Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

28-ാം റാങ്കുകാരൻ ഊരി കൊടുത്ത കത്തി ഒന്നാം റാങ്കുകാരൻ അഖിലിന്റെ നെഞ്ചിൽ കുത്തിയറിക്കി; കുത്തിയ ശേഷം നടത്തിക്കൊണ്ട് പോയി കലി കാട്ടിയവരിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനും; അക്രമങ്ങൾ ഉണ്ടായതിനും പരുക്കേറ്റയാളെ ചികിൽസയ്‌ക്കെത്തിക്കാൻ ശ്രമിക്കാതെ കൊലയ്ക്ക് എറിഞ്ഞു കൊടുത്തതിനും തെളിവായി വീഡിയോ; നസീമും ശിവരഞ്ജിത്തും പ്രണവും കാട്ടിയത് മനസാക്ഷിയെ നടക്കുന്ന ക്രൂരത; യൂണിവേഴ്‌സിറ്റി കോളേജിൽ പൊലീസിനെ ഒഴിപ്പിച്ച് എസ് എഫ് ഐ; ഭീതിയുടെ നിഴലിൽ കെ എസ് യുക്കാർ

28-ാം റാങ്കുകാരൻ ഊരി കൊടുത്ത കത്തി ഒന്നാം റാങ്കുകാരൻ അഖിലിന്റെ നെഞ്ചിൽ കുത്തിയറിക്കി; കുത്തിയ ശേഷം നടത്തിക്കൊണ്ട് പോയി കലി കാട്ടിയവരിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനും; അക്രമങ്ങൾ ഉണ്ടായതിനും പരുക്കേറ്റയാളെ ചികിൽസയ്‌ക്കെത്തിക്കാൻ ശ്രമിക്കാതെ കൊലയ്ക്ക് എറിഞ്ഞു കൊടുത്തതിനും തെളിവായി വീഡിയോ; നസീമും ശിവരഞ്ജിത്തും പ്രണവും കാട്ടിയത് മനസാക്ഷിയെ നടക്കുന്ന ക്രൂരത; യൂണിവേഴ്‌സിറ്റി കോളേജിൽ പൊലീസിനെ ഒഴിപ്പിച്ച് എസ് എഫ് ഐ; ഭീതിയുടെ നിഴലിൽ കെ എസ് യുക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥി അഖിലിനെ കുത്തി വീഴ്‌ത്തിയതുകൊലപ്പെടുത്താൻ തന്നെ. മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതു കൊണ്ട് മാത്രമാണ് അഖിൽ രക്ഷപ്പെട്ടത്. അഖിലിനെ കുത്തിയ ശേഷം ശേഷം ആക്രമിച്ചവർ നടത്തിക്കൊണ്ടു പോകുന്നതും തുടർന്നും അക്രമങ്ങൾ ഉണ്ടായതും പരുക്കേറ്റയാളെ ചികിത്സയ്‌ക്കെത്തിക്കാൻ ശ്രമമുണ്ടായില്ലെന്നും സൂചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അഖിലിനെ കുത്തി വീഴ്തിയ കേസിൽ ഇതു വരെ ശിവരഞ്ജിത്തും എ.എൻ.നസീമും ഇതോടെ കൂടുതൽ കുടുക്കിലേക്ക് പോവുകയാണ്.

കുത്തിവീഴ്‌ത്തിയ സംഭവത്തിനു ശേഷവും അഖിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി നീങ്ങുന്ന എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെട്ട സംഘത്തിന്റെ ദൃശ്യമാണു പുറത്തുവന്നത്. 6 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. കൂടുതൽ പ്രതികളുടെ ചിത്രങ്ങളുമായി രണ്ടാമതൊരു ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുമെന്നു പൊലീസ് വെളിപ്പെടുത്തിയെങ്കിലും അതിനും നടപടികളില്ല. ഈ മാസം 12നാണു കോളജിൽ അക്രമങ്ങളുണ്ടായത്. നസീം ഊരിക്കൊടുത്ത കത്തി ഉപയോഗിച്ചായിരുന്നു ശിവരഞ്ജിത്ത് അഖിലിനെ കുത്തിയത്. ശിവരഞ്ജിത് പൊലീസ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ്. നസീം 28ഉം. ഇവർക്കൊപ്പം പ്രതിയായ പ്രണവ് പരീക്ഷയിൽ നേടിയത് രണ്ടാം റാങ്കും. ഈ റാങ്കും വിവാദത്തിലാണ് ഇപ്പോൾ.

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് പൊലീസിനെ പിൻവലിച്ചു കഴിഞ്ഞു. ഇതോടെ കെ എസ് യു യൂണിറ്റുണ്ടാക്കിയവർ ഭീതിയിലാണ്. അവരെ കൈകാര്യം ചെയ്യാനുള്ള എസ് എഫ് ഐ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് കെ എസ് യു സംശയിക്കുന്നു. അതുകൊണ്ട് തന്നെ കോളേജിന് സുരക്ഷ വേണമെന്ന് പൊലീസിനോട് കെ എസ് യു ആവശ്യപ്പേട്ടും. അങ്ങനെ വീണ്ടും അക്രമ ഭീതിയിൽ യൂണിവേഴ്‌സിറ്റി കോളേജ് തിരിച്ചെത്തുകയാണ്. അദ്ധ്യാപകരെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മാറ്റുകയാണ്. പകരമെത്തുന്നതും കടുത്ത സിപിഎം അനുഭാവികളായ അദ്ധ്യാപകരാണെന്ന വാദം ശക്തമാണ്. ഇതെല്ലാം കെ എസ് യുക്കാരുടെ ഭീതി കൂട്ടുന്നുണ്ട്.

അതേസമയം, കേസിലെ ഒന്നാം പ്രതി ആർ.ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. പരീക്ഷ എഴുതിയത് ശിവരഞ്ജിത്ത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരമെഴുതാനുള്ള സർവകലാശാലയുടെ പരീക്ഷാക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണു ഫൊറൻസിക് പരിശോധന.

ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ശിവരഞ്ജിത്തിനെ യൂണിവേഴ്‌സിറ്റി കോളജിൽ എത്തിച്ചു തെളിവെടുത്തു. ഉത്തരക്കടലാസ് കോളജിൽ നിന്ന് മോഷ്ടിച്ചതാണെന്നു ശിവരഞ്ജിത്ത് സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഇയാളെയും രണ്ടാം പ്രതി നസീമിനെയും നേരത്തെ അക്രമക്കേസുമായി ബന്ധപ്പെട്ടു കോളജിലെത്തി തെളിവെടുപ്പ് നടത്തുകയും കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും പൊലീസ് പുറത്തുപോകണമെന്ന എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച പൊലീസ് നടപടിയും വിവാദത്തിലായിട്ടുണ്ട്. അഞ്ച് പൊലീസുകാരാണ് കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന അക്രമത്തിന്റെയും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം കോളേജ് പ്രിൻസിപ്പോൾ ആണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഒരാഴ്ച അടച്ചിട്ട ക്യാമ്പസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പൊലീസ് കാവലും പിക്കറ്റിംഗും തുടരുകയും ചെയ്തു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന എസ്എഫ്ഐ നേതാക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും പുറത്തുപോകണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്തുണച്ചിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിനുള്ളിൽ സ്ഥിരമായി പൊലീസുകാർ ഇരിക്കുന്നത് വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്നതായി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ എആർ റിയാസ് ന്യായീകരിച്ചു.. വിദ്യാർത്ഥിനികളടക്കം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനെ ക്യാമ്പസിൽ നിന്നും പുറത്താക്കിയതെന്നും എസ്എഫ്ഐക്കാർ പറയുന്നു. കോളേജിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ പൊലീസുകാരുടെ സാന്നിധ്യം തൽക്കാലം ഒഴിവാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കോളേജ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിയാസ് പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരെയാണ് എസ്എഫ്‌ഐ നേതാക്കൾ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന്റെ വീഡിയോ പുറത്തു വന്നത്.

പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്യാമ്പസിന് പുറത്തേക്കിറങ്ങാൻ പൊലീസുകാർക്ക് നിർദ്ദേശം ലഭിച്ചത്. പ്രിൻസിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാൽ മാത്രം ക്യാമ്പസിനുള്ളിൽ കയറിയാൽ മതിയെന്നും പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 12 നാണ് എസ്എഫ്‌ഐക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ കോളേജിലെ വിദ്യാർത്ഥിയായ അഖിലിന് കുത്തേറ്റത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതികളെ പൊലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തിൽ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖിൽ മൊഴി നൽകിയിരുന്നു.

ആക്രമണം നടത്തിയ സംഘത്തിലുൾപ്പെട്ട പ്രണവാണ് പൊലീസ് റാങ്ക് പട്ടികയിൽ രണ്ടാംറാങ്കുകാരൻ. ഇയാളെ കേസിലെ 17-ാം പ്രതിയാക്കി. ഇതേ റാങ്ക് പട്ടികയിലെ ഒന്നാംറാങ്കുകാരൻ ശിവരഞ്ജിത്ത് കേസിലെ ഒന്നാംപ്രതിയും 28-ാം റാങ്കുകാരൻ നസീം രണ്ടാം പ്രതിയുമാണ്. കാസർകോട് സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളത്. പൊലീസ് പ്രതിയാക്കിയതിനെത്തുടർന്ന് പ്രണവ് അടക്കം എട്ടു പേരെക്കൂടി യൂണിവേഴ്സിറ്റി കോളേജിൽനിന്ന് സസ്പെൻഡുചെയ്തു. അക്രമത്തിൽ പങ്കെടുത്ത തൊട്ടടുത്ത സംസ്‌കൃത കോളേജിലെ വിദ്യാർത്ഥിയെ ആ കോളേജിൽനിന്ന് സസ്പെൻഡു ചെയ്തിട്ടുണ്ട്. ഹരീഷ്, മുഹമ്മദ് അസ്ലം, രഞ്ജിത് ഭാസ്‌കരൻ, അക്ഷയ്, നസീം, പ്രണവ്, സെഫാൻ, ഇജാബ്, എന്നിവരെ യൂണിവേഴ്സിറ്റി കോളേജിൽനിന്നും നസീമിനെ സംസ്‌കൃത കോളേജിൽനിന്നുമാണ് സസ്പെൻഡു ചെയ്തത്. തുടക്കത്തിൽ പ്രധാനപ്രതികൾ ഉൾപ്പെടെ ആറുപേരെ സസ്പെൻഡു ചെയ്തിരുന്നു.

ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരേ നടപടികളുണ്ടാകുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നതോടെയാണ് എട്ടുപേരെക്കൂടി സസ്പെൻഡു ചെയ്തതായി കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചത്. ശിവ രഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിലും പ്രണവിനെ പൊലീസ് തേടുന്നുണ്ട്. ഇവിടെനിന്ന് കണ്ടെത്തിയ ഉത്തരം എഴുതിയ കടലാസുകളിലൊന്നിൽ പ്രണവിന്റെ രജിസ്റ്റർ നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാൾക്കും പരീക്ഷാ തട്ടിപ്പിൽ പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. പ്രണവ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP