Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു കാലത്ത് ആഢ്യത്വത്തിന്റെ അടയാളമായി 'ഉമാമന്ദിരം' ഇന്ന് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനം പോലെ; 16 സെന്റിലെ ഓടിട്ട വീട്ടിൽ ഉള്ളത് ഒട്ടേറെ മുറികൾ; വീടിനു മുന്നിൽ വച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ തിരിച്ചറിയാൻ സാധിക്കാത്ത കുടുബാംഗങ്ങൾ; തിരുവിതാംകൂർ മുൻ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും; മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് നൽകിയ യാത്രയപ്പിന്റെ ചിത്രവും; ഉന്നത ബന്ധങ്ങളുണ്ടായിരുന്ന 'കൂടത്തിൽ' കുടുംബത്തിന് സംഭവിച്ചത് എന്ത്?

ഒരു കാലത്ത് ആഢ്യത്വത്തിന്റെ അടയാളമായി 'ഉമാമന്ദിരം' ഇന്ന് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനം പോലെ; 16 സെന്റിലെ ഓടിട്ട വീട്ടിൽ ഉള്ളത് ഒട്ടേറെ മുറികൾ; വീടിനു മുന്നിൽ വച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ തിരിച്ചറിയാൻ സാധിക്കാത്ത കുടുബാംഗങ്ങൾ; തിരുവിതാംകൂർ മുൻ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും; മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് നൽകിയ യാത്രയപ്പിന്റെ ചിത്രവും; ഉന്നത ബന്ധങ്ങളുണ്ടായിരുന്ന 'കൂടത്തിൽ' കുടുംബത്തിന് സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു കാലത്ത് തിരുവനന്തപുരത്ത് ഒരുപാട് ഉന്നത ബന്ധങ്ങൾ ഉണ്ടായിരുന്ന കുടുംബമായിരുന്നു കരമനയിലെ 'കൂടത്തിൽ' വീട്. എന്നാൽ, ഇന്ന് ദുരൂഹ മരണങ്ങളുടെ പേരിൽ വിവാദത്തിലാകുമ്പോൾ കരമന കാലടി കൂടത്തിൽ എന്ന സമ്പന്ന കുടുംബത്തിന്റെ 'ഉമാമന്ദിരം' വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനത്തിന്റെ അവസ്ഥയിലാണ്. 16 സെന്റ് സ്ഥലത്തുള്ള, ഓടിട്ട വീടിന്റെ മുൻഭാഗം മാത്രമാണു അൽപമെങ്കിലും ഭേദപ്പെട്ട നിലയിലുള്ളത്. റോഡരികിൽ നിൽക്കുന്ന വീടിന് തൊട്ടടുത്തായി ഷോപ്പിങ് കോംപ്ലക്‌സുകളും മറ്റ് ആധുനിക രീതിയിലുള്ള വീടുകളും ഒക്കെയുള്ള മേഖലയാണ്. ഇതിനിടെയ്ക്കാണ് ഈ പ്രേതഭവനം നിലകൊള്ളുന്നത്.

2017 വരെ ജയമാധവൻ നായർ ഈ വീട്ടിൽ താമസിച്ചിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും വീടിന്റെ അവസ്ഥ കണ്ടാൽ അതു വിശ്വസിക്കുക പ്രയാസമാണ്. അതുപോലെ തകർന്ന അവസ്ഥയിലാണ് ഈ വീട്്. ജയമാധവൻ നായരുടെ താമസക്കാലത്ത് ഇടക്കാലത്ത് ഇവിടെ വൈദ്യുതി ഇല്ലായിരുന്നുവെന്നു പരിസരവാസികൾ പറയുന്നു. പക്ഷേ, ഇപ്പോൾ വൈദ്യുതി കണക്ഷൻ ഉണ്ട്. 50 വർഷത്തിലേറെ പഴക്കമുള്ള നാലുകെട്ട് മാതൃകയിലുള്ള വീട്ടിൽ ഒട്ടേറെ മുറികളുണ്ട്. വീടിനു മുന്നിൽ വച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ തിരിച്ചറിയാൻ സാധിക്കാത്ത കുടുബാംഗങ്ങളുണ്ട്. പിന്നെ തിരുവിതാംകൂർ മുൻ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും കാണാം. മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് 1960ൽ നൽകിയ ഒരു യാത്രയപ്പിന്റെ ചിത്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

കൂടത്തിൽ കുടുംബത്തിനു നഗരത്തിൽ പലയിടത്തും കോടിക്കണക്കിനു രൂപയുടെ ഭൂമിയും കെട്ടിടങ്ങളും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. തമ്പാനൂർ, കൈതമുക്ക് എന്നിവിടങ്ങളിലൊക്കെ ഭൂമിയുണ്ടായിരുന്നതായാണു വിവരം. ഏഴു പേരുടെ മരണത്തിലും ജോലിക്കാരുടെ ഇടപെടലുകളിലും ദുരൂഹതയുണ്ടെന്നുകാട്ടി കരമന കാലടി സ്വദേശിയും പൊതുപ്രവർത്തകനുമായ ആർ.അനിൽകുമാർ കഴിഞ്ഞവർഷം ജൂൺ 11നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. വീട്ടിലെ കാര്യസ്ഥനും സഹായിക്കും മാത്രമാണു കുടുംബത്തിലെ കാര്യങ്ങൾ അറിയാമായിരുന്നത്.

ഇവർ നാട്ടുകാരായ ആരെയും വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനു വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥനും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നാണ് അനിൽകുമാറിന്റെ പരാതി. കോടിക്കണക്കിനു രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവും ഇവർ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു. മരണങ്ങളിൽ ചില ദുരൂഹതകൾ ഉണ്ടെന്നു സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണു പൊലീസിനു പരാതി നൽകിയതെന്നു പരാതിക്കാരിയും ബന്ധുവുമായ പ്രസന്നകുമാരി പറഞ്ഞു. സത്യം പുറത്തു വരണമെന്നും അവർ ആവശ്യപ്പെട്ടു.

ജയമാധവൻ നായരുടെ മരണമാണ് ഇതിൽ ദൂരുഹമായി നിലനിൽക്കുന്നത്. ഇദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവേറ്റ പാടുണ്ടായിരുന്നെന്നു എന്ന വിവരം ലഭിച്ചതോടെയാണ് ദുരൂഹത ഉടലെടുത്തത്. ജയമാധവൻ നായർക്കു വീണു പരുക്കേറ്റതായി അയൽവാസികളെ വിവരം അറിയിച്ചില്ല. വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത്. അയൽവാസി തന്റെ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത് കൂടത്തിൽ തറവാട്ടിലാണ്. എന്നാൽ വീട്ടുജോലിക്കാരിയെക്കൊണ്ടു സ്റ്റാൻഡിൽനിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ചാണു ജയമാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയത്.

ജയമാധവൻനായരുടെ മരണത്തിനു പിന്നാലെ രവീന്ദ്രൻ നായർ രണ്ടു പേർക്കായി 25 ലക്ഷം രൂപ കൈമാറിയത് സംശയാസ്പദമാണ്. ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് 3 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ. റവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളർത്തി രൂപം മാറിയെത്തിയ സ്‌പെഷൻ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണവിധേയർ പറഞ്ഞ പരസ്പരവിരുദ്ധ മൊഴികളാണു ദുരൂഹത സംശയിക്കാൻ കാരണം. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ആന്തരാവയവ പരിശോധനാഫലം കിട്ടിയിട്ടില്ല. കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും സ്വത്തു കൈമാറ്റത്തിലും ദുരൂഹത ആരോപിച്ച പരാതികൾ ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കാര്യസ്ഥർക്കും ബന്ധുക്കളും അടക്കം 12 പേർക്ക് എതിരെ പ്രസന്നകുമാരി നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസ്.

കൂടത്തിൽ കുടുംബത്തിന്റേതായി സെന്റിന് ആറര ലക്ഷത്തോളം രൂപ വിലവരുന്ന ഒന്നര ഏക്കർ വസ്തു കാര്യസ്ഥനും സെന്റിനു 4 ലക്ഷത്തോളം രൂപ വിലവരുന്ന വസ്തു കാര്യസ്ഥന്റെ സഹായിക്കും ലഭിച്ചു. കൂടാതെ 5 കോടി രൂപ വില മതിക്കുന്ന 35 സെന്റ് പുരയിടം ജയമാധവൻ നായർ തയാറാക്കിയതെന്നു പറയുന്ന വിൽപത്രം വഴി കാര്യസ്ഥനു വേറെയും ലഭിച്ചതായി ജില്ലാ ക്രൈംബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവിക്കു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നൽകിയ റിപ്പോർട്ടിലുണ്ട്.

വിൽപത്രം 2016 ഫെബ്രുവരി 15നാണു തയാറാക്കിയത്. ഇതു രജിസ്റ്റർ ചെയ്തിരുന്നില്ല. നോട്ടറി മുഖേനയാണ് നൽകിയിരുന്നത്. പിന്നീട് ഇതു മണക്കാട് വില്ലേജ് ഓഫിസിൽ നൽകി ഭൂമി പോക്കുവരവ് ചെയ്യാൻ ശ്രമം നടത്തിയിട്ടുണ്ട്. വിൽപത്രത്തിൽ ഒപ്പിട്ട ഒരു സാക്ഷിയായ വീട്ടുജോലിക്കാരിക്ക് എഴുത്തും വായനയും അറിയില്ല. രണ്ടാമത്തെ സാക്ഷിയെ കണ്ടിട്ടില്ലെന്നും ഇവർ പറഞ്ഞു. പിറ്റേവർഷം ഏപ്രിലിൽ ജയമാധവൻ നായർ മരിച്ചു. പിന്നീടു കാര്യസ്ഥനും മറ്റു ബന്ധുക്കളും ഒരു സിവിൽ കേസ് നടത്തി ഒത്തുതീർപ്പെന്ന പേരിൽ ഭൂമി തട്ടിയെടുത്തതായും റിപ്പോർട്ടിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP