Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കോയമ്പത്തൂരിൽ വീടിന് മേലേയ്ക്ക് ഇടിഞ്ഞുവീണ് 17 പേരുടെ ജീവനെടുത്തത് ജാതി മതിലോ? തൊട്ടപ്പുറത്തുള്ള ദളിത് കോളനി കാണാതിരിക്കാൻ സവർണ്ണ വിഭാഗത്തിൽ പെടുന്ന തുണി വ്യവസായി ആദ്യം കെട്ടിയത് എട്ട് അടി ഉയരമുള്ള മതിൽ; ദളിതർ പ്രവേശിക്കാതിരിക്കാൻ ഉയരം കൂട്ടിയത് 20 അടി; 17 പേരുടെയും ചിത ഒരുമിച്ച് കത്തിയെരിയുന്ന ചിത്രം പങ്കുവെച്ച് ദളിത് പ്രവർത്തകർ

കോയമ്പത്തൂരിൽ വീടിന് മേലേയ്ക്ക് ഇടിഞ്ഞുവീണ് 17 പേരുടെ ജീവനെടുത്തത് ജാതി മതിലോ? തൊട്ടപ്പുറത്തുള്ള ദളിത് കോളനി കാണാതിരിക്കാൻ സവർണ്ണ വിഭാഗത്തിൽ പെടുന്ന തുണി വ്യവസായി ആദ്യം കെട്ടിയത് എട്ട് അടി ഉയരമുള്ള മതിൽ; ദളിതർ പ്രവേശിക്കാതിരിക്കാൻ ഉയരം കൂട്ടിയത് 20 അടി; 17 പേരുടെയും ചിത ഒരുമിച്ച് കത്തിയെരിയുന്ന ചിത്രം പങ്കുവെച്ച് ദളിത് പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഹീനവും പ്രാകൃതമായ ജാതിവ്യവസ്ഥക്ക് കുപ്രസിദ്ധിയാർജ്ജിച്ചതാണ് തമിഴ്‌നാട്. ദുരഭിമാനക്കൊലകളും ജാതിക്കുളങ്ങളും ജാതി മതിലുകളുമെല്ലാം ഇപ്പോഴും ഇവിടെ പലയിടത്തുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിന് മേലേയ്ക്ക് മതിലിടിഞ്ഞു വീണ് 17 പേർ മരിച്ച സംഭവവും ജാതിയുടേപേരിൽ വിവാദമാവുകയാണ്. തൊട്ടപ്പുറത്തുള്ള ദളിത് കോളനി കാണാതിരിക്കാൻ സവർണ്ണ വിഭാഗത്തിൽ പെടുന്ന തുണി വ്യവസായി ഉയർത്തിക്കെട്ടിയ മതിലാണ് മഴയിൽ തകർന്നുവീണതെന്നാണ് ആക്ഷേപം. 17 പേരുടെയും ചിത ഒരുമിച്ച് കത്തിയെരിയുന്ന ചിത്രം പങ്കുവെച്ച് ദളിത് പ്രവർത്തകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

കോയമ്പത്തൂർ ജില്ലയിലെ നാടൂർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്.തൊട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ദളിത് കോളനിയിലെ മൂന്ന് വീടുകൾക്ക് മുകളിലേക്കായിരുന്നു മതിലിടിഞ്ഞു വീണത്. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരാണ് മരണമടഞ്ഞത്. ദളിത് കോളനിയെ വേർതിരിച്ച് എട്ട് അടി ഉയരത്തിൽ കെട്ടിയ മതിൽ തന്റെ വസ്തുവിൽ ദളിതർ പ്രവേശിക്കാതിരിക്കാൻ കൂടുതൽ ഉയർത്തി കെട്ടിയതാണ് അപകടകാരണംമെന്ന് പറയുന്നു. കോളനിയിലെ ആൾക്കാരുടെ എതിർപ്പിനെ മറികടന്നും മതിയായ സർക്കാർ അനുമതി കൂടാതെയും 20 അടിയാക്കി ഉയർത്തി കെട്ടുകയും ചെയ്തു. ഇതാണ് അപടത്തിന ഇടയാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്.

അരുന്ധതിയാർ വിഭാഗത്തിൽപ്പെട്ട 150 ഓളം കുടുംബങ്ങൾ ഏതാണ്ട് 60 വർഷത്തിലധികമായി താമസിച്ചുവരികയായിരുന്ന നടൂരിലെ ആദിദ്രാവിഡ കോളനിയോട് ചേർന്ന് പുതുതായി സ്ഥലം വാങ്ങുകയായിരുന്നു ടെക്സറ്റൈൽ വ്യാപാരി ശിവസുബ്രമണ്യം. ഇവിടെ വീട് നിർമ്മിച്ച ടെക്സ്‌റ്റൈൽസ് ഉടമയായ ഇയാൾ കോളനിയെ തന്റെ സ്ഥലവുമായി വേർതിരിക്കാൻ വേണ്ടി ഏതാണ്ട് ഒരേക്കറോളം ചുറ്റളവിൽ കൂറ്റൻ ചുറ്റുമതിൽ നിർമ്മിക്കുകയായിരുന്നു. പതിനേഴു പേരുടെ മരണത്തിന് കാരണക്കാരനായ എസ്. ശിവസുബ്രമണ്യത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ഇയാളെ ഡിസംബർ പതിനേഴു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഐ.പി.സി സെക്ഷൻ 304 പ്രകാരം നരഹത്യക്കും ഐ.പി.സി സെക്ഷൻ 4 തമിഴ്‌നാട് പ്രോപർട്ടി ആക്ട് പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എട്ടടി മതിൽ ഉയർത്തിയത് 20 അടിയാക്കി

നാട്ടുകാരെ വിളിച്ച് ദുരന്തവിവരം ആദ്യം പുറത്തു വിട്ടത് 100 മീറ്റർ അകലെ താമസിക്കുന്ന 21 കാരി ദിവ്യയായിരുന്നു. ഞായറാഴ്ച പെയ്ത കനത്ത മഴയിൽ സ്വന്തം വീടിന് എന്തെങ്കിലൂം പറ്റിയോ എന്നറിയാനായിരുന്നു ദിവ്യയുടെ വരവ്. എന്നാൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഞായറാഴ്ച രാത്രിയിൽ മൂന്ന് വീടുകൾക്ക് മുകളിലേക്ക് വലിയ കരിങ്കല്ല് ഉൾപ്പെടെയുള്ളവ ഇടിഞ്ഞു വീഴുകയായിരുന്നു.അവശിഷ്ടങ്ങൾക്കിടയിൽ തന്റെ അഞ്ചു കുടുംബാംഗങ്ങളെ ദിവ്യ കണ്ടെത്തി. മറ്റ് 12 പേർക്കൊപ്പം ഇവരുടെയും മൃതദേഹങ്ങൾ മണ്ണിൽ മൂടിപ്പോയിരുന്നു. കണ്ണപ്പൻ നഗറിലെ ഈ കോളനിയിൽ ഓടിട്ട ചെറിയ വീടുകളിൽ താമസിക്കുന്ന 300 ദളിതരിൽ ഒരാളാണ് ദിവ്യയും. എല്ലാ കാലവർഷത്തിലും ഈ വീടുകൾക്ക് പ്രശ്‌നമുണ്ടാകാറുണ്ട്. മേൽക്കൂര ചോരുക, വെള്ളപ്പൊക്കം എല്ലാം പതിവാണ്. എന്നാൽ ഇതിനേക്കാളെല്ലാം അവർ ഭയന്നിരുന്നത് തൊട്ടപ്പുറത്തെ കൂറ്റൻ മതിലിനെ തന്നെയായിരുന്നു.എട്ടു വർഷം മുമ്പാണ് ശിവ സുബ്രഹ്മണ്യൻ ഈ മതിൽ കെട്ടിയുയർത്തിയത്.

എട്ടടി മാത്രം ഉയരത്തിൽ ആദ്യം കെട്ടിയ മതിൽ ദളിത് സമൂഹത്തിന്റെ എതിർപ്പ് മറകടന്നായിരുന്നു 20 അടിയാക്കി ഉയർത്തിയത്. ഇത്രയും വലിയ മതിൽ ശിവ സുബ്രഹ്മണ്യത്തിന്റെ വീടിന് മുന്നിൽ പോലുമില്ല. പിന്നിൽ ദളിതരായതുകൊണ്ടാണ് അവരുടെ പ്രതിഷേധം പോലും അവഗണിച്ച് പടുകൂറ്റൻ മതിൽ ഇയാൾ വീടിന് പിൻഭാഗത്ത് കെട്ടിഉയർത്താൻ കാരണം. ഇത് തൊട്ടുകൂടായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ദളിതുകൾ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങളിൽ അത്രയും ഇത് ദളിതർക്ക് മേൽ കെട്ടിപ്പൊക്കിയ ജാതിമതിൽ എന്ന നിലയിലായിരുന്നു. തന്റെ പറമ്പിൽ ഒരു ദളിതരും ഒരു തരത്തിലും കയറരുത് എന്ന ഉദ്ദേശത്തിലാണ് ഇയാൾ ഇത്രയും ഉയരത്തിൽ മതിൽ കെട്ടിയതെന്നും ഇവർ ആരോപിക്കുന്നു. അന്നന്ന് ജീവിച്ചുപോകാൻ കഷ്ടപ്പെടുന്ന തങ്ങൾ മതിൽ ചാടി മോഷണം നടത്തുമെന്ന് പേടിച്ചാണ് ഇത്രയൂം ഉയർത്തി മതിൽ കെട്ടിയതെന്നും അവർ പറഞ്ഞു.

ജാതി വിവേചനത്തിന്റെ ഉരുക്കുമുഷ്ടിയായിട്ടാണ് പലരും മതിലിനെ വിലയിരുത്തിയത്. പൂർണ്ണമായും കരിങ്കല്ലിനാൽ നിർമ്മിച്ച മതിൽ നിർമ്മിക്കാൻ മുനിസിപ്പാലിറ്റിയിൽ നിന്നും അനുമതി പോലും വാങ്ങിയിരുന്നില്ല. സംഭവത്തിൽ മരണമടഞ്ഞവരെല്ലാം ദളിതരാണ്. ഈ മതിൽ കാരണം തങ്ങൾ ഏറെ കഷ്ടപ്പെടുകയായിരുന്നെന്ന് കോളനിവാസികൾ പറയുന്നു. സെൻട്രൽ ജയിലിൽ പോലും ഇത്രയൂം ഉയരത്തിൽ മതിൽ ഉണ്ടാകാറില്ലെന്നും ഇവർ പറയുന്നു. സംഭവം വലിയ പ്രതിഷേധത്തിനും കാരണമായിരിക്കുകയകാണ്.
ദുരന്തത്തിന് കാരണം 'ജാതി മതിൽ' ആണെന്ന് ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും അധസ്ഥിതരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളും ആരോപിച്ചു.

ശിവ സുബ്രഹ്മണ്യത്തിനെതിരേ ദളിത് പീഡന നിരോധന നിയമം വെച്ച് കേസെടുക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഇവർ.ജാതി മതിലുകൾ വ്യാപകമായ തമിഴ്‌നാട്ടിൽ ദളിതരെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റി നിർത്താനും റോഡുകളിലേക്കും നടപ്പാതകളിലേക്കും പ്രവേശനം നിഷേധിക്കാനും അവശ്യസേവനങ്ങൾ അപ്രാപ്യമാക്കാനും ജാതിമതിൽ കെട്ടുന്നത് പതിവാണ്. ഗ്രാമത്തിലെ 17 പേരുടെ മരണത്തിനിടയാക്കിയ സംഭവം തൊട്ടുകൂടായ്മയാണെന്ന് കാണിച്ച് പാർലമെന്റിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ട് ദളിത് പ്രവർത്തകർ സാമൂഹ്യ നീതി മന്ത്രാലയത്തിനും കത്തെഴുതിയിട്ടുണ്ട്. വിവേചനത്തിനെതിരേ ഇരകളും ആക്ടിവിസ്റ്റുകളും നടത്തിയ പ്രതിഷേധം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി ലോക്‌സഭാ എംപിയും വിസികെ നേതാവുമായ ഡി രവികുമാർ എഴുതിയ കത്തിൽ പറയുന്നു.

ജാതി മതിൽ വിഷയം മുനിസിപ്പൽ കോർപ്പറേഷന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് സ്വകാര്യ വ്യക്തിയുടെ വസ്തുവാണെന്നും തങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. ഇരകളുടെ കുടുംബാംഗങ്ങളെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പള്ളി പഴനി സ്വാമി സന്ദർശിച്ച വേളയിൽ ജാതിവിവേചനമല്ലേ കാരണമെന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP