Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാത്രി കാല കർഫ്യൂ ഇല്ല; ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ സെന്റററുകളും തുറക്കും; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും; ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും; ഓഗസ്റ്റ് അഞ്ചുമുതൽ മത്സ്യബന്ധനം നടത്താം; കണ്ടെയിന്മെന്റ് സോണിലും മത്സ്യബന്ധനം നടത്താമെന്നും അവിടെ തന്നെ വിറ്റുതീർക്കണമെന്നും മുഖ്യമന്ത്രി

രാത്രി കാല കർഫ്യൂ ഇല്ല; ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ സെന്റററുകളും തുറക്കും; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും; ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും; ഓഗസ്റ്റ് അഞ്ചുമുതൽ മത്സ്യബന്ധനം നടത്താം; കണ്ടെയിന്മെന്റ് സോണിലും മത്സ്യബന്ധനം നടത്താമെന്നും അവിടെ തന്നെ വിറ്റുതീർക്കണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്നവെ പുറത്തിറക്കിയ അൺലോക്ക്-3 മാർഗ്ഗരേഖ അതേപോലെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. രാത്രികാല കർഫ്യു ഇല്ല. ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. ജിം തുറക്കാനുള്ള പ്രോട്ടോകോൾ വരാനുണ്ടെന്നും അതു വരുന്നതിനനുസരിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് രോഗികളെ വീടുകളിൽ ചികിൽസിക്കാമെന്നാണ് ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനു വീടുകളിൽ സൗകര്യം ഉണ്ടായിരിക്കണം. സർക്കാർ നിർദേശങ്ങൾ പാലിക്കണം. ആരോഗ്യപ്രവർത്തകരെത്തി കൃത്യമായ പരിശോധന നടത്തും. രോഗികൾ മുറിയിൽതന്നെ കഴിയണം. വീട്ടിൽ ഒരാൾ മാത്രമേ രോഗിയുമായി ബന്ധപ്പെടാൻ പാടൂള്ളൂ. ഭക്ഷണം കൊടുക്കാനും മറ്റു അത്യാവശ്യ കാര്യങ്ങൾക്കുമാണിത്. മഴക്കാലം മുന്നിൽ കണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ സർക്കാർ നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ വലുതാണ്. ആളുകളെ കൂട്ടമായി ക്യാംപിൽ താമസിപ്പിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു

സംസ്ഥാനത്തിനകത്ത് കെഎസ്ആർടിസി ദീർഘദൂര യാത്രാ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസുകൾ നടത്തുക. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുന്നതുവരെ ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിജിലൻസ് ഉൾപ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്‌പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്മാർ നേരിട്ടോ അല്ലാതെയോ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകും.

മാസ്‌ക് ധരിക്കാത്ത 5821 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ച ആറു പേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചുമുതൽ മത്സ്യബന്ധനം നടത്താം

കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് അഞ്ചുമുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി. എല്ലാ ബോട്ടുകളും രജിസ്ട്രേഷൻ നമ്പരിന്റെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാവുന്നതാണ്. കണ്ടെയിന്മെന്റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്. എന്നാൽ, അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റുതീർക്കണം. കണ്ടെയിന്മെന്റ് സോണിൽനിന്ന് മത്സ്യവിൽപനയ്ക്കായി പുറത്തേക്ക് പോകാൻ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങൾ മുഖേന മാർക്കറ്റിൽ എത്തിക്കും.

മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിർബന്ധമായും തിരിച്ചെത്തണം. മത്സ്യലേലം പൂർണമായും ഒഴിവാക്കണം. ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളും ലാൻഡിങ് സെന്ററുകളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവർത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP