Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടൊന്നും കണ്ടത്തിയില്ലെങ്കിലും യുഎൻഎയിലെ ആരോപണങ്ങളെ കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് പറഞ്ഞ് നേഴ്‌സിങ് സംഘടന; ജാസ്മിൻ ഷായേയും മറ്റ് നേഴ്‌സിങ് നേതാക്കളേയും പ്രതിചേർത്ത് ഉടൻ കേസെടുക്കും; നേഴ്‌സിങ് മേഖലയിലെ ചൂഷണത്തിനെതിരെ ശബ്ദം ഉയർത്തിയ സംഘടന നേരിടുന്നത് വമ്പൻ പ്രതിസന്ധി

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടൊന്നും കണ്ടത്തിയില്ലെങ്കിലും യുഎൻഎയിലെ ആരോപണങ്ങളെ കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് പറഞ്ഞ് നേഴ്‌സിങ് സംഘടന; ജാസ്മിൻ ഷായേയും മറ്റ് നേഴ്‌സിങ് നേതാക്കളേയും പ്രതിചേർത്ത് ഉടൻ കേസെടുക്കും; നേഴ്‌സിങ് മേഖലയിലെ ചൂഷണത്തിനെതിരെ ശബ്ദം ഉയർത്തിയ സംഘടന നേരിടുന്നത് വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രാഥമിക അന്വേഷണത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ലെങ്കിലും നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശം നൽകിയ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലാണ് പുതിയ ഉത്തരവ്. തുടരന്വേഷണത്തിനായി കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിൽ ഭാരവാഹികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഘടനയുടെ വൈസ് പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതിൽ ക്രമക്കേടൊന്നും കണ്ടിരുന്നില്ല.

യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. യുഎൻഎ നേതൃത്വത്തിന് എതിരായ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതായിരുന്നു പ്രാഥമിക റിപ്പോർട്ട്. രേഖകളും മൊഴികളും പരിശോധിച്ചതിൽ അഴിമതിയൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്. ഇതോടെ യുഎൻഎ നേതാവ് ജാസ്മിൻ ഷായെ ലക്ഷ്യമിട്ട് ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ആശുപത്രി മാനേജ്മെന്റാണെന്ന വാദം സജീവമാകുകയാണ്. ആശുപത്രിയിലെ ചൂഷണത്തിനെതിരെ നിലപാട് എടുത്ത സംഘടനയെ തകർക്കാനുള്ള ഗൂഢാലോചന ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഇതോടെ വ്യക്തമായത്. അതുകൊണ്ട് തന്നെ കേസും മറ്റും ഒഴിവാക്കുമെന്നും കരുതി. ഇതാണ് നാടകീയ നീക്കങ്ങളിലൂടെ കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാകുന്നത്. ഇതോടെ ജാസ്മിൻ ഷായും മറ്റും പ്രതിപ്പട്ടികയിൽ എത്തുകയും ചെയ്യും.

വരവു ചെലവു കണക്കുകൾ സംബന്ധിച്ച് വ്യക്ത വരുത്താൻ ഓഡിറ്റ് നടത്തണമെന്നും ആദ്യ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു . എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പിക്ക് അന്വേഷണം കൈമാറിയത്. യുഎൻഎയ്‌ക്കെതിരെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു രംഗത്തുണ്ട്. നേഴ്‌സിങ് മേഖലയിലെ സംഘടനാ കുത്തകയാണ് യുഎൻഎ തകർത്തത്. ആശുപത്രി മുതലാളിമാർക്കെതിരെ സധൈര്യം പോരാട്ടം നയിച്ചു. ഇതോടെ നേഴ്‌സുമാർക്ക് നീതി കിട്ടുകയും ചെയ്തു. എങ്ങനേയും യുഎൻഎ ഇല്ലായ്മ ചെയ്യുകയെന്നതാണ് ആശുപത്രി മുതലാളിമാരുടെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തുന്ന അന്വേഷണമെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ സമ്മർദ്ദമാണ് കേസിന് പിന്നിലെന്ന് യുഎൻഎയും ആരോപിക്കുന്നു.

മൂന്നര കോടിയുടെ ക്രമക്കേടിൽ അന്വേഷണം നടത്തണമെന്ന എഡിജിപിയുടെ ശുപാർശയിലാണ് ഡിജിപിയുടെ ഉത്തരവ്. യുഎൻഎയുടെ ബാങ്ക് അക്കൗണ്ടുകൾ സഹിതമാണ് സംഘടനയുടെ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടിരൂപയെത്തിയെന്നും ഈ തുക ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിൻ ഷാ വകമാറ്റിയെന്നുമായിരുന്നു പരാതി. കോടികളുടെ ക്രമക്കേടായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി ശുപാർശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചർ എന്നിവ ഫൊറൻസിക് പരിശോധനക്കണമെന്നും ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. ഡിജിപിക്ക് നൽകിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂർ ക്രൈം ബ്രാഞ്ച് യൂണിറ്റാണ്.

ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യറിപ്പോർട്ട്. എന്നാൽ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാർ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി. കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാർശ നൽകിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫീസിൽ നിന്നും രേഖകൾ മോഷണം പോയെന്ന കാണിച്ചത് തൃശൂർ കമ്മീഷണർക്ക് യുഎൻഎ ഭാരവാഹികൾ പരാതിയും നൽകിയിരുന്നു.

യുഎൻഎയുടെ അക്കൗണ്ടിൽ നിന്ന് മൂന്നരക്കോടിയോളം രൂപ സംഘടനയുടെ ദേശീയ പ്രസിഡന്റ് ആയ ജാസ്മിൻ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നാണ് ആരോപണം. നഴ്സുമാരുടെ ലെവി പിരിച്ചത് അടക്കമുള്ള തുകയിൽ നിന്നാണ് തിരിമറി നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പല സമയങ്ങളിലായി മൂന്ന് അക്കൗണ്ടുകളിൽ നിന്നായാണ് പണം പിൻവലിച്ചത്. ജാസ്മിൻ ഷായുടെ ഡ്രൈവർ 59 ലക്ഷം രൂപ പിൻവലിക്കുകയും 20 ലക്ഷം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആവശ്യം വ്യക്തമല്ല. കണക്ക് വ്യക്തമാക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും നേതൃത്വം തയ്യാറാകാത്തതിനെ തുടർന്നാണ് പരാതി നൽകിയതെന്നാണ് സിബി മുകേഷ് പറയുന്നത്. എന്നാൽ സംഘടനയിൽ നിന്ന് സിബിയെ പുറത്താക്കിയിരുന്നു. ആരോപണങ്ങൾക്ക് ജാസ്മിൻ ഷാ വ്യക്തമായ മറുപടിയും നൽകി.

പ്രാഥമിക അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ക്രമക്കേടും സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. കണക്കുകൾ ഓഡിറ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ടെന്നും വിശദീകരിക്കുന്നു. എല്ലാ അർത്ഥത്തിലും ജാസ്മിൻഷായെ കുറ്റ വിമുക്തനാക്കുന്നതാണ് പ്രാഥമിക റിപ്പോർട്ട്. സംഘടനയുടെ വാഹനങ്ങൾ വാങ്ങിയതിന്റെ എഗ്രിമെന്റും പിരശോധിച്ചു. ഇതിലും ക്രമക്കേടില്ലെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. എല്ലാം മിനിട്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. സംഘടന നൽകിയ ധനസഹായത്തിന്റെ രേഖയിലും സംഘം പ്രശ്നങ്ങളൊന്നും കാണുന്നില്ല. അതുകൊണ്ട് പരാതികൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. എന്നിട്ടും കേസെടുക്കുന്നതാണ് ദുരൂഹം. അതുകൊണ്ടാണ് രാഷ്ട്രീയ ഇടപെടൽ ആരോപിക്കുന്നതും.

ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ലഭിക്കുന്നതിന് രജിസ്റ്റാർ ഓഫ് സൊസൈറ്റിയെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് ഇടക്കാല റിപ്പോർട്ടായി പരിഗണിക്കണമെന്നും ഓഡിറ്റ് റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ഉൾപ്പെടുത്തിയും ഓഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അതിനെ കുറിപ്പ് വിശദ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് നൽകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുള്ളത്. ഡിവൈഎസ്‌പി കെ എ സുരേഷ് ബാബുവാണ് അന്വേഷണ റിപ്പോർട്ട് നൽകിയത്. ഏപ്രിൽ പത്തിനാണ് അന്വേഷണം പൂർത്തിയായതും. മറ്റ് അന്വേഷണങ്ങൾക്കൊന്നും റിപ്പോർട്ട് ശുപാർശയും ചെയ്യുന്നില്ല. ഇതോടെ തുടരന്വേഷണത്തിന് മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കുകയായിരുന്നു.

ആശുപത്രി മാനേജുമെന്റാണ് ജാസ്മിൻഷായ്ക്ക് പിന്നിലെ ആരോപണത്തിന് പ്രേരക ഘടകമെന്ന വാദം സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇത് കിട്ടിയതോടെ സർവ്വീസിൽ കുപ്രസിദ്ധനായ മറ്റൊരു ഉദ്യോഗസ്ഥനെ കൂടുതൽ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. നേഴ്സിങ് മേഖലയിൽ സിഐടിയുവിനും തൊഴിലാളി സംഘടനയുണ്ട്. ഇവർക്കും യുഎൻഎയുടെ ഇടപെടലുകൾ ഭീഷണിയായിരുന്നു. ജാസ്മിൻഷായെ വേട്ടയാടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP