും നടപടി വേണം.

ലക്ഷക്കണക്കിന് പേരാണ് ഏപ്രിൽ മാസത്തെ വാടക നൽകാൻ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്നത്. യുഎസിലെ വീട്ടുവാടകക്കാരിൽ മൂന്നിലൊന്നിനെയും സാമ്പത്തിക പ്രശ്നങ്ങൾ ബാധിച്ചെന്നാണ് സൂചന. സർക്കാർ നിലവിൽ പ്രഖ്യാപിച്ച ആശ്വാസ നടപടികൾ ലക്ഷ്യം കണ്ടില്ലെന്നു വരാം. ഈ പ്രഖ്യാപനങ്ങൾ പാവപ്പെട്ടവരുടെ ആരോഗ്യരക്ഷ, ഭക്ഷണം, പാർപ്പിടം എന്നിവ ഉറപ്പാക്കാൻ പര്യാപ്തമാണോ എന്ന് ചിന്തിക്കേണ്ട സമയം കൂടിയാണിതെന്ന് ഫിലിപ് ആൽസ്റ്റൻ വിശദീകരിച്ചു.

പ്രാദേശിക തലത്തിൽ കൂടുതൽ സഹായങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ വലുതാകും. യുഎസ് സെൻസസ് ബ്യൂറോയുടെ 2018 ലെ കണക്കനുസരിച്ച് 3.81 കോടി പേരാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്. കടങ്ങൾ എഴുതി തള്ളാൻ നടപടികൾ വേണം. വാടക നൽകാൻ ബുദ്ധിമുട്ടുള്ളവർക്കു അത് നൽകണം. ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികൾ കൈക്കൊള്ളേണ്ട സമയമാണിത്. വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിലും നടപടി വേണം– ഫിലിപ്പ് ആൽസ്റ്റൻ പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടർന്നുണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കുന്നതിന് മാർച്ച് 27ന് രണ്ട് ട്രില്യൻ ഡോളറിന്റെ ഉത്തേജക പാക്കേജിൽ ട്രംപ് ഒപ്പുവച്ചിരുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജായിരുന്നു അത്. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ കാർഷികമേഖലയെ സഹായിക്കാൻ 1900 ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. കോവി‍ഡ് മഹാമാരിക്കിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്ത നിലപാടുകൾ രാജ്യാന്തര തലത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധിയുടെ രംഗപ്രവേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP