Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ മോദിക്കൊപ്പം ട്രംപും പങ്കെടുക്കും; ട്രംപ് എത്തുന്ന കാര്യം സ്ഥിരീകരിച്ചു വൈറ്റ് ഹൗസ്; ഇരു നേതാക്കളും തമ്മിൽ ഈ വർഷം കൂടിക്കാഴ്‌ച്ച നടത്തുന്നത് ഇത് മൂന്നാം തവണ; ഹൂസ്റ്റണിലെ എൻ.ആർ.ജി. സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് 50,000 ഇന്ത്യൻ അമേരിക്കക്കാർ; കാശ്മീർ വിഷയത്തിൽ അടക്കം അമേരിക്കൻ പിന്തുണ അരക്കിട്ടുറപ്പിക്കാം എന്ന പ്രതീക്ഷയിൽ ഇന്ത്യ

അമേരിക്കയിൽ സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ മോദിക്കൊപ്പം ട്രംപും പങ്കെടുക്കും; ട്രംപ് എത്തുന്ന കാര്യം സ്ഥിരീകരിച്ചു വൈറ്റ് ഹൗസ്; ഇരു നേതാക്കളും തമ്മിൽ ഈ വർഷം കൂടിക്കാഴ്‌ച്ച നടത്തുന്നത് ഇത് മൂന്നാം തവണ; ഹൂസ്റ്റണിലെ എൻ.ആർ.ജി. സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് 50,000 ഇന്ത്യൻ അമേരിക്കക്കാർ; കാശ്മീർ വിഷയത്തിൽ അടക്കം അമേരിക്കൻ പിന്തുണ അരക്കിട്ടുറപ്പിക്കാം എന്ന പ്രതീക്ഷയിൽ ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനായി യുഎസ് ഇന്ത്യൻ സമൂഹം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. മോദിയുടെ സന്ദർശനം വലിയ വിജയകരമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനിടെ ഇന്ത്യൻ സമൂഹത്തിന് ആഹ്ലാദം പകരുന്ന മറ്റൊരു വാർത്ത കൂടി അമേരിക്കയിൽ നിന്നുമെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനായി ടെക്സാസിലെ ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയായ 'ഹൗഡി മോദി'യിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും എന്നതാണ് ആ സന്തോഷ വാർത്ത.

ട്രംപും മോദിക്കൊപ്പം വേദിയിൽ എത്തുമെന്നത് അമേരിക്കൻ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബർ 22നാണ് നടക്കുന്നത്. ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പരിപാടിയിൽ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.

ഹൂസ്റ്റണിലെ എൻ.ആർ.ജി. സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 50,000 ഇന്ത്യൻ അമേരിക്കക്കാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 8000 പേർ രജിസ്ട്രേഷനായി കാത്തിരിക്കുന്നുണ്ട്. ഈ വർഷം മോദിയും ട്രംപും തമ്മിൽ കണ്ടുമുട്ടുന്നത് ഇത് മൂന്നാം തവണയാണ്. ജി-20, ജി-7 ഉച്ചകോടികൾക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകൾക്കിടെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് 'ഹൗഡി മോദി'. അമേരിക്കയുടെ തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 'ഹൗ ഡു യു ഡു' എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി 'ഹൗഡി' എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിക്ക് ഹൗഡി മോദി എന്ന് പേരു നൽകിയിരിക്കുന്നത്.

ഒരു യു.എസ് പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പൊതുവേദിയിൽ പ്രസംഗിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയു.എസ് ബന്ധം കൂടുതൽ ശക്തമാക്കാനുള്ള അവസരമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രത്യേകിച്ചു കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്തയക്കൊപ്പമാണ് അമേരിക്കൻ നിലപാടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇത്. കശ്മീർ വിഷയത്തിൽ അമേരിക്കയിലെ നിരവധി നേതാക്കന്മാർ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പരിപാടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കശ്മീർ വിഷയത്തിൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനായി വ്യാപകമായ ശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാനും ഇത് തിരിച്ചടിയാകും.

'ഹൗഡി മോദി' പരിപാടിയിൽ ഏകദേശം 50000 ത്തോളം അമേരിക്കൻ ഇന്ത്യക്കാർ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരെല്ലാവരും അമേരിക്കൻ പൗരന്മാരും വോട്ടർമാരുമാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ഇവരെ അവഗണിക്കാനാവില്ല. പരിപാടിക്കായി അമേരിക്കയിൽ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തിൽ ചർച്ചകൾ നടത്തുകയും ചെയ്യും. സെപ്റ്റംബർ 28 വരെ അമേരിക്കയിൽ തുടരുന്ന മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കും. കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസംഗത്തിനും ഏറെ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മോദിക്ക് ശേഷം അസംബ്ലിയിൽ സംസാരിക്കുന്നുണ്ട്. വിവിധ ആഗോള കമ്പനികളുടെ സിഇഒമാരുമായും മോദി അമേരിക്കൻ സന്ദർശനത്തിനിടയിൽ ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP