Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിർലാന്റ് ഹൈ എന്ന വൈറസ് വാളാട് പടർന്നു പിടിക്കുന്നു എന്ന് ബ്രേക്കിങ് ന്യൂസ്; വാർത്ത കണ്ട് ഞെട്ടിയവരിൽ ജില്ലാ കളക്ടറും; ഹൈലി വിർലന്റ് സ്‌ട്രെയിൻ എന്ന വാക്കിനെ വൈറസായി തെറ്റിധരിച്ചോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സിവിയർ അക്യൂട്ട് റെസ്പ്രറ്ററി ഇൻഫെക്ഷൻ എന്ന് ആരെങ്കിലും പറഞ്ഞാൽ വയനാട്ടിൽ സരിത വിലസുന്നു എന്ന് പറയുമോ എന്ന കളിയാക്കലും; ട്വന്റി ഫോറിന്റെ വ്യാജ വാർത്ത എങ്ങും ചർച്ച; ആശങ്ക പടർത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അറിയാൻ

വിർലാന്റ് ഹൈ എന്ന വൈറസ് വാളാട് പടർന്നു പിടിക്കുന്നു എന്ന് ബ്രേക്കിങ് ന്യൂസ്; വാർത്ത കണ്ട് ഞെട്ടിയവരിൽ ജില്ലാ കളക്ടറും; ഹൈലി വിർലന്റ് സ്‌ട്രെയിൻ എന്ന വാക്കിനെ വൈറസായി തെറ്റിധരിച്ചോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സിവിയർ അക്യൂട്ട് റെസ്പ്രറ്ററി ഇൻഫെക്ഷൻ എന്ന് ആരെങ്കിലും പറഞ്ഞാൽ വയനാട്ടിൽ സരിത വിലസുന്നു എന്ന് പറയുമോ എന്ന കളിയാക്കലും; ട്വന്റി ഫോറിന്റെ വ്യാജ വാർത്ത എങ്ങും ചർച്ച; ആശങ്ക പടർത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അറിയാൻ

ആർ പീയൂഷ്

വയനാട്: വ്യാജ വാർത്ത നൽകുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. സോഷ്യൽ മീഡിയയിൽ എത്തുന്ന ഭീതി പടർത്തുന്ന വാർത്തകളെ നിരീക്ഷിക്കാൻ സൈബർ ഡോമിന്റെ പ്രത്യേക വിഭാഗവുമുണ്ട്. എന്നിട്ടും ഇന്നലെ മുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന വ്യാജ വാർത്തയിൽ സൈബർ ഡോമോ പൊലീസോ ഒന്നും കേസുടത്തില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ച വളരുകയാണ്. പാവപ്പെട്ടവർ കോവിഡുമായി ബന്ധപ്പെട്ടിടുന്ന പോസ്റ്റുകൾക്ക് പോലും പൊലീസ് സ്‌റ്റേഷനിൽ സമാധാനം പറയേണ്ടി വരുമ്പോഴാണ് ട്വന്റി ഫോർ ന്യൂസിന്റെ വാർത്തയിലെ അസത്യ പ്രചരണം ചർച്ചയാകുന്നത്.

കേട്ടു കേൾവിയില്ലാത്ത വൈറസിന്റെ പേരിൽ വ്യാജ വാർത്ത നൽകുകയായിരുന്നു 24 ന്യൂസ്. ആളുകൾക്കിടയിൽ ഭീതി പടർത്താനുള്ള ശ്രമം. വയനാട് വാളാട് മേഖലയിൽ വിർലാന്റ് ഹൈ എന്ന വൈറസ് പടർന്നു പിടിക്കുന്നു എന്നാണ് ബ്രേക്കിങ് ന്യൂസായി ചാനൽ നൽകിയത്. അതി തീവ്ര വ്യാപന ശേഷിയുള്ള വിർലാന്റ് ഹൈ എന്ന വിഭാഗത്തിൽപെടുന്ന കോവിഡ് വൈറസാണ് വാളാട് മേഖലയിൽ പടർന്നു പിടിക്കുന്നത് എന്ന് ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ചു കൊണ്ട് വാർത്ത പുറത്തു വിട്ടത്. ഈ സ്വഭാവത്തിലുള്ള വൈറസായതിനാലാണ് ഇത്ര വേഗം പടർന്നു പിടിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് 215 രോഗികളാണ് മേഖലയിലുണ്ടായിട്ടുള്ളത്. വാളാട് മേഖലയിൽ നിന്നു മാത്രം 124 പേർ വാളാട് മേഖലയിൽ നിന്നും രോഗം പടർന്നതാണ്. ഈ വൈറസ് വളരെ വേഗം കൂടുതൽ പേരിലേക്ക് പടരാൻ സാധ്യതയുണ്ട് എന്നും അതിനാൽ വളരെയേറെ ശ്രദ്ധയും വേണം എന്നും വാർത്തയിൽ പറയുന്നു. ഈ വാർത്ത കണ്ടതോടെ ജനങ്ങൾ ആകെ പരിഭ്രാന്തരായി. ആരോഗ്യ വകുപ്പും ഞെട്ടി. ഇത്തരം ഒരു വൈറസ് ആരു കണ്ടെത്തി എന്ന് ജില്ലാ ഭരണകൂടത്തിനും അറിയില്ല. ആരോഗ്യ പ്രവർത്തകരെയെല്ലാം വിളിച്ചു കൂട്ടി കളക്ടർ വാർത്തയുടെ വിശദാംശങ്ങൾ ചോദിച്ചു. ആർക്കും ഇത്തരമൊരു വൈറസിനെ അറിയില്ല. തുടർന്ന് മാധ്യമങ്ങളെ വിളിച്ച് ഇത്തരം ഒരു വൈറസ് ഇല്ലാ എന്ന് വിശദമാക്കി.

കോവിഡ് വ്യാപനം കൂടുതലാണ് എന്നും വാർത്തയിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വൈറസിനെ കണ്ടെത്തിയിട്ടില്ല എന്നും വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞത്. വാർത്ത ശ്രദ്ധയിൽപെട്ട വയനാട് സ്വദേശിയായ ഡോക്ടർ വി. ജിതേഷ് ഇതേ പറ്റി വിശദമായ ഒരു അന്വേഷണം നടത്തി. കേട്ടു കേൾവി പോലുമില്ലാത്ത ഈ വൈറസ് ഏതാണെന്നറിയാൻ ഇന്റർനെറ്റിലെ സകല സൈറ്റുകളിലും തിരഞ്ഞു. പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹത്തിന്റെ സുഹൃത്തായ അഭിഭാഷകനോട് ഇക്കാര്യം സംസാരിച്ചപ്പോഴാണ് വിർലാന്റിന് പിന്നിലെ രഹസ്യം അറിഞ്ഞത്.

Highly virulent strain എന്ന ഇംഗ്ലീഷ് വാക്ക് തെറ്റിദ്ധരിച്ച് വൈറസിന്റെ പേരാണത് എന്ന് കരുതി വാർത്ത നൽകിയതാവും. കുടുതൽ രോഗ വ്യാപന ശേഷിയുള്ള എന്ന രീതിയിൽ ആരോഗ്യ പ്രവർത്തകർ പറഞ്ഞപ്പോൾ വൈറസിന്റെ പേരാകും എന്ന് കരുതി വാർത്ത റിപ്പോർട്ട് ചെയ്തതാകും എന്ന നിഗമനത്തിൽ എത്തി. ഇക്കണക്കിന് പോയാൽ Severe Acute Respiratory Infection (SARI) എന്ന് ആരെങ്കിലും പറഞ്ഞാൽ വയനാട്ടിൽ സരിത വിലസുന്നു എന്ന് പറയുമോ എന്നാണും ചോദിക്കുന്നു. വിവരമുള്ള ആരോടെങ്കിലും ചോദിച്ചിട്ട് വേണ്ടെ തള്ളാൻ എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിൽ വിമർശിക്കുന്നു.

അതായത് ആനമണ്ടത്തരം ട്വന്റി ഫോറിന് സംഭവിച്ചുവെന്നാണ് വിശദീകരിക്കുന്നത്. ഇത് മനപ്പൂർവ്വം ആളുകളിൽ ഭീതിയുണ്ടാക്കാനുള്ള ശ്രമമാണെന്ന ആക്ഷേപവും ശക്തമാണ്. ഈ സഹാചര്യത്തിലാണ് പൊലീസ് കേസെടുക്കേണ്ടതും. ജില്ലയിലെ ചെറിയ പഞ്ചായത്തായ തവിഞ്ഞാലിലെ വാളാട് വലിയ രീതിയിലാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലായ് 19ന് നടന്ന മരണാനന്തര ചടങ്ങിലും 21, 25 തീയതികളിൽ നടന്ന വിവാഹച്ചടങ്ങുകളിലും പങ്കെടുത്തവർക്കാണ് രോഗം പിടിപെട്ടത്. ഈ വ്യാപനം മറ്റിടങ്ങളിലേക്കും പടർന്നതായാണ് സൂചന. ഈ മൂന്ന് ചടങ്ങുകളിലുമായി 550 പേർ പങ്കെടുത്തിരുന്നു. ഇത്രയും പേർക്കെതിരെ തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ വിവാഹങ്ങളിലും പങ്കെടുത്തതാണ് വലിയ സമൂഹവ്യാപനം വൻതോതിലാവാൻ ഇടയാക്കിയത്. വാളാട് മേഖല ഇപ്പോൾ ലാർജ് ക്ളസ്റ്ററിലാണ്. ഇത്തരത്തിൽ വലിയ രോഗ വ്യാപനമുള്ള സ്ഥലമാണ് എന്ന് പറഞ്ഞത് തെറ്റിദ്ധരിച്ചാവാം വാർത്ത നൽകിയത്. എന്തായാലും കുറേ മണിക്കൂർ വയനാട് ജില്ലയെ മാത്രമല്ല കേരളമൊട്ടാകെ ആശങ്കയിലാഴ്‌ത്തിയ വാർത്ത ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ വ്യക്തത വരുത്തിതോടെയാണ് ആശ്വാസമായത്.

പത്രങ്ങളുടേയും ചാനലുകളുടേയും ചീഫ് എഡിറ്റർമാരുമായി മുഖ്യമന്ത്രി ദിവസങ്ങൾക്ക് മുമ്പ് ആശയ വിനിമയം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നായിരുന്നു ട്വിന്റി ഫോറിന്റെ മേധാവിയായ ആർ ശ്രീകണ്ഠൻ നായര് ഈ ചർച്ചയിൽ ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

ഡോ.ജിതേഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്;

ഈ മാധ്യമങ്ങളെ കൊണ്ട് ഞാൻ തോറ്റു. വയനാട് വാളാട് പടർന്ന് പിടിക്കുന്ന കോവിഡ് വൈറസ് വീർലാന്റ് വിഭാഗം എന്ന് ഒരു ചാനൽ - മറ്റൊരാൾ ഒരു പടി കൂടി കടന്ന് വീർലാന്റ്സ് ഹൈ എന്ന് സ്‌ക്രോൾ ചെയ്തു.

വലിയ പൊതുജനാരോഗ്യ വിദഗ്ദ്ധൻ ആണെന്ന് പറഞ്ഞ് നടന്നിട്ട് ഇത് പോലും അറിയില്ലേ തനിക്ക് എന്ന് എന്നിലെ എന്നോട് എന്നിലെ ഞാൻ ചോദിച്ചു. (The me in me asked the me in my body)
Clade A3i, A2a, A3, B, B4 എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഇതെന്തോന്ന് ... മണിക്കൂർ രണ്ട് എടുത്ത് CDC, WHO, Lancet തുടങ്ങി എല്ലായിടത്തും തിരഞ്ഞിട്ടും ങേ ഹേ...

അവസാനം സുഹൃത്തായ ഒരു വക്കീലിന്റെ ഒരു ചോദ്യത്തിൽ നിന്നാണ് എന്നെ ഞെട്ടിച്ച ആ ഉത്തരം കിട്ടിയത്.
Highly virulent strain എന്ന് ഏതോ ആരോഗ്യ പ്രവർത്തകൻ പറഞ്ഞതിനെ ആണ്
വീർലാന്റ്
വീർലാന്റ്സ് ഹൈ
എന്നൊക്കെ പേരിട്ടത്

ഇക്കണക്കിന് പോയാൽ Severe Acute Respiratory Infection (SARI) എന്ന് ആരെങ്കിലും പറഞ്ഞാൽ വയനാട്ടിൽ സരിത വിലസുന്നു എന്ന് പറയുമോ എന്നാണ് പേടി.

എന്നാലും ഇത് വല്ലാത്ത ഒരു ചെയ്ത്ത് ആയി പോയി. - എന്റെ രണ്ട് മണിക്കൂർ .....

വിവരം ഉള്ള വല്ലവരോടും ഒന്ന് ചോദിച്ചിട്ട് വേണ്ടേ തള്ളാൻ

https://www.facebook.com/1462957802/posts/10217807322882434/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP