Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉന്നാവോ അപകടം: പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരം; നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ആശുപത്രിക്ക് പുറത്ത് അമ്മയുടെയും ബന്ധുക്കളുടെയും പ്രതിഷേധം; കുടുംബത്തെ വ്യാജകേസുകളിൽ പെടുത്തുമെന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കാട്ടി 17 കാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്ത്; എംഎൽഎ കുൽദീപ് സേംഗാറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തതാണെന്ന് ബിജെപി; അപകടത്തിന് ഇടയാക്കിയ ട്രക്കുടമയ്ക്ക് എസ്‌പി ബന്ധം

ഉന്നാവോ അപകടം: പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരം; നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ആശുപത്രിക്ക് പുറത്ത് അമ്മയുടെയും ബന്ധുക്കളുടെയും പ്രതിഷേധം; കുടുംബത്തെ വ്യാജകേസുകളിൽ പെടുത്തുമെന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കാട്ടി 17 കാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്ത്; എംഎൽഎ കുൽദീപ് സേംഗാറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തതാണെന്ന് ബിജെപി; അപകടത്തിന് ഇടയാക്കിയ ട്രക്കുടമയ്ക്ക് എസ്‌പി ബന്ധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അപകടത്തിൽ പെട്ട ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. തലയ്ക്കും കാലിനുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. അതേസമയം, പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ലക്നൗ ആശുപത്രിയുടെ പരിസര പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. വൻ പൊലീസ് സന്നാഹത്തെയാണ് സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിരിക്കുന്നത്.

അതിനിടെ, 17 കാരി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്തുവന്നു. ജൂലൈ 12 നാണ് കത്തയച്ചത്. തനിക്ക് നേരേ ഭീഷണി മുഴക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യം. പീഡനക്കേസുകൾ പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ മൊത്തം വ്യാജക്കേസുകളിൽ പെടുത്തി ജയിലിൽ അടയ്ക്കുമെന്നാണ് വീട്ടിലെത്തിയവർ ഭീഷണി മുഴക്കിയത്.

അതേസമയം, പെൺകുട്ടിയെയും കുടുംബത്തെയും അപകടത്തിൽ പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എംഎൽഎ കുൽദീപ് സിങ് സോംഗറിനെ തള്ളിപ്പറഞ്ഞ് ബിജെപി രംഗത്തെത്തി. കുൽദീപിനെ വളരെ നാൾ മുമ്പ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതാണെന്ന് യുപി ബിജെപി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇപ്പോഴും കുൽദീപ് സേംഗാർ പാർട്ടിക്ക് പുറത്തുതന്നെയാണ്, അദ്ദേഹം പറഞ്ഞു.

നേരത്തെ യുപി മുന്മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ലക്‌നൗവിലെ ട്രോമ കെയർ സെന്ററിലെത്തി. അപകടം ദൗർഭാഗ്യകരാണെന്നും അതിന് ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്ത്രീകളെ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ അച്ഛനെ പൊലീസുകാർ മർദ്ദിച്ചത് ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരമാണ്. സ്വയം തീകൊളുത്തി മരിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തത്. സർക്കാരിനെയും ബിജെപി എംഎൽഎയെയും ജനങ്ങൾ ചോദ്യം ചെയ്യുന്നതും സ്വാഭാവികമാണ്, അഖിലേഷ് യാദവ് പറഞ്ഞു. അതിനിടെ, ഇരയായ പെൺകുട്ടിയുടെ അമ്മയും കുടുംബവും ആശുപത്രിക്ക് പുറച്ച് പ്രതിഷേധ പ്രകടനം നടത്തി. കേസിൽ പെടുത്തി ജയിലിൽ അടച്ച പെൺകുട്ടിയുടെ അമ്മാവനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പാർലമെന്റിലും ബഹളം

ഉന്നാവോ അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ ബഹളം. കോൺഗ്രസ് എംപി. അധീർ രഞ്ജൻ ചൗധരിയാണ് സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന ആവശ്യമുന്നയിച്ചത്. ഈ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയില്ലെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു.

ഉന്നാവോ അപകടം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും സംഭവത്തിൽ സിബിഐ. അന്വേഷണം നടക്കുകയാണെന്നും മന്ത്രി പ്രഹ്ലാദ് ജോഷി സഭയിൽ മറുപടി നൽകി. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷപാതമില്ലാത്ത അന്വേഷണമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് സംഭവിച്ച അപകടം രാജ്യത്തെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. വിഷയത്തിൽ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയർത്തി. ഉന്നാവോ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സമാജ് വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.

കാറിലിടിച്ച ട്രക്കിന്റെ ഉടമയ്ക്ക് സമാജ് വാദി പാർട്ടി ബന്ധം

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. സമാജ്വാദി പാർട്ടി നേതാവിന്റെ സഹോദരന്റേതാണ് ട്രക്ക്. ഉടമ ദേവേന്ദ്ര പാലിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സേംഗർക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എംഎൽഎയും സഹോദരൻ മനോജ് സേംഗറും ഉൾപ്പെടെ പത്തുപേർ കേസിൽ പ്രതിസ്ഥാനത്തുണ്ട്. പെൺകുട്ടിയുടെ അമ്മാവൻ റായ്ബറേലി ജയിലിൽക്കഴിയുന്ന മഹേഷ് സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുർബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അപകടം ആസൂത്രിതമാണെന്ന് ഇരയുടെ അമ്മ ആരോപിച്ചിരുന്നു.

റായ്ബറേലിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച ലോറിയുടെ നമ്പർ മായ്ച്ച നിലയിലായിരുന്നതും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ അപകടസമയം കൂടെയില്ലാതിരുന്നതും സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. 2017 ജൂണിൽ ബിജെപി എംഎൽഎ കുൽദീപ് സേംഗാർ വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP