Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഉമ്മാ.. ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു; യുഎഇ യുടെ പേര് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു; ചിരകാല സ്വപ്നവും സഫലമായി; ആകാശത്തിലെ താരകങ്ങളെ നോക്കി ' ഞാനെന്നാണ് ആകാശത്തിലേക്ക് പോകുക ' എന്ന് എന്ന് ചോദിച്ച കുട്ടി പയ്യൻ ഇന്ന് ഉമ്മയെ വിളിച്ചത് ചരിത്രം കുറിച്ചതിന്റെ സന്തോഷം അറിയിക്കാൻ: മതനിയമങ്ങൾ തെറ്റിക്കാതെ ദിവസവും 32 തവണ നിസ്‌കരിച്ച് ഹസൻ അൽ മൻസൂരി എട്ട് ദിവസം ശൂന്യാകാശത്ത് ചെലവിട്ട് തിരിച്ചു മടങ്ങിയത് അതിസാഹസികമായി

ഉമ്മാ.. ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു; യുഎഇ യുടെ പേര് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു; ചിരകാല സ്വപ്നവും സഫലമായി; ആകാശത്തിലെ താരകങ്ങളെ നോക്കി ' ഞാനെന്നാണ് ആകാശത്തിലേക്ക് പോകുക ' എന്ന് എന്ന് ചോദിച്ച കുട്ടി പയ്യൻ ഇന്ന് ഉമ്മയെ വിളിച്ചത് ചരിത്രം കുറിച്ചതിന്റെ സന്തോഷം അറിയിക്കാൻ: മതനിയമങ്ങൾ തെറ്റിക്കാതെ ദിവസവും 32 തവണ നിസ്‌കരിച്ച് ഹസൻ അൽ മൻസൂരി എട്ട് ദിവസം ശൂന്യാകാശത്ത് ചെലവിട്ട് തിരിച്ചു മടങ്ങിയത് അതിസാഹസികമായി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: എട്ടു ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഹസ്സ അൽ മൻസൂരി മറ്റു രണ്ടു സഞ്ചാരികൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. റഷ്യൻ പേടകമായ സോയുസാണ് സഞ്ചാരികളെ കസാകിസ്ഥാനിൽ സുരക്ഷിതമായി ഇറക്കിയത്.

എട്ടു ദിവസം ഭൂമിയിൽ നിന്നും വിട്ടു നിന്ന ഹസ്സ ഭൂമിയിൽ കാലുകുത്തിയ ശേഷം ആദ്യം വിളിച്ചത് അദ്ദേഹത്തിന്റെ ഉമ്മയെ ആണ്. ചെറുപ്പത്തിൽ ആകാശത്തിലെ താരകങ്ങളെ നോക്കി ' ഞാനെന്നാണ് ആകാശത്തിലേക്ക് പോകുക ' എന്ന് ഉമ്മയോട് ചോദിച്ചിരിന്നു. അതിനുള്ള ഹസ്സയുടെ ഉത്തരം കൂടിയായിരിക്കും ആദ്യത്തെ ഫോൺ വിളിയെന്ന് നേരത്തെ മൻസൂരി പറഞ്ഞിരുന്നു. ഫോൺ വിളിയിലെ ഉള്ളടക്കവും ഹസ്സ വ്യക്തമാക്കിയിരുന്നു. അത് ഇങ്ങനെ 'ഉമ്മാ..നമ്മുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു, യുഎഇ യുടെ പേര് ഉയരങ്ങളിൽ എത്തിക്കാൻ നമുക്ക് സാധിച്ചു. അതോടൊപ്പം നമ്മുടെ ചിരകാല സ്വപ്നവും സഫലമായി.'-ഈ വാക്കുകളാണ് അമ്മയുമായി മൻസൂരി പങ്കുവച്ചത്. യാത്രകളെ കുറിച്ചുള്ള അഭിമുഖങ്ങളും റിപ്പോർട്ടുകളും നൽകേണ്ടതിനാൽ കുറച്ച് ദിവസം മോസ്‌കോയിൽ തങ്ങിയ ശേഷമായിരിക്കും ഹസ്സ യുഎഇ യിലേക്ക് മടങ്ങുക.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) എട്ട് ദിവസത്തെ ചരിത്രപരമായ ദൗത്യം അവസാനിപ്പിച്ചാണ് ഹസ്സ അൽമൻസൂരി വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ (യുഎഇ സമയം) ഭൂമിയിൽ തിരിച്ചെത്തിയത്. റഷ്യൻ കമാൻഡർ അലക്‌സി ഓവ്ചിനിൻ, അമേരിക്കൻ ബഹിരാകാശയാത്രികൻ നിക്ക് ഹേഗ് എന്നിവരാണ് ഹസ്സന്റെ കൂടെയുണ്ടായിരുന്നത്. സോയൂസ് എംഎസ് -12 പേടകം കസാക്കിസ്ഥാനിലെ വിദൂര പട്ടണമായ ഷെസ്‌കാസ്ഗാനിൽ നിന്ന് തെക്ക് കിഴക്കാണ് ഇറങ്ങിയത്. ലാൻഡിങ് ദുബായ് സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് നടന്നത്. ഭൂമിയിൽ ഇറങ്ങാൻ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സാധാരണയായി മൂന്നര മണിക്കൂർ മുൻപ് തന്നെ ആരംഭിച്ചിരുന്നു. ലാൻഡ് ചെയ്ത ഗവേഷകർ 30 മുതൽ 45 മിനിറ്റിനുശേഷം ഹെലികോപ്റ്ററുകളിൽ മടങ്ങി. തുടർന്ന് കരഗണ്ട വിമാനത്താവളത്തിലേക്ക് പോയി. കസാക്കിസ്ഥാനിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഹസ്സയും എംബിആർഎസ്സി സംഘവും മോസ്‌കോയിലേക്ക് പോകും.

ബഹിരാകാശത്ത് യുഎഇയുടെ കൊടിപാറിക്കാൻ ഹസ്സ അൽ മൻസൂരി പുറപ്പെട്ടത് സുഹൈൽ എന്ന പാവക്കുട്ടിക്ക് ഒപ്പമായിരുന്നു. കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നാണ് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെട്ടത്. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റർ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്ബോൾ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവിൽ ആറ് പേർ അവിടെ താമസിക്കുന്നുണ്ട്. ഇന്റർനാഷനൽ സ്‌പേസ് സെന്ററിൽ ആദ്യമായി യുഎഇയിൽ നിന്നും എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെ താരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം. 2017ലാണ് യുഎഇ വൈസ്പ്രസിഡന്റ് തങ്ങളുടെ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശസഞ്ചാരിയാവാൻ താത്പര്യമുള്ളവരെ ക്ഷണിച്ചതോടെ നിരവധി പേരാണ് താത്പര്യത്തോടെ മുന്നോട്ടുവന്നത്. അതിൽനിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നാലായിരത്തോളം പേർ മാത്രമാണ് ഉണ്ടായത്. അവരിൽനിന്ന് രണ്ടു പേരെയാണ് തിരഞ്ഞെടുത്തത്. അതിലൊരാളാണ് ഹസ. സുൽത്താൻ അൽ നയാദിയായിരുന്നു മറ്റൊരാൾ. ബാക്കപ്പ് ആസ്ട്രോനോട്ട് ആയിട്ടായിരുന്നു അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മനോട്ട് പരിശീലനകേന്ദ്രത്തിലായിരുന്നു ഇവർക്ക് പരിശീലനം നൽകിയത്.

മൻസൂരിക്ക് പക്ഷേ, മതനിയമങ്ങൾ ലംഘിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഭൂമിയിലായാലും ബഹിരാകാശത്തായാലും മതനിയമങ്ങൾ പാലിച്ചേ പറ്റൂ. ഇതനുസരിച്ച് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് അഥോറിറ്റി മൻസൂരിക്ക് പ്രത്യേക നിയമാവലി നൽകിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നവർ ദിവസം 16 സൂര്യോദയങ്ങളും 16 അസ്തമയങ്ങളും കാണും. ഉദയത്തിനും അസ്തമയത്തിനും നിസ്‌കരിക്കേണ്ടതിനാൽ, മൻസൂരിക്ക് ദിവസം 32 തവണ നിസ്‌കാരം നടത്തേണ്ടിവന്നു. മെക്കയിലെ സമയം കണക്കാക്കിയും നിസ്‌കാരം നടത്തേി. മുമ്പ് ബഹിരാകാശത്തുപോയിട്ടുള്ള മലേഷ്യയുടെ ഷെയ്ഖ് മുസാഫിർ ഷുക്കോറിനോട് കസാഖ്‌സ്താനിലെ സമയം കണക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെയല്ല, മക്കയിലെ സമയമാണ് അടിസ്ഥാനമാക്കേണ്ടതെന്ന് യു.എ.ഇ. നിർദ്ദേശിച്ചിരുന്നു.

ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്തതിനാൽ നിലയുറപ്പിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് മക്കയ്ക്ക് നേരെ തിരിഞ്ഞുതന്നെ വേണം നിസ്‌കരിക്കാനെന്ന നിഷ്‌കർഷ പാലിക്കാനായെന്നുവന്നില്ലെന്നാണ് സൂചന. അതിനുപകരം ഭൂമിയിലേക്കുനോക്കി നിസ്‌കരിക്കാനാണ് നിയമാവലിയിലുള്ളത്. അറബ് രാജ്യത്തുനിന്നുള്ള മൂന്നാമത്തെ ബഹിരാകാശ യാത്രികനാണ് മൻസൂരി. സൗദി അറേബ്യയുടെ സുൽത്താൻ ബിൻ സൽമാൻ അബ്ദൽഅസീസ് അൽ സൗദാണ് അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ചയാൾ. 1985-ൽ അമേരിക്കൻ ദൗത്യത്തിനൊപ്പമായിരുന്നു സുൽത്താന്റെ യാത്ര.

സിറിയയിൽനിന്നുള്ള മുഹമ്മദ് ഫാരിസ് സോവിയറ്റ് ദൗത്യത്തിനൊപ്പം 1987-ലും യാത്ര ചെയ്തു. മൂന്നുപതിറ്റാണ്ടിനുശേഷമാണ് അറബ് ലോകത്തുനിന്ന് മറ്റൊരു ബഹിരാകാശ യാത്രികനുണ്ടാവുന്നത്. ആ ഭാഗ്യം ലഭിച്ചതാകട്ടെ മൻസൂരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP