Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാർദ്ധക്യത്തിന്റെ അവശതകളിലും പകയുടെ നെരിപ്പോട് ഉള്ളിൽ സൂക്ഷിക്കുന്ന കുട്ടിച്ചായൻ; ഇരയോടൊപ്പം നിൽക്കണോ അതോ വേട്ടക്കാരന്റെ ന്യായമാണോ ശരി എന്ന ആശങ്കയിൽ പ്രേക്ഷകനും; മൂന്നു പേരുടെ അതിജീവിത കഥയുമായി ഉടൽ; രതീഷ് രുഘുനന്ദൻ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ

വാർദ്ധക്യത്തിന്റെ അവശതകളിലും പകയുടെ നെരിപ്പോട് ഉള്ളിൽ സൂക്ഷിക്കുന്ന കുട്ടിച്ചായൻ; ഇരയോടൊപ്പം നിൽക്കണോ അതോ വേട്ടക്കാരന്റെ ന്യായമാണോ ശരി എന്ന ആശങ്കയിൽ പ്രേക്ഷകനും; മൂന്നു പേരുടെ അതിജീവിത കഥയുമായി ഉടൽ; രതീഷ് രുഘുനന്ദൻ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ദ്രൻസ് ചിത്രമായ ഉടൽ പ്രേക്ഷക അംഗീകാരവുമായി മുമ്പോട്ട്. മനുഷ്യ മനസുകളുടെ വികാര വിചാരങ്ങളുടെ വേലിയേറ്റമാണ് സിനിമ. ഇരയോടൊപ്പം നിൽക്കണോ അതോ വേട്ടക്കാരന്റെ ന്യായമാണോ ശരി എന്ന ആശങ്കയിൽ പ്രേക്ഷകൻ സീറ്റിൽ ത്രില്ലടിച്ചിരിക്കുന്ന അനുഭവം. ഇതാണ് രണ്ടു മണിക്കൂർ 2 മിനിറ്റിൽ രതീഷ് രഘുനന്ദൻ എന്ന സംവിധായകൻ ഉടലിലൂടെ നമുക്ക് കാണിച്ചു തരുന്നത്. മലയാള സിനിമയിൽ ഇത്രയും വയലൻസ് കാണിച്ച സിനിമ ഉണ്ടാകില്ല, എന്നാലും അത് പ്രേക്ഷകനെ അസ്വസ്ഥനാക്കുന്നില്ല.

ഒരു വീടിനകത്ത് അതിജീവനത്തിനായി മൂന്ന് പേർ നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം. രാത്രിയുടെ പശ്ചാത്തലത്തിൽ ആര് ജീവൻ നിലനിർത്തും എന്നറിയാൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കും. ഇന്ദ്രൻസ് എന്ന താരത്തിന്റെ പ്രകടനമാണ് ആദ്യം പറയേണ്ടത്. രണ്ടാം പകുതിയിൽ അദ്ദേഹത്തിന് വിരലിൽ എണ്ണാവുന്ന ഡയലോഗേ ഉള്ളൂ എന്നു തന്നെ പറയാം. എന്നാലും ഭാവങ്ങൾ കൊണ്ടും ആക്ഷൻ കൊണ്ടും അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു. ശാന്ത സ്വഭാവിയായ കുട്ടിച്ചായനിൽ നിന്നുള്ള അദ്ദേഹത്തിന്റെ രണ്ടാം പകുതിയിലെ മാറ്റം പ്രേക്ഷകനെ ത്രില്ലടിപ്പിക്കും. ഇന്റർവെൽ പഞ്ചും അതിനൊത്ത മാസ് രീതിയിൽ തന്നെയാണ്.

തന്റെ കരിയറികെ ഏറ്റവും മികച്ച പ്രകടനമാണ് ദുർഗ കൃഷ്ണ ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ഷൈനി എന്ന കഥാപാത്രം കടന്നുപോകുന്ന വിവിധ തരത്തിലുള്ള മാനസികാവസ്ഥ കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാൻ ദുർഗക്കായി. ഇന്ദ്രൻസുമൊത്തുള്ള രംഗങ്ങളിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ ഈ താരത്തിനായി. ധ്യാൻ ശ്രീനിവാസനും മോശമാക്കിയില്ല. ശക്തമായ തിരക്കഥയും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന മേക്കിങ്ങും സംവിധായകൻ രതീഷ് രഘുനന്ദനെ ആദ്യ ചിത്രത്തിലൂടെ തന്നെ താരമാക്കുന്നു. ഒരു ഘട്ടത്തിൽ പോലും കാണികൾക്ക് വിരസത അനുഭവപ്പെടാതെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനായി.

മനോജ് പിള്ളയുടെ ക്യാമറവർക്കും വില്യം ഫ്രാൻസിസിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സ്വഭാവം നിലനിർത്താൻ സഹായിച്ചു. നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും മികച്ചതായി. ഏതായാലും മലയാള സിനിമക്ക് മികച്ച ഒരു രചയിതാവിനെയും സംവിധായകനെയും ഈ ചിത്രത്തിലൂടെ ലഭിച്ചു എന്ന് നമുക്ക് ഉറപ്പിച്ചു പറയാം.

ഹോം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രൻസ് അവതരിപ്പിക്കുന്ന അതിശക്തമായ കഥാപാത്രമാണ് ഇതിലെ കുട്ടിച്ചായൻ. വാർദ്ധക്യത്തിന്റെ അവശതകളിലും പകയുടെ നെരിപ്പോട് ഉള്ളിൽ സൂക്ഷിക്കുന്ന കുട്ടിച്ചായന്റെ പ്രകടനം ഉടലിന്റെ ഹൈലൈറ്റാണ്. ആദ്യപകുതിയിൽ നമ്മൾ കാണുന്നത് ഹതാശനായ, നിസ്സഹായനായ കുട്ടിച്ചായനെയാണെങ്കിൽ രണ്ടാം പകുതിയിൽ കാണുക മറ്റൊരാളെയും. രണ്ടും അത്ഭുതപ്പെടുത്തുന്നു. ഇന്ദ്രൻസിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ദുർഗ കൃഷ്ണയുടേത്. നടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വേഷം.

എടുത്തു പറയേണ്ട മറ്റൊരു സംഗതി മനോജ് പിള്ളയുടെ ക്യാമറയും വില്യം ഫ്രാൻസിസിന്റെ പശ്ചാത്തല സം?ഗീതവുമാണ്. സിനിമയുടെ മൂഡ് നിലനിർത്താൻ രണ്ടുപേരും നന്നായി ശ്രമിച്ചു. നിഷാദ് യൂസഫിന്റെ എഡിറ്റിങും ചിത്രത്തിന്റെ വേഗത നിലനിർത്തുന്നു. വയൻസ് രംഗങ്ങൾ ഉള്ളതിനാൽ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP