Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എണ്ണകപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾക്ക് തടയിടാൻ യുഎസ്; പശ്ചിമേഷ്യയിലേക്ക് 1000 സൈനികരേയും നിരീക്ഷണ കപ്പലുകളേയും കൂടി അയക്കും; മിസൈൽ പ്രതിരോധ സംവിധാനങ്ങും ശക്തിപ്പെടുത്തും; കപ്പൽ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആവർത്തിച്ച് അമേരിക്ക; ഇറാനെതിരെ സൈനിക നീക്കത്തെക്കുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറിയും; യുദ്ധഭീതി ഒഴിയാതെ പശ്ചിമേഷ്യ

എണ്ണകപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾക്ക് തടയിടാൻ യുഎസ്; പശ്ചിമേഷ്യയിലേക്ക് 1000 സൈനികരേയും നിരീക്ഷണ കപ്പലുകളേയും കൂടി അയക്കും; മിസൈൽ പ്രതിരോധ സംവിധാനങ്ങും ശക്തിപ്പെടുത്തും; കപ്പൽ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആവർത്തിച്ച് അമേരിക്ക; ഇറാനെതിരെ സൈനിക നീക്കത്തെക്കുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറിയും; യുദ്ധഭീതി ഒഴിയാതെ പശ്ചിമേഷ്യ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ : പശ്ചിമേഷ്യയെ യുദ്ധ ഭീതിയിലാഴ്‌ത്തി വീണ്ടും യുഎസിന്റെ സൈനിക വിന്യാസ നടപടി. മധ്യപൂർവ ദേശത്തേക്ക് 1000 സൈനികരേയും നിരീക്ഷണ കപ്പലുകളെയും അയക്കാനും മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുമാണ് യുഎസിന്റെ തീരുമാനം. പെന്റഗൺ ആണ് ഇക്കാര്യം അറിയിച്ചത്. യുഎസ് സെൻട്രൽ കമാൻഡിന്റെ ആവശ്യപ്രകാരം വൈറ്റ് ഹൗസുമായും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനുമായും ആലോചിച്ച ശേഷമാണ് 1000 സൈനികരെ കൂടി അയയ്ക്കാൻ തീരുമാനിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹൻ അറിയിച്ചു.

മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന അമേരിക്കൻ സൈനികരുടെ സുരക്ഷ കൂടി കണക്കിലെടുത്താണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ തീരത്തിനു സമീപം എണ്ണകപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്നാരോപിച്ചാണ് യുഎസിന്റെ നടപടി. എണ്ണ ടാങ്കറുകൾക്കു നേരെ കൂടുതൽ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് മധ്യപൂർവദേശത്ത് കര, നാവിക, വ്യോമ മേഖലയിൽനിന്നുള്ള ഭീഷണി നേരിടാൻ അമേരിക്ക കൂടുതൽ സൈനിക വിന്യാസം നടത്തുന്നത്. ജൂൺ 13-ന് ഒമാൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട എണ്ണ ടാങ്കറിൽ നിന്ന് ഇറാൻ ബോട്ടിലെത്തി മൈൻ നീക്കം ചെയ്യുന്നതിന്റെ ഫോട്ടോയും പെന്റഗൺ പുറത്തുവിട്ടു.

മധ്യപൂർവദേശത്തെ സൈനിക നീക്കങ്ങൾ നിയന്ത്രിക്കുന്ന ഫ്ളോറിഡയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനത്ത്് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപെയോ സന്ദർശനം നടത്തുന്നതിനു മുന്നോടിയായാണ് കൂടുതൽ സൈനികരെ അയയ്ക്കാൻ തീരുമാനമെടുത്തത്. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നീക്കത്തെക്കുറിച്ചു പോലും ആലോചിക്കുന്നുണ്ടെന്ന് പോംപെയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളായതിനെ തുടർന്ന് നേരത്തെ തന്നെ സംഘർഷഭരിതമാണ് ഈ മേഖല. ഈ സാഹചര്യത്തിലാണ്് അമേരിക്ക വീണ്ടും സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നത്.

ഇറാന്റെ അണ്വായുധ നിർമ്മാണം തടയാനായി സൈനിക നടപടി പരിഗണനയിലുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം ഹൂതികളുടെ ആക്രമണവും സൗദിയിൽ തുടരുകയാണ്. ഇന്നലെ സൗദിയിലെ അബ്ഹ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സൗദി വ്യോമസേന തകർത്തു. ഈ കഴിഞ്ഞ ശനിയാഴ്ച സൗദി സഖ്യസേന യെമന്റെ തലസ്ഥാനവും ഹൂതികളുടെ കേന്ദ്രവുമായ സനയിൽ ബോംബിട്ടതിനുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് പറയപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഹൂതി വിമതർ അബ്ഹ വിമാനത്താവളം ആക്രമിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച നടന്ന ആക്രമണത്തിൽ ക്രൂയിസ്് മിസൈലിന്റെ അവശിഷ്്ടങ്ങൾ വീണ് 26 പേർക്ക് പരിക്കേൽക്കുകയും വിമാനത്താവളത്തിന്റെ കവാടം തകരുകയും ചെയ്തിരുന്നു. കൂടാതെ റിയാദ് മേഖലയിലെ അഫാഫ്, ദവാദ്മി പ്രദേശങ്ങളിലെ സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്കു നേരെയും ഹൂതികൾ ആക്രമണം നടത്തി. ഇതിനെതുടർന്ന് ഈ രണ്ടു സ്റ്റേഷനുകളും താൽക്കാലികമായി പ്രവർത്തനം നിർത്തി വയ്ക്കുകയുണ്ടായി. ലോകമ്പൊടും എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ സൗദിയിലുണ്ടാകുന്ന ഈ പ്രതിസന്ധികൾ അന്താരാഷ്ട്ര തലത്തിലെ എണ്ണ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. എണ്ണ വിലവർധനവിനും ഇത് ഇടയാക്കിയിട്ടുണ്ട്.

ലോകത്തിൽ നിലനിൽക്കുന്ന ഷിയാ-സുന്നി സംഘർഷങ്ങൾ തന്നെയാണ് യെമനിലും സംഭവിക്കുന്നത്. ഷിയാ വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള ഇറാൻ ആയുധവും ധനവും നൽകി ഹൂതികളെ സംരക്ഷിക്കുകയാണ്. യെമന്റെ ഭാഗികമായ രാജ്യനിയന്ത്രണം നേടിയെടുക്കുന്നതിൽ ഹൂതികളെ സഹായിച്ചതും ഇറാൻ തന്നെയാണ്. സൗദിക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഹൂതികളെ സഹായിച്ചതുകൊണ്ട് തന്നെ ഇറാൻ സൗദിയുടെ ബദ്ധശത്രുവായി മാറി.

തുടർന്ന് അമേരിക്ക ഹൂതികളെ തുരത്താൻ സൗദിയുടെ സഹായത്തിനായി എത്തിയതോടെ സൗദി- യെമൻ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി. ഹൂതികളും സൗദിയും പകരത്തിനു പകരം എന്ന രീതിയിൽ നടത്തുന്ന പ്രത്യാക്രമണങ്ങളും അമേരിക്കയുടെ ഇടപെടലും ഈ പ്രശ്‌നത്തെ ലോക രാജ്യങ്ങൾക്കിടയിൽ യുദ്ധപ്രതീതിയാണ് സൃഷ്ടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP