Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒസിഐ കാർഡ് ഉടമകൾക്ക് പണികിട്ടിയത് നാട്ടിൽ എത്താനുള്ള അനാവശ്യ തിരക്ക് കൂട്ടൽ മൂലം; നാട്ടിലെത്താൻ തിരക്ക് കൂട്ടിയത് മുൻഗണനാ ലിസ്റ്റിൽ ഇല്ലാത്തവർ; സമ്മർദ്ദം അധികമായപ്പോൾ സർക്കാർ തീരുമാനം എല്ലാവർക്കും വിനയായി; ലണ്ടനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ പറക്കാൻ തയ്യാറെടുത്തത് മെഗാഹിറ്റ് സംവിധായകന്റെ ഭാര്യയും ഐഎഎസ് ബന്ധുവും അടക്കം വിഐപികൾ

ഒസിഐ കാർഡ് ഉടമകൾക്ക് പണികിട്ടിയത് നാട്ടിൽ എത്താനുള്ള അനാവശ്യ തിരക്ക് കൂട്ടൽ മൂലം; നാട്ടിലെത്താൻ തിരക്ക് കൂട്ടിയത് മുൻഗണനാ ലിസ്റ്റിൽ ഇല്ലാത്തവർ; സമ്മർദ്ദം അധികമായപ്പോൾ സർക്കാർ തീരുമാനം എല്ലാവർക്കും വിനയായി; ലണ്ടനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ പറക്കാൻ തയ്യാറെടുത്തത് മെഗാഹിറ്റ് സംവിധായകന്റെ ഭാര്യയും ഐഎഎസ് ബന്ധുവും അടക്കം വിഐപികൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

കൊറോണ സംഹാര താണ്ഡവമാടിയ ബ്രിട്ടൻ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും കേന്ദ്ര സർക്കാരിന്റെ മുന്നിൽ കൂട്ട ആവശ്യം. വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ സർക്കാർ നടപടി തുടങ്ങുകയും ആദ്യ വിമാനം എത്തുന്നുവെന്ന വാർത്തയും പരന്നതോടെയാണ് അതിൽ എങ്ങനെയും കയറിക്കൂടാൻ മലയാളികൾ അടക്കമുള്ള വിദേശ ഇന്ത്യക്കാർ ശ്രമം തുടങ്ങിയത്. ഇതോടെ സർക്കാർ ഉദ്ദേശിച്ച മുൻഗണന ലിസ്റ്റിൽ ഉള്ളവരെ ഒരു കാരണവശാലും പൂർണമായും എത്തിക്കാൻ സാധ്യമാകില്ലെന്നു ബോധ്യമായതോടെ ഇന്ത്യൻ സർക്കാർ അസാധാരണമായ ഒരു ഉത്തരവുമായി രംഗത്തെത്തി.

തൽക്കാലം കുറച്ചു കാലത്തേക്ക് ഒസിഐ കാർഡുകളും ഇന്ത്യൻ സന്ദർശന അനുമതിയും സസ്പെൻഡ് ചെയ്തിരിക്കുന്നു. ഈ വാർത്ത കോവിഡ് കാലത്തു വിമാനം പറന്നു തുടങ്ങിയതോടെ നാട്ടിൽ എത്താം എന്ന് കരുതിയ പ്രവാസി സമൂഹത്തിനു തിരിച്ചടി ആയി മാറിയിരിക്കുന്നു, ഈ രാജ്യങ്ങളിൽ നല്ല പങ്കു പ്രവാസികളും അതാതിടത്തെ പൗരത്വം സ്വന്തമാക്കിയവർ ആണെന്നതിനാൽ ഈ ഒരൊറ്റ തീരുമാനം വഴി ലക്ഷകണക്കിന് ആളുകൾ ഇന്ത്യയിൽ എത്താതിരിക്കാനുള്ള വഴിയാണ് കേന്ദ്ര സർക്കാർ അടച്ചിരിക്കുന്നത്.

മലയാളി സമൂഹത്തിൽ നിന്നടക്കം കനത്ത സമ്മർദ്ദം ഉണ്ടായതോടെയാണ് മനസില്ല മനസോടെ കേന്ദ്ര സർക്കാർ പ്രവാസികളുടെ മടങ്ങി വരവിന് ഒരുക്കം തുടങ്ങിയത്. എന്നാൽ ആദ്യ ചാൻസിൽ തന്നെ എങ്ങനെയും ജന്മ നാട്ടിൽ മടങ്ങി എത്താൻ ആയിരുന്നു പ്രവാസികൾ തിടുക്കം കാട്ടിയത്. ഇതോടെയാണ് നോർക്കയിൽ ആറര ലക്ഷത്തിൽ അധികം മലയാളികൾ തന്നെ മടങ്ങി വരവിനു വേണ്ടി രജിസ്റ്റർ ചെയ്തത്. ഇതോടെ ഉടനെയൊന്നും രക്ഷാദൗത്യം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന നില വന്നതോടെയാണ് കേന്ദ്ര സർക്കാർ കടുത്ത തീരുമാനങ്ങളിലേക്കു കടന്നത്. ഇതോടെ മുൻഗണന പട്ടിക തയ്യാറായി. ഈ പട്ടികയിൽ യൂറോപ്പ്, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളും സന്ദർശക വിസയിൽ ഉള്ളവരും ആണ് അധികവും ഇടം പിടിച്ചത്. ഗൾഫ് മേഖലയിൽ നിന്നും വത്യസ്തമായി മടക്കി എത്തിക്കേണ്ടവരുടെ എണ്ണവും താരതമ്യേനേ കുറവായിരുന്നു എന്നതും മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കഴിയും എന്ന പ്രതീക്ഷ വളർത്തി.

എന്നാൽ ഇതിനിടയിൽ മുൻഗണന ലിസ്റ്റിൽ ഇല്ലാത്തവരും രക്ഷാ ദൗത്യത്തിൽ എത്തുന്ന വിമാനത്തിൽ കയറിക്കൂടാൻ തിരക്ക് കാട്ടിയതായി വിവരം ലഭിച്ചു. യുകെയിൽ നിന്നും ഇത്തരത്തിൽ അനേകം പേർക്കായി സമ്മർദ്ദം എംബസിയിലും കേന്ദ്ര സർക്കാരിന്റെയും മുന്നിലെത്തി. തങ്ങൾ സ്വയം വിഐപികൾ ആണെന്ന് കരുതുന്ന ഇവർക്കായി സമ്മർദ്ദം ചെലുത്താനും ആളേറിയതോടെ സർക്കാരും കടുത്ത സമ്മർദ്ദത്തിലായി. ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് പറയാൻ സാധിക്കാത്ത നിലയുമായി. അത്യാവശ്യ യാത്രകൾ അല്ലാഞ്ഞിട്ടും ഒസിഐ കാർഡുകൾ കൈവശം ഉണ്ട് എന്നതാണ് പലരും അവകാശം എന്ന വിധം വ്യക്തമാക്കിയതും.

ഇവർക്കൊപ്പം ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നവരും നാട്ടിൽ എത്താൻ ശ്രമം തുടങ്ങിയതോടെയാണ് അറ്റകൈ പ്രയോഗം എന്ന നിലയിൽ സർക്കാർ ഒസിഐ കാർഡുകളും നേരത്തെ അനുവദിച്ച വിസകളും താൽക്കാലികമായി റദ്ദു ചെയ്യുന്നത്. ഇതോടെ വലിയൊരു വിഭാഗത്തെ ഒറ്റയടിക്ക് ഒഴിവാക്കാൻ ആയി എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായി മാറുകയാണ്. തിരികെ എത്തുന്നവരുടെ ക്വാറന്റീൻ അടക്കമുള്ള ചിലവുകളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുന്നിൽ കീറാമുട്ടിയായി മാറുകയാണ്.

എയർ ഇന്ത്യ വിമാനങ്ങൾ എത്തുന്നതറിഞ്ഞു ലണ്ടനിൽ നിന്നും മടങ്ങാൻ ആഗ്രഹിച്ച മലയാളികളും അനേകമാണ്. തങ്ങളുടെ പേര് മുൻഗണന ലിസ്റ്റിൽ ഒരു കാരണവശാലും ഉണ്ടാകില്ലെന്ന് അറിഞ്ഞിട്ടും ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തിയവരും ഉണ്ട്. ഇവർ എംപിമാർ മുഖനേയും പ്രശസ്തരായ വ്യക്തികൾ മുഖനെയും ഒക്കെ സർക്കാരിന്റെ മുന്നിൽ എത്തിയതായി സൂചനയുണ്ട്. മലയാളത്തിൽ നാലു വര്ഷം മുൻപ് മെഗാഹിറ്റ് ചിത്രം ചെയ്ത സംവിധായകന്റെ ഭാര്യയും ഉന്നത പദവിയിൽ ഉള്ള ഐഎഎസ് ഓഫിസറുടെ ഉറ്റ ബന്ധുവും ഇത്തരത്തിൽ ശ്രമം നടത്തിയ കൂട്ടത്തിൽ ഉണ്ട്.

ഭർത്താവും കുട്ടികളും നാട്ടിൽ ഒറ്റപ്പെട്ടിരിക്കുന്നു എന്നതാണ് സംവിധായകന്റെ ഭാര്യയുടെ പരാതി. എന്നാൽ ഇവർ യുകെയിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ കോവിഡിന് മുൻപും നാട്ടിൽ ഭർത്താവും കുട്ടികളും ഒറ്റപ്പെട്ടിരിക്കുകയാണല്ലോ എന്ന ചോദ്യമാണ് സർക്കാരിന് വേണ്ടി സംസാരിക്കുന്ന ഉദ്യോഗസ്ഥർ ഉയർത്തിയത്. എന്നാൽ പ്രത്യേക സാഹചര്യമായി പരിഗണിച്ചു നാട്ടിൽ എത്താൻ സഹായിക്കണം എന്നതാണ് ഇവരുടെ ആവശ്യം. ഇത്തരത്തിൽ നൂറുകണക്കിന് പേരുടെ സമ്മർദ്ദമാണ് കേന്ദ്ര സർക്കാരിനെ വലയ്ക്കാൻ എത്തിയതെന്നും സൂചനയുണ്ട്.

ഇതോടെ ഒസിഐ കാർഡുകൾ താൽക്കാലികമായി റദ്ദു ചെയ്യുക എന്ന എളുപ്പ വഴിയാണ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ വിമാനങ്ങൾ എത്തി തുടങ്ങിയതോടെ എന്തെങ്കിലും അത്യാവശ്യം നാട്ടിൽ ഉണ്ടായാൽ നാട്ടിൽ എത്താമല്ലോ എന്നാശിച്ച ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകളാണ് തകിടം മറിഞ്ഞത്. ഈ നിയന്ത്രണം ഉടനെയൊന്നും മാറുകയില്ല എന്ന സൂചനയുമുണ്ട്. ഇതോടെ വേനൽ അവധിക്കായി ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവൻ പേരും ടിക്കറ്റുകൾ കാൻസലാക്കേണ്ടി വരും എന്നും ഉറപ്പായിരിക്കുകയാണ്. കോവിഡ് സൃഷ്ടിക്കുന്ന മാനസിക സമ്മർദം കൂടാതെ എത്ര കാലം നാട്ടിൽ എത്താതിരിക്കാനാകും എന്ന ആശങ്ക പെരുപ്പിക്കുകയാണ് കേന്ദ്ര സർക്കാർ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP