Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരയിൽ കരുതിയ കത്തി ഊരി കുത്താൻ ശിവ രഞ്ജിത്തിനു നൽകിയത് പൊലീസ് റാങ്ക് ലിസ്റ്റിലെ ഇരുപത്തിയെട്ടാം റാങ്കുകാരൻ; ശത്രുവിനെ നിഗ്രഹിക്കാൻ പിടിച്ചു നിർത്തിയത് ആറംഗ സംഘം; കൊലവിളിയോടെ നെഞ്ചിന്റെ നടുവിൽ കത്തി കുത്തിയിറക്കിയതും ഭാവി പൊലീസുകാരൻ! കത്തി തിരിച്ചുവാങ്ങി വീണ്ടും കുത്താൻ സെക്രട്ടറി ശ്രമിച്ചെങ്കിലും ഓടിയെത്തിയ സുഹൃത്തുക്കൾ കാരണം വെയിറ്റ് ലിഫ്റ്റർക്ക് ജീവൻ തിരിച്ചു കിട്ടി; ഓപ്പൺ ഹാർട്ട് സർജറിയോടെ അഖിലിന് നഷ്ടമാകുക കായിക ജീവിതം; എഫ് ഐ ആർ പുറത്താകുമ്പോൾ

അരയിൽ കരുതിയ കത്തി ഊരി കുത്താൻ ശിവ രഞ്ജിത്തിനു നൽകിയത് പൊലീസ് റാങ്ക് ലിസ്റ്റിലെ ഇരുപത്തിയെട്ടാം റാങ്കുകാരൻ; ശത്രുവിനെ നിഗ്രഹിക്കാൻ പിടിച്ചു നിർത്തിയത് ആറംഗ സംഘം; കൊലവിളിയോടെ നെഞ്ചിന്റെ നടുവിൽ കത്തി കുത്തിയിറക്കിയതും ഭാവി പൊലീസുകാരൻ! കത്തി തിരിച്ചുവാങ്ങി വീണ്ടും കുത്താൻ സെക്രട്ടറി ശ്രമിച്ചെങ്കിലും ഓടിയെത്തിയ സുഹൃത്തുക്കൾ കാരണം വെയിറ്റ് ലിഫ്റ്റർക്ക് ജീവൻ തിരിച്ചു കിട്ടി; ഓപ്പൺ ഹാർട്ട് സർജറിയോടെ അഖിലിന് നഷ്ടമാകുക കായിക ജീവിതം; എഫ് ഐ ആർ പുറത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്എഫ്ഐക്കുള്ളിൽ മാസങ്ങളായി ശക്തിയാർജിച്ച ഉൾപ്പോരാണ് ആസൂത്രിത കൊലപാതക ശ്രമത്തിലേക്ക് വഴിതെളിച്ചത്.കുത്തേറ്റ് അഖിൽ ആറ്റുകാൽ എസ്എഫ്ഐ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്. പൊലീസ് കേസെടുത്തത് ആസൂത്രിത കൊലപാതകമെന്ന രീതിയിലാണ്. ഇതോടെ എസ് എഫ് ഐയുടെ യൂണിറ്റ് കേന്ദ്രീകരിച്ച് ആയുധം ശേഖരിച്ചിരുന്നുവെന്ന് പോലും വ്യക്തമാകുകയാണ്. അറിയപ്പെടുന്ന വെയിറ്റ് ലിഫ്റ്ററാണ് അഖിൽ. കുത്തേറ്റതിനെ തുടർന്ന് അഖിലിന് ഓപ്പൺ ഹാർട്ട് സർജറിയാണ് നടത്തിയത്. ഇതോടെ അഖിലിന് കായിക ജീവിതം നഷ്ടമാകുമെന്നാണ് സൂചന.

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവരുടെ നേതൃത്വത്തിലാണ് അഖിലിനെ കുത്തിയിതെന്നാണു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ക്യാംപസിലെ മരച്ചുവട്ടിൽ ഇരുന്ന അഖിലിനോടും കൂട്ടരോടും അവിടെ നിന്നു ക്ലാസിൽ പോയി ഇരിക്കാൻ ഈ സംഘം ആവശ്യപ്പെട്ടു. തൊട്ടു തലേന്ന് ക്യാന്റീനിൽ ഇരുന്ന പാട്ടുപാടിയതിനു അഖിലിനേയും കൂട്ടരേയും ഇതേ സംഘം മർദിക്കാൻ ഒരുങ്ങിയിരുന്നു. ഇതിന്റെ ബാക്കിയായാണു മനഃപൂർവം സംഘർഷത്തിന് എസ്എഫ്ഐ നേതാക്കൾ എത്തിയത്. അഖിലിനേയും കൂട്ടരേയും ബോധപൂർവം പ്രകോപിച്ചിച്ച് അടിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. മറ്റു വിദ്യാർത്ഥികളെ അടിച്ചോടിച്ച ശേഷം അഖിലിനെ എസ്എഫ്ഐ നേതാക്കൾ പിന്നിൽ നിന്നു പിടിച്ചു വച്ചു.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം തന്റെ അരയിൽ കരുതിയിരുന്ന കത്തി ഊരി കുത്താൻ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്തിനു നൽകുകയായിരുന്നു. കൊലവിളിയോടെ ശിവ രഞ്ജിത്ത് അഖിലിനെ കുത്തിയതെന്നാണു ദൃക്സാക്ഷികൾ വ്യക്തമാക്കി. നസീം വീണ്ടും കത്തി വാങ്ങി കുത്താൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നതു കണ്ട് ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതുകൊണ്ടാണ് അഖിലിനെ കുത്തിയതെന്ന് എഫ്‌ഐആർ. എസ്എഫ്‌ഐ നേതൃത്വത്തിന്റെ പ്രവർത്തനത്തിനെതിരെ അഖിലും കൂട്ടുകാരും പ്രതികരിച്ചതിനാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. അഖിലിന്റെ സുഹൃത്ത് ഉമൈർ ഖാനാണ് പൊലീസിൽ പരാതി നൽകിയത്.

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റ് അംഗങ്ങൾ പറയുന്ന പല കാര്യങ്ങളും പരാതിക്കാരനായ ഉമൈർഖാനും മറ്റു വിദ്യാർത്ഥികൾക്കും സ്വീകാര്യമല്ലായിരുന്നു. പരാതിക്കാരനായ ഉമൈർഖാന്റെ സുഹൃത്ത് അഖിൽ കോളജ് കന്റീനിൽ ഇരുന്നു പാട്ടുപാടിയതിനെത്തുടർന്ന് എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങൾ യൂണിറ്റു മുറിയിൽ വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിച്ചു. ഇതിന്റെ പ്രതികാരമായി 12ാം തീയതി രാവിലെ പ്രതികൾ കോളജിൽ സംഘം ചേർന്നു. അഖിലിനെയും സുഹൃത്തിനെയും കൊല്ലുകയായിരുന്നു ഉദ്ദേശ്യം. രാവിലെ 10.30ന് കോളജ് ക്യാംപസിലെ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈർഖാനോട് ക്ലാസിൽ പോകാൻ എസ്എഫ്‌ഐ നേതാക്കൾ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈർഖാൻ ഇത് ചോദ്യം ചെയ്തപ്പോൾ നാലാംപ്രതി അദ്വൈത് വലതുകൈപ്പത്തി മുറുക്കി മുഖത്ത് അടിച്ചു. ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കീറി.

പത്തു മിനിറ്റിനുശേഷം പ്രതിഷേധവുമായി എത്തിയ ഉമൈർഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളജ് ഗേറ്റിന്റെ ഭാഗത്തു തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടി മാറി യൂണിറ്റു റൂമിനു മുന്നിൽവന്നു നിന്ന അഖിലിനെ ഒന്നാംപ്രതി ശിവരഞ്ജിത്തും അഞ്ചാംപ്രതി ആരോമലും ഓടിച്ചെന്നു ഷർട്ടിൽ വലിച്ചു തടഞ്ഞു നിർത്തി. കോളജിൽ കിടന്നു വിളഞ്ഞാൽ കുത്തികൊല്ലുമെടാ എന്നു പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്‌ഐആറിൽ പറയുന്നു. ഈ കത്തി നൽകിയത് നസീമും. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി കത്തിയുമായി കോളേജിൽ എത്തുമായിരുന്നുവെന്നതിന് തെളിവാണ് ഈ എഫ് ഐ ആർ. അതേസമയം, ശിവരഞ്ജിത്ത് ഉൾപ്പെടെ വധശ്രമക്കേസിൽ പ്രതികളായ ഏഴുപേരെയും കണ്ടെത്താനായില്ല. ഇവർ ജില്ല വിട്ടുവെന്നാണ് വിവരം. ഇവരെ സംരക്ഷിക്കുന്നവരെ കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

അഖിലിനെ കുത്തിയത് എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്താണെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ പക്കലുണ്ടായിരുന്ന കത്തിയാണ് കുത്താൻ ഉപയോഗിച്ചതെന്നും വിദ്യാർത്ഥികളുടെ മൊഴിയിൽ പറയുന്നു. മുഖ്യപ്രതികളായ എസ്എഫ്‌ഐ നേതാക്കൾ രണ്ടുപേരും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലുൾപ്പെട്ടവരാണെന്നും കണ്ടെത്തി. എന്നാൽ ആറു പേരല്ല ഇരുപതിലേറെപ്പേർ ആക്രമണത്തിൽ പങ്കാളികളാണെന്നാണു ദൃക്‌സാക്ഷികൾ പറയുന്നത്. കോളജിനു പുറത്തുള്ള ഹൈദർ, നന്ദകിഷോർ എന്നീ എസ്എഫ്‌ഐ പ്രവർത്തകരും ആക്രമണത്തിനു നേതൃത്വം നൽകിയതായും പരാതിയുണ്ട്. അഖിലിനെ കുത്താനുള്ള കത്തിയുമായെത്തിയത് നസീമും ശിവരഞ്ജിത്തുമാണ്. ഇതിൽ ശിവരഞ്ജിത്താണ് കുത്തിയതെന്നുമാണ് മൊഴി ലഭിച്ചിരിക്കുന്നത്.

ഇവർ രണ്ടുപേരും പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട് പൊലീസാകാൻ കാത്തിരിക്കുന്നവരാണ്. നേരത്തെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ റാങ്ക് പട്ടികയിൽ 28 ാം റാങ്കുകാരനായി ഉൾപ്പെടുത്തിയത് സിപിഎമ്മിന്റെ സ്വാധീനം മൂലമാണെന്നും ഈ കേസിലും രക്ഷിക്കാൻ ശ്രമമുണ്ടെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയൻ ഓഫിസ് എസ്എഫ്‌ഐയുടെ ഇടിമുറിയെന്നും വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. മാരകായുധങ്ങളടക്കം സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതര സംഘടനകളോട് അനുഭാവമുള്ള വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയാണ് സിപിഎമ്മിന്റെ പരിപാടികൾക്ക് കൊണ്ടുപോകുന്നതെന്നും കുത്തേറ്റ അഖിലിന്റെ സഹപാഠി പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐയെ എതിർക്കുന്ന വിദ്യാർത്ഥികളുടെ ഭാവിപോലും നശിപ്പിക്കപ്പെടുമെന്നാണ് അഖിലിന്റെ സഹപാഠി പറയുന്നത്. പുറത്തുന്നിന്നുള്ള ഗുണ്ടകളുടെയടക്കം ഇടപെടൽ ഇത്തരം അക്രമ സംഭവങ്ങൾക്ക് പിന്നിലുണ്ട്. ക്ലാസ്സ് വരെ ഉപേക്ഷിച്ച് വിദ്യാർത്ഥികളെ സിപിഎമ്മിന്റെ പാർട്ടി പരിപാടികൾക്കൾക്കടക്കം കൊണ്ടുപോകുന്നതു പതിവാണെന്നും ഇതിന് അദ്ധ്യാപകർ കുടപിടിക്കുകയാണെന്നും വിദ്യാർത്ഥി പറയുന്നു. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ എന്ന ലേബലിൽ വൻ ഗൂണ്ടായിസവും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടക്കുന്നുണ്ടായിരുന്നു. യൂണിറ്റ് കമ്മിറ്റി പ്രവർത്തിച്ചിരുന്നത് ഗൂണ്ടാ സംഘത്തെ പോലെയായിരുന്നു. ഇതിൽ അഖിലിനും കൂട്ടാളികൾക്കും എതിർപ്പുണ്ടായിരുന്നു.

വലിയ പാർട്ടി പ്രവർത്തനം പാരമ്പര്യം ഇല്ലാതെ മറ്റു ചില വ്യക്തി, സംഘടന താത്പര്യങ്ങളുടെ പുറത്ത് ഭാരവാഹികൾ ആയവരായിരുന്നു ഇപ്പോഴത്തെ കമ്മിറ്റിയിലെ മിക്കവരും. അതിനാൽ തന്നെ കേളെജിനുള്ളിൽ എസ്എഫ്ഐ എന്ന നിലയിൽ സംഘടന പ്രവർത്തനം ആയിരുന്നില്ല മറ്റു ചില ക്രിമിനൽ ഇടപാടുകളാണ് നടന്നത്. അതിൽ അഖിലിനു കൂട്ടർക്കും അമർഷവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കൂട്ടുകുുന്നതിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തി തടഞ്ഞിരുന്നു. ഇതിനെ എതിർത്ത് അഖിലും കൂട്ടുകാരും കൂട്ടുകൂടിരുന്നെന്നും ക്യാന്റിനീൽ പാട്ടുപാടിയിരുന്നെന്നും സഹവിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. തങ്ങളുടെ അപ്രമാധിത്വത്തെ എതിർത്തതും സംഘടനക്കുള്ളിലെ പോരുമായി അഖിലിനെ ആസൂത്രിതമായി വകവരുത്താൻ എസ്എഫ്ഐ നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP