Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണത്തിനാണ് വന്നതെന്നും കള്ളിയെന്ന് ആരോപിച്ചിട്ടും പൊലീസിനെ കൂസാതെ മൈക്കുമായി മുന്നോട്ട്; കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് വനിതാ റിപ്പോർട്ടറും; ഹത്രസിൽ പെൺകുട്ടിയുടെ ബന്ധുക്കളെ കാണാനെത്തിയ മാധ്യമസംഘത്തെ തടഞ്ഞതോടെ റിപ്പോർട്ടർ പ്രതിമ മിശ്ര നടത്തിയത് ലൈവിലെ പോരാട്ടം; ന്യൂസ് സംഘത്തെ കസ്റ്റഡിയിലെടുത്തിട്ടും ഫോൺ പിടിച്ചുവാങ്ങിയിട്ടും തളർന്നില്ല; യു.പിയിലെ പൊലീസ് കാടത്തം പൊളിച്ചടുക്കിയ എ.ബി.പിന്യൂസ് റിപ്പോർട്ടർ പ്രതിമ മിശ്രയാണ് താരം

മറുനാടൻ ഡെസ്‌ക്‌

യു.പി: ഹത്രസിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ എ.ബി.പി ന്യൂസ് സംഘത്തിനെ തടഞ്ഞ് യോഗി പൊലീസിന്റെ ക്രൂരത. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ എ.ബി.പി ന്യൂസ് റിപ്പോർട്ടര്ഡ പ്രതിമാ മിശ്രയേയും ക്യാമറാ മാൻ മനോജ് അധികാരിയേയുമാണ് പൊലീസ് സംഘം തടഞ്ഞത്.

കോവിഡ് മറവിൽ സ്ഥലത്ത് നിരോധനാജഞ പ്രഖ്യാപിക്കുകയും മാധ്യമങ്ങളെ പോലും കടത്തിവിടാതെയാണ് ഗ്രാമം മുഴുവൻ പൊലീസ് സംഘം നിലയുറപ്പിച്ചത്. തങ്ങൾക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കണണമെന്നും കാണാതെ മടങ്ങില്ലെന്നും പറഞ്ഞതോടെയാണ് റിപ്പോർട്ടർക്കും ക്യാമാറമാനും നേരെ പൊലീസ് സംഘം നടപടിയുമായി രംഗത്തെത്തിയത്.

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ അകത്തേക്ക് കയറാൻ കഴിയില്ലെന്നായിരുന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. എന്നാൽ വിലക്കിനെ വെല്ലുവിളിച്ച് പ്രതിമ മിശ്രയും ന്യൂസ് സംഘവും അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ലൈവ് ടെലികാസ്റ്റിലൂടെ എന്തുകൊണ്ട് തങ്ങളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തക ചോദിക്കുമ്പോൾ ഞങ്ങളുടെ ഡ്യൂട്ടിയാണിത് തടസപ്പെടുത്തരുത്‌ന്നെയാരുന്നു പൊലീസിന്റെ മറുപടി.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചപ്പോൾ താങ്കളുടെ മാസ്‌ക് എവിടെയെന്നും നിയമം പാലിക്കാൻ താങ്കൾ ആദ്യം തയ്യാറാവണം എന്നും മാധ്യമ പ്രവർത്തക പറഞ്ഞു. ഇതോടെ വനിതാ പൊലീസുകാരെ മുന്നിൽ നിർത്തി റിപ്പോർട്ടറെ തടഞ്ഞു. ലൈവിൽ ലക്ഷക്കണക്കിന് ജനങ്ങൾ നോക്കി നിൽക്കെയാണ് മാധ്യമ സംഘത്തിന് നേരെ പൊലീസ് അഴിഞ്ഞാട്ടം നടത്തിയത്. ഗ്രാമത്തിൽ മോഷണത്തിന് എത്തിയതാണെന്നും റിപ്പോർട്ടറെ മോഷ്ടാവ് എന്നും അധിക്ഷേപിച്ച് പൊലീസ് ഇവരുടെ മൊബൈൽ അടക്കം പിടിച്ചുവാങ്ങി.

ലൈവ് ടെലികാസ്റ്റിങ് തടസപ്പെടുത്തുക മാത്രമല്ല. ബലമായി മാധ്യമസംഘത്തിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ലൈവ് റിപ്പോർട്ടിങ്ങിലൂടെ ഞെട്ടിച്ചും പറയാനുള്ളത് ധീരമായി പ്രതികരിച്ചുമാണ് മാധ്യമ പ്രവർത്തക പ്രതികരിച്ചത്. ഇതോടെ ഹത്രസ് പീഡനക്കേസിലെ പൊലീസ് നരനായാട്ടിന്റെ ഭീകരദൃശ്യങ്ങളാണ് എ.ബി.പി ന്യൂസ് സംഘം തുറന്ന് കാട്ടിയത്.

പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു തങ്ങളുടെ വായടയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നു കുടുംബാഗം ആരോപിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽനിന്നും പുറത്തിറങ്ങരുതെന്നു ഭീഷണിപ്പെടുത്തിയെന്നു വീട്ടിൽ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ചു പുറത്തുചാടിയ കുടുംബാംഗം മാധ്യമങ്ങളോടു പറഞ്ഞു.

കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ ഓഫാക്കി വയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി. ചിലരുടെ ഫോണുകൾ പിടിച്ചെടുത്തു. പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. മാധ്യമങ്ങളോടു സംസാരിക്കരുതെന്നും നിർദ്ദേശിച്ചു. പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും കുടുംബാംഗം വ്യക്തമാക്കി. പെൺകുട്ടിയുടെ വീട്ടിലേക്കു ഗ്രാമീണരെ പോലും കടത്തിവിടുന്നില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ഇയാൾ മാധ്യമങ്ങളോടു സംസാരിക്കവെ സ്ഥലത്തെത്തിയ പൊലീസ് പ്രതികരണം വിലക്കി. കുടുംബാംഗങ്ങൾക്കു മാധ്യമങ്ങളെ കാണാൻ അവസരം നിഷേധിക്കുന്നുവെന്ന ആരോപണത്തോടു പ്രതികരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ല.കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചിരുന്നു.

ഗ്രേറ്റർ നോയിഡയിൽ ഇരുവരുടെയും വാഹനം പൊലീസ് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും ഹത്രാസിലേക്കു നടന്നു പോകുമെന്നു പ്രഖ്യാപിച്ച് വാഹനത്തിൽ നിന്നിറങ്ങി. രാഹുലിനെ പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അദ്ദേഹം നിലത്തു വീണു. തനിക്കും പ്രിയങ്കയ്ക്കും നേരേ പൊലീസ് ലാത്തി പ്രയോഗിച്ചെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ പറഞ്ഞു.

അതിനിടെ, കൂടുതൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പോകേണ്ടെന്നു പെൺകുട്ടിയുടെ പിതാവിനോട് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സാകർ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മാധ്യമ പ്രവർത്തകർ വരും പോകും. തങ്ങൾ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞതൊന്നും മാറ്റിപ്പറയരുതെന്നുമൊക്കെ പറഞ്ഞാണ് പ്രവീൺ കുമാർ ഭീഷണി മുഴക്കിയത്.

രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദർശനം പ്രഖ്യാപിച്ചതിന്റെ പിന്നാലെ തന്നെ യുപി പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുൻകരുതലിന്റെ മറവിലായിരുന്നു നിരോധനാജ്ഞ. രാഹുലിനും പ്രിയങ്കയ്ക്കും എതിരേ നിരോധനാജ്ഞാ ലംഘനക്കുറ്റം ചുമത്തുമെന്നു യുപി പൊലീസ് പറഞ്ഞു.

ഹത്രാസിലെ ബൂൽഗഡിയിൽ പെൺകുട്ടിയുടെ വീടിനു കാവൽ നിന്ന മൂന്നു പൊലീസുകാർക്ക്കോവിഡ് പോസിറ്റീവായെന്നു സർക്കാർ പറയുന്നു. മറ്റു രണ്ടു പൊലീസുകാർക്കുകൂടി രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഇവിടം കണ്ടയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ പ്രതിഷേധങ്ങളും സന്ദർശനങ്ങളും നിരോധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP