Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

തല്ക്കാലം യുകെ മലയാളികൾ നാട്ടിലേക്കു എത്തേണ്ട എന്നർത്ഥത്തിൽ സർക്കുലർ; കണ്ണുരുട്ടലുമായി നാട്ടുകാരും; ജനിതക മാറ്റം വന്ന വൈറസിന്റെ പേരിൽ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ വിലക്ക്

തല്ക്കാലം യുകെ മലയാളികൾ നാട്ടിലേക്കു എത്തേണ്ട എന്നർത്ഥത്തിൽ സർക്കുലർ; കണ്ണുരുട്ടലുമായി നാട്ടുകാരും; ജനിതക മാറ്റം വന്ന വൈറസിന്റെ പേരിൽ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

കവൻട്രി: ആഴ്ചയിൽ മൂന്നു വിമാനത്തിലായി ആയിരത്തിലേറെ യുകെ മലയാളികളാണ് കൊച്ചിയിലേക്ക് എത്തിയിരുന്നത്. എന്നാൽ, ഈ സാഹചര്യത്തിന് വിരുദ്ധമായി പല എയർപോർട്ടുകൾ കയറി ഇറങ്ങി വിരലിൽ എണ്ണാവുന്ന യുകെ മലയാളികൾക്ക് പോലും ഇപ്പോൾ നാട്ടിലെത്താനാകുന്നില്ല. മാതാപിതാക്കൾ മരിക്കുന്നവർക്കു പോലും കടുത്ത വ്യഥയോടെ നാട്ടിൽ എത്താൻ സാധിക്കില്ല എന്നാണ് മരണ വിവരം പറയാൻ വിളിക്കുന്ന ബന്ധുക്കളോട് പറയാൻ ഉള്ളത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തു നിന്നും യുകെയിൽ എത്തിയിട്ടുള്ള ഇന്ത്യക്കാരും ഇവ്വിധം ദുർവിധി നേരിടുന്നില്ല എന്നതാണ് കേരളം പ്രവാസികളോട് കാട്ടുന്ന കപട സ്‌നേഹം തുറന്നു കാട്ടുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓരോ യുകെ മലയാളികൾ കൂടി ജനിതക മാറ്റ കോവിഡ് ബാധിച്ചു കേരളത്തിൽ ചികിത്സയിൽ ആയതോടെ ബ്രിട്ടനിൽ നിന്നും നാട്ടിലെത്തുന്നവരുടെ നിരീക്ഷണം കൂടുതൽ കർക്കശമാക്കി. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയായ യുവാവിന് ജനിതക മാറ്റ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്നലെ ഒരാൾ കൂടി രോഗികളുടെ പട്ടികയിൽ ഇടം പിടിച്ചു. ഇതോടെ സ്വഭാവ മാറ്റ വൈറസിന്റെ പിടിയിൽ പെട്ട യുകെ മലയാളികളുടെ കേരളത്തിലെ എണ്ണം പത്തായി. ഇതുവരെ യുകെയിൽ നിന്നെത്തിയ 69 പേർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെങ്കിലും ഇതിൽ 45 പേരും നെഗറ്റീവ് ആയതായും കേരളത്തിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

കോവിഡ് വ്യതിയാനം സംഭവിച്ചത് കാര്യമായ തരത്തിൽ ഇന്ത്യയിൽ എത്തുന്ന യാത്രക്കാരിൽ ഉണ്ടാകുന്നില്ല എന്ന വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഒരാഴ്ചത്തെ വിമാന നിരോധനം ഡിസംബർ 28 നു അവസാനിപ്പിച്ചത്. അതുവരെ ഒൻപതു എയർ പോർട്ടുകളിലേക്കു പറന്നിരുന്ന എയർ ഇന്ത്യ പൊടുന്നനെ നാലു കേന്ദ്രങ്ങളിലെക്കായി ചുരുങ്ങി. എന്നാൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്ന കൊച്ചി പുതുക്കിയ ലിസ്റ്റിൽ ഇല്ലാതായതിനെ തുടർന്ന് ഞെട്ടിപ്പോയ യുകെ മലയാളികൾ ആശ്വാസം തേടി കേരള സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ അത്ര സമാശ്വാസമുള്ള മറുപടിയല്ല സംസ്ഥാനം നൽകിയത്.

കൊച്ചി ഫ്ളൈറ്റിന് വേണ്ടി അടിയന്തിരമായി ഇടപെടണം എന്നാവശ്യപെട്ട യുകെയിലെ മുതിർന്ന ലോക് കേരള സഭ അംഗത്തോട് എന്താണ് ഇപ്പോൾ അടിയന്തിരമായി നാട്ടിൽ വന്നിട്ട് യുകെ മലയാളികൾക്ക് ചെയ്യാൻ ഉള്ളത് എന്ന പരിഹാസ രൂപേണയുള്ള മറുചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലക്കാർ നൽകിയത്. ഇതേവിധത്തിൽ തന്നെ അനൗദ്യോഗികമായി എയർ ഇന്ത്യയിലും സംസ്ഥാനത്തിന്റെ ലണ്ടൻ - കൊച്ചി വിമാനത്തോടുള്ള താൽപ്പര്യ കുറവ് വ്യക്തമാക്കിയിട്ടുണ്ട് എന്ന വിവരം കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. സംസ്ഥാന സർക്കാരിനെ വിഷമിപ്പിക്കാൻ ഒട്ടും ആഗ്രഹമില്ലാത്ത പ്രവാസിക്കു നിയന്ത്രണമുള്ള കൊച്ചി എയർപോർട്ടും പ്രസ്റ്റീജ് വിമാനം നിന്നുപോയതിൽ ഇതുവരെ പ്രതികരണം വ്യക്തമാക്കിയിട്ടില്ല. ഏറെ സമ്മർദം ചെലുത്തിയാണ് സിയാൽ അധികൃതർ ഈ വിമാനം കൊച്ചിയിൽ എത്തിച്ചത് എന്നിരിക്കെ പോലും വിമാനത്തിന്റെ വരവ് നിലച്ചത് അവർക്ക് ഒട്ടും ആശങ്ക നൽകുന്നില്ല എന്നതാണ് നീണ്ട മൗനം തെളിയിക്കുന്നത്.

നിന്നു പോയ വിമാനം ഉടൻ മടങ്ങിയെത്തും എന്ന് ബുക്കിങ് ഏജൻസികൾ പറയുന്നെണ്ടെങ്കിലും ഇത് സംബന്ധിച്ചു എയർ ഇന്ത്യ കൃത്യമായ ഒരു വിവരവും പുറത്തു വിടുന്നില്ല. കൊച്ചിയിലേക്ക് ബുക്കിങ് എടുത്തു അവസാന നിമിഷം മറ്റു എയർ പോർട്ടുകളിലേക്കു വിമാനം വഴി തിരിക്കുന്ന തന്ത്രമാണോ എയർ ഇന്ത്യയുടെ മനസ്സിൽ എന്നതും പിടികിട്ടാത്ത ചോദ്യമാണ്. എങ്കിൽ പോലും നീണ്ട കാലം അത്തരം അഭ്യാസങ്ങൾ നടക്കില്ല എന്നിരിക്കെ കൊച്ചി വിമാനത്തിനു എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ആശയക്കുഴപ്പം മാറ്റാൻ കേരളവും ഒട്ടും താല്പര്യം കാട്ടുന്നില്ല എന്നതാണ് സത്യം. അതിനിടെ യുകെയിൽ നിനെത്തുന്നവരുടെ ക്വറന്റീൻ കടുപ്പിക്കാൻ കേരളം തീരുമാനിച്ച വിവരം കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസറുടെ പേരിലാണ് പ്രചരിക്കുന്നത്.

ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രങ്ങൾ കടുപ്പിക്കുന്നത് എന്ന സൂചനയും ജില്ലാ മെഡിക്കൽ ഓഫിസർ നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ എത്തിയ യുകെ മലയാളികളോട് ആശാ വർക്കർമാർ, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ, ജില്ലാ കളക്റ്റ്രേറ് എന്നിവിടങ്ങളിൽ നിന്നുള്ളവർ വ്യത്യസ്തമായ തരത്തിലാണ് കോവിഡ് നിയന്ത്രണത്തെ പറ്റി സംസാരിച്ചിരുന്നത്. ഒരു ഏകോപനമില്ലാതെ സംസാരിക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചവർക്കു പിന്നീട് മറുപടി നൽകാം എന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ഇതുവരെ തിരികെ വിളിച്ചു തങ്ങൾ പറഞ്ഞത് തെറ്റായ കാര്യമാണെന്ന് അറിയിച്ചിട്ടുമില്ല. ആശാ വർക്കർമാർ പലരും 28 ദിവസം ക്വാറന്റൈൻ എന്ന് നൽകിയ വിവരം വളഞ്ഞ വഴിയിൽ സ്ഥിരീകരിക്കുകയാണ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ. ആദ്യ 14 ദിവസം നിർബന്ധിത ക്വറന്റീൻ എന്നും അടുത്ത 14 ദിവസം സിംപ്റ്റം സർവൈലൻസ് എന്നുമാണ് പറയുന്നത്. എന്നാൽ രണ്ടാം ഘട്ട 14 ദിവസത്തിൽ എന്തൊക്കെയാണ് മാനദണ്ഡം എന്നതിൽ വ്യക്തത നൽകുന്നില്ല.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ദിശ കോവിഡ് സെല്ലിൽ ബ്രിട്ടീഷ് മലയാളി വിളിച്ചപ്പോൾ അവർ സംശയം ഒട്ടും ഇല്ലാതെയാണ് 14 ദിവസത്തെ ക്വറന്റീൻ യുകെ മലയാളികൾക്കു എന്ന് സ്ഥിരീകരിച്ചതു. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസം എന്ന് വ്യക്തത നൽകാനും ദിശ ഉദ്യോഗസ്ഥർ തയാറാകുന്നു. പിന്നെന്തു കൊണ്ട് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ 28 ദിവസത്തെ ക്വറന്റീൻ സൂചന നൽകുന്നു എന്നതാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉയർത്തുന്ന ചോദ്യം. മാത്രമല്ല ഇത്ര നീണ്ട കാലം ക്വറന്റീൻ കഴിയാൻ ഏതെങ്കിലും യുകെ മലയാളികൾക്ക് കഴിയുമോ എന്നതും ഏവരും ആശങ്കപ്പെടുകയാണ്.

എന്നാൽ യുകെയിൽ നിന്നെത്തുന്നവർ മുഴുവൻ ജനിതക മാറ്റം സംഭവിച്ച വൈറസ് വാഹകരാണ് എന്ന തരത്തിൽ റിപോർട്ടുകൾ പുറത്തുവരുന്നതും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പറയാതെ സർക്കാർ ഒളിച്ചു കളിക്കുന്നതും ഉടനെയൊന്നും സ്വസ്ഥമായി കേരളത്തിൽ എത്താനാകില്ല എന്ന സത്യം യുകെ മലയാളികൾക്കു സമ്മാനിക്കുന്ന മാനസിക അസ്വാസ്ഥ്യം വാക്കുകൾക്ക് അതീതമാണ്. ഇത് തെളിയിക്കും വിധത്തിൽ അടുത്ത ആഴ്ചകളിൽ നാട്ടിലേക്കു പറക്കാൻ ടിക്കറ്റ് എടുത്തിരുന്ന അനേകം പേരാണ് ഇപ്പോൾ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത്. എത്രയായിരം പേരെത്തിയാലും ഇൻസ്റ്റിറ്റിയൂഷൻ ക്വറന്റീൻ നല്കാൻ സംവിധാനം ഉണ്ടെന്നു പറഞ്ഞ സംസഥാനമാണ് ഏതാനും മലയാളികൾ യുകെയിൽ നിന്നും എത്തിയപ്പോഴേക്കും കടുത്ത നിയന്ത്രണവുമായി വാതിൽ കൊട്ടിയടക്കാൻ തയാറാകുന്നത് എന്നതാണ് രസകരം.

ആയിരക്കണക്കിന് യുകെ മലയാളികൾ എത്തിയപ്പോൾ വെറും പത്തു പേരിൽ മാത്രം ജനിതക മാറ്റ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിൽ ഈ പരിശോധന കഴിയും വരെ ഇൻസ്റ്റിറ്റിയൂഷൻ ക്വറന്റീൻ നൽകിയൽ തീരാവുന്ന ആശങ്കകൾക്കാണ് കേരളം ഇത്തരത്തിൽ ദുരിതമാക്കി മാറ്റുന്നത് എന്നതാണ് വിചിത്രം. ഡൽഹിയും മുംബൈയും ബാംഗ്ലൂരും ഒക്കെ ഇങ്ങനെ പരിശോധന ഫലം വരും വരെ ഇന്‌സ്ടിട്യൂഷനാൽ ക്വറന്റീൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി പത്തിന് യുകെയിൽ നിന്നും ബാംഗ്ലൂരിൽ എത്തിയ നടി ലെന അടക്കമുള്ളവർ ജനിതക മാറ്റ ടെസ്റ്റ് കഴിയും വരെ സർക്കാർ ആശുപത്രിയിലാണ് ക്വറന്റീനിൽ കഴിഞ്ഞിരുന്നത്. കാര്യങ്ങൾ ഇത്ര ലളിതമായി ചെയ്യാമെന്നിരിക്കെയാണ് യുകെ മലയാളികൾ മുഴുവൻ ജനിതക മാറ്റ വൈറസ് വാഹകരാണെന്നു ജനത്തെ കൊണ്ട് പറയിപ്പിക്കും വിധം കാര്യങ്ങൾ സർക്കാർ ദുസ്സഹമാക്കുന്നത് എന്നതും യുകെ മലയാളികൾക്കിടയിൽ കടുത്ത എതിർപ്പ് സൃഷ്ടിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP