Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഭൂമി പൂജക്ക് മുന്നോടിയായി അയോധ്യയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇഖ്ബാൽ അൻസാരിയും മുഹമ്മദ് യൂനുസും ഉൾപ്പെടെ 175 വിശിഷ്ടാതിഥികൾ; വേദിയിൽ എത്തണമെങ്കിൽ ഇലക്ട്രോണിക് വേരിഫിക്കേഷൻ സംവിധാനമുള്ള ക്ഷണക്കത്തും

ഭൂമി പൂജക്ക് മുന്നോടിയായി അയോധ്യയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇഖ്ബാൽ അൻസാരിയും മുഹമ്മദ് യൂനുസും ഉൾപ്പെടെ 175 വിശിഷ്ടാതിഥികൾ; വേദിയിൽ എത്തണമെങ്കിൽ ഇലക്ട്രോണിക് വേരിഫിക്കേഷൻ സംവിധാനമുള്ള ക്ഷണക്കത്തും

മറുനാടൻ ഡെസ്‌ക്‌

അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി ഓ​ഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയുടെ പശ്ചാത്തലത്തിൽ അയോധ്യയിൽ ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേദിയിൽ പ്രവേശിക്കണമെങ്കിൽ പോലും ഇലക്ട്രോണിക് വേരിഫിക്കേഷൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുള്ള ക്ഷണക്കത്ത് വേണം. ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാൻ പറ്റുന്ന ക്ഷണക്കത്തുകൾ അയോധ്യയിൽ എത്തിയ ശേഷം മാത്രമാണ് അതിഥികൾക്ക് കൈമാറുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോധ്യ കേസിലെ പ്രധാന കക്ഷികളിൽ ഒരാളായ ഇഖ്ബാൽ അൻസാരിയും ഉൾപ്പെടെ 175 ക്ഷണിക്കപ്പെട്ട അതിഥികളാണ് ഭൂമിപൂജയിൽ പങ്കെടുക്കുക.

സുരക്ഷയുടെ ഭാഗമായി അതിഥികൾക്ക് നൽകിയിരിക്കുന്ന ക്ഷണ കത്തുകൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാനാകൂ. ചടങ്ങുകൾക്ക് അയോധ്യയിൽ എത്തിയവർക്ക് ഇന്ന് ക്ഷണ കത്തുകൾ കൈമാറി. മറ്റുള്ളവർ വരുന്ന മുറയ്ക്ക് ചടങ്ങിന് മുമ്പായി അവരുടെ ക്ഷണ കത്തുകൾ കൈമാറും. എല്ലാ ക്ഷണകത്തുകളിലും ഓരോ സുരക്ഷാ കോഡുകൾ ഉണ്ടായിരിക്കും. ഓരോ സീരിയൽ നമ്പറും ഇതിലുണ്ടാകും. പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് ക്രോസ് ചെക്ക് ചെയ്യും. ആർക്കും കാർഡ് കൈമാറാനാവില്ല. ഒരു തവണ മാത്രമേ ഉപയോഗിക്കാനും പറ്റൂ.

Stories you may Like

ചടങ്ങ് നടക്കുന്ന വേദിയിലേക്ക് മൊബൈൽ ഫോൺ, ക്യാമറ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് അനുമതിയില്ല. അതിഥികൾക്ക് വാഹന പാസുമില്ല. അമവ ക്ഷേത്രത്തിന് മുമ്പിലായി പാർക്കിങ് സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. അതിഥികൾക്ക് വേദിയിലേക്കെത്താൻ 250 ഓളം അടി നടക്കേണ്ടി വരും. എല്ലാ അതിഥികളും രാവിലെ 10.30 ന് അവരുടെ സീറ്റുകളിലെത്തുമെന്നാണ് ട്രസ്റ്റ് ഭാരാവാഹികൾ അറിയിച്ചത്. രാവിലെ എട്ടിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിലാണ് ചടങ്ങ്. ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രധാന ചടങ്ങിനുള്ള മുഹൂർത്തം. ഭൂമി പൂജയ്ക്ക് പുറമെ ക്ഷേത്രത്തിന്റെ പുതിയ മോഡലുള്ള അഞ്ചു രൂപ തപാൽ സ്റ്റാംമ്പ് പ്രധാനമന്ത്രി പുറത്തിറക്കുകയും ചെയ്യും

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ആനന്ദിബെൻ പട്ടേൽ, യോഗി ആദിത്യനാഥ് എന്നിവരുടെ പേരിലാണ് ക്ഷണ കത്തുകൾ അയക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവരും രാജ്യത്തെയും നേപ്പാളിൽ നിന്നുമുള്ള സന്യാസിമാരുമടക്കം 175 അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അദ്വാനിയും മുരളീ മനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിന്റെ ഭാഗമാകും. അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്നതിലൂടെ പത്മശ്രീ പുരസ്‌കാരം നേടിയ മുഹമ്മദ് യൂനുസിനേയും, അയോധ്യ ഭൂമി തർക്ക കേസിലെ പ്രധാന വ്യവഹാരികളിൽ ഒരാളായ ഇഖ്ബാൽ അൻസാരിയേയും ഭൂമി പൂജ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ അയോദ്ധ്യയിൽ പള്ളി നിർമ്മിക്കുന്നതിനുള്ള അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് കൈമാറി. അയോദ്ധ്യ ജില്ല മജിസ്‌ട്രേറ്റ് അനുജ് കുമാർ ഝാ ആണ് ഭൂമി കൈമാറ്റം നടത്തിയത്. പള്ളി നിർമ്മാണത്തിനായി സുന്നി വഖഫ് ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സംഘാംഗങ്ങളാണ് ഭൂമിയുടെ രേഖകൾ കൈപ്പറ്റിയത്. ധനിപ്പൂർ ഗ്രാമത്തിലെ ഫൈസാബാദിലാണ് പള്ളി നിർമ്മിക്കുന്നത്.

എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഭൂമിയുടെ കൃത്യമായ എല്ലാ രേഖകളും തങ്ങളുടെ കൈവശം ജില്ല മജിസ്‌ട്രേറ്റ് ഏൽപ്പിച്ചതായി വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സയ്യദ് മുഹമ്മദ് ഷൊയ്ബ് പറഞ്ഞു. വൈകാതെ തന്നെ ഈ ഭൂമിയിൽ പള്ളി നിർമ്മിക്കുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളുമെന്നും, ഇതിനായി ബോർഡ് മെമ്പർമാരുടെ യോഗം വൈകാതെ ചേരുമെന്നും ഷൊയ്ബ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP