Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസ്റ്റർ ജെസ്മിയുടെ വെളിപ്പെടുത്തലുകൾ ഉമ്മൻ ചാണ്ടിയെ കുടുക്കുമോ? ഖജനാവിനെ മറന്ന് തൃശൂർ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നൽകിയത് 29 കോടിയുടെ 1.19 ഏക്കർ; സഭാ പ്രീണനത്തിന് കെഎം മാണിയും അടൂർ പ്രകാശും ഒരുമിച്ചു; ജേക്കബ് തോമസ് ചുവപ്പുകാർഡ് എടുക്കുമോ?

സിസ്റ്റർ ജെസ്മിയുടെ വെളിപ്പെടുത്തലുകൾ ഉമ്മൻ ചാണ്ടിയെ കുടുക്കുമോ? ഖജനാവിനെ മറന്ന് തൃശൂർ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നൽകിയത് 29 കോടിയുടെ 1.19 ഏക്കർ; സഭാ പ്രീണനത്തിന് കെഎം മാണിയും അടൂർ പ്രകാശും ഒരുമിച്ചു; ജേക്കബ് തോമസ് ചുവപ്പുകാർഡ് എടുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സെന്റ്. തോമസ് കോളേജിന് പാട്ടക്കുടിശിക എഴുതിത്തള്ളി ഭൂമി പതിച്ച് നൽകിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയതിനും പിന്നിൽ നടന്നത് വലിയ ഗൂഢാലോചന. ഭരണ തലത്തിൽ നടന്ന ഒത്തുകളിയുടെ ഭാഗമായി 38 കോടിയുടെ നഷ്ടമാണ് ഖജനാവിനുണ്ടായത്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയും ധനമന്ത്രിയായിരുന്ന കെ എം മാണിയും റവന്യൂമന്ത്രിയായിരുന്ന അടൂർ പ്രകാശുമെല്ലാം ഈ ഒത്തുകളിക്കായി ഒരുമിച്ചു. ബാർ കോഴയുടേയും സോളാർ അഴിമതിയുടേയും ആരോപണങ്ങൾ സജീവമാകുമ്പോഴായിരുന്നു ഈ ഇടപാടും. സഭാ താൽപ്പര്യത്തിനായി മൂവരും ഒരുമിച്ചപ്പോൾ വലത് സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ഭൂമിദാനമായി ഇത് മാറി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായിരുന്ന കെ. എം. മാണി, അടൂർ പ്രകാശ് തുടങ്ങിയവരെ പ്രതി ചേർത്തുള്ള കേസിൽ വിജിലൻസിന്റെ ത്വരിതാന്വേഷണം പൂർത്തിയായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് എത്തിയതോടെ ഈ കേസിനും ജീവൻ വയ്ക്കുകയാണ്.
2014 സെപ്റ്റംബറിൽ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും വിജിലൻസ് കോടതി കേസ് ഇപ്പോഴാണ് പരിഗണിച്ചത്. അങ്ങനെ യുഡിഎഫ് കാലത്തെ ഏറ്റവും വലിയ അഴിമതികളിലൊന്ന് കൂടി ചർച്ചയാവുകയാണ്.

സഭയിലെ അരുതായ്മകൾ വിശദീകരിച്ച സി.ജെസ്മി നൽകിയ അഭിമുഖത്തിൽ സെന്റ്മേരീസ്, സെന്റ്തോമസ് കോളേജുകളുടെ പട്ടയത്തിന് രാഷ്ട്രീയ നേതാക്കൾക്ക് കൈക്കൂലി നൽകിയത് വിശദീകരിക്കുന്നുണ്ട്. ജെസ്മിയുടെ വെളിപ്പെടുത്തൽ അഭിമുഖവും തെളിവായി കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇതും ഈ ഭൂമി തട്ടിപ്പ് കേസിന് പുതിയ മാനം നൽകുകയാണ്.

സുപ്രീം കോടതി നിർദ്ദേശം മറികടന്ന് അടിയന്തരമായി പരിഗണിക്കേണ്ട പരാതികൾ പോലും പരിഗണിക്കാതെയാണ് അന്ന് കോളേജിന്റെ കേസ് പരിഗണിച്ച് ഉമ്മൻ ചാണ്ടി തന്നെ നേരിട്ടെത്തി പട്ടയംനൽകിയത്. മുഖ്യമന്ത്രിയുടെ ജനമ്പർക്ക പരിപാടി, പട്ടയ വിതരണ മേള തുടങ്ങിയ കൊട്ടിഘോഷിച്ച പദ്ധതികളിലായി ജില്ലയിലെ മലയോര മേഖലയിലടക്കമായി അറുന്നൂറോളം അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ 2014 സെപ്റ്റംബർ 16ന് ഉമ്മൻ ചാണ്ടി നേരിട്ടത്തെി ഈ ഒരൊറ്റ പട്ടയ വിതരണം മാത്രം നടത്തിയതെന്നും ആക്ഷേപമുണ്ടായിരുന്നു. കളക്ടറുടെ റിപ്പോർട്ട് കൂടി അവഗണിച്ചായിരുന്നു ഇത്.

വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ സർക്കാർ വരുത്തേണ്ട ഇളവുകളും, വിട്ടുവീഴ്ചകളും വരുത്തി 9,54,80,101 കോടി രൂപയാണ് സർക്കാർ തന്നെ പാട്ടക്കുടിശിക ഇനത്തിൽ കണ്ടത്തെിയത്. ഈ തുക എഴുതി തള്ളുന്നത് സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് അക്കൗണ്ടന്റ് ജനറൽ നോട്ടിൽ കുറിച്ചിട്ടത്. കേസുകൾ നിലനിൽക്കുന്നതിനാലും സർക്കാരിന് നഷ്ടമുണ്ടാക്കുമെന്നതിനാലും പാട്ടക്കുടിശികയോടെ പട്ടയം നൽകാനാവില്ലെന്ന് ലാന്റ് റവന്യു കമ്മിഷണറും റിപ്പോർട്ട് ചെയ്തിട്ടും അത് വകവയ്ക്കാതെയാണ് പട്ടയ വിതരണം നടത്തിയത്.

പട്ടയകുടിശിക ഇനത്തിൽ മാത്രം സർക്കാറിന് ഒമ്പത് കോടിയോളം രൂപ നഷ്ടം വന്നിരുന്നു.സർക്കാരിന് ലഭിക്കേണ്ട ഒൻപതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതി തള്ളി, സർക്കാർ നിശ്ചിയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന, നഗരത്തിന് നടുവിലുള്ള 1.19 ഏക്കർ ഭൂമി പതിച്ചു നൽകിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഹർജിയിലെ ആക്ഷേപം. പാട്ടക്കുടിശിക എഴുതി തള്ളി ഭൂമി പതിച്ചു നൽകുന്നത് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടും വിജിലൻസ് കോടതിയിലും ലോകായുക്തയിലും ഹൈക്കോടതിയിലും കേസുകൾ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതിത്ത്ത്തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമാകുമെന്ന ലാന്റ് റവന്യു കമ്മിഷണറുടെ റിപ്പോർട്ടും നിലനിൽക്കെയാണ് ഭൂമി പതിച്ചു നൽകിയതെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

പാട്ടക്കാലാവധി കഴിഞ്ഞ് കരാർ പുതുക്കാതെ അനധികൃതമായി കൈവശം വച്ചുപോരുന്ന ഭൂമി സർക്കാരിലേക്ക് തിരിച്ചു പിടിക്കാൻ റവന്യു റിക്കവറി നടപടികൾ നടക്കുമ്പോഴാണ് വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ ഭൂമി പതിച്ചു നൽകിയത്. 2014 സെപ്റ്റംബർ 16നായിരുന്നു കോളേജിന്റെ സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പങ്കെടുത്ത് പട്ടയം കൈമാറിയത്. അന്ന് ചടങ്ങിൽ കലക്ടർ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.

ഉമ്മൻ ചാണ്ടി ഒന്നാം പ്രതിയാണ്. മന്ത്രിമാരായിരുന്ന കെ. എം. മാണി, അടൂർപ്രകാശ് എന്നിവർ രണ്ടും മൂന്നും പ്രതികളും. അന്നത്തെ ചീഫ് സെക്രട്ടറി (ഫിനാൻസ് ) വി. സോമസുന്ദരൻ, മുൻ റവന്യു സെക്രട്ടറി നിവേദിത പി.ഹരൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇ. കെ. മാജി, തൃശൂർ മുൻ ജില്ലാ കലക്ടർമാരായ പി. എം. ഫ്രാൻസീസ്, എം. എസ്. ജയ, മുൻ ലാന്റ് റവന്യു കമ്മിഷണർ കെ. വി. സജൻ, മുൻ തൃശൂർ തഹസിൽദാർ പോൾസൺ, മുൻ ചെമ്പൂക്കാവ് വില്ലേജ് ഓഫീസർ സണ്ണി ഡേവീസ്, കോളേജ് മാനേജർ ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവരെ നാല് മുതൽ 12 വരെയുള്ള പ്രതികളുമാക്കിയുള്ളതാണ് ഹർജി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. കേശവദാസാണ് ഹർജിക്കാരൻ.

1989ൽ വനംറവന്യു വകുപ്പുകൾ പരിശോധിച്ച് തീരുമാനിച്ച 400 കുടുംബങ്ങൾക്കും 2001ൽലാന്റ് അസൈന്മെന്റ് സ്പെഷൽ തഹസിൽദാർക്ക് നടപടിയെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച 223 അപേക്ഷികളിലും ഇതുവരെയും നടപടികളെടുത്തിട്ടില്ല. 2005ൽ നടന്ന പട്ടയവിതരണ മേളയിൽ 19 പേർക്ക് പട്ടയം ലഭിച്ചതൊഴിച്ചാൽ ഇതുവരെയും ഒരു നടപടിയും ഈ മേഖലയിൽ ഉണ്ടായില്ല. ഈ അപേക്ഷകർ ഇപ്പോഴും ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുമ്പോഴാണ് സഭാ സ്ഥാപനത്തിന് പട്ടയം നൽകാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP