Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉന്നാവ പെൺകുട്ടിയുടെ യാത്രാവിവരം ജയിലിൽ കിടക്കുന്ന എംഎൽഎക്ക് ചോർത്തി നൽകിയത് അംഗരക്ഷകരായ പൊലീസുകാർ; ഒപ്പം പോകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്ന് പേർ മാറി നിന്നത് വാഹനത്തിൽ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ്; ഒറ്റ അപകടത്തിൽ പെൺകുട്ടിയേയും കുടുംബത്തേയും തീർക്കാൻ പദ്ധതി ആസൂത്രണം ചെയ്തത് കുൽദീപ് സിങ് സെൻഗാർ തന്നെ; രണ്ടു വർഷത്തിനിടെ കൊല്ലപ്പെട്ടത് പെൺകുട്ടിയുടെ കുടുംബത്തിലെ മൂന്നുപേരും ഒരു സാക്ഷിയും

ഉന്നാവ പെൺകുട്ടിയുടെ യാത്രാവിവരം ജയിലിൽ കിടക്കുന്ന എംഎൽഎക്ക് ചോർത്തി നൽകിയത് അംഗരക്ഷകരായ പൊലീസുകാർ; ഒപ്പം പോകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്ന് പേർ മാറി നിന്നത് വാഹനത്തിൽ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ്; ഒറ്റ അപകടത്തിൽ പെൺകുട്ടിയേയും കുടുംബത്തേയും തീർക്കാൻ പദ്ധതി ആസൂത്രണം ചെയ്തത് കുൽദീപ് സിങ് സെൻഗാർ തന്നെ; രണ്ടു വർഷത്തിനിടെ കൊല്ലപ്പെട്ടത് പെൺകുട്ടിയുടെ കുടുംബത്തിലെ മൂന്നുപേരും ഒരു സാക്ഷിയും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഉന്നാവ് ലൈംഗികപീഡനക്കേസ് ഇരയും കുടുംബവും അപകടത്തിൽ പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം ബലപ്പെടുന്നു. അപകടത്തിനു പിന്നിൽ ഗൂഢാലോചന നടന്നുവെന്ന സംശയത്തിനു ശക്തിപകരുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. പെൺകുട്ടിയുടെ സുരക്ഷയ്ക്കു വീട്ടിൽ 7 പൊലീസുകാരെയും യാത്രയിൽ അകമ്പടിക്കു 3 പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാൽ അപകടം നടക്കുമ്പോൾ ഒരാളും കൂടെയില്ലായിരുന്നു. കാറിൽ സ്ഥലമില്ലാത്തതിനാൽ പൊലീസുകാർ ഒപ്പം പോയില്ലെന്നാണു വിശദീകരണം. ഇതേസമയം, അംഗരക്ഷകരായ പൊലീസുകാർ തന്നെയാണ് യാത്രാവിവരം, പീഡനക്കേസ് പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർക്കു ചോർത്തിനൽകിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാൾ പീഡനക്കേസിലെ സാക്ഷിയാണ്. ഗുരുതര പരുക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിലാണ്. പെൺകുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരുക്കുണ്ട്. വ്യാജരേഖ ആരോപണത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട അമ്മാവനെ കണ്ടുമടങ്ങുമ്പോഴാണു പെൺകുട്ടിയും കുടുംബവും അപകടത്തിൽപ്പെട്ടത്. പീഡനക്കേസിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായ എംഎൽഎ ജയിലിലിരുന്നും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും തങ്ങൾ നിരന്തരം ഭീഷണി നേരിട്ടുവെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

അപകടക്കേസിൽ സെൻഗാർ ഉൾപ്പെടെ 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ലോറിയുടെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ചു മറച്ചിരുന്നെങ്കിലും യുപി 71 എടി 8300 ആണെന്നു കണ്ടെത്തി. പെൺകുട്ടിയെ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കു ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അമിതവേഗവും മഴയുമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെയും നിഗമനം. സിബിഐ അന്വേഷണത്തിനു ബന്ധുക്കൾ അപേക്ഷ നൽകിയെങ്കിലും തുടർനടപടിയില്ല.

രണ്ട് വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് കേസുമായി ബന്ധപ്പെട്ട നാലുപേർ

പീഡനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാല് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2017ലാണ് പതിനാറുകാരി ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ച് രംഗത്തെത്തിയത്. നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതിന് ശേഷം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെൺകുട്ടിയുടെ രണ്ട് അമ്മായിമാരടക്കം നാല് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ 13ന് അറസ്റ്റിലായ സെൻഗാർ സീതാംപുർ ജയിലിലാണെങ്കിലും പെൺകുട്ടിയുടെ കുടുംബത്തിനെതിരായ ഭീഷണികളും ദുരൂഹ മരണങ്ങളും തുടരുന്നു.

പീഡനക്കേസിലെ മുഖ്യസാക്ഷി യൂനസ് കഴിഞ്ഞ വർഷമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐ അധികൃതരെ അറിയിക്കാതെ സംസ്‌കാരം നടത്തിയതും വിവാദമായിരുന്നു. കുൽദീപ് സിങ്ങിന്റെ സഹോദരൻ അതുൽ സിങ്ങും സംഘവും പെൺകുട്ടിയുടെ പിതാവിനെ മർദിക്കുന്നതിന് സാക്ഷിയായിരുന്നു യൂനസ്. തുടർന്നു നാടൻ തോക്ക് പ്രയോഗിക്കാൻ ശ്രമിച്ചുവെന്നു കള്ളക്കേസിൽ കുടുക്കി പെൺകുട്ടിയുടെ പിതാവിനെ ജയിലിൽ അടച്ചു. പെൺകുട്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. സംഭവം ദേശീയശ്രദ്ധയിലെത്തിയെങ്കിലും തൊട്ടടുത്ത ദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ അച്ഛൻ മരിച്ചു.

കഴിഞ്ഞദിവസം പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന 2 അമ്മായിമാരാണു മരിച്ചത്. ഇതിലൊരാൾ കേസിൽ സിബിഐ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ നൽകിയ ആൾ. അമ്മയും അഭിഭാഷകനുമടക്കം തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും ഇവരിപ്പോഴും ആശങ്കയിലാണ്. ഏതു നിമിഷവും അപകടം മണക്കുന്ന വഴിയിലാണിപ്പോൾ ഈ കുടുംബം.

ഭീതിയിൽ ഒരു കുടുംബം

ഉന്നാവ പീഡനക്കേസ് ഇരയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചത് എത്ര യാദൃഛികമെന്നു വാദിച്ചാലും മറച്ചുവയ്ക്കാനാകാത്ത ദുരൂഹതകൾ ബാക്കി. പെൺകുട്ടിക്കും കുടുംബത്തിനും വീട്ടിലും യാത്രകളിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും റായ്ബറേലിയിലേക്കു പോകുമ്പോൾ ആരും അകമ്പടിയുണ്ടായിരുന്നില്ല. നമ്പർ പ്ലേറ്റ് കറുത്ത പെയിന്റ് അടിച്ചു മറച്ചത് അപകടമുണ്ടാക്കിയ ലോറിയെ സംശയ നിഴലിലാക്കുന്നു. ലോറിക്കു വായ്പക്കുടിശികയുണ്ടെന്നും ഇതുമൂലം രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്തതെന്നുമുള്ള ഉടമയുടെ വാദം ആവർത്തിക്കുകയാണ് പൊലീസും. നമ്പർ പ്ലേറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

17മത്തെ വയസ്സിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് തൊട്ടടുത്ത വർഷം അച്ഛനെ നഷ്ടമായി. ഇപ്പോൾ 19 വയസ്സുള്ള പെൺകുട്ടി അപകടത്തിൽ ഗുരുരമായി പരിക്കേറ്റ് ലക്‌നൗവിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ. വാരിയെല്ലുകൾക്കും കഴുത്തെല്ലിനും പൊട്ടലും കയ്യിലും കാലിലും ഒടിവുമുണ്ട്. പെൺകുട്ടിയുടെയും അമ്മ ഉൾപ്പെടെ പരുക്കേറ്റ മറ്റുള്ളവരുടെയും ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

'ബേഠി ബചാവോ' വടിയാക്കി രാഹുലും യച്ചൂരിയും

ബേഠി ബചാവോ, ബേഠി പഠാവോ ഇന്ത്യൻ വനിതകൾക്കായുള്ള വിദ്യാഭ്യാസ ദൗത്യം. ബിജെപി എംഎൽഎ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ചോദ്യങ്ങൾ ചോദിക്കരുത്.

രാഹുൽ ഗാന്ധി(ട്വിറ്ററിൽ)

കേന്ദ്ര സർക്കാരിന്റെ ബേഠി ബചാവോ (പെൺകുട്ടിയെ രക്ഷിക്കൂ) മുദ്രാവാക്യം യഥാർഥത്തിൽ പെൺകുട്ടികൾക്കുള്ള മുന്നറിയിപ്പായി മാറി. സ്ത്രീകളോടുള്ള ബിജെപിയുടെ നയമാണു വ്യക്തമാകുന്നത്.

സീതാറാം യച്ചൂരി,സിപിഎം ജനറൽ സെക്രട്ടറി

നിയമം പ്രതിയുടെ കൈപ്പിടിയിലാണെന്ന് അലഹാബാദ് ഹൈക്കോടതിക്കു പോലും പറയേണ്ടി വന്ന കേസാണ് ഇതെന്നതും ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP