Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപകാരമൊന്നും ചെയ്യില്ല..പക്ഷേ ഉപദ്രവിക്കാതിരിക്കണമെങ്കിൽ പിരിവ് തരണം; യൂണിയനുകൾ നടത്തിയ ഗുണ്ടാ പിരിവ് അവസാനിച്ചതോടെ ആവേശത്തിലായത് പണിയെടുത്ത് ജീവിക്കുന്ന കെഎസ്ആർടിസിക്കാർ; ഈ മാസത്തെ ശമ്പളത്തിൽ നിന്നും ഒറ്റപൈസ പോലും യൂണിയനുകാർക്ക് പോവാതായതോടെ സമനില തെറ്റിയ നേതാക്കൾ തച്ചങ്കരിയെ അട്ടിമറിക്കാൻ രണ്ടും കൽപ്പിച്ച് രംഗത്ത്; പുതിയ ബാങ്ക് അക്കൗണ്ട് തുറന്ന് ഗുണ്ടാപിരിവ് നിലനിർത്താനും ആലോചന

ഉപകാരമൊന്നും ചെയ്യില്ല..പക്ഷേ ഉപദ്രവിക്കാതിരിക്കണമെങ്കിൽ പിരിവ് തരണം; യൂണിയനുകൾ നടത്തിയ ഗുണ്ടാ പിരിവ് അവസാനിച്ചതോടെ ആവേശത്തിലായത് പണിയെടുത്ത് ജീവിക്കുന്ന കെഎസ്ആർടിസിക്കാർ; ഈ മാസത്തെ ശമ്പളത്തിൽ നിന്നും ഒറ്റപൈസ പോലും യൂണിയനുകാർക്ക് പോവാതായതോടെ സമനില തെറ്റിയ നേതാക്കൾ തച്ചങ്കരിയെ അട്ടിമറിക്കാൻ രണ്ടും കൽപ്പിച്ച് രംഗത്ത്; പുതിയ ബാങ്ക് അക്കൗണ്ട് തുറന്ന് ഗുണ്ടാപിരിവ് നിലനിർത്താനും ആലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ മാസമാണ് സംഭവം. 'പ്രതീക്ഷ' എന്ന പേര് വച്ച് ഒരു ജീവനക്കാരി കെഎസ്ആർടിസി സിഎംഡി ടോമിൻ തച്ചങ്കരിക്ക് കത്തയച്ചു. കാലങ്ങളായി ജീവനക്കാരിൽ നിന്ന് യൂണിയനുകൾ നടത്തി വന്ന പകൽ കൊള്ള കെഎസ്ആർടിസിയിൽ അവസാനിപ്പിക്കണമെന്നായിരുന്നു കത്തിന്റെ കാതൽ. പേരുവെളിപ്പെടുത്താതെ തികഞ്ഞ പ്രതീക്ഷയോടെ ആ ജീവനക്കാരി അയച്ച കത്ത് മാത്രമല്ല എംഡിയെ ഇരുത്തിച്ചിന്തിപ്പിച്ചത്. കാലങ്ങളായി ഈ പരിപാടി കോർപറേഷനിൽ 'എല്ലാവരുമറിഞ്ഞ്' തുടരുകയായിരുന്നു. ഇനി ജീവനക്കാരുടെ സമ്മതമില്ലാതെ ഒരു യൂണിയനും ഒരു നയാ പൈസപോലും ജീവനക്കാരിൽ നിന്ന് ഈടാക്കാനാവില്ല. ജീവനക്കാരി കോർപ്പറേഷൻ സിഎംഡിക്ക് അയച്ച കത്ത് ഇനി ജീവനക്കാരുടെ പോക്കറ്റിന് ബലമാവുകയാണ്.

ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസാമാസം പിടിച്ച് സ്റ്റേറ്റ് ബാങ്ക് യൂണിയനുകൾക്ക് അവർ പറയുന്ന തുക നൽകുന്ന ആ 'സമ്പ്രദായത്തിന് കഴിഞ്ഞ മാസത്തോടെ അവസാനമായി. ഈ മാസം മുതൽ ഓരോ ജീവനക്കാരനും ഒപ്പിട്ടുകൊടുത്താൽ മാത്രമേ അവരിൽ നിന്ന് പണം പിരിക്കാൻ യൂണിയന് ആവൂ. ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ ശമ്പളത്തിൽ നിന്നും മാസവരി ഈടാക്കി തൊഴിലാളി യൂണിയനുകൾക്ക് നൽകരുതെന്ന് കാണിച്ച് തച്ചങ്കരി എസ്.ബി.ഐയ്ക്ക് കത്ത് നൽകിയതോടെയാണ് യൂണിയനുകൾക്ക് ഇരുട്ടടിയായത്.

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു സമ്മതമില്ലാതെ യൂണിയനുകൾ മാസവരി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവിനെത്തുടർന്ന് കോളിളക്കമുണ്ടായിരുന്നു. യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ സമ്മതമുണ്ടെങ്കിൽ മാസവരി പിരിക്കുന്നതിൽ എതിർപ്പില്ലെന്ന് എംഡി വ്യക്തമാക്കി. യൂണിയനു പണം നൽകരുതെന്ന് എഴുതി നൽകിയവരുടെ അക്കൗണ്ടുകളിൽ നിന്നും മാസവരി ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നാണു ബാങ്കിനു കത്തു നൽകിയതെന്നു എംഡി യോഗത്തിൽ വ്യക്തമാക്കി.

സിംഗിൾ ഡ്യൂട്ടി പാറ്റേൺ നടപ്പാക്കാൻ സർക്കാരിൽ നിന്നും കോടതിയിൽ നിന്നും സമ്മർദമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതിനെ യൂണിയനുകൾ ശക്തമായി എതിർത്തു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിർദേശപ്രകാരം തുടർനടപടിയെടുക്കും. ജീവനക്കാർ ദിവസവരുമാനത്തിൽ നിന്നും അതതു ദിവസത്തെ അലവൻസുകൾ സ്വയം എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും എംഡി അറിയിച്ചു. എന്നാൽ, ഇതിനെയും യൂണിയനുകൾ എതിർത്തു. മറ്റു സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് കോർപറേഷനുകളിലും ബാറ്റ എല്ലാദിവസവും നൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഏതായാലും ഇതെല്ലാം യൂണിയനുകളെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഈ മാസത്തെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒറ്റപ്പൈസ കിട്ടില്ലെന്ന് വന്നതോടെ യൂണിയനുകൾ ആകെ നീരസത്തിലാണ്. പുതിയ ബാങ്ക് അക്കൗണ്ട് തുറന്ന് തങ്ങളുടെ സ്വാധീനത്തിലൂടെ പിരിവ് ഉറപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഏതായാലും ജീവനക്കാർ ആകെ ഉഷാറിലാണ്. തച്ചങ്കരിയുടെ തീരുമാനങ്ങൾക്ക് പൂർണപിന്തുണയാണ് ജീവനക്കാർ സർവാത്മനാ നൽകുന്നത്.

വെള്ളാനയെന്ന ദുഷ്‌പേര് കേൾപ്പിച്ച കെഎസ്ആർടിസിയെ കരകയറ്റാനുള്ള സിഎംഡി ടോമിൻ.ജെ.തച്ചങ്കരിയുടെ തീവ്രയത്‌നത്തിന് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് കിട്ടുന്നത്. കോർപറേഷനിൽ പൊതുസ്ഥലംമാറ്റം നടപ്പാക്കാനും, ട്രേഡ് യൂണിയനുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാനും എടുത്തുകൊണ്ടിരിക്കുന്ന നടപടികൾക്ക് ജീവനക്കാർ ഒന്നടങ്കം കൂടെ നിൽക്കുന്നു. യൂണിയനുകൾക്ക് ഇനി തോന്നുംപടി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പണം പിരിക്കാൻ ആവില്ല. അംഗീകൃത യണിയനുകളായ ഇടത്, വലത് യൂണിയനുകൾക്ക് ഇനി തൊഴിലാളി ഒപ്പിട്ടുകൊടുത്താലെ ബാങ്കിൽ നിന്ന് അവരുടെ ഷെയർ ലഭിക്കൂ. അക്കാര്യം ബാങ്കും അംഗീകരിച്ചതോടെ ഇനി രണ്ടു യൂണിയനുകൾക്ക് മാത്രമേ പിരിവിന് അവകാശമുള്ളൂ. അതും ജീവനക്കാരൻ ഒപ്പിട്ടുകൊടുത്താൽ മാത്രം. അല്ലെങ്കിൽ ശമ്പളത്തിൽ നിന്നുള്ള പിരിവ് ഇനി നടക്കില്ല.

നിലവിൽ അംഗീകാരമുള്ള യൂണിയനുകൾക്ക് മാസവരിയായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബാങ്ക് ഒരുവിഹിതം പിടിക്കുന്നുണ്ട്. എന്നാൽ, ഇത് മറയാക്കി ചില കടലാസ് സംഘടനകൾ (കാറ്റഗറി സംഘടനകൾ, നിയമസഹായവേദി തുടങ്ങിയവ) യൂണിയൻ എന്ന പേരിൽ അക്കൗണ്ട് ബുക്കിൽ പതിച്ച് പണം നൽകുകയാണ്. ജീവനക്കാരിൽ പലരും അറിയാതെ അവരുടെ പേരും അക്കൗണ്ട് നമ്പരും ഒരുപക്ഷേ കള്ള ഒപ്പോട് കൂടി വക മാററുന്നതിന് ബാങ്കും കൂട്ടുനിൽക്കുന്നുവെന്നായിരുന്നു ആരോപണം.കരാർ പ്രകാരം കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത സംഘടനകൾക്ക് മാത്രമാണ് ഇത്തരത്തിൽ മാസവരി നൽകാൻ വ്യവസ്ഥയുള്ളത്.കോർപറേഷന് കടമെടുത്ത് നൽകുന്ന ശമ്പളത്തിന്റെ ഒരുഭാഗം ചോരുന്നത് നോക്കി നിൽക്കാനേ തൊഴിലാളിക്ക് കഴിഞ്ഞിരുന്നുള്ളു.

രാജമാണിക്യം എംഡിയായിരുന്ന സമയത്ത് ഈ വിഷയത്തിൽ സർക്കുലർ പോലും ഇറക്കിയിരുന്നു.എന്നാൽ, ഭയം മൂലമാണ് ജീവനക്കാർ പ്രതികരിക്കാതിരുന്നത്.ഈ അക്രമം അവസാനിപ്പിക്കണമെന്നാണ് തച്ചങ്കരിയോട് ജീവനക്കാരി കത്തിലൂടെ ആവശ്യപ്പെട്ടത്. ഏതായാലും സിഎംഡിയുടെ ഇടപെടലോടെ കാര്യങ്ങൾക്ക് തീരുമാനമായി. എന്നാൽ ഇതട്ടിമറിക്കാൻ യൂണിയനുകൾ ശ്രമം തുടരുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP