Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാമലീല' ആവേശമുണ്ടാക്കിയത് ഫാൻസുകാർക്ക് മാത്രം; കുടുംബ പ്രേക്ഷകർക്ക് അഴിക്കുള്ളിലെ നായകനോട് ഇപ്പോഴും താൽപ്പര്യക്കുറവ്; മലയാള സിനിമയെ രക്ഷിച്ചത് 'ഉദാഹരണം സുജാത' തന്നെ; കുടുംബ പ്രേക്ഷകരുടെ കരുത്തിൽ 'ലേഡി സൂപ്പർസ്റ്റാർ' പദവി നിലനിർത്തി മഞ്ജു വാര്യർ; ഇനി ഒന്നിന് പിറകേ ഒന്നായി ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്: പൂജാ റിലീസോടെ പ്രതിസന്ധി തീർന്നെന്ന ആശ്വാസത്തിൽ മലയാള സിനിമാ ലോകം

'രാമലീല' ആവേശമുണ്ടാക്കിയത് ഫാൻസുകാർക്ക് മാത്രം; കുടുംബ പ്രേക്ഷകർക്ക് അഴിക്കുള്ളിലെ നായകനോട് ഇപ്പോഴും താൽപ്പര്യക്കുറവ്; മലയാള സിനിമയെ രക്ഷിച്ചത് 'ഉദാഹരണം സുജാത' തന്നെ; കുടുംബ പ്രേക്ഷകരുടെ കരുത്തിൽ 'ലേഡി സൂപ്പർസ്റ്റാർ' പദവി നിലനിർത്തി മഞ്ജു വാര്യർ; ഇനി ഒന്നിന് പിറകേ ഒന്നായി ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്: പൂജാ റിലീസോടെ പ്രതിസന്ധി തീർന്നെന്ന ആശ്വാസത്തിൽ മലയാള സിനിമാ ലോകം

ആവണി ഗോപാൽ

തിരുവനന്തപുരം: പൂജാക്കാലത്ത് രാമലീലയും ഉദാഹരണം സുജാതയും തമ്മിലായിരുന്നു പോര്. ആദ്യ ദിനങ്ങളിൽ ദിലീപിന്റെ രാമലീലയ്ക്ക് ഫാൻസുകാർ ഇടിച്ചു കയറി. കൈയടിയുമായി തിയേറ്ററുകൾ സജീവമാക്കി. എന്നാൽ ഇത്രയും ആഘോഷിക്കാനുള്ള വക രാമലീലയിലില്ലെന്നാണ് വിലയിരുത്തൽ. നടിയെ ആക്രമിച്ച കേസിൽ അഴിക്കുള്ളിലുള്ള ദിലീപിനോട് കുടുംബ പ്രേക്ഷകർക്ക് താൽപ്പര്യക്കുറവുമുണ്ട്. ഫാൻസുകാരല്ലാത്ത ആരും ചിത്രം കാണാനെത്തുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 15 കോടി മുതൽമുടക്കി ടോമിച്ചൻ മുളക് പാടം എടുത്ത രാമലീല കഷ്ടിച്ച് രക്ഷപ്പെടുമെന്ന് മാത്രം. എന്നാൽ മഞ്ജുവിന്റെ ഉദാഹരണം കുതിക്കുകയാണ്. ചെങ്കൽചൂളക്കാരി സുജാതയുടെ യാത്ര കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്കാണ്. നല്ലൊരു സന്ദേശമുള്ള സിനിമയായി ഉദാഹരണം മാറുകയാണ്.

നേരത്തെ ദിലീപിന്റെ ജോർജേട്ടൻസ് പൂരവും മഞ്ജുവിന്റെ സൈറാ ബാനുവും തമ്മിലും മത്സരിച്ചിരുന്നു. സൈറാ ബാനുവിന്റെ വിജയത്തോടെയാണ് ഒറ്റയ്ക്ക് പ്രേക്ഷകരെ എത്തിക്കാൻ കഴിയുന്ന ലേഡി സൂപ്പർസ്റ്റാറായി മഞ്ജു മാറിയത്. തുടക്കത്തിലെ മോശം റിവ്യൂകളെ പോലും അതിജീവിച്ച് തിയേറ്ററുകളിൽ നല്ല അഭിപ്രായം നേടിയെടുക്കുകയാണ് ഉദാഹരണം സുജാതയും. പത്താംക്ലാസിൽ പഠിക്കുന്ന മകളുടെ ഉന്നതിക്കായി പാടുപെടുന്ന അമ്മയെ സ്ത്രീ പ്രേക്ഷകർ ഏറ്റെടുത്തതായാണ് സിനിമാലോകത്തിന്റെ പൊതുവേയുള്ള വിലയിരുത്തൽ. ഇതോടെ നല്ലതിറങ്ങിയാൽ ആളുകൾ തിയേറ്ററിലെത്തുമെന്ന വിശ്വാസം സിനിമാക്കാർക്കും വരുന്നു. ബിജു മേനോന്റെ ഷെർലക് ടോംസിനും മികച്ച ഇൻഷ്യൽ കിട്ടി. ഇതോടെ സിനിമയിലെ പ്രതിസന്ധി തീരുന്നുവെന്ന ആശ്വാസത്തിൽ സിനിമാക്കാർ എത്തുകയാണ്. ദിലീപിന്റെ ചിത്രത്തിനുണ്ടായ ആദ്യ ദിവസത്തെ മികച്ച പ്രതികരണം പതിയെ ഇല്ലാതാകുന്നുവെന്നും ഏവരും മനസ്സിലാക്കുന്നുണ്ട്.

ഏറെകാലത്തിന് ശേഷം കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തിയ മഞ്ജുവിന്റെ പ്രകടനം തന്നെയാണ് പൂജാക്കാലത്തെ ഹൈലൈറ്റ് എന്ന് സിനിമാ സംഘാടകരും തിരിച്ചറിയുന്നു. ദിലീപിന്റെ ആരാധകർ മഞ്ജുവിന്റെ സിനിമയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതില്ലായിരുന്നുവെങ്കിൽ മലയാള സിനിമയ്ക്ക് മികച്ചൊരു ഉദാഹരണമായി മഞ്ജു ചിത്രം മാറുകയാണ്. ഇതിനിടെ മഞ്ജുവിനെ നായികയാക്കി സിനിമയെടുക്കാൻ ഒരുങ്ങുന്നവർക്ക് ആവേശമാണ് ഉദാഹരണം സുജാത. ചില ഇടപെടൽ കാരണം മികച്ച തിയേറ്ററുകൾ ഉദാഹരണത്തിന് കിട്ടിയിരുന്നില്ല. എന്നിട്ടും ആദ്യ ദിവസത്തെ എതിർപ്രചാരണത്തെ അവഗണിച്ച് മികച്ച പേരുണ്ടാക്കാൻ സുജാതയ്ക്ക് ആയി. ഇതിനെ നിസ്സാരമായി കാണാനാകില്ലെന്ന് സിനിമാ ലോകവും തിരിച്ചറിയുന്നു. നായകന്റെ പിന്തുണയില്ലാത്ത കഥകൾക്കും മലയാളത്തിൽ സ്‌കോപ്പുണ്ടെന്ന് തെളിയിച്ച് ഉദാഹരണമാവുകയാണ് സുജാത.

ഒരാഴ്ചയ്ക്ക് അപ്പുറം രാമലീലയ്ക്ക് തിയേറ്ററിൽ ആവേശം വിതറാൻ കഴിയില്ല. ഇതോടെ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലായെന്ന വാദമെത്തും. ഇത് തടയാൻ ഉദാഹരണം സുജാതയ്ക്ക് കഴിയും. ആളുകൾ പറഞ്ഞറിഞ്ഞ് കൂടുതൽ പേർ തിയേറ്ററിലെത്തുകയാണ്. അതും കുടുംബമായി. നടി ആക്രമിക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഇത്തരത്തിൽ പ്രേക്ഷക പ്രതികരണം മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. ഓണക്കാല ചിത്രങ്ങളിൽ ഭേദപ്പെട്ട അഭിപ്രായം നേടിയ നിവിൻ പോളി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള പോലും ശ്രദ്ധിക്കാതെ പോയിരുന്നു. എന്നാൽ രാമലീല-സൂജാത പോര് ഗുണകരമായി. ഇതിൽ ഏതാണ് നല്ലതെന്ന് പ്രേക്ഷകർ തിരക്കി. കണ്ട സാധാരണ കുടുംബ പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായം പറഞ്ഞതോടെ സുജാതയെ കാണാൻ ആളുകളെത്തി-ഇതാണ് മലയാള സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

ദുൽഖറിന്റെ സോളോയും മോഹൻലാലിന്റെ വില്ലനും തിയേറ്ററിലെ പ്രേക്ഷക സാന്നിധ്യം ഒക്ടോബറിലും കൂട്ടുമെന്നാണ് പ്രതീക്ഷ. ഇവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് മഞ്ജു ചിത്രത്തിന്റെ വിജയം. അതുകൊണ്ട് തന്നെ സുജാതയും ഉദാഹരണമാണ്. എങ്കിലും ലളിതവും വൈകാരിക അടുപ്പം തോന്നുന്ന മുഹൂർത്തങ്ങളും ഉള്ള കാഴ്ച എന്ന നിലയിൽ 'ഉദാഹരണം സുജാത' മികവു പുലർത്തുന്ന കുടുംബചിത്രമാണ്. ദംഗലിന്റെ സംവിധായകനായ നിതേഷ് തിവാരിയും ഭാര്യ അശ്വനി അയ്യർ തിവാരിയും ചേർന്നെഴുതി അശ്വനി അയ്യർ തിവാരി സംവിധാനം ചെയ്ത നിൽ ബാത്തോ സന്നാത്ത എന്ന ഹിന്ദി സിനിമ(തമിഴിൽ അമ്മക്കണക്ക്)യുടെ റിമേക്കാണ് ഫാന്റം പ്രവീണിന്റെ അരങ്ങേറ്റസിനിമയായ ഉദാഹരണം സുജാത. അമ്മ കണക്ക് ഏറെ ചർച്ചയായി. ഇതിൽ അമലാ പോളായിരുന്നു നായിക. അതായത് കഥ അറിയാമായിരുന്നിട്ടും സുജാതയ്ക്ക് ആളുകളിൽ നൊമ്പരമാകാൻ കഴിയുന്നു.

പത്താം ക്ലാസുകാരിയുടെ അമ്മയായ വിധവയായ, വീട്ടുജോലിക്കാരിയായ നഗരത്തിലെ ചേരിനിവാസി മകളുടെ പഠനത്തിനുവേണ്ടി സഹിക്കുന്ന ത്യാഗങ്ങളാണ് ഒറ്റവരിയിൽ പറഞ്ഞാൽ സിനിമ. എന്നാൽ സർവൈവലിന്റെയും അമ്മ -മകൾ സംഘർഷങ്ങളുടെയും സ്വപ്നങ്ങളുടെ പിന്നാലെയുള്ള സഞ്ചാരത്തിന്റെ പ്രചോദനാത്മക കഥളുടെയും ആവർത്തനമാണ് സുജാതയുടെ കഥയും. മകൾക്കൊപ്പം സ്‌കൂളിലേയ്ക്കു പഠിക്കാൻ പോകുന്ന അമ്മയാണ് സിനിമയുടെ ഏറ്റവും യുണിക്ക് ആയ കഥാതന്തു. അതിനെ രസകരവും വൈകാരികവും ഏറെക്കുറെ സത്യസന്ധവും ആയി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നാല് കൊല്ലം മുമ്പ് ഭർത്താവ് മരിച്ചതോടെയാണ് സുജാതയുടെ നെട്ടോട്ടം തുടങ്ങുന്നത്. അമ്മമാരുടെ ഇൻസ്പിരേഷണൽ സിനിമകളിൽ മികച്ച ഒന്നാണ് ഇത്. മഞ്ജുവാര്യറുടെ മേക്കപ്പ് ഒഴിച്ചുള്ള മറ്റെല്ലാകാര്യങ്ങളും സിനിമയിൽ അങ്ങേയറ്റം നിലവാരമുള്ളതാണ്.

ആതിരയായെത്തുന്ന അനശ്വര എന്ന പുതിയ താരം ഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. കൈവിട്ടുപോകേണ്ട രംഗങ്ങളിൽ കൈയടക്കത്തോടെയുള്ള അനശ്വരയുടെ പ്രകടനം ശ്രദ്ധേയം. ജോജുവിന്റെ ഹെഡ്‌മാഷാണു സിനിമയിലെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം. അനിജ, നെടുമുടിവേണു എന്നിങ്ങനെ പരിമിതമായ കഥാപാത്രങ്ങളേ സിനിമയിലുള്ളൂ. ചെറിയ ബജറ്റിൽ മികച്ച വിജയം നേടാൻ ഉദാഹരണത്തിന് കഴിയുന്നുവെന്നതാണ് അതിന്റെ വിജയം. അഞ്ച് കോടിയിൽ താഴെ മാത്രമാണ് നിർമ്മാണ ചെലവ്. അതുകൊണ്ട് തന്നെ പത്ത് കോടിയിൽ അധികം കളക്ഷൻ കിട്ടിയാലും ഉദാഹരണത്തിന് തുണയാകും. ഇതിലും അപ്പുറത്തേക്ക് ഉദാഹരണം നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ഏറെക്കാലത്തിന് ശേഷമുള്ള ഹിറ്റ് ചിത്രമായി മഞ്ജു സിനിമ മാറുകയാണ്. ചെറിയ മുടക്കുമുതലിൽ നല്ല സിനിമ വന്നാൽ താരങ്ങളുടെ ധാരാളിത്തമില്ലെങ്കിലും ചിത്രം വജയിക്കുമെന്നതിന് ഉദാഹരണമാണ് ഈ സിനിമ.

രാമലീലയ്ക്ക് മികച്ച ഇനിഷ്യൽ കിട്ടും. എന്നാൽ പരമാവധി 20 കോടി വരെ കളക്ഷൻ നേടാനെ കഴിയൂവെന്നാണ് വിലയിരുത്തൽ. ഈ സിനിമയ്ക്ക് 15 കോടിയുടെ മുതൽ മടുക്കുണ്ട്. അതുകൊണ്ട് തന്നെ 20 കോടി കിട്ടിയാൽ അതിൽ പകുതി തിയേറ്ററുകൾക്കും നികുതിയുമായുമെല്ലാം നഷ്ടമാകും. പിന്നെ പത്ത് കോടിയിൽ താഴെ മാത്രമേ നിർമ്മാതാവിന് കിട്ടൂ. അതുകൊണ്ട് രാമലീലയുടെ സാമ്പത്തിക വിജയം ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP