Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി പിണറായി വിജയൻ അൺ എയിഡഡ് സ്‌കൂളുകളുടെ ഐശ്വര്യം! പുതുതായി മൂന്നുലക്ഷത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടിയത് അൺ എയിഡഡ് സ്‌കൂളുകളിലെന്ന് സെൽഫ് ഫിനാൻസ് സ്‌കൂൾ ഫെഡറേഷൻ; പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയം അൺ എയിഡഡ് സ്‌കൂളുകളെ വിഷമിപ്പിക്കുന്നുവെന്ന് സർക്കാരും; സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും; സ്‌കൂൾ കുട്ടികളുടെ അഡ്‌മിഷൻ വിവാദം കനക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ അൺ എയിഡഡ് സ്‌കൂളുകളുടെ ഐശ്വര്യം! പുതുതായി മൂന്നുലക്ഷത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടിയത് അൺ എയിഡഡ് സ്‌കൂളുകളിലെന്ന് സെൽഫ് ഫിനാൻസ് സ്‌കൂൾ ഫെഡറേഷൻ; പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയം അൺ എയിഡഡ് സ്‌കൂളുകളെ വിഷമിപ്പിക്കുന്നുവെന്ന് സർക്കാരും; സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും; സ്‌കൂൾ കുട്ടികളുടെ അഡ്‌മിഷൻ വിവാദം കനക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കളിൽ 45 ശതമാനവും വിശ്വാസമർപ്പിച്ചിരിക്കുന്നത് അൺ എയിഡഡ് മേഖലയിലാണോ? ഈ അധ്യയന വർഷം സർക്കാർ സർക്കാർ പുറത്തുവിടുന്ന കണക്കുകൾ തന്നെ ഇത്തരമൊരു യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. സർക്കാർ നൽകിയ ഈ കണക്കുകൾ ഉദ്ധരിച്ച് കൊണ്ടാണ് മൂന്നു ലക്ഷത്തോളം കുട്ടികൾ അൺ എയിഡഡ് സ്‌കൂളുകളിലാണ് എന്ന അവകാശവാദവുമായി കേരളത്തിലെ സെൽഫ് ഫിനാൻസ് സ്‌കൂൾ ഫെഡറേഷനും രംഗത്തുവന്നത്. . എന്നാൽ ഫെഡറേഷന്റെ അവകാശവാദം തള്ളി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും നിലയുറപ്പിച്ചിട്ടുണ്ട്. നാല് ലക്ഷത്തി എൺപത്തിയാറായിരം കുട്ടികൾ ഇക്കുറി അഞ്ച് വയസ് തികഞ്ഞവരായി ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. അതായത് ഈ കുട്ടികൾ എല്ലാം അഞ്ചാം ക്ലാസ് പ്രവേശനം കാത്ത് നിൽക്കുന്നവരാണ്. ആരോഗ്യവകുപ്പിന്റെ ഈ കണക്ക് പ്രകാരം നാല് ലക്ഷത്തി എൺപത്തിയാറായിരം കുട്ടികൾ അഞ്ചാം ക്‌ളാസിലേക്ക് പ്രവേശം തേടി എത്തേണ്ടതായിരുന്നു. എന്നാൽ ഒരു ലക്ഷത്തി അറുപത്തിമൂവായിരം കുട്ടികൾ സ്‌കൂളുകളിൽ പുതുതായി ചേർന്നു എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കുറി അറിയിച്ചത്.

ഒരു ക്ലാസിലല്ല പല ക്‌ളാസുകളിലായാണ് ഈ കുട്ടികൾ പ്രവേശം തേടിയത് എന്നാണ് സർക്കാർ അറിയിച്ചത്. അപ്പോൾ ബാക്കി കുട്ടികൾ എവിടെപ്പോയി എന്ന് സ്വാഭാവികമായി ചോദ്യവും ഉയരുന്നു. ഈ ചോദ്യം തന്നെയാണ് സെൽഫ് ഫിനാൻസ് സ്‌കൂൾ ഫെഡറേഷനും ഉയർത്തുന്നത്. സർക്കാർ കണക്കിന് പുറമെയുള്ള കുട്ടികൾ , മൂന്നു ലക്ഷത്തോളം കുട്ടികൾ അൺ എയിഡഡ് മേഖലയിലെ സ്‌കൂളുകൾ ആണ് പഠനത്തിന് തിരഞ്ഞെടുത്തത് എന്നാണ് ഫെഡറേഷൻ പറയുന്നത്. ഈ വർഷം അൺ എയ്ഡഡ് സ്‌കൂളുകളിൽ 38,000 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് മൂന്നു ലക്ഷത്തോളം കുട്ടികൾ തിരഞ്ഞെടുത്തത് അൺ എയിഡഡ് മേഖലയിലെ സ്‌കൂളുകളാണ് എന്ന വിവരം ഇവർ പുറത്തുവിടുന്നത്. . ആദിവാസി വിദ്യാർത്ഥികളും കേന്ദ്രീയ വിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർത്ഥികളും ഒഴിച്ച് നിർത്തിയാൽ ലക്ഷക്കണക്കിന് വരുന്ന മറ്റു കുട്ടികൾ ഏത് സ്‌കൂളുകളിൽ എന്ന ചോദ്യത്തിന് അൺ എയിഡഡ് സ്‌കൂളുകളിൽ തന്നെ എന്ന ഉത്തരം തന്നെയാണ് അൺ എയിഡഡ് സ്‌കൂൾ അസോസിയേഷൻ നൽകുന്നത്.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരക്കുട്ടികളും അൺ എയിഡഡ് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ മേഖല ഇവിടെ നിലനിൽക്കുമ്പോൾ അതിനുവേണ്ടി വാദിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കുട്ടികൾ പഠിക്കുന്നത് അൺ എയിഡഡ് സ്‌കൂളുകളിലാണെന്നു ശ്രദ്ധിച്ചാൽ മനസിലാകും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പത്തംഗ ബോർഡ് ആണ്. ഇവരിൽ ആറുപേരുടെ മക്കളും അൺ എയിഡഡ് സ്‌കൂളുകളിലാണ് പഠിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ. പറയുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നായകൻ മുഖ്യമന്ത്രിയാണ് എന്നതും വിസ്മരിക്കാൻ കഴിയാത്ത വസ്തുതയാണ്. കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കണം എന്ന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അടക്കമുള്ളവർ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കണമെന്ന് ആവശ്യപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേരക്കുട്ടികൾ പഠിക്കുന്നത് അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്- സെൽഫ് ഫിനാൻസ് സ്‌കൂൾ ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.

തലശ്ശേരി എംഎൽഎ ഷംസീറിന്റെ മകൻ പഠിക്കുന്നതും അൺഎയിഡഡ് സ്‌കൂളിൽ തന്നെയാണ്. അതും സ്റ്റേറ്റ് സിലബസ് അല്ല ഐസിഎസ് സി സിലബസുകളുമാകും ഇവരുടെ പഠനവും. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ കുട്ടികളുടെ കണക്ക് എടുത്താൽ ആ കുട്ടികളും പഠനം തുടരുന്നത് അൺ എയിഡഡ് സ്‌കൂളുകളിൽ തന്നെയാണ്. 

രക്ഷിതാക്കളുടെ വിശ്വാസം അൺഎയിഡഡ് സ്‌കൂളുകളിലോ?

കുട്ടികൾ ഇല്ലെങ്കിൽ സ്‌കൂളുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് അൺ എയിഡഡ് സ്‌കൂളുകൾ. അതുകൊണ്ട് തന്നെ കുട്ടികൾ ഇവർക്ക് പരമപ്രധാനമാണ്. കുട്ടികൾ ഉണ്ടെങ്കിലേ ഫീസ് കിട്ടൂ. ഫീസ് കിട്ടിയാലേ അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ കഴിയൂ. സ്വാഭാവികമായും ഇവർ പഠന നിലവാരം ഉയർത്തും. നിലവാരം താഴെ പോകാതിരിക്കാൻ ശ്രദ്ധിക്കും. ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഇവരുടെ സ്‌കൂൾ നടത്തിപ്പിൽ രക്ഷിതാക്കൾക്ക് വിശ്വാസമുണ്ടെന്ന് തന്നെയാണ് ഫെഡറേഷൻ വാദിക്കുന്നത്. സർക്കാർ സ്‌കൂളുകൾ ഒഴിവാക്കിയുള്ള രക്ഷിതാക്കളുടെ ഈ തിരഞ്ഞെടുപ്പ് കാണിക്കുന്നത് ഈ വസ്തുതയാണെന്നും ഫെഡറേഷൻ പറയുന്നു.

''കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സെമിനാറിൽ ജനസംഖ്യ ആനുപാതികമായ കണക്ക് എടുത്തപ്പോൾ കേരളത്തിലെ കുട്ടികൾ സ്‌കൂളിൽ പോകുന്ന കണക്ക് എടുത്തപ്പോൾ 20 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കണ്ടു. മറ്റ് സംസ്ഥാന പ്രതിനിധികളിൽ ഇത് അത്ഭുതമുണ്ടാക്കുകയും ചെയ്തു. പക്ഷെ കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ട്. അത് അൺ എയിഡഡ് മേഖലയിലാണ് എന്ന വസ്തുത കേരളത്തിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയില്ല. പൊതുവിദ്യാലയങ്ങൾക്ക് അത് ദോഷമാണെന്നു മനസിലാക്കിയാണ് കേരളത്തിലെ പ്രതിനിധികൾ മിണ്ടാതിരുന്നത്. ഒന്ന് മുതൽ എട്ടുവരെ സ്‌കൂളുകളിൽ ഉച്ചഭക്ഷണം നിർബന്ധമാണ്. സ്‌കോളർഷിപ്പും നിർബന്ധമാണ്. പക്ഷെ ഉച്ചക്കഞ്ഞിക്കും സ്‌കോളർഷിപ്പിനും ഒക്കെ തുക വാങ്ങിക്കുമ്പോൾ അൺ എയിഡഡ് മേഖലയിലെ കുട്ടികളെ കൂടി ചേർത്താണ് സർക്കാർ കേന്ദ്രത്തിൽ നിന്നും കാശ് വാങ്ങിക്കുന്നത്-''അൺ എയിഡഡ് സ്‌കൂൾ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ കണക്കുകളിലെ കൃത്രിമംകാരണം മാനവവിഭശേഷി മന്ത്രാലയം രണ്ടു വർഷക്കാലമായി ഈ ഇനത്തിലെ കേന്ദ്ര ഗഡു തടഞ്ഞുവെച്ചിരിക്കുകയാണ്. . എന്നാൽ ഫെഡറേഷന്റെ ഈ വാദം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പക്ഷെ നിഷേധിച്ചിട്ടുണ്ട്. ഒരു കേന്ദ്രഗഡുവും കേന്ദ്രം നിഷേധിച്ചിട്ടില്ല. ഇത് അൺ എയിഡഡ് സ്‌കൂളുകളുടെ മനസിലുള്ള ആഗ്രഹം മാത്രമാണ്-വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് മറുനാടനോട് പ്രതികരിച്ചു.

'അൺ എയിഡഡ് സ്‌കൂളുകളുടെ ഐശ്വര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന ബോർഡ് എല്ലാ അൺ എയിഡഡ് സ്‌കൂളുകളിലും വയ്ക്കാൻ ഞങ്ങൾ ആലോചിക്കുകയാണ്-അൺ എയിഡഡ് സ്‌കൂളുകളുടെ സംസ്ഥാന സെക്രട്ടറി രാംദാസ് കതിരൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. മൂന്നു ലക്ഷത്തോളം കുട്ടികൾ ഇക്കുറി ആശ്രയമാക്കിയത് അൺ എയിഡഡ് സ്‌കൂളുകളെയാണ്. മുഖ്യമന്ത്രിയുടെ പേരക്കുട്ടികൾ തന്നെ പഠിക്കുന്നത് അൺ എയിഡഡ് സ്‌കൂളുകളിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ പേരക്കുട്ടികളൂം കുട്ടികളും പഠിക്കുന്നത് അൺ എയിഡഡ് സ്‌കൂളുകളിലാണ്. ഇതെല്ലാം അൺ എയിഡഡ് സ്‌കൂളുകളുടെ തിളക്കവും വിശ്വാസ്യതയും ഉയർത്താൻ പ്രേരകമാണ്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് ഈ സ്‌കൂളുകളുടെ ഐശ്വര്യം മുഖ്യമന്ത്രിയാണ് എന്ന ബോർഡ് വയ്ക്കാൻ ആലോചിക്കുന്നത്-രാംദാസ് പറയുന്നു.

വേണ്ടത് ആരോഗ്യകരമായ മത്സരമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്

സെൽഫ് ഫിനാൻസ് സ്‌കൂൾ ഫെഡറേഷൻ നടത്തുന്ന കണക്കുകളും ന്യായവാദങ്ങളും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ശക്തിയുക്തം നിഷേധിക്കുകയാണ്. കേന്ദ്രത്തിനു നൽകിയ കണക്കിൽ കൂടുതൽ കുട്ടികൾക്ക് ഉച്ചഭക്ഷണം സർക്കാർ നൽകുന്നുണ്ട്. ഈ ഇനത്തിലുള്ള ഒരു കേന്ദ്ര ഫണ്ടും കേരളത്തിനുള്ളത് കേന്ദ്രം തടഞ്ഞുവെച്ചിട്ടില്ല-വിദ്യാഭാസ മന്ത്രിയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. അൺ എയിഡഡ് സ്‌കൂളുകളിൽ നിന്നും കുട്ടികൾ ചോരുന്നുണ്ട്. അവർ സർക്കാർ സ്‌കൂളുകളിലേക്ക് കൂടുമാറുകയാണ് ചെയ്യുന്നത്. ഇത് അൺ എയിഡഡ് മേഖലയെ വിഷമിപ്പിക്കുന്നുണ്ട്. ആ നിരാശയിൽ നിന്നും വന്ന പ്രതികരണങ്ങളാണ് അൺ എയിഡഡ് മേഖലയിൽ നിന്നും വരുന്നത്. മൂന്നു ലക്ഷത്തോളം കുട്ടികൾ അൺ എയിഡഡ് മേഖലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കുകൾ അവർ പുറത്തുവിടണം. അല്ലാതെ വെറുതെ പറഞ്ഞതുകൊണ്ടായില്ല. ജില്ലാ തലത്തിലെ കണക്കുകൾ അവർ ഹാജരാക്കണം. പക്ഷെ അൺ എയിഡഡ് മേഖലയുമായി മത്സരത്തിന്നില്ല. സർക്കാരിന്റെ ലക്ഷ്യം പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ്.

പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കുറയുന്നു എന്നൊന്നും പറയാൻ കഴിയില്ല. പുതിയ കണക്കുകൾ സർക്കാരിന്റെ കയ്യിലില്ല. ആ കണക്കുകൾ എടുത്ത് വരുന്നതേയുള്ളൂ. ജനസംഖ്യ വർഷാവർഷം മാറുന്നുണ്ട്. അതിനനുസരിച്ച് കണക്കുകൾ മാറും. അത് സർക്കാർ എടുത്തു വരുന്നതേയുള്ളൂ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ച ശേഷം സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ കൂടുകയാണ്. അതിനെ തടയിടാൻ വേണ്ടിയാണ് അൺ എയിഡഡ് മേഖല രംഗത്ത് വന്നിരിക്കുന്നത്.

സർക്കാരുമായി ബന്ധപ്പെട്ടവർ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കണമെന്ന് സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല.ഏതെങ്കിലും വ്യക്തിയുടെ മകളെയോ, മകനെയോ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം വയ്ക്കുന്നില്ല. സർക്കാർ നടത്തുന്നത് ബോധവത്ക്കരണം മാത്രമാണ്. ആർക്കും ഉത്തരവൊന്നും നൽകിയിട്ടില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്‌കൂളുകളിലെ നിലവാരം ഉയർത്തുകയാണ്. അപ്പോൾ അൺ എയിഡഡ് സ്‌കൂളുകളിൽ നിന്നും കുട്ടികൾ സർക്കാർ സ്‌കൂളുകൾ തേടി എത്തും. ഇതാണ് സംഭവിക്കുന്നത് . ആരോഗ്യകരമായ മത്സരം മാത്രമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്-വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP