Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

ഏവരും മാറ്റം ആഗ്രഹിക്കുന്നു; എന്നാൽ ആരും സ്വയം മാറാൻ തയ്യാറാകുന്നില്ല; ഞാൻ സ്വയം മാറാൻ തയാറായി; എന്റെ ഒരു വൃക്ക ദാനമായി നൽകി; എന്നാൽ അത് പകരം തന്നത് ഒരു സഹോദരനെയാണ്.. ജീവകാരുണ്യത്തിന് താങ്ങും തണലുമായി ചേച്ചിയമ്മയ്‌ക്കൊപ്പം നിന്ന ആ അനുജൻ ഇനി ഓർമ്മ; കിഡ്‌നി ദാനത്തിലൂടെ രക്തഗ്രൂപ്പ് മാറിയ സലിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ക്യാൻസറിന് കീഴടങ്ങി; ഉമാ പ്രേമന് സദ് പ്രവർത്തികളിൽ കൂട്ടായി നിന്ന സലിലിന് അന്ത്യവിശ്രമവും ഗുരുവായൂരിലെ ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്ററിൽ

ഏവരും മാറ്റം ആഗ്രഹിക്കുന്നു; എന്നാൽ ആരും സ്വയം മാറാൻ തയ്യാറാകുന്നില്ല; ഞാൻ സ്വയം മാറാൻ തയാറായി; എന്റെ ഒരു വൃക്ക ദാനമായി നൽകി; എന്നാൽ അത് പകരം തന്നത് ഒരു സഹോദരനെയാണ്.. ജീവകാരുണ്യത്തിന് താങ്ങും തണലുമായി ചേച്ചിയമ്മയ്‌ക്കൊപ്പം നിന്ന ആ അനുജൻ ഇനി ഓർമ്മ; കിഡ്‌നി ദാനത്തിലൂടെ രക്തഗ്രൂപ്പ് മാറിയ സലിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ക്യാൻസറിന് കീഴടങ്ങി; ഉമാ പ്രേമന് സദ് പ്രവർത്തികളിൽ കൂട്ടായി നിന്ന സലിലിന് അന്ത്യവിശ്രമവും ഗുരുവായൂരിലെ ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്ററിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്വന്തം ജീവിതം ആശിച്ച പോലെ ആകാതെ വന്നപ്പോഴും മനസ് പതറാതെ അശരണരായവർക്കു ആലംബമായി മാറിയ കഥ ഉമാ പ്രേമന്റേത്. ഉമ ആദ്യം വൃക്ക നൽകി സഹായിച്ച അനാഥനായ സലിൽ എന്ന ചെറുപ്പക്കാരനും ഉമയുടെ സദ്പ്രവർത്തിയിൽ മനസറിഞ്ഞു തന്റെ ശേഷ ജീവിതം മാറ്റിവച്ചു. ഉമയെ ചേച്ചി അമ്മയായി കണ്ട സലിൽ. ഒടുവിൽ ആ സലിൽ ചേച്ചി അമ്മയെ വിട്ടു പിരിയുകയാണ്. ത്വക്ക് രോഗ ക്യാൻസർ സിലിന്റെ ജീവനെടുത്തു.

സലിലിനെ കുറിച്ച് ഉമാ പ്രേമൻ തന്നെ പറഞ്ഞത് ഇങ്ങനെ1999ൽ കോയമ്പത്തൂർ കിഡ്‌നി കേന്ദ്രയിൽ ഡയാലിസിസിനു അവൻ വരുമ്പോഴാണ്.അച്ഛനും അമ്മയും മരിച്ചു. ഒരു പെങ്ങൾ മാത്രമേയുള്ളൂ. വൃക്ക മാറ്റി വയ്ക്കാതെ രക്ഷയില്ല എന്നെല്ലാം കേട്ടപ്പോൾ ഞാൻ പറഞ്ഞു എന്റെ വൃക്ക തരാമെന്ന്. അവനാദ്യം വിശ്വസിച്ചില്ല. എന്റെ നിർബന്ധത്തിനു വഴങ്ങി കോവൈ മെഡിക്കൽ കോളജിൽ സലിൽ എന്നോടൊപ്പം വന്നു. അവന്റെ രക്തഗ്രൂപ്പ് ഒ നെഗറ്റീവും എന്റെ ഒ പോസിറ്റീവുമായിരുന്നു.. 1999 ജൂലൈയിൽ എന്റെ വൃക്ക സലിലിന് നൽകി. പിന്നീട് മാസം 15000 രൂപയുടെ മരുന്നു വേണമായിരുന്നു സലിലിനു ജീവിക്കാൻ. ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റുമ്പോൾ സലിൽ അവന്റെ പെങ്ങളോടു പറഞ്ഞു, 'ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ അവരുടെ മകനെ നീ നോക്കണമെന്ന്.' സലിൽ എന്റെ പ്രവർത്തനങ്ങളിൽ സഹായിയായി. 2001 ൽ ഒരു വാഹനാപകടത്തെ തുടർന്ന് സലിലിന്റെ രക്തം പരിശോധിച്ചപ്പോഴാണ് അത് ഒ പോസിറ്റീവായി മാറി എന്ന് തിരിച്ചറിഞ്ഞത്. ഈ ജീവിതം എനിക്കു നൽകിയ ഇരട്ട സഹോദരനാണ് സലിൽ'

കിഡ്‌നി മാറ്റി വച്ചതിലൂടെ രക്തഗ്രൂപ്പ് മാറിയ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സംഭവമായിരുന്നു അത്. പിന്നീട് സലിലിന് ത്വക്ക് രോഗത്തിൽ ക്യാൻസർ വന്നു. പല വിധ ചികിൽസകൾ നടത്തി. സലിലിനെ ചേർത്തു നിർത്തി ഉമാ പ്രേമൻ അമ്മയായി സഹോദരിയായി. ഈ അപൂർവ്വ സഹോദര സ്‌നേഹത്തിന്റെ കഥ മലയാളി പലവട്ടം കേട്ടു. കണ്ണീരണിഞ്ഞു. ഈ സഹോദരനാണ് ഉമാ പ്രേമനെ വിട്ടകലുന്നത്. ഈ വർഷം ജനവുരി മുതൽ പാലിയേറ്റീവ് ചികിൽസയിലായിരുന്നു സലിൽ. പല വിധ ചികിൽസയിലൂടെ സലിൽ സുഖം പ്രാപിക്കുന്ന വിവരം ഉമാ പ്രേമൻ തന്നെ ഫെയ്‌സ് ബുക്കിൽ കുറിച്ചു. ഒടുവിൽ ചേച്ചിയമ്മയുടെ പ്രതീക്ഷകളെ തെറ്റിച്ച് സലിൽ യാത്രയായി. ഗുരുവായൂരിലെ ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്ററിൽ ഉമാ പ്രേമന്റെ കൊച്ചനുജന് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഒരുങ്ങുകയാണ്.

ഉമയെ നന്നായി അറിയുന്ന സലിൽ ആണ് മായുന്നത്. ഉമയെ ഗാന്ധിജിയുടെ യഥാർത്ഥ അനുയായി ആണെന്നായിരുന്നു എന്നും സലിൽ വിശേഷിപ്പിച്ചിരുന്നത്. നിങ്ങൾ എന്ത് മാറ്റമാണോ ആഗ്രഹിക്കുന്നത്, അത് നിങ്ങളിൽ നിന്നും തന്നെ തുടങ്ങണം എന്ന ഗാന്ധിയുടെ വാക്കുകളാണ് ഉമാ ജീവിതത്തിൽ പകർത്തിയത് എന്നതാണ് വസ്തുത. ''ഏവരും മാറ്റം ആഗ്രഹിക്കുന്നു, എന്നാൽ ആരും സ്വയം മാറാൻ തയ്യാറാകുന്നില്ല. ഞാൻ സ്വയം മാറാൻ തയാറായി, എന്റെ ഒരു വൃക്ക ദാനമായി നൽകി, എന്നാൽ അത് പകരം തന്നത് ഒരു സഹോദരനെയാണ്''... സലിലിനെ കുറിച്ച് ഉമയക്ക് പറയാനുണ്ടായിരുന്നത് ഈ വിശേഷണമാണ്.

ഗുരുവായൂരിന് അടുത്ത കോട്ടപ്പടിയിൽ നിന്നും തുടങ്ങിയ സേവന ജീവിതം കടൽ കടന്നും കീർത്തി നേടിയ കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഉമയെ സഹായിക്കാൻ എത്തുന്നവർ അനവധി. സ്വന്തം കിഡ്‌നി തന്നെ ദാനം ചെയ്തു തുടങ്ങിയ സേവന ജീവിതത്തിലേക്ക് ഒന്നും അറിയാത്ത സാധാരണക്കാരിയിൽ നിന്നും അനേകായിരങ്ങൾക്ക് താങ്ങായി മാറുന്ന ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്റർ സാരഥി ആയി മാറിയത് സ്വന്തം ഇച്ഛാശക്തി മാത്രം കൈമുതലാക്കിയാണ്. കേവല വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഉമാ മാനേജ്‌മെന്റ് വിദഗ്ധരെ പോലും അമ്പരപ്പിക്കുന്ന വിധം ലീഡർഷിപ്പ് വൈദഗ്ധ്യമാണ് ലോകത്തിനു കാട്ടികൊടുക്കുന്നത്.

പതിനെട്ടാം വയസ്സിൽ തന്നേക്കാൾ എത്രയോ വയസ്സിന് മുതിർന്ന ഒരാളുടെ ഭാര്യയാവേണ്ടി വന്ന പെൺകുട്ടി, ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് ഭക്ഷണമുണ്ടാക്കാനും അവരെ പരിചരിക്കാനും വിധിക്കപ്പെട്ട പെൺകുട്ടി... ഒരു കാലത്ത് ഇതായിരുന്നു ഉമാ പ്രേമൻ. എട്ടു വർഷം മാത്രമായിരുന്നു ദാമ്പത്യജീവിതത്തിന് ആയുസുണ്ടായിരുന്നത്. ആ വിഷമഘട്ടത്തിൽ തളർന്ന് നിൽക്കാതെ ആതുരശുശ്രൂഷാ രംഗത്തേക്ക് കാലെടുത്തുവയ്ക്കാനായിരുന്നു ഉമാ പ്രേമന്റെ തീരുമാനം. തികച്ചും അപരിചിതനായ ഒരു യുവാവിന് സ്വന്തം വൃക്കകളിലൊന്ന് ദാനം നൽകിയത് ഉമാ പ്രേമൻ നടത്തിയ ധീരമായ സേവനങ്ങളിലൊന്നായിരുന്നു.

1997-ലാണ് ഉമാ പ്രേമന്റെ നേതൃത്വത്തിൽ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ രൂപം കൊള്ളുന്നത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, ഹൃദയ ശസ്ത്രക്രിയകൾ, സൗജന്യ ഡയാലിസിസുകൾ, അവയവദാന ബോധവൽക്കരണ പദ്ധതികൾ, നിരാശ്രയരായ വൃദ്ധമാതാക്കൾക്കുള്ള ശാന്തി ഭവനം പദ്ധതി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഉമാ പ്രേമന്റെ നേതൃത്വത്തിൽ നടന്നത്. അട്ടപ്പാടി കേന്ദ്രീകരിച്ചും ശാന്തിയുടെ പ്രവർത്തനങ്ങൾ സജീവമാണ്.

അഗളിയിലെ 18 കുടുംബങ്ങൾ അടങ്ങുന്ന താഴെയൂര് കോളനിയിലാണ് 'ശാന്തി' ആദ്യമായി ഒരു പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്. ഇതിനായി അവിടെ ഒരു ഓഫീസ് തുടങ്ങുകയും മേൽനോട്ടത്തിനായി തദ്ദേശവാസികളായ രണ്ടുപേരെ ചുമതലപ്പെടുത്തുകയും ചെയ്തു. വൃത്തിഹീനമായ വീടുകൾ വൃത്തിയാക്കുകയും 15 കക്കൂസുകൾ അടങ്ങുന്ന കുളിമുറികളും പോഷകാഹാരം നൽകുന്നതിനും ടി.വി കാണുന്നതിനും പുസ്തകങ്ങൾ വായിക്കുന്നതിനുമായി മൾട്ടി പർപ്പസ് ഹാളും ഇവർ നിർമ്മിച്ചു. ശാന്തിയുടെ മൊബൈൽ ലാബ് വഴി എല്ലാ കുടുംബങ്ങൾക്കും രക്ത പരിശോധന നടത്തുകയും രോഗികൾക്കായി ചികിൽസയും ആരംഭിച്ചു. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളെ സ്‌കൂളിൽ ചേർക്കുകയും ചെയ്തു.

സിഎൻഎൻ റിയൽ ഹീറോ പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ 2015-ലെ അക്കാമ്മ ചെറിയാൻ പുരസ്‌കാരം, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്ത്രീ ശക്തി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഈ വനിതയെ തേടിയെത്തി. ജീവിതപങ്കാളിയായ പ്രേമൻ തൈക്കാടിന്റെ രോഗദുരിതങ്ങളും ചികിത്സയുമായിരുന്നു ഉമയുടെ സാമൂഹിക സേവന താൽപര്യത്തെ ആരോഗ്യ രംഗത്തേക്കു തിരിച്ചു വിട്ടത്.

1997ൽ പ്രേമന്റെ ജീവനറ്റ ശരീരവുമായി തിരുവനന്ത പുരം ശ്രീചിത്രയിൽ നിന്നു മടങ്ങിയ ഉമയുടെ കണ്ണുകളിൽ വേദന യുടെ കണ്ണുനീരായിരുന്നില്ല, കൃത്യമായ രോഗവിവരങ്ങളും ചികിത്സ യും അറിയാത്തതിന്റെ പേരിൽ ഒരാൾക്കും ഈ ദുരന്തം ഉണ്ടാവരുത് എന്ന ദൃഢനിശ്ചയമായിരുന്നു. ആ ഉറച്ച മനസ്സാണ് ഇന്ന് സാമൂഹിക സേവനരംഗത്ത് ഉമ പ്രേമൻ എന്ന സ്നേഹ സാന്നിധ്യത്തെ ഈ നാടിനു നൽകിയത്. ഇതിനെല്ലാം കരുത്തായത് സലിൽ എന്ന വ്യക്തികൂടിയാണ്.

ആ കിഡ്‌നി ദാനത്തിന് ശേഷം തൃശൂരിൽ ആദ്യ ഡയാലിസിസ് സെന്റർ തുടങ്ങിയ ഉമക്കു കാരുണ്യമതികളോടെ സഹായത്തോടെ രാജ്യത്തു ഉടനീളം ഡയാലിസിസ് സെന്ററുകൾ തുടങ്ങാനായി. 700 ലേറെ പേർക്ക് പുതിയ വൃക്കകൾ ലഭിക്കാനും ഉമാ കാരണമായി ഇതിനിടയിൽ സൗജന്യ ഹൃദയശാസ്ത്രക്രിയകളും മറ്റും സംഘടിപ്പിക്കാനും ഉമയ്ക്കായി. ആയിരക്കണക്കിന് രോഗികളാണ് ഇപ്പോൾ ഉമയുടെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP