Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മൂക്കും വായും പൊത്താതെ യുകെ മലയാളികളടക്കം കറങ്ങി നടന്നത് വിനയായെന്നു കണ്ടെത്തൽ; തൊലിനിറം നോക്കി കോവിഡ് പിടികൂടാൻ കാരണം ട്യൂബ് ട്രെയിനിലും ട്രാമിലും ഒക്കെ തിങ്ങി നിറഞ്ഞു യാത്ര ചെയ്തത്; വീട്ടിലിരിക്കാതെ ബീച്ചിലും പാർക്കിലും കറങ്ങിയാൽ വീണ്ടും കയ്യടിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; അബർഡീനിൽ പൂർണ ലോക്ക്ഡൗൺ; 15 സെക്കന്റിൽ ഒരു മരണം

മൂക്കും വായും പൊത്താതെ യുകെ മലയാളികളടക്കം കറങ്ങി നടന്നത് വിനയായെന്നു കണ്ടെത്തൽ; തൊലിനിറം നോക്കി കോവിഡ് പിടികൂടാൻ കാരണം ട്യൂബ് ട്രെയിനിലും ട്രാമിലും ഒക്കെ തിങ്ങി നിറഞ്ഞു യാത്ര ചെയ്തത്; വീട്ടിലിരിക്കാതെ ബീച്ചിലും പാർക്കിലും കറങ്ങിയാൽ വീണ്ടും കയ്യടിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; അബർഡീനിൽ പൂർണ ലോക്ക്ഡൗൺ; 15 സെക്കന്റിൽ ഒരു മരണം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: സർക്കാർ പറയുമ്പോൾ മാത്രം വീട്ടിലിരിക്കാം എന്ന് കരുതുന്നവരിൽ യുകെ മലയാളികളും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് കോവിഡിൽ പുതുതായി എത്തുന്ന രോഗികളുടെ എണ്ണം. ശരാശരി ആയിരം എന്ന നിലയിലാണ് ഏതാനും ദിവസമായി കോവിഡ് രോഗികളുടെ എണ്ണം. ഇന്നലെ പുതുതായി 65 മരണവും 892 രോഗികളും എത്തിയതോടെ കോവിഡിനോടുള്ള മലയാളി സമീപനം കൂടുതൽ ഗൗരവം നൽകേണ്ടി വരുകയാണ്. തുടർച്ചയായി ലോക്ക്ഡൗൺ നൽകി രാജ്യം അടച്ചിടുന്നതിലെ അപകടമോർത്താണ് ഒരു മാസം മുൻപ് ബ്രിട്ടൻ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.

എന്നാൽ അതിനു ശേഷം ബീച്ചുകളിലും പാർക്കുകളിലും ഇരച്ചു കയറിയ ജനക്കൂട്ടം സമാനമായ തീവ്രതയിലാണ് ആശുപത്രിയിൽ എത്തികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ പുതുതായി എത്തുന്ന രോഗികൾക്കിടയിൽ മലയാളികളും ഇടംപിടിച്ചു തുടങ്ങി എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. തൽക്കാലം വടക്കൻ പട്ടണങ്ങളിൽ മാത്രമാണ് സ്ഥിതി ആശങ്ക ഉയർത്തുന്നതെങ്കിലും താമസിയാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വൈറസ് ബാധ ശക്തമാകും എന്ന സൂചനയും ലഭ്യമാണ്.

Stories you may Like

മലയാളികൾ കൂടുതൽ ഉള്ളിടത്ത് കോവിഡ് ശക്തിപ്പെടുന്നു

അതിനിടെ യുകെയിലെ വടക്കൻ പട്ടണങ്ങളിൽ കോവിഡ് കൂടുതൽ ശക്തിപ്രാപിക്കുകയാണ്. മാഞ്ചസ്റ്റർ, ബ്ലാക്‌ബേൺ, യോർക്ക് എന്നിവിടങ്ങൾക്കു പുറമെ അബർഡീൻ ആണ് പുതിയ ഹോട്ട് സ്‌പോട്ട് ആയി മാറിയിരിക്കുന്നത്. ഇവിടെ ഒറ്റ ദിവസം 15 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ശക്തമായ നിലപാടിലാണ് സ്‌കോട്ടിഷ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

കടകൾ അടയ്ക്കുന്ന സമയം വൈകുന്നേരം അഞ്ചു മണി ആയി ചുരുക്കിയിരിക്കുകയാണ്. വിനോദത്തിനും മറ്റുമായി അഞ്ചു മൈൽ കൂടുതൽ ഉള്ള ദൂരം സഞ്ചരിക്കുന്നതിനും വിലക്കുണ്ട്. റെസ്റ്റോറന്റുകളും പബും കൂടുതൽ സമയം തുറക്കുന്നത് ജനങ്ങൾ കൂട്ടം കൂടാൻ ഇടയൊരുക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ലോകമൊട്ടാകെയായി കോവിഡ് മരണം ഏഴു ലക്ഷത്തിലേക്കു ഉയർന്നതോടെ ഓരോ 15 സെക്കന്റിലും ഒരാൾ വീതം മരണപ്പെടുന്നുവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. യുകെയിലും മറ്റും ആഫ്രിക്കൻ, ഇന്ത്യൻ വംശജർ കൂടുതലായി മരണപ്പെടാൻ ഉള്ള കാരണങ്ങളും ഓരോന്നായി പുറത്തുവരുകയാണ്. ജനിതക ഘടകങ്ങളും കാലാവസ്ഥയ്ക്കും പുറമെ സാമൂഹ്യമായ സാഹചര്യങ്ങളും ഈ മരണങ്ങളിൽ ഒരു പരിധി വരെ പങ്കു വഹിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ.

ലണ്ടനിലും മറ്റും ട്യൂബ് ട്രെയിനിലും ട്രാമിലും ബസിലും ഒക്കെയാണ് പൊതുഗതാഗത സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത് ആഫ്രിക്കൻ, ഏഷ്യൻ വംശജർ ആണെന്നത് ഈ വിഭാഗത്തിൽ ഉള്ളവർ കൂടുതലായി കോവിഡ് ബാധിതരാകാൻ കാരണമായി എന്ന വിലയിരുത്തലാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബസിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവർക്കു സാധ്യത കൂടുതൽ

കോവിഡ് ബാധിതരിൽ നടന്ന പഠനങ്ങളിൽ ആഫ്രിക്കൻ, ബംഗ്ലാദേശി വിഭാഗക്കാരാണ് കൂടുതൽ പ്രതിരോധ ദൗർബല്യം കാട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ വിഭാഗത്തിൽ പെടുന്നവർ കൊടുത്താൽ കരുതൽ നടപടികൾ സ്വീകരിക്കുന്നില്ല എന്ന കണ്ടെത്താലും പഠനം നടത്തിയ റെന്നിമേഡ് ട്രസ്റ്റ് പങ്കുവയ്ക്കുന്നു. കൊച്ചുകുട്ടികളും വളരെ പ്രായം ചെന്നവരും ഒക്കെ ഇത്തരം വിഭാഗക്കാരുടെ വീടുകളിൽ തിങ്ങിപ്പാർക്കുന്നതിനാൽ രോഗം വന്നാൽ സാമൂഹ്യ അകലം പാലിച്ചു കഴിയാനും പ്രയാസമാണെന്ന് ഇവർക്കിടയിൽ നടത്തിയ സർവേയിൽ വ്യക്തമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ കഴിയുന്നവർ കോവിഡിന് വേഗത്തിൽ കീഴ്പ്പെടുന്നുവെന്നത് മുൻപ് തന്നെ പുറത്തു വന്ന വിവരമാണ്.

മാത്രമല്ല ഈ വിഭാഗത്തിൽ പെടുന്നവരാണ് കൂടുതലും കീ വർക്കർ ജോലികൾ ഏറ്റെടുക്കുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഈ വിഭാഗക്കാർ 28 ശതമാനവും കീ വർക്കർ ജോലികൾ ചെയ്യുമ്പോൾ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം വെറും 23 ശതമാനം മാത്രമായിരിക്കും. സ്വാഭാവികമായും മലയാളികൾക്കിടയിൽ ഇത്തരം ഒരു സർവേ നടത്തിയാൽ കീ വർക്കർ ജോലി ചെയ്യുന്നവരുടെ എണ്ണം ഏറെ ഉയർന്നതും ആയിരിക്കും. അതിനാൽ സ്വാഭാവികമായും കോവിഡ് പടരുന്നതിൽ നിന്നും കൂടുതൽ ശ്രദ്ധ നൽകേണ്ടതും ഈ വിഭാഗത്തിൽ പെട്ടവർ തന്നെയാണ്.

എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചയായി തെളിയുന്ന വെയിൽ ആസ്വദിക്കാൻ മലയാളികൾ തിരക്കുള്ള ബീച്ചിലും പാർക്കിലും ഹോട്ടലുകളിലും ഒക്കെ കൂട്ടമായി എത്തുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മാത്രമല്ല മാസ്‌ക് ഉൾപ്പെടയുള്ള സുരക്ഷാ വസ്തുക്കൾ ധരിക്കാൻ വിസമ്മതം കാട്ടുന്നതും ഈ വിഭാഗത്തിൽ രോഗം പടരാൻ കാരണമായിട്ടുണ്ട്. ലോക്ക്ഡൗൺ ഇളവുകൾക്കു ശേഷം മാത്രമാണ് ബസുകളിലും ടാക്‌സികളിലും മാസ്‌കുകൾ നിർബന്ധമായത്.

ജോലിക്കു പോയില്ലെങ്കിൽ കുടുംബം പട്ടിണിയാകും എന്നത് സാഹചര്യം വഷളാക്കി

എന്നാൽ ആഫ്രിക്കൻ, ഏഷ്യൻ വംശജരാണ് കൂടുതലായും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്നതും അവർക്കിടയിൽ കോവിഡ് അതിവേഗം പടരാനും മരണ നിരക്ക് ഉയരാനും കരണമായതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഓരോ ചെറിയ അശ്രദ്ധയും കോവിഡിനുള്ള ക്ഷണമായി മാറുന്നു എന്നതാണ് കണ്ടെത്തലുകളുടെ ചുരുക്കം.

ഇതോടൊപ്പം ലെസ്റ്റർ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഒക്കെ കുടിയേറ്റക്കാരുടെ ആധിക്യം രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. കാരണം ഇത്തരം വീടുകളിൽ കഴിയുന്നവരുടെ എണ്ണക്കൂടുതലും ജോലിക്കു പോകാതിരുന്നാൽ ഭക്ഷണത്തിനും ബില്ലുകൾ അടയ്ക്കാനുള്ള പണത്തിനും വഴിയില്ലാതെ വന്ന സാഹചര്യത്തിൽ നിർബന്ധിതമായും പുറത്തിറങ്ങേണ്ടി വന്നതും ഇവർക്കിടയിൽ രോഗം പടരാൻ പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.

രോഗം വന്നവരെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യം ഇല്ലാതായതും പ്രശ്‌നം വഷളാക്കി. മാത്രമല്ല ജോലിക്കു പോകാതിരുന്നാലും സർക്കാർ സഹായം തേടിയെത്തും എന്നുള്ള വിവരങ്ങൾ ഈ വിഭാഗക്കാർക്കിടയിൽ വേണ്ടത്ര പ്രചരിച്ചില്ല എന്നതും ഇവരെ ജോലിക്കു പോകാൻ നിർബന്ധിതരാക്കി. നഴ്‌സുമാരും മറ്റും ജോലിക്കെത്തിയില്ലെങ്കിൽ പിൻ നമ്പർ നഷ്ടമാകും എന്ന മട്ടിലുള്ള പ്രചാരത്തിൽ റിസ്‌ക് എടുത്തു ജോലിക്കു വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാരണത്താൽ ഇപ്പോൾ കോവിഡ് ലക്ഷണത്തിൽ ഏതെങ്കിലും ഒന്ന് റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധനയും തുടർന്ന് ഒരാഴ്ച സെൽഫ് ഐസലേഷനും അനുവദിക്കുകയാണ് കീ വർക്കർ ജോലികൾ ചെയ്യുന്നവർക്കെല്ലാം.

സാമൂഹ്യ അകലം പാലിക്കാതെയുള്ള കൂടിച്ചേരലുകൾ നടത്തുമ്പോൾ സർക്കാർ നൽകുന്ന ഇളവുകൾ രോഗം വിളിച്ചു വരുത്തുന്ന തരത്തിലേക്ക് മാറുകയാണ് എന്ന ആശങ്കയും ഔദ്യോഗിക വൃത്തങ്ങൾ പങ്കുവയ്ക്കുന്നു. താൽക്കാലികമായി നൽകുന്ന ഇളവുകൾ ജനം ആഘോഷമാക്കാൻ തയ്യാറെടുക്കുന്നതോടെ ഇതുവരെ ഉണ്ടായ നേട്ടമൊക്കെ കോവിഡ് നിയന്ത്രണത്തിൽ വൃഥാവിലാകും എന്ന സൂചനയാണ് കൂടുതൽ പട്ടണങ്ങൾ ലോക്ക്ഡൗണിലേക്കു നീങ്ങുമ്പോൾ വ്യക്തമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP