Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ലോക മലയാളികൾക്കിടയിലെ ഒന്നാം സ്ഥാനത്തേക്ക് യുകെ മലയാളി ഡോ. ജജിനി വർഗീസ്; ഓൺലൈൻ വോട്ടിങ്ങിൽ മലയാളി സമൂഹം കൂടെ നിന്നപ്പോൾ അന്താരാഷ്ട്ര പുരസ്‌കാരം പുഞ്ചിരിയുടെ സഹയാത്രികയ്ക്ക്; അനേകം മുഖങ്ങളിൽ പുഞ്ചിരിക്ക് കാരണക്കാരിയായ ഡോ. ജജിനി പ്രവാസി മലയാളി സമൂഹത്തിൽ തിളങ്ങുമ്പോൾ അഭിമാനത്തോടെ ഓരോ യുകെ മലയാളിയും

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: ലോകത്തിലെ ഏറ്റവും പ്രധാനികളായ യുവ പ്രൊഫഷലുകളെയും അവരവരുടെ രംഗങ്ങളിൽ ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ചവരെയും തേടിയിറങ്ങിയ അമേരിക്കയിലെ ജെ സി ഐ ഇന്റർനാഷനലിന്റെ ഈ വർഷത്തെ കണ്ടെത്തൽ എത്തിയിരിക്കുന്നത് യുകെ മലയാളിയുടെ കൈകളിലേക്ക്. കേംബ്രിഡ്ജിൽ പഠിച്ചിറങ്ങിയ യുവ പ്ലാസ്റ്റിക് സർജൻ അനേകം വേദനിക്കുന്ന മുഖങ്ങളുടെ പുഞ്ചിരിയായപ്പോൾ സദാ പുഞ്ചിരിക്കുന്ന ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. ജജിനി വർഗീസിന്റെ ചിരിക്കിപ്പോൾ നൂറു വോൾട്ട് ബൾബിന്റെ പ്രകാശം.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ പത്തു പേരിൽ നിന്നും വിജയിയെ കണ്ടെത്താൻ ഓൺലൈൻ വോട്ടെടുപ്പ് നടന്നപ്പോൾ ബ്രിട്ടീഷ് മലയാളി അടക്കം നിറഞ്ഞ പിന്തുണ നൽകിയാണ് ഡോ. ജജിനിക്കൊപ്പം നിന്നത്. ആരോഗ്യ പ്രവർത്തക എന്ന നിലയിലും യുകെയിലെ മലയാളി സമൂഹത്തിന്റെ പൂർണ പിന്തുണയും ഡോ. ജജിനിയെ തേടിയെത്തി എന്നു തന്നെയാണ് കരുതപ്പെടുന്നത്. യുകെയിൽ നിന്നും മത്സരിക്കാൻ ഉണ്ടായ ഏക വ്യക്തി എന്നതും ഡോക്ടർ ജജിനിക്ക് തുണയായി മാറുകയും ചെയ്തു.

ഔട്ട് സ്റ്റാൻഡിങ് യാങ് പേഴ്‌സൺ ഓഫ് ദി വേൾഡ് 2020'' എന്ന ടൈറ്റിലാണ് ഡോ. ജജിനിയെ തേടിയെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളെ വേദനയുടെ ലോകത്തേക്ക് എത്തിക്കുന്ന സ്തനാർബുദ പഠനമാണ് മെഡിക്കൽ ലോകത്തു ഡോ. ജജിനിയെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ഈ മാരക രോഗം പാരമ്പര്യമായി ലഭിക്കുന്നതാണോ എന്ന പഠനമാണ് ഡോ. ജിനി ഏറ്റെടുത്തിരിക്കുന്നത്.


ലോകത്തെ പത്തു പ്രമുഖരെ ആഗോള സംഘടന തേടുമ്പോൾ അതിലൊരാളാകാൻ ലണ്ടനിലെ മലയാളി ഡോക്ടർ; അവസാന റൗണ്ട് മത്സരത്തിലെത്തുന്ന ആദ്യ യുകെ മലയാളി; സ്തനാർബുദം വരുന്നതിനു പാരമ്പര്യം കാരണമാണോ എന്ന് അന്വേഷിച്ചിറങ്ങിയ പ്ലാസ്റ്റിക് സർജൻ യുകെ മലയാളികൾക്ക് അഭിമാനമാകുമ്പോൾ
ഇതു സംബന്ധിച്ച മെഡിക്കൽ ജേണലുകൾ വൈദ്യ ശാസ്ത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് പ്ലാസ്റ്റിക് സർജറി വിദഗ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ഈ മലയാളിക്കൊപ്പമാണ്. ലോകം ശ്രദ്ധിക്കേണ്ട വൈദ്യശാസ്ത്ര കണ്ടെത്തൽ എന്ന മുഖവുര നൽകിയാണ് ലോകാവ്യക്തിയെ തേടിയെത്തിയ ജെ സി ഐ ഈ വർഷത്തെ അവാർഡ് ഡോ. ജജിനിക്ക് സമ്മാനിക്കുന്നത്.

നാൽപതു വയസിൽ താഴെയുള്ളവരിൽ ഏറ്റവും പ്രഗത്ഭരായവരെ തേടി ഇറങ്ങിയ ഇന്റർനാഷണൽ ജൂനിയർ ചേംബറിന്റെ ഈ വർഷത്തെ കണ്ടെത്തൽ ഓരോ യുകെ മലയാളിക്കും അഭിമാനമാകുകയാണ്. കാരണം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി എത്തിയവരിൽ നിന്നും ഏറ്റവും ഒടുവിലത്തെ അഭിമാന താരമായി മാറാൻ ഒരു യുകെ മലയാളിക്ക് സാധിച്ചു എന്നത് അവിശ്വസനീയമാകുകയാണ്. സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന യുവ പ്രതിഭകളെ പിന്തള്ളിയാണ് ഡോ. ജജിനി നേട്ടം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത് എന്നതും പ്രധാനമാണ്.

ലോകത്തെ 110 രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നുമാണ് അവസാന റൗണ്ടിലെ പത്തു പേരിലേക്ക് മത്സരം ചുരുങ്ങിയത് എന്നതാണ് ശ്രദ്ധേയം. അതും ബിസിനസ്, സംരംഭകത്വം, രാഷ്ട്രീയം, സർക്കാർ വകുപ്പുകൾ, കല, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങൾ, കുട്ടികൾക്കും ലോക സമാധാനത്തിനും സംഭാവന നൽകിയവർ, ശാസ്ത്ര സാങ്കേതിക നേട്ടം കൈപ്പിടിയിൽ ഒതുക്കിയവർ, വൈദ്യശാസ്ത്ര രംഗത്ത് അഭിമാന നേട്ടം സാധിച്ചെടുത്തവർ തുടങ്ങിയ മേഖലകളിൽ നിന്നാണ് അവസാന റൗണ്ടിൽ മത്സരിക്കാൻ ഉള്ളവർ എത്തിയത്.

ജപ്പാനിലെ യോഗഹാമയിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഗ്രസിൽ വച്ചാണ് ഈ വർഷത്തെ അവാർഡ് സമ്മാനിക്കുക. പ്രശസ്തി പത്രവും ഫലകവും അടങ്ങിയ ഈ അവാർഡിന്റെ മുൻ ജേതാക്കൾ ആരെന്നറിയുമ്പോഴാണ് ശരിക്കും ഞെട്ടൽ തോന്നുക. ലോകത്തെ തന്നെ മാറ്റിമറിക്കാൻ സംഭാവനകൾ നൽകിയ ജോൺ എഫ് കെന്നഡി, ഹെന്റി കിസിഞ്ചർ, ജെറാൾഡ് ഫോർഡ്, ഹൊവാഡ് ഹ്യുസ്, നെൽസൻ രൂക്‌ഫൈലർ, ആന്തണി റോബിൻസ്, ബെനിഞ്ഞോ അക്വിനോ, ജാക്വി ചാൻ, എൽവിസ് പ്രെസ്ലി തുടങ്ങിയ വിഖ്യാത പ്രതിഭകളാണ് മുൻപ് ഈ അവാർഡിൽ മുത്തം വച്ചിട്ടുള്ളത്. അത്ര നിസാരമായി കരുതേണ്ട ഒന്നല്ല ജെ സി ഐ അവാർഡ് എന്ന് ചുരുക്കം.

ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭയായ മലയാളി ഡോക്ടർ എന്ന വിശേഷണവും ഡോ. ജജിനിക്ക് നന്നായി ഇണങ്ങും. കാരണം റോയൽ കോളേജ് ഓഫ് സർജൻസ് ഗ്രൂപ്പിലെ പ്രധാന അംഗമായ ഇവർ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ വിസിറ്റിങ് ഫാക്കൽറ്റി കൂടിയാണ്. എഫ് ആർ സി എസ്, എം ആർ സി എസ് എന്നീ പ്രൊഫഷണൽ ഗ്രൂപുകളിൽ അംഗമായ ജജാനി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ബോർഡ് ഓഫ് എക്സാമിനഴ്സ് അംഗം ആണെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

പ്ലാസ്റ്റിക് സർജറി കോഴ്സിൽ ബിരുദാനന്തര പഠനം നടത്താൻ എത്തുന്ന വിദ്യാർത്ഥികളുടെ മുന്നിൽ പ്രിയപ്പെട്ട അദ്ധ്യാപികയുടെ വേഷമാണ് ഈ യുവ ഡോക്ടർക്കു ഇണങ്ങുക. ഇത്തരത്തിൽ ഓരോ മേഖലയിൽ കൈവയ്ക്കുമ്പോഴും അവിടെയൊന്നും ഈ യുവ ഡോക്ടറെ വെല്ലാൻ മറ്റൊരാളില്ല എന്നതാണ് സത്യം. ഒരു പക്ഷെ ഏതു മേഖലയിൽ ചെന്നാലും മലയാളി അവിടെ മാറ്റിനിർത്തപ്പെടില്ല എന്ന ചൊല്ല് ഡോ. ജജിനിയെ പോലെയുള്ളവരെ കൂടി മുൻകൂട്ടി മനസ്സിൽ കണ്ടു പറഞ്ഞു പഴകിയ പ്രയോഗമായി മാറുകയാവാം.

കേംബ്രിജിൽ എംഫിൽ പൂർത്തിയാക്കിയ ശേഷം ജെനെറ്റിക്‌സ് ഓഫ് ബ്രെസ്റ്റ് കാൻസർ എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയ ജജിനിക്ക് പഠന വഴികളിൽ തുണയായി കോമൺവെൽത്ത് ഫുൾ സ്‌കോളർഷിപ്പും കൂട്ടായി എത്തിയിരുന്നു. ലോക ക്യാൻസർ ചികിത്സ രംഗത്തെ അവസാന വാക്കായ അമേരിക്കയിലെ മായോ ക്ലിനിക്, ഹാർവാഡ് യൂണിവേഴ്സിറ്റി എന്നിവ ഡോ. ജജനി കണ്ടെത്തിയ സെഡ് എൻ എഫ് 365 ജീൻ ബ്രെസ്റ്റ് ക്യാൻസറിൽ വഹിക്കുന്ന നിർണായക റോളിൽ സാധുത ഉണ്ടെന്ന വെളിപ്പെടുത്തൽ അംഗീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഈ പഠന റിപ്പോർട്ടുകൾ ലോക ക്യാൻസർ ചികിത്സ രംഗത്തെ നൂതന കണ്ടെത്തലുകൾ ചർച്ച ചെയ്യുന്ന മെഡിക്കൽ ജേണലുകളിൽ ഹോട്ട് ടോപ്പിക്കായി മാറുകയും ചെയ്തു. നേച്വർ മാസിക അടക്കം ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചതും ഡോ. ജജനിക്കുള്ള ആദരവായി മാറുകയായിരുന്നു. ഇതോടെ മ്യൂട്ടേഷൻ സംഭവിക്കുന്ന ജീനിനെ തിരിച്ചറിയാനും ബ്രെസ്റ്റ് ക്യാൻസർ രോഗികളിൽ നേരത്തെ രോഗം തിരിച്ചറിഞ്ഞു ഫലപ്രദ ചികിത്സ സാധ്യമാക്കാനും കഴിയുന്നു എന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുകയാണ്.

ബ്രെസ്റ്റ് ക്യാൻസർ ബാധിച്ച സ്ത്രീകളുടെ തുടർന്നുള്ള ജീവിതത്തിൽ പ്ലാസ്റ്റിക് സർജൻ എന്ന നിലയിൽ കൂടുതൽ മെച്ചമായ ജീവിതം വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യമാണ് മറ്റെന്തിനേക്കാളും ഇപ്പോൾ ഡോ. ജജിനിയെ പ്രചോദിപ്പിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീകളെ കൂടുതൽ മനോധൈര്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ പ്രേരിപ്പിക്കും വിധം നിർണായകമായ തുടർ ശസ്ത്രക്രിയകൾ ഏറ്റവും നൂതന റോബോട്ടിക് സർജറി വഴി ചെയ്യുന്നതിൽ പ്രഗത്ഭ കൂടിയാണ് ഡോ. ജജിനി. ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്ന ചുരുക്കം ബ്രിട്ടീഷ് ഡോക്ടർമാരിൽ ഒന്നാം നിരയിലാണ് ഈ യുവ ഡോക്ടർ.

ആതുരസേവനം ഗ്രാമീണ തലത്തിൽ എത്തിക്കാൻ കഠിന പ്രയത്‌നം ചെയുന്ന ഡോ. ജജിനി ഇന്ത്യയിൽ ഇത്തരത്തിൽ യുവ ഡോക്ടർമാരെ സൃഷ്ടിക്കുന്നതിൽ ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുന്നുണ്ട്. അവർക്കാവശ്യമായ ഇന്റർനാഷണൽ സ്‌കോളർഷിപ്പുകൾ ലഭ്യമാകുമ്പോൾ യുവ ഡോക്ടർമാർ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ഗ്രാമ തലത്തിൽ പ്രവർത്തിക്കുന്നു എന്നുറപ്പാക്കാനും ഇവർ ശ്രമിക്കുന്നുണ്ട്, താൻ സ്വയം ചിന്തിക്കുമ്പോൾ വെറുമൊരു സാധാരണ വ്യക്തിയാണെന്നും എന്നാൽ സ്ഥിരോത്സാഹം കൈവിട്ടു കളയാത്ത മനോഭാവം തന്നിൽ സൂക്ഷിക്കുന്നുണ്ട് എന്നുമാണ് അവാർഡ് നേട്ടത്തിൽ പ്രതികരണമായി അറിയിച്ചത്.

ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുന്നു എന്നതാണ് മഹാഭാഗ്യമായി ഈ ഡോക്ടർ കരുതുന്നത്. ക്യാൻസറിനെ പൂർണമായും തോൽപിക്കാനാകില്ല. എന്നാൽ ജനങ്ങളെ ക്യാൻസർ ബാധിച്ചാലും ജീവിതം അവസാനിച്ചു എന്ന തോന്നൽ കൂടാതെ വീണ്ടും ജീവിതത്തെ പ്രതീക്ഷയോടെ കാണുവാൻ പ്രേരിപ്പിക്കുകയാണ് ഓരോ ആരോഗ്യ പ്രവർത്തക എന്ന നിലയിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഒരു ഡോക്ടർക്കു ക്യാൻസർ സെല്ലുകൾ സൃഷ്ടിക്കുന്ന ബാഹ്യ അടയാളങ്ങൾ ഇല്ലാതാക്കാൻ സാധിച്ചാലും ഒടുവിൽ ദൈവത്തിന്റെ അത്ഭുത കരങ്ങൾ കൂടി പ്രവർത്തിക്കണം എന്ന് ചിന്തിക്കുവാനും ഡോ. ജജിനി മടിക്കുന്നില്ല. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഏറ്റവും പ്രസ്റ്റീജ് എന്ന് കരുതപ്പെടുന്ന അനവധി പുരസ്‌കാരങ്ങളും മുൻപ് ഡോ. ജജിനിയെ തേടി എത്തിയിട്ടുണ്ട്.

കിങ്സ് കോളേജ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, ഡ്യൂക്ക് യൂണിവേഴ്സ്റ്റിറ്റി അമേരിക്ക, ബാപ്രസ് ലണ്ടൻ, എൻഎച്ച്ഇഎസ് റോട്ടർഡാം, യൂറോപ്യൻ ജനറ്റിക്‌സ് കോൺഫ്രൻസ് ആംസ്റ്റർഡാം, ദി അമേരിക്കൻ തൊറാസിക് സൊസൈറ്റി, ദി ഇന്റർനാഷണൽ കാൻസർ ഇമേജിങ് കോൺഗ്രസ്, ദി വെൽകം സെൻഗർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ഒക്കെ പ്രഭാഷണ പാരമ്പരയുമായി നിരന്തരം എത്തുന്ന സൗമ്യ സാന്നിധ്യം കൂടിയാണ് ഈ പുഞ്ചിരി ഡോക്ടർ.

ഡോക്ടർ എന്നതിന് പുറമെ നന്നായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തം ചെയ്യുന്ന ജജിനി ഒഴിവു സമയം കിട്ടിയാൽ അൽപം പെയിന്റിംഗും ഏറ്റെടുക്കും. ലണ്ടനിൽ തന്നെ ഡോക്ടറായി സേവനം ചെയ്യുന്ന കോശി ചെറിയാൻ ആണ് ഇവരുടെ ഭർത്താവ്. 11 ഉം ഏഴും വയസുള്ള രണ്ടാൺ കുട്ടികളാണ് ഈ ദമ്പതികൾക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP