Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിന്ദു കൃഷ്ണ മകനെ കേന്ദ്രീയ വിദ്യാലയത്തിൽ ചേർത്തത് തിരുത്തി പകരം സർക്കാർ സ്‌കൂളിൽ ചേർക്കണം! ആവശ്യവുമായി യു പ്രതിഭ എംഎൽഎ; കേന്ദ്രീയ വിദ്യാലയം സർക്കാർ സ്‌കൂൾ ആണെന്ന് ആരെങ്കിലും എംഎൽഎയോട് പറഞ്ഞു കൊടുക്കൂ പ്ലീസ്.. എന്നു പറഞ്ഞ് പൊങ്കാല; ഏതോ പണച്ചാക്കിന്റെ സ്‌കൂളാണെന്ന് കരുതിയോ എന്നു ചോദിച്ച് ബിന്ദുവിന്റെ മറുപടി; ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാമെന്നും പരിഹാസം: പ്രതിഭയുടെ മാറ്റുതെളിയിച്ച മാറ്റൊരു വിവാദം കൂടി

ബിന്ദു കൃഷ്ണ മകനെ കേന്ദ്രീയ വിദ്യാലയത്തിൽ ചേർത്തത് തിരുത്തി പകരം സർക്കാർ സ്‌കൂളിൽ ചേർക്കണം! ആവശ്യവുമായി യു പ്രതിഭ എംഎൽഎ; കേന്ദ്രീയ വിദ്യാലയം സർക്കാർ സ്‌കൂൾ ആണെന്ന് ആരെങ്കിലും എംഎൽഎയോട് പറഞ്ഞു കൊടുക്കൂ പ്ലീസ്.. എന്നു പറഞ്ഞ് പൊങ്കാല; ഏതോ പണച്ചാക്കിന്റെ സ്‌കൂളാണെന്ന് കരുതിയോ എന്നു ചോദിച്ച് ബിന്ദുവിന്റെ മറുപടി; ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാമെന്നും പരിഹാസം: പ്രതിഭയുടെ മാറ്റുതെളിയിച്ച മാറ്റൊരു വിവാദം കൂടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കായംകുളം എംഎൽഎ യു പ്രതിഭ എംഎൽഎ കുറച്ചുകാലങ്ങളായി വിവാദങ്ങളുടെ തോഴിയായിരിക്കയാണ്. സോഷ്യൽ മീഡിയാ പോസ്റ്റുകളുടെ പേരിലാണ് ഇവർ വിവാദത്തിലായിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ ഫേസ്‌ബുക്കിൽ മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യത്തിന് കമന്റിട്ടതിനെ തുടർന്ന് സ്വന്തം പാർട്ടി അണികളുടെയും കണ്ണിൽ കരടായ യു പ്രതിഭ വീണ്ടും വിവാദത്തിൽ ചാടിയത് ഒരു കാര്യവുമില്ലാത്ത കാര്യത്തിന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ വിമർശിച്ചതിന്റെ പേരിലാണ്. ബിന്ദു കൃഷ്ണ ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതം പ്രതിഭ വിമർശനം ഉന്നയിച്ചതോടെ സ്വയം പണി വാങ്ങിയ അവസ്ഥയായി.

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തിൽ (കെവി) വിടുന്നതിനു പകരം 'സർക്കാർ സ്‌കൂളിൽ' അയയ്ക്കണമെന്ന് ഫേസ്‌ബുക്കിൽ തീപ്പൊരിയായി കുറിക്കുകയായിരുന്നു എംഎൽഎ. പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റു കണ്ടാൽ ബിന്ദു കൃഷ്ണ സ്വകാര്യ സ്‌കൂളിൽ അയച്ചതെന്ന വിധത്തിലായിരുന്നു. ഇതോടെ സൈബർ സഖാക്കൾ തന്നെ നാണം കെടുന്ന അവസ്ഥയുണ്ടായി. കേന്ദ്രീയ വിദ്യാലയം എന്നു പറഞ്ഞാൽ കേന്ദ്രസർക്കാറിന് കീഴിലുള്ള സ്‌കൂളാണെന്ന് ആരെങ്കിലും എംഎൽഎയ്ക്ക് പറഞ്ഞു കൊടുക്കൂ.. എന്നു പറഞ്ഞു കൊണ്ടുള്ള നിലവിളികളായി സോഷ്യൽ മീഡിയയിൽ മുഴുവൻ. എന്തായാലും പ്രതിഭയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ ആഘോഷത്തിന് ഇടയായി.

കേന്ദ്രീയ വിദ്യാലയം കേന്ദ്ര സർക്കാർ സ്ഥാപനമാണെന്നു പോലും എംഎൽഎയ്ക്ക് അറിയില്ലേ എന്നായിരുന്നു കമന്റുകളിലെ പരിഹാസം. സംഭവം അബദ്ധമായെന്നും വിവാദമായെന്നും മനസ്സിലായതോടെ താൻ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണെന്ന് പ്രചരണം ശരിയല്ലെന്നു ചേർത്ത് പോസ്റ്റ് പ്രതിഭ എംഎൽഎ തിരുത്തിയിട്ടുണ്ട്. അതേസമയം വിവാദമായതോടെ മറുപടിയുമായി ബിന്ദുവും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാമെന്നും പറഞ്ഞു പരിഹസിച്ചു. ഏതോ പണച്ചാക്കിന്റെ പ്രൈവറ്റ് സ്‌കൂളാണെന്ന് കരുതിയോ എന്നു ചോദിച്ചാണ് ബിന്ദു മറിപടി നൽകിയത്.

ബിന്ദു കൃഷ്ണയുടെ മകൻ ശ്രീകൃഷ്ണ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷാരംഭത്തിൽ അച്ഛൻ കൃഷ്ണകുമാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇന്നലെ പ്രതിഭ സ്വന്തം കുറിപ്പിനൊപ്പം ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ആണെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 'നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം...ആദർശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണിയേണ്ടവരല്ല നമ്മൾ പൊതുപ്രവർത്തകർ...എന്നും സർക്കാർ സ്‌കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം.'-ഇങ്ങനെ പോകുന്ന പ്രതിഭയുടെ കുറിപ്പ്.

പോസ്റ്റിനൊപ്പമുള്ള സ്‌ക്രീൻഷോട്ടിൽ 'കേന്ദ്രീയ വിദ്യാലയങ്ങൾ ഇന്ന് തുറന്നു' എന്ന ബിന്ദു കൃഷ്ണയുടെ കമന്റും വ്യക്തമായി കാണാം. കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദോഷമായ കമന്റ് ഇട്ടതിനു തന്റെ കുടുംബജീവിതം വരെ പരാമർശിച്ചു കമന്റ് ചെയ്തവരെ 'സഖാവ്' എന്ന് അഭിസംബോധന ചെയ്യാൻ അറയ്ക്കുന്നുവെന്ന യു.പ്രതിഭയുടെ പോസ്റ്റ് പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റിനു താഴെ വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് കമന്റ് ചെയ്തതാണ് അന്ന് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്.

യു പ്രതിഭയുടെ ഫേസ്‌ബുക്ക് ഇങ്ങനെ:

കേരളത്തിലെ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് ( ഈ ഫോട്ടോയിൽ കാണുന്ന മകനോട് സ്‌നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകൾ ). രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോൾ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ആകും. ഇനി വിഷയത്തിലേക്ക് വരാം.കേരളത്തിൽ സർക്കാർ സ്‌കൂളുകൾ തുറക്കുന്നത് June 6 ന് ആണ്. എന്റെ മകൻ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങൾ വന്നു. യൂണിഫോം വന്നു.. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാലയങ്ങൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു..

ഇവിടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണ്... ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓൺലൈൻ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാർത്ഥികൾക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നൽകുന്നത് കണ്ടു. തങ്ങൾ ആർക്കാണോ പ്രചരണം നൽകാൻ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്നത് കണ്ടു. എന്നാൽ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താൻ ..

നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം.. ജനപ്രതിനിധി ആയി ജില്ലാ പഞ്ചായത്തിൽ ഇരിക്കെ നിരന്തരമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ക്യാംപയിൻ ചെയ്യുമായിരുന്നു.അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു.എന്റെ സഹപ്രവർത്തകരായിരുന്നു രണ്ട് അംഗങ്ങൾ അവരുടെ മക്കളെ Unaided നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേർത്തു.

... നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കൾ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്... ആദർശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണി യേണ്ടവരല്ല നമ്മൾ പൊതുപ്രവർത്തകർ.. സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ടവരാണ് നമ്മൾ .. എന്റെ മകനെ അംഗൻവാടി മുതൽ ഈ നിമിഷം വരെ സർക്കാർ സ്ഥാപനത്തിൽ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയിൽ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സർക്കാർ സ്‌കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം... ഈ Post കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കാത്ത ,, വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മനസ്സിലാകും .. മനസ്സിലായാൽ മതി..

മറുപടി നൽകിയ ബിന്ദു കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകൻ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോൾ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎൽഎ കരുതിക്കാണും. അതല്ലെങ്കിൽ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാർക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റ്.

മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തിൽ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സർക്കാർ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാൾ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്‌കൂളിൽ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന മാതാവിനെക്കാൾ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാൻ പോരാട്ടം നയിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയാണ് ഞാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP