Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈകിട്ട് നാലു മണിക്ക് അറസ്റ്റ് ചെയ്ത് രാത്രി ഏഴിന് റിമാൻഡ് ചെയ്തു: വിവരം ചോരാതിരിക്കാൻ പാർട്ടി സംവിധാനം ഉണർന്നു പ്രവർത്തിച്ചു: വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയ ജയസൂര്യ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സ്നേഹഭാജനം: തട്ടിപ്പുകാശു കൊണ്ട് വാങ്ങിയ ഭൂമിയിൽ മൂന്നുസെന്റ് പാർട്ടിക്ക് വിട്ടു കൊടുത്ത് മാതൃക കാട്ടിയ വമ്പൻ സ്രാവ്; കൂടുതൽ സിപിഎം നേതാക്കൾ അന്വേഷണത്തിൽ കുടങ്ങും; മറ്റൊരു സോളാറായി ജോലി തട്ടിപ്പ്

വൈകിട്ട് നാലു മണിക്ക് അറസ്റ്റ് ചെയ്ത് രാത്രി ഏഴിന് റിമാൻഡ് ചെയ്തു: വിവരം ചോരാതിരിക്കാൻ പാർട്ടി സംവിധാനം ഉണർന്നു പ്രവർത്തിച്ചു: വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയ ജയസൂര്യ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സ്നേഹഭാജനം: തട്ടിപ്പുകാശു കൊണ്ട് വാങ്ങിയ ഭൂമിയിൽ മൂന്നുസെന്റ് പാർട്ടിക്ക് വിട്ടു കൊടുത്ത് മാതൃക കാട്ടിയ വമ്പൻ സ്രാവ്; കൂടുതൽ സിപിഎം നേതാക്കൾ അന്വേഷണത്തിൽ കുടങ്ങും; മറ്റൊരു സോളാറായി ജോലി തട്ടിപ്പ്

ആർ കനകൻ

കൊല്ലം: വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് പൊലീസ് പിടിയിലായ സിപിഎം നേതാക്കൾ വമ്പൻ സ്രാവുകൾ. അടൂർ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സതിയുടെ മകൾ ജയസൂര്യ പ്രകാശ്, സിനിമാനടനും സംവിധായകനുമായ ഗോവിന്ദൻകുട്ടി അടൂരിന്റെ മൂത്തസഹോദരനും നെല്ലിമുകൾ സ്വദേശിയും സിപിഎം തുവയൂർ ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടം എന്നിവർ തട്ടിപ്പ് നടത്തിയത് പത്തനംതിട്ടയിലെ മൂന്ന് ഉന്നത സിപിഎം നേതാക്കളുടെ തണലിലാണെന്ന് ആരോപണം ഉയരുന്നു. പൊലീസിന് മേൽ കടുത്ത സമ്മർദം ചെലുത്തി, മാധ്യമങ്ങൾക്ക് വിവരം ചോരാതിരിക്കാനും ശ്രമം നടത്തി.

20 പേരിൽ നിന്നാണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയതായി ഇതുവരെ വിവരം പുറത്തു വന്നിട്ടുള്ളത്. 16 പേരിൽ നിന്ന് രണ്ടു പേരും ചേർന്നും നാലുപേരിൽ നിന്ന് ജയസൂര്യ ഒറ്റയ്ക്കുമാണ് പണം വാങ്ങിയത്. 75 ലക്ഷം തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ 1.60 കോടിയുടെ തട്ടിപ്പാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇതു മൂന്നു കോടി കവിയുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കെടിഡിസിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് നാലുപേരിൽ നിന്നായി രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നു.

ജോലി കിട്ടാൻ വൈകിയപ്പോൾ ഇവർ നേരിട്ട് ചെയർമാൻ എം വിജയകുമാറിനെ സമീപിച്ചു. തങ്ങൾ നേരിട്ട് നിയമനമില്ലെന്നും പിഎസ് സി വഴി മാത്രമേ ആളെ എടുക്കൂ എന്നും അറിയിപ്പു കിട്ടിയതോടെ ഇവർ പണം തിരികെ ചോദിച്ചു. നൽകാതെ വന്നപ്പോഴാണ് പരാതി നൽകിയത്.

അറസ്റ്റ്, റിമാൻഡ്...എല്ലാം വളരെപ്പെട്ടെന്നായിരുന്നു

കെടിഡിസി ചെയർമാനും മുൻ സ്പീക്കറുമായ എം വിജയകുമാറിന്റെ ലെറ്റർ പാഡ്, ഔദ്യോഗിക സീൽ, ഒപ്പ് എന്നിവ വ്യാജമായി നിർമ്മിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി കൃഷ്ണയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലും സ്പെഷൽ ബ്രാഞ്ചും ചേർന്നാണ് അന്വേഷണം തുടങ്ങിയത്. ആദ്യം പിടിയിലായത് പ്രശാന്ത് പ്ലാന്തോട്ടമാണ്. ഞായറാഴ്ച വൈകിട്ട് അടൂരിൽ നിന്നും പ്രശാന്തിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പുത്തൻകാറും അതിൽ നിന്ന് വ്യാജരേഖകളും കണ്ടെടുത്തു. പിറ്റേന്ന് രാവിലെ തന്നെ റിമാൻഡും ചെയ്തു. ആരുമറിഞ്ഞില്ല. പിന്നെ ജയസൂര്യയ്ക്ക് വേണ്ടിയുള്ള അന്വേഷണമായി.

സൈബർ സെല്ലിന്റെ പരിശോധനയിൽ ജയസൂര്യ ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് വരുന്നതായി സൂചന കിട്ടി. ഇതനുസരിച്ച് പന്തളം ടൗണിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തത് സൈബൽ സെൽ എസ്ഐ ജോഷിയും സംഘവുമാണ്. കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്നതിന് പിന്നാലെ അൽപ സമയം പോലും വൈകാതെ ജയസൂര്യയെ റിമാൻഡ് ചെയ്തു. ഇവരുടെ കാറിൽ നിന്നാണ് വിജയകുമാറിന്റെ വ്യാജലെറ്റർ പാഡും സീലുകളും ഒപ്പിടാൻ ഉപയോഗിക്കുന്ന് പ്രത്യേക തരം പേനകളും കണ്ടെടുത്തത്. നിരവധി പ്രോമിസറി നോട്ടുകളും വാഹനത്തിലുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്റെ നിർദ്ദേശത്തേക്കാളുപരി സിപിഎം നേതാക്കളാണ് ഈ സമയം പൊലീസിനെ നിയന്ത്രിച്ചിരുന്നത്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രണ്ടുപേരും ഒരു ഏരിയാ സെക്രട്ടറിയും ഈ സമയം മുഴുവൻ നെട്ടോട്ടമോടുകയായിരുന്നു.

ജയസൂര്യയുടെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി അടക്കമുള്ളവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കിട്ടും. എന്നാൽ, ഇത് ഒഴിവാക്കി കുറ്റം മുഴുവൻ ഇവരെക്കൊണ്ട് സമ്മതിപ്പിച്ച് കൂടുതൽ അന്വേഷണത്തിലേക്ക് പോകാതിരിക്കാനാണ് നീക്കം നടക്കുന്നത്. പുറത്തു കാണുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ട്. സിപിഎമ്മിന്റെ മറ്റു നേതാക്കൾക്കും തട്ടിപ്പിൽ പങ്കുള്ളതായും സൂചന കിട്ടിയിട്ടുണ്ട്. ഇതു പുറത്തു വിടരുതെന്ന് കർശന നിർദ്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു സോളാർ കേസാണ് ഇത് എന്നാാണ് പൊലീസുകാരിൽ ചിലർ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിട്ടാണ് തട്ടിപ്പ് അധികവും നടന്നിട്ടുള്ളത്. ജയസൂര്യ എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം, ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം മലയൻകീഴിൽ താമസിക്കുന്ന ജയസൂര്യ അവിടെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമാണെന്നും പറയപ്പെടുന്നു.

നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ സിപിഎം സൈബർ സഖാവും സ്ത്രീകളുടെ അവകാശത്തിന്റെ മുന്നണിപ്പോരാളിയുമാണ്. വിവാഹബന്ധം വേർപെടുത്തുന്നതിനായി കോടതിയിൽ കേസ് നടക്കുകയുമാണ്. അടൂർ കേന്ദ്രീകൃതമാണ് പത്തനംതിട്ട ജില്ലയിലെ സിപിഎം നേതൃത്വം. ജില്ലാ സെക്രട്ടറിയും രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഇവിടെ നിന്നുണ്ട്. മാഫിയകളുടെ വിളയാട്ട സ്ഥലം കൂടിയാണ് അടൂർ. തട്ടിപ്പിന് സിപിഎം നേതാക്കൾ പിടിയിലായ വാർത്ത ഇന്നലെ വൈകിട്ടാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ തുവയൂർ ലോക്കൽ കമ്മറ്റിയംഗമായ പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പോസ്റ്റർ അടിച്ച് ഒട്ടിക്കാനും ആരംഭിച്ചു. ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇതിന് നേതൃത്വം നൽകിയത്.

തട്ടിപ്പിന്റെ വിഹിതം പാർട്ടിക്കും ഇരിക്കട്ടെ...

തട്ടിപ്പു നടത്തി കിട്ടിയ പണം കൊണ്ട് സ്വന്തം നാടായ കടമ്പനാട്ട് 21 സെന്റ് വസ്തു അടുത്തിടെ ജയസൂര്യ വാങ്ങിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന മട്ടിൽ ഇതിൽ നിന്ന് മൂന്നു സെന്റ് പാർട്ടിക്ക് വിട്ടു കൊടുത്തു. ഇവിടെ ഒരു നിർധന കുടുംബത്തിന് പാർട്ടി നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ പണികൾ അന്തിമഘട്ടത്തിലാണ്.

അടുത്തയിടെ സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ അടൂരിൽ നടന്ന വോളിബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഏറ്റവും മികച്ച പൊതുപ്രവർത്തക എന്ന പേരിൽ ജയസൂര്യയെ ആദരിക്കുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ സെന്ററിന്റെ മറവിലും ഇവർ തട്ടിപ്പിന് ശ്രമിച്ചിരുന്നു. കായംകുളത്ത് ഒരു വ്യവസായിയിൽ നിന്ന് വൻതുക കൈപ്പറ്റാനുള്ള ശ്രമവും പൊളിഞ്ഞിരുന്നു.

മറ്റൊരു സോളാർ...സിപിഎമ്മിന് നാണക്കേടാകും

പുറത്തു വന്നിടത്തോളം വിവരങ്ങൾ വച്ചു നോക്കുമ്പോൾ ഇത് മറ്റൊരു സോളാർ കേസായി മാറുകയാണ്. പാർട്ടി സ്വാധീനം ഉപയോഗിച്ച് അന്വേഷണം വഴി തിരിച്ചു വിട്ടില്ലെങ്കിൽ സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ അടക്കം കേസിൽ പ്രതിയാകേണ്ടി വരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കോടികളുടെ തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും. കൊല്ലം പൊലീസിന് മേൽ കടുത്ത സമ്മർദമാണ് സിപിഎം ചെലുത്തുന്നത്.

മാധ്യമങ്ങൾക്ക് ഒരു വാർത്തയും ചോർന്നു പോകരുത് എന്ന് കർശന നിർദ്ദേശമുണ്ട്. ഇന്ന് പ്രതികളെ രഹസ്യമായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് നീക്കം. ജയസൂര്യ വായ തുറന്നാൽ പെട്ടുപോവുക സിപിഎമ്മിന്റെ പത്തനംതിട്ടയിലെ നേതാക്കളാകും. അത് ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്നു നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP