Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇ പ്രഖ്യാപിക്കാത്ത 700 കോടിയുടെ പേരിൽ പിണറായിയും സിപിഎമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നെന്ന് ബിജെപി; സഹായം സ്വീകരിക്കില്ലെന്ന നിലപാട് നിയമലംഘനമെന്ന് കാണിച്ച് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചതോടെ ഫണ്ട് വിവാദം വീണ്ടും മുറുകുന്നു; എല്ലാം സുതാര്യമായി ചെയ്യുന്ന യുഎഇ ഭരണാധികാരികൾ പിൻവാതിലിലൂടെ പണം നൽകില്ലെന്നും വ്യക്തം; പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങേകാൻ ശ്രമിച്ചത് വിവാദമാകുമ്പോൾ മനസ് നൊന്ത് പ്രവാസി മലയാളികളും

യുഎഇ പ്രഖ്യാപിക്കാത്ത 700 കോടിയുടെ പേരിൽ പിണറായിയും സിപിഎമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നെന്ന് ബിജെപി; സഹായം സ്വീകരിക്കില്ലെന്ന നിലപാട് നിയമലംഘനമെന്ന് കാണിച്ച് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചതോടെ ഫണ്ട് വിവാദം വീണ്ടും മുറുകുന്നു; എല്ലാം സുതാര്യമായി ചെയ്യുന്ന യുഎഇ ഭരണാധികാരികൾ പിൻവാതിലിലൂടെ പണം നൽകില്ലെന്നും വ്യക്തം; പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങേകാൻ ശ്രമിച്ചത് വിവാദമാകുമ്പോൾ മനസ് നൊന്ത് പ്രവാസി മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന്ന സഹായമേകാൻ യുഎഇ സന്നദ്ധത അറിയിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് കേരളത്തിലെ വിവാദങ്ങൾ. ധനസഹായത്തിന്റെ പേരിൽ കേന്ദ്രവും കേരളവും തമ്മിൽ നേർക്കുനേർ നിൽക്കുകയാണ്. യുഎഇയിലെ പ്രവാസി മലയാളികളും വ്യവസായ സ്ഥാപനങ്ങളു വഴി പണം സമാഹരിച്ച് അത് ഇന്ത്യക്ക് കേരളത്തിന്റെ കൈത്താങ്ങായി കൈമാറാനാണ് ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം അബുദാബി ഭരണാധികാരി വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യം വ്യവസായി എംഎ യൂസഫലിയെ അറിയിച്ചപ്പോൾ തുടങ്ങിയതാണ് വിവാദങ്ങൾ. യൂസഫലി പറഞ്ഞ കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പുറത്തുപറയുകയായിരുന്നു. 700 കോടിയാണ് നൽകുക എന്നും പറഞ്ഞതോടെ തുടങ്ങിയ വിവാദം ഇപ്പോൾ കോടതി കയറുകയാണ്. യുഎഇ ഔദ്യോഗികമായി ഈ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിരുന്നു എന്നാണ് അറിയുന്നത്. വിഷയം സിപിഎം- ബിജെപി രാഷ്ട്രീയ പ്രശ്‌നമായി ഇതിനോടകം വളച്ചൊടിച്ചു കഴിഞ്ഞു.

ഇതിനിടെയാണ് യു.എ.ഇ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രനയം ചോദ്യം ചെയ്ത് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ പ്രളയക്കെടുതിയിലെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം നിരസിച്ച കേന്ദ്ര നിലപാട് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ഹരജി നൽകിയത്. സഹായം സ്വീകരിക്കണമെന്ന് ദുരന്തനിവാരണ ചട്ടങ്ങളിലുണ്ടെന്നും ഹരജിയിൽ പറയുന്നു. പ്രളയക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾ എത്രയാണെന്ന് കൃത്യമായി ചിട്ടപ്പെടുത്തണമെന്ന് ചട്ടങ്ങളിലുണ്ട്. അത് ചിട്ടപ്പെടുത്താത്ത സാഹചര്യത്തിൽ വിദേശ സഹായം നിരസിച്ച കേന്ദ്രത്തിന്റെ നിലപാട് തെറ്റാണെന്നും ഹരജിയിൽ പറയുന്നു. യു.എ.ഇ സഹായവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിറഞ്ഞ് നിൽക്കെയാണ് ഇക്കാര്യം സുപ്രീം കോടതിയിലെത്തിയത്.

ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കണം. ദുരന്ത നിവാരണ നിയമത്തിൽ ഇതിനുള്ള ചട്ടങ്ങളുണ്ട്. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനത്തിന്റെ ലംഘനമാണ്. വിവിധ രാജ്യങ്ങൾ കേരളത്തിന് വാഗ്ദ്ധാനം ചെയ്ത സഹായം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. കേരളത്തിന് യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ കോടികളുടെ സഹായം വാഗ്ദ്ധാനം ചെയ്തിരുന്നുവെങ്കിലും നിയമങ്ങളിലെ നൂലാമാലകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ തടഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ദുരന്തമുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് മുൻ വിദേശകാര്യമന്ത്രിമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് മാറ്റത്തിന് തയ്യാറായിട്ടില്ല. തുടർന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

അതേസമയം യു.എ.ഇ ഫണ്ട് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുൽ സുപ്രിയോ രംഗത്തെത്തി. യു.എ.ഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരിൽ പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. കേരളത്തിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. എന്നാല ഇരു സർക്കാരുകളും തമ്മിലുള്ള ഏട്ടുമുട്ടലിലേയ്ക്ക് കേരളം കാര്യങ്ങൾ കൊണ്ടുപോകുകയാണെന്ന് ബാബുൽ സുപ്രിയോ പറയുന്നു.

ജനങ്ങൾ വലിയ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയടക്കം സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയും തരംതാണ രാഷ്ട്രീയം കളിക്കുകയുമാണെന്ന് ബാബുൽ സുപ്രിയോ കുറ്റപ്പെടുത്തുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി യു.എ.ഇയെക്കൂടി വിഷമവൃത്തത്തിലാക്കി. 700 കോടി രൂപ പ്രഖ്യാപിച്ചതിനു മുഖ്യമന്ത്രിയുടെ കയ്യിൽ എന്ത് ഔദ്യോഗിക രേഖയാണുള്ളതെന്നും ബാബുൽ ചോദിച്ചു.

പ്രളയക്കെടുതിയുണ്ടായ ഉടൻ തന്നെ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകിയിട്ടുണ്ട്. ഇനിയും കേരളത്തിനു വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രളയ ദുരിതം നേരിടാൻ കേരളത്തിനു യു.എ.ഇ നൽകാമെന്നേറ്റ 700 കോടിയുടെ സഹായത്തിൽ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. യു.എ.ഇ ഭരണാധികാരി സംസാരിച്ചത് പ്രധാനമന്ത്രിയോടാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എം.എ യൂസഫലിയാണ് സഹായത്തിന്റെ കാര്യം കേരള സർക്കാരിനെ അറിയിച്ചത്. സഹായം വേണോ വേണ്ടയോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതിനിടെ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസർക്കാർ അനുവദിച്ച തുക അപര്യാപ്തമാണെന്നും യു.എ.ഇയിൽ നിന്നുള്ള ധനസഹായം സ്വീകരിക്കണമെന്നും മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു. കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണം. ഒഡിഷയിൽ ചുഴലിക്കാറ്റും ഗുജറാത്തിൽ ഭൂകമ്പവും ഉണ്ടായപ്പോൾ താൻ വിദേശകാര്യമന്ത്രിയായിരുന്നു. ഈ അവസരത്തിൽ വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശസഹായം സ്വീകരിക്കണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് അനാവശ്യ വിവാദമാണ് രാജ്യത്ത് നടക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ നേരിട്ട് ഇടപെടുന്നതിനാണ് വിദേശ രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് സഹായം സ്വീകരിക്കുന്നതിൽ തടസമില്ല. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന ചെയ്യുന്നതിനും തടസമില്ല. കേരളത്തിന് വേണ്ടി മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. അടിയന്തര സഹായമായി കേരളത്തിന് അനുവദിച്ച 500 കോടി അപര്യാപ്തമാണ്. കുറഞ്ഞത് 2000 കോടിയെങ്കിലും ഇപ്പോൾ അനുവദിക്കണം. യു.എ.ഇയിൽ നിന്നുള്ള സഹായം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യയിലുണ്ടായ ഫണ്ട് വിവാദം പ്രവാസി മലയാളികളെയാണ് ഏറെ വിഷമത്തിലാക്കുന്നത്. യുഎഇയിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി നോക്കുന്നുണ്ട്. യുഎഇ ഭരണാധികാരികളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് പ്രവാസി മലയാളികൾ. ഇന്ത്യയിലെ ഇപ്പോഴത്തെ വിവാദങ്ങളുടെ പേരിൽ തങ്ങളുടെ ഇഷ്ടപ്പെട്ട ഭരണാധികാരികളെ അനാവശ്യമായി വലിച്ചിഴക്കുന്നതാണ് അവരെ വിഷമത്തിലാക്കുന്നത്. നിലവിലിൽ യുഎഇ സ്വരൂപിക്കുന്ന ഫണ്ട് ഇന്ത്യക്ക് സുതാരമായ വഴിയിലൂടെയേ അവിടുത്തെ സർക്കാർ കൈമാറുകയുള്ളൂ. അതിന് വളഞ്ഞ വഴികൾ സ്വീകരിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ കേന്ദ്രം നിരസിച്ചാൽ ആ ഫണ്ട് നഷ്ടമാകാനാണ് സാധ്യത കൂടുതൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP