Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

മോദി നോ പറഞ്ഞാലും യുഎഇയുടെ 700 കോടി കേരളത്തിലെത്തും; യുഎഇ സ്ഥാനപതി അഹമ്മദ് അൽബന്ന കേരളത്തിൽ എത്തുന്നത് ധനസഹായം നിയമ തടസങ്ങളില്ലാതെ സ്വീകരിക്കാൻ പറ്റിയ സംഘടനകളെ തേടിയെന്ന് സൂചന; വിദേശപണം സ്വീകരിക്കാൻ രജിസ്‌ട്രേഷനുള്ള സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് പ്രളയബാധിതരെ സഹായിക്കാൻ ശ്രമിക്കും; രാഷ്ട്രമെന്ന നിലയിൽ അല്ലാതെ ഗൾഫ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പണം എത്തിയേക്കും

മോദി നോ പറഞ്ഞാലും യുഎഇയുടെ 700 കോടി കേരളത്തിലെത്തും; യുഎഇ സ്ഥാനപതി അഹമ്മദ് അൽബന്ന കേരളത്തിൽ എത്തുന്നത് ധനസഹായം നിയമ തടസങ്ങളില്ലാതെ സ്വീകരിക്കാൻ പറ്റിയ സംഘടനകളെ തേടിയെന്ന് സൂചന; വിദേശപണം സ്വീകരിക്കാൻ രജിസ്‌ട്രേഷനുള്ള സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് പ്രളയബാധിതരെ സഹായിക്കാൻ ശ്രമിക്കും; രാഷ്ട്രമെന്ന നിലയിൽ അല്ലാതെ ഗൾഫ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പണം എത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇയിലെ ദുബായിയും ഷാർജയും അബുദാബിയുമൊക്കെ അംബരചുംബികളായ കെട്ടിടങ്ങളും യൂറോപ്യൻ നഗരങ്ങളെ വെല്ലുന്ന സൗകര്യങ്ങളുമുള്ള നഗരങ്ങളായി മാറിയതിൽ നിർണായക റോൾ വഹിച്ചത് മലയാളികളുടെ വലിയ പ്രയത്ന്നത്തിന്റെ ഫലമായിട്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മലയാളക്കരയ്ക്ക് ഒരു ആപത്തുണ്ടായപ്പോൾ നമ്മെ സഹായിക്കാൻ ആ രാജ്യത്തെ ഭരണാധികാരികൾ സന്നദ്ധത അറിയിച്ചത്. 700 കോടിയോളം രൂപ സമാഹരിച്ച് കേരളത്തിന് നൽകാനായി ധനസമാഹരണം നടക്കുമ്പോൾ തന്നെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തടസം പറഞ്ഞത്. ഇതിന്റെ പേരിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമുണ്ടായി ഈ പണം നഷ്ടമാകുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിർക്കുന്നത്.

Stories you may Like

എന്നാൽ കേന്ദ്രസർക്കാർ നോ പറഞ്ഞാൽ തന്നെയും ഈ പണം കേരളത്തിൽ എത്തിക്കാൻ യുഎഇ ശ്രമം ഊർജ്ജിതമാക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ യുഎഇ സ്ഥാപതി അഹമ്മദ് അൽ ബന്ന കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുന്നത് കേരളത്തിനും ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നു. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ യുഎഇ ഭരണാധികാരികൾ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സന്ദർശനം എന്നതു കൊണ്ട് തന്നെ ഇപ്പോഴത്തെ യാത്ര പലവിധത്തിൽ വിലയിരുത്തപ്പെടുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഇതര സംഘടനകളുമായി അഹമ്മദ് അൽബന്ന ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ സന്ദർശനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ യുഎഇ 700 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. എന്നാൽ വിദേശ സഹായം വേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

നിലവിൽ യുഎഇ ഭരണാധികാരികൾ കേരളത്തെ സഹായിക്കണം എന്ന് ആഹ്വാനം ചെയ്തതിന്റെ ഫലമായി ഫണ്ട് ശേഖരണ നടക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഈ ഫണ്ട് ശേഖരണം 500 കോടിക്ക് അടുത്തെത്തിയെന്ന വാർത്തകളും പുറത്തുവന്നു. ഈ പണം രാഷ്ട്രമെന്ന നിലയിൽ കേരളത്തിന് കൈമാറാൻ തടസങ്ങളുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ വഴി സഹായം എത്തിക്കാനാണ് യുഎഇ ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്ന സൂചനകൾ. വിദേശഫണ്ട് സ്വീകരിക്കാൻ രജിസ്‌ട്രേഷനുള്ള സന്നദ്ധ സംഘടനകൾ വഴി സഹായം എത്തിക്കാമെന്നാണ് യുഎഇയുടെ നീക്കമെന്നാണ് അറിയുന്നത്. അങ്ങനെ സഹായം നൽകുമ്പോൾ അതിന് നിയമതടസവും ഉണ്ടാകില്ലെന്ന പ്രത്യേകതയുണ്ട്. രാഷ്ട്രമെന്ന നിലയിൽ അല്ലാതെ ഗൾഫ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പണം എത്തിയേക്കുമെന്ന പ്രതീക്ഷയാണ് കേരള സർക്കാറിനും നിലവിലുള്ളത്.

700 കോടി യുടെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽബന്ന നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്തരമായ തീരുമാനമാണ്. പണമായോ സാധന സാമഗ്രികളായോ സഹായം നൽകുന്ന കാര്യം പരിശോധിക്കുമെന്നും അൽബന്ന വ്യക്തമാക്കിയിരുന്നു. സഹായം എങ്ങനെ വേണം എന്ന കാര്യത്തിൽ കൂടുതൽ വ്യക്ത കൈവരുത്തുന്നിനായാണ് അൽബന്ന കേരളം സന്ദർശിക്കുന്നത്.

യുഎഇയുടെ സഹായം പ്രളയക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് യുഎഇയുടെ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തൽ ഉണ്ടായത്. പ്രളയദുരിതത്തിൽ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാൻ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളം അങ്ങോട്ട് ആവശ്യപ്പെടാതെ സ്വയം സന്നദ്ധമായിട്ടായിരുന്നു യുഎഇ ഭരണകൂടത്തിന്റെ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇതോടെ യുഎഇ ഭരണകൂടത്തിന് കേരളത്തിന്റെ അഭിനന്ദന പ്രവാഹം സോഷ്യൽ മീഡിയ വഴി ഒഴുകിത്തുടങ്ങി. വിമർശനം കേന്ദ്രത്തിന് കേന്ദ്ര സർക്കാർ പ്രളയ ദുരിതാശ്വാസത്തിന് ഇതുവരെ പണമായി അനുവദിച്ചിരിക്കുന്നത് 600 കോടി രൂപയായാിരുന്നു. അതിനേക്കാൾ വലിയ തുക യുഎഇ നൽകുമെന്ന അവസരത്തിൽ വലിയ തോതിൽ സൈബർ ലോകത്തും പ്രചരണം ഉണ്ടായി. ഇത് രാഷ്ട്രീയ കോലാഹലങ്ങൾക്കു വഴിവെച്ചിരുന്നു. ഇതോടെയാണ് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുത്താൻ ഇടയാക്കിയത്.

അതിനിടെ യുഎഇയുടെ ധനസഹായത്തെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുമ്പോഴും യുഎഇയിലെ ചാരിറ്റബിൽ സംഘടനകൾ വഴി സഹായം എത്തിക്കാമെന്ന വാഗ്ദാനമാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നല്കിയതെന്നും വ്യക്തമാണ്. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു എന്നതിനെ കുറിച്ച് ട്വീറ്റായി ഇട്ട വേളയിലാണ് ഇക്കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തത കൈവന്നത്.

ശക്തമായ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയായിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമാണ്. ഞങ്ങളുടെ ജീവകാരുണ്യ സംഘടനകൾ കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫിലുള്ള ജനസംഖ്യയും വീടുകളും എടുത്താൽ പല വീടുകളുമായി ഒരു മലയാളി ബന്ധം ഉണ്ടാകും. യുഎഇ വൈസ് പ്രസിഡന്റ്ും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇന്ത്യക്കാരോട് നല്ല ബന്ധം പുലർത്തുന്നവരാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് യുഎഇ സഹാായ സന്നദ്ധത അറിയിച്ചത്. അതിനിടെ കേരളത്തിനുള്ള 700 കോടിയുടെ ധനസഹായം ഇന്ത്യ നിരസിച്ചുവെന്ന ആരോപണത്തിന് പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു. രണ്ടുതരത്തിലുള്ള ഭരണാധികാരികളെക്കുറിച്ചാണ് ട്വീറ്റ്. ജനങ്ങളുടെ നേട്ടത്തിനുവേണ്ടി വഴി തേടുന്നതും ജനജീവിതം ദുസ്സഹമാക്കാൻ ചട്ടങ്ങൾ ചുമക്കുന്നതുമായ രണ്ടുതരം അധികാരികളാണ് ലോകത്തുള്ളതെന്ന് ട്വിറ്ററിലൂടെ അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

'എന്റെ ജീവിതപാഠങ്ങൾ' എന്ന തലക്കെട്ടിലാണ് യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. അധികാരികൾ രണ്ടുതരത്തിലുണ്ട്. ആദ്യത്തേത് നന്മയിലേക്കു പൂട്ട് തുറക്കുന്നവർ. ജനസേവനത്തിലും ജനജീവിതമൊരുക്കുന്നതിലും ഇവർ ആനന്ദം കണ്ടെത്തുന്നു. നൽകുന്നതിൽ സ്വന്തം മൂല്യംകണ്ടെത്തുന്നു. മറ്റുള്ളവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ യഥാർഥനേട്ടം കാണുന്നവരും വാതിലുകൾ തുറന്നുകൊടുത്ത് പരിഹാരങ്ങൾ കണ്ടെത്തുന്നവരുമാണ് അവർ. എല്ലായ്‌പ്പോഴും ജനങ്ങളുടെ നേട്ടത്തിനു വഴി കണ്ടെത്തുന്നവർ.

രണ്ടാമത്തെവിഭാഗം നന്മകൾക്ക് ഉടക്കുവെക്കുന്നവരാണ്. എളുപ്പമായതിനെ സങ്കീർണമാക്കുന്നവർ. അധികമുള്ളതിനെ വെട്ടിക്കുറയ്ക്കുന്നവർ. ആവശ്യങ്ങൾ തേടിയെത്തുന്നവരെ വാതിലുകൾക്കും ഓഫീസുകൾക്കും മുന്നിൽ കാത്തുകെട്ടി നിർത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ. ആദ്യതരക്കാർ കൂടുതൽ ഉണ്ടായില്ലെങ്കിൽ ഒരു രാഷ്ട്രത്തിനും ഭരണകൂടത്തിനും വിജയിക്കാനാകില്ലെന്നും യുഎഇ പ്രധാനമന്ത്രി കുറിക്കുന്നു.

പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്ന കാര്യത്തിൽ കേരളവും കേന്ദ്രവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് പുറത്തുവന്നതോടെ കേരളത്തിന്റെ സാഹചര്യവുമായി ബന്ധപ്പെടുത്തി പലരും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത് പ്രചരിക്കുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP