Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മോദി ചുമത്തിയാൽ ഫാസിസം ഞങ്ങൾ ചെയ്താൽ വിപ്ലവം'; മാവോയിസ്റ്റ് അനുഭാവികൾക്കെതിരെ പോലും യുഎപിഎ ചുമത്താമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത് കഴിഞ്ഞ ഓഗസ്റ്റിൽ; കരിനിയമം എന്ന് പറഞ്ഞ് കണ്ണീരൊഴുക്കുമ്പോഴും പിണറായി വിജയൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് യുഎപിഎ തന്നെ; മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞിട്ടും വേട്ടയാടൽ നിർത്താതെ കമ്മ്യൂണിസ്റ്റ് സർക്കാർ

'മോദി ചുമത്തിയാൽ ഫാസിസം ഞങ്ങൾ ചെയ്താൽ വിപ്ലവം'; മാവോയിസ്റ്റ് അനുഭാവികൾക്കെതിരെ പോലും യുഎപിഎ ചുമത്താമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത് കഴിഞ്ഞ ഓഗസ്റ്റിൽ; കരിനിയമം എന്ന് പറഞ്ഞ് കണ്ണീരൊഴുക്കുമ്പോഴും പിണറായി വിജയൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് യുഎപിഎ തന്നെ; മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞിട്ടും വേട്ടയാടൽ നിർത്താതെ കമ്മ്യൂണിസ്റ്റ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മാവോയിസ്റ്റ് അനുഭാവികൾക്കെതിരെയും യുഎപിഎ ചുമത്താൻ നിയമം അനുദിക്കുന്നു എന്ന് സുപ്രീംകോടതിൽ കേരള സർക്കാർ. യുഎപിഎ നിയമത്തിലെ 13-ം വകുപ്പ് പ്രകാരം മാവോയിസ്റ്റ് അനുഭാവികൾക്കെതിരെ പോലും കേസെടുക്കാൻ അനുമതിയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ശ്യാം ബാലകൃഷ്ണൻ കേസിൽ മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ കേരളം ഫയൽ ചെയ്ത ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്നും കുറ്റം ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത് എന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് അവസാനമാണ് മാവോയിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുന്നവർക്ക് എതിരെ പോലും യുഎപിഎ ചുമത്താൻ നിയമം അനുവദിക്കുന്നു എന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

കേരള ഹൈക്കോടതി മുൻ ജഡ്ജി കെ ബാലകൃഷ്ണൻ നായരുടെ മകനായ വയനാട് വെള്ളമുണ്ട സ്വദേശി ശ്യാം ബാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് മാവോവാദി ആകുന്നത് കുറ്റകരമല്ലെന്ന പരാമർശം അടങ്ങുന്ന വിധി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ചത്. മാവോവാദി ആണെന്ന കാരണത്താൽ അറസ്റ്റ് പാടില്ലെന്നും കുറ്റം ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിധി പുനപരിശോധിക്കണം എന്നും മാവോയിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുന്നവർക്കെതിരെ പോലും യുഎപിഎ ചുമത്താൻ നിയമം അനുവദിക്കുമ്പോഴാണ് മാവോയിസം കുറ്റകരമല്ലെന്ന കേരള ഹൈക്കോടതി വിധിയെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

മാവോവാദി ആണെന്ന് ആരോപിച്ച് തന്നെ വിവസ്ത്രനാക്കി പരിശോധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശ്യാം ബാലകൃഷ്ണൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒരു ലക്ഷം രൂപ ശ്യാം കൃഷ്ണന് നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് എതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, സുബാഷ് റെഡ്ഡി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക ശ്യാം ബാലകൃഷ്ണന് ഇപ്പോൾ നൽകിയാൽ, സുപ്രീം കോടതിയിലെ കേസിൽ പൊലീസിന് അനുകൂലമായി അന്തിമവിധി ഉണ്ടായാൽ ആ നഷ്ടപരിഹാരത്തുക തിരിച്ച് ഈടാക്കാൻ കഴിയില്ല എന്ന സർക്കാർ വാദം അംഗീകരിച്ച് ആയിരുന്നു സ്റ്റേ. ശ്യാം ബാലകൃഷ്ണന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

യുഎപിഎ ചുമത്തുന്നത് സർക്കാർ നയമല്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് വിരുദ്ധമായ നിലപാടാണ് പലപ്പോഴും പൊലീസ് സ്വീകരിച്ചിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് യുഎപിഎ അനിവാര്യമാണ് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

കതിരൂർ മനോജ് വധത്തിൽ സിബിഐ ആണ് സിപിഎം നേതാവ് പി ജയരാജനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. പി ജയരാജനെതിരെ യുഎപിഎ ചുമത്തിയതോടെയാണ് സിപിഎം ഈ നിയമത്തിനെതിരെ വൻ വിമർശനവുമായി രം?ഗത്തെത്തിയത്. സംസ്ഥാനത്ത് ഈ കിരാത നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണം ഉയർന്നപ്പോൾ യുഎപിഎ ചുമത്തൽ സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. രണ്ട് വർഷം മുമ്പായിരുന്നു ഇത്. എന്നാൽ അതിനു ശേഷവും കേരളത്തിൽ പല കേസിലും യുഎപിഎ ആവർത്തിച്ചതോടെ സർക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്തായത്.

പാലക്കാട് മഞ്ചക്കണ്ടി വനത്തിൽ നടന്ന മാവോവാദി വ്യാജ ഏറ്റുമുട്ടൽ കൊലയ്‌ക്കെതിരായ ലഘുലേഖ കൈവശം വച്ചെന്നാരോപിച്ചാണ് കോഴിക്കോട് സ്വദേശികളും സിപിഎം അംഗങ്ങളുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. നേരത്തെ വയനാട് വൈത്തിരിയിൽ സിപിഐ മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീലിനെ വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് പോസ്റ്റർ പതിച്ച രണ്ട് യുവാക്കൾക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. സി പി നഹാസ്, ശ്രീകാന്ത് എന്നിവർക്കെതിരെയാണ് പെരിന്തൽമണ്ണ പൊലീസ് യുഎപിഎ രജിസ്റ്റർ ചെയ്തത്. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും തണ്ടർബോൾട്ട് പിരിച്ചുവിടണമെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരുന്നത്.

യുഎപിഎ ചുമത്തൽ നേരത്തെ വിവാദമായതോടെ, പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റ ശേഷം ചുമത്തിയ 26 യുഎപിഎ കേസുകളിൽ 25 എണ്ണം ഉൾപ്പെടെ 42 എണ്ണം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. 2017 ഏപ്രിലിൽ ആയിരുന്നു ഇത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടേതായിരുന്നു തീരുമാനം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലമായ 2002 മുതലുള്ള 162 കേസുകളാണ് പുനഃപരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. ഇതിൽ 120 കേസിൽ കുറ്റപത്രം നൽകുകയും ചെയ്തു. ഈ 162 കേസുകളിൽ 26 എണ്ണത്തിലാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം യുഎപിഎ ചുമത്തിയിട്ടുള്ളത്.

ഒഴിവാക്കാൻ തീരുമാനിച്ച ബാക്കി 17 കേസുകൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് യുഎപിഎ ചുമത്തിയവ ആയിരുന്നു. പോസ്റ്റർ ഒട്ടിച്ചു, ലഘുലേഖ വിതരണം ചെയ്തു, മുദ്രാവാക്യം വിളിച്ചു, യോഗം ചേർന്നു, പുസ്തകം കൈയിൽ വച്ചു എന്നിവയ്ക്കാണ് കൂടുതലും യുഎപിഎ ചുമത്തിയിട്ടുള്ളത്. യുഎപിഎക്കെതിരെ രംഗത്തുവന്ന ഇടതുപക്ഷ സർക്കാരാണ് കേരളത്തിലാദ്യമായി യുഎപിഎക്കെതിരെ കേസെടുത്തത് എന്നതാണ് ശ്രദ്ധേയം. 2007ലായിരുന്നു ഇത്. ഇപ്പോൾ രണ്ട് നിയമവിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP