Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിച്ചു; മകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഒരു ഘട്ടത്തിലും പൊലീസ് സഹായിച്ചില്ല; ഹൈദരാബാദിലേതു പോലെ നീതി മകൾക്കും വേണം; കണ്ണീരിരോടെ ഉന്നാവോ പെൺകുട്ടിയുടെ അച്ഛൻ; പൊലീസിന്റെ സുരക്ഷ ലഭിച്ചിരുന്നുവെങ്കിൽ യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന വികാരവും ശക്തം; യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മന്ത്രിമാർക്കെതിരെ ജനരോഷം ഇരമ്പി; ശിക്ഷ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നിൽ നൂറു കണക്കിനാളുകളുടെ മെഴുകുതിരി പ്രതിഷേധം

പൊലീസ് സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിച്ചു; മകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഒരു ഘട്ടത്തിലും പൊലീസ് സഹായിച്ചില്ല; ഹൈദരാബാദിലേതു പോലെ നീതി മകൾക്കും വേണം; കണ്ണീരിരോടെ ഉന്നാവോ പെൺകുട്ടിയുടെ അച്ഛൻ; പൊലീസിന്റെ സുരക്ഷ ലഭിച്ചിരുന്നുവെങ്കിൽ യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന വികാരവും ശക്തം; യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മന്ത്രിമാർക്കെതിരെ ജനരോഷം ഇരമ്പി; ശിക്ഷ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നിൽ നൂറു കണക്കിനാളുകളുടെ മെഴുകുതിരി പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ഉന്നാവോ: ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊന്ന സംഭവം രാജ്യത്തെ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കയാണ്. ഉത്തർ പ്രദേശ് പൊലീസിനെതിരെ കടുത്ത ജനരോഷമാണ് ഈ വിഷയത്തിൽ ഉയരുന്നത്. പൊലീസിന്റെ അലംബാവമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ഇവരുടെ പക്ഷം. ദാരുണമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും പൊലീസിനെതിരെ രോഷത്തോടെ പ്രതികരിച്ചു രംഗത്തുവന്നു. മകൾക്കെതിരായ ആക്രമണത്തെ കുറിച്ച് പരാതി പറയാൻ ചെന്ന തന്നെ പൊലീസ് സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിച്ചു എന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. മകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഒരു ഘട്ടത്തിലും പൊലീസ് സഹായിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ മകൾക്കും ഹൈദരാബാദിൽ ലഭിച്ചതു പോലുള്ള നീതി ലഭിക്കണമെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. തന്റെ മകളെ ലൈംഗികമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്തവർ മരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'റേപ്പിസ്റ്റുകളെ തൂക്കിക്കൊല്ലുകയോ ഹൈദരാബാദിലേതു പോലെ ഏറ്റുമുട്ടലിൽ കൊല്ലുകയും ചെയ്യുമ്പോൾ മാത്രമേ ഞങ്ങൾക്കു സമാധാനം കിട്ടൂ. ഹൈദരാബാദ് കേസ് ഫയൽ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ റേപ്പിസ്റ്റുകൾ കൊല്ലപ്പെട്ടു. പൊലീസ് അവിടെ ഒരുദാഹരണം കാണിച്ചുകഴിഞ്ഞു. ഇതുപോലുള്ള നീതിക്കു മാത്രമേ ഞങ്ങളുടെ മകളുടെ ആത്മാവിനു ശാന്തി നൽകാനാവൂ.'- പിതാവ് വ്യക്തമാക്കി.

പൊലീസിന്റെ സുരക്ഷ ലഭിച്ചിരുന്നുവെങ്കിൽ യുവതി കൊല്ലെപ്പെടുമായിരുന്നില്ല എന്ന വിമർശനം ശക്തമാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മകൾക്ക് ഭീഷണിയുണ്ടായിരുന്നതായി പിതാവ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കോടതിയിലേക്ക് പോകാൻ ഉന്നാവ് റെയിൽവെ സ്റ്റേഷന് സമീപത്ത് എത്തിയ യുവതിയെ ബലമായി പിടികൂടിയ പ്രതികൾ അടുത്തുള്ള വയലിൽ എത്തിച്ചാണ് മർദ്ദിച്ചതും കുത്തി പരിക്കേൽപ്പിച്ചതും. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതുകൊല്ലാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. തീ പിടിച്ചതിന് പിന്നാലെ യുവതി റോഡിലൂടെ ഓടിയെന്നാണ് റിപ്പോർട്ട്. ഇത്രയും സംഭവങ്ങൾ നടക്കുമ്പോഴും പൊലീസിന്റെ സാന്നിധ്യം ഇവിടെ ഇല്ലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേലസമയം ഉന്നാവോയിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ ബിജെപി നേതാക്കൾക്ക് നേരെയും ജനരോഷമുണ്ടായി. വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായെത്തിയവരാണ് ബിജെപി മന്ത്രിമാരും സ്ഥലം എംപി സാക്ഷി മഹാരാജും അടങ്ങിയ സംഘത്തെ തടഞ്ഞത്. ജനങ്ങളുടെ രോഷപ്രകടനം ശക്തമായതോടെ പ്രതിഷേധക്കാർക്ക് നേരെ പേലീസ് ലാത്തിവീശി. എൻഎസ്‌യുഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയശേഷമാണ് മന്ത്രിമാരുടെയും എംപിയുടെയും വാഹനത്തിന് ഗ്രാമത്തിൽ പ്രവേശിക്കാനെത്തിയത്.

അതേസമയം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഈ സംഭവത്തിനു മിനിറ്റുകൾക്കു മുൻപാണു കുടുംബാംഗങ്ങളെ കണ്ടത്. ഇതിനു ശേഷമാണ് ബിജെപി നേതാക്കളെത്തിയത്. ഉന്നാവോയിൽ ലൈംഗികാക്രമണക്കേസിന്റെ വിചാരണയ്ക്കായി പോയ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40-ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ചായിരുന്നു പെൺകുട്ടി മരണപ്പെട്ടത്.

അതേസമയം ചികിത്സയിലിരിക്കെ ഉന്നാവോ പെൺകുട്ടി മരണത്തിനു കീഴടങ്ങിയ സംഭവത്തിൽ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം നടന്നു. സംഭവത്തിൽ കുറ്റക്കാരയവർക്ക് എത്രയും വേഗം ശിക്ഷ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നിൽ നൂറു കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. കത്തിച്ച മെഴുകുതിരിയും കൈയിലേന്തിയായിരുന്നു പ്രതിഷേധം. നേരത്തെ, ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പകൽ ഡൽഹിയിലും യുപിയിലുമെല്ലാം വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെൺകുട്ടിയെ പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീകൊളുത്തിയത്.

ഉന്നാവോയിലെ ഹിന്ദുനഗറിൽവച്ചായിരുന്നു സംഭവം. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികൾ. ഇതിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018-ൽ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിലാണ് യുവതി പീഡനത്തിന് ഇരയായത്. പിതാവിന്റെ വീട്ടിലേക്ക് പോയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു. കൊടിയ പീഡനങ്ങൾ അനുഭവിച്ച പെൺകുട്ടിക്ക് നേരെ വധശ്രമം നടത്തിയതും പ്രതികൾ തന്നെയാണ്. റായ് ബറോലി കോടതിയിലേക്ക് കേസ് നടപടികൾക്കായി പോകുമ്പോൾ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പിടിച്ചതിന് പിന്നാലെ ഒരു കിലോമീറ്ററോളം ദൂരം യുവതി ഓടിയതായാണ് വിവരം.

ഉന്നാവ് ആശുപത്രിയിലും ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ മരണം അപ്രതീക്ഷിതമല്ലായിരുന്നു. 90ശതമാനം പൊള്ളലേറ്റതോടെ ആരോഗ്യനില മോശമായിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പൊള്ളൽ ഗുരുതരമായതിനാൽ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി 11.10ന് ഹൃദയാഘാതം ഉണ്ടാകുകയും 11.40തോടെ യുവതി മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗ കേസുകളിൽ ഒന്നു തന്നെയാണ് ഉന്നാവോ. തെലങ്കാന സംഭവം കൂടി കഴിഞ്ഞതോടെ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യമാണ് രാജ്യത്ത് ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP