Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപക നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാമനായത് 150ൽ 142 മാർക്ക് വാങ്ങി; ഇന്ത്യൻ രാഷ്ട്രപതി ആരെന്ന് പോലും അറിയാത്തവൻ ഒന്നാം റാങ്ക് വാങ്ങിയതോടെ പരാതിയുമായി എത്തിയത് ഉദ്യോ​ഗാർത്ഥിയായ യുവാവ്; ഉത്തർപ്രദേശിലെ പരീക്ഷാ ക്രമക്കേട് വ്യാപം അഴിമതിക്ക് തുല്യമെന്ന് പ്രിയങ്കാ ​ഗാന്ധി; സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്‌പി നേതാവ് മായാവതിയും; അന്വേഷണത്തിന് പ്രത്യേക ദൗത്യ സംഘത്തെ നിയോ​ഗിച്ച് യുപി സർക്കാർ

അദ്ധ്യാപക നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാമനായത് 150ൽ 142 മാർക്ക് വാങ്ങി; ഇന്ത്യൻ രാഷ്ട്രപതി ആരെന്ന് പോലും അറിയാത്തവൻ ഒന്നാം റാങ്ക് വാങ്ങിയതോടെ പരാതിയുമായി എത്തിയത് ഉദ്യോ​ഗാർത്ഥിയായ യുവാവ്; ഉത്തർപ്രദേശിലെ പരീക്ഷാ ക്രമക്കേട് വ്യാപം അഴിമതിക്ക് തുല്യമെന്ന് പ്രിയങ്കാ ​ഗാന്ധി; സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്‌പി നേതാവ് മായാവതിയും; അന്വേഷണത്തിന് പ്രത്യേക ദൗത്യ സംഘത്തെ നിയോ​ഗിച്ച് യുപി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഇന്ത്യൻ രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ആൾ അസിസ്റ്റന്റ് ടീച്ചർമാരുടെ യോ​ഗ്യതാ പരീക്ഷയിൽ നേടിയത് ഒന്നാം റാങ്ക്. അദ്ധ്യാപക നിയമനത്തിനായി കൈക്കൂലി വാങ്ങുന്നെന്നാരോപിച്ച് രാഹുൽ എന്ന യുവാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന അഴിമതി പുറംലോകം അറിഞ്ഞത്. മത്സര പരീക്ഷയിൽ 150 മാർക്കിൽ 142 ഉം നേടിയ ധർമേന്ദ്ര പട്ടേൽ എന്ന യുവാവിനാണ് നിസാര ചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കാതിരുന്നത്. ഇതോടെ നിയമനം നടത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിക്കുന്നുണ്ടെന്നത് സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ധർമേന്ദ്ര പട്ടേൽ തസ്തിക നിയമനത്തിൽ ഒന്നാമതെത്തിയതിൽ മുഴുവൻ നിയമന പ്രക്രിയയുടെയും സുതാര്യതയെ സംബന്ധിച്ച് ചോദ്യങ്ങളുയർന്നു.

അഴിമതിയരോപണം വന്നയുടനെ എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തർപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതിയെ വെല്ലുവിളിച്ച് സർക്കാർ മുന്നോട്ടു പോവുകയായിരുന്നു. അതേസമയം വിഷയം ചർച്ചയായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിട്ടുണ്ട്. പരാതിയിൽ പ്രയാ​ഗ്‍രാജ് പൊലീസ് ഉടനടി നടപടിയെടുക്കുകയും കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കെഎൽ പട്ടേൽ എന്നയാളെയും ഒപ്പം 9 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രത്യേക ദൗത്യ സംഘത്തെ നിയോ​ഗിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.' അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സതീഷ് ദ്വിവേദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'നടപടിക്രമങ്ങളും മാർ​ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് റിക്രൂട്ട്മെന്റ് നടത്തിയത്. എന്നാൽ അദ്ധ്യാപക നിയമന പ്രക്രിയയിൽ അലഹബാദ് ഹൈക്കോടതി സ്റ്റേ നിർദ്ദേശിച്ചതിനാൽ കൗൺസലിം​ഗ് നടപടികൾ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ പ്രത്യേക അപ്പീൽ നൽകിയിരിക്കുകയാണ്. നിയമനപ്രക്രിയയിൽ കോടതിയുടെ വിധി അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. ചിലർ ഈ സംഭവത്തിൽ രാഷ്ട്രീയം കളിക്കുകയാണ്.' പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ദ്വിവേദി പറഞ്ഞു.

ഉത്തർ പ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ 69,000 പോസ്റ്റുകളിലേക്ക് നടന്ന അസിസ്റ്റന്റ് അദ്ധ്യാപക തസ്തികയിൽ നിയമനം ലഭിച്ചവരിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് പട്ടേലടക്കം 10 പേരെ കഴിഞ്ഞ ദിവസം പ്രയാഗ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് ശേഷമാണ് പട്ടേലിന്റെ പൊതുവിജ്ഞാനത്തിലെ അറിവില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും പുറത്തുവന്നത്. സംസ്ഥാനത്ത് അധ്യപക നിയമനം നടന്നുകൊണ്ടിരിക്കെയാണ് വാർത്ത പുറത്തുവന്നത്. അതിനാൽ ബാക്കി വരുന്ന 37,339 പോസ്റ്റുകളും പിടിച്ചുവെക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അദ്ധ്യാപക നിയമന അഴിമതിയെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മധ്യപ്രദേശിലെ ‘വ്യാപം’ അഴിമതിയോടാണ് ഉപമിച്ചത്. നിയമന പ്രക്രിയയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് പ്രിയങ്ക ​ഗാന്ധി ഉദ്യോ​ഗാർത്ഥികളുമായി നടത്തിയ വീഡിയോ കോൺഫറൻസിം​ഗിനിടെ ഉന്നയിച്ചത്. 'പരീക്ഷയിലെ ഒന്നാം റാങ്ക് നേടിയ വ്യക്തി അറസ്റ്റിലായതായി ഞാനറിഞ്ഞു. കൃത്യമായിട്ടാണ് പരീക്ഷ നടത്തിയതെങ്കിൽ എങ്ങനെയാണ് അറസ്റ്റുണ്ടാകുക? അഴിമതി നടക്കുമ്പോൾ ശബ്ദമുയർത്താൻ‌ യുപി സർക്കാർ അനുദിക്കില്ല. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? കൃത്യമായ, ന്യായമായ നടപടിയാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്.'' പ്രിയങ്ക ​ഗാന്ധി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്‌പി നേതാവ് മായാവതി ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് യു.പി വിദ്യാഭ്യാസ മന്ത്രി സതിഷ് ദ്വിവേദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP