Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ഫലമറിയാൻ ആറുദിവസത്തോളം കാലതാമസം; മോർച്ചറിയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു; ആത്മഹത്യ ചെയ്ത ആളിന്റെ മൃതദേഹം സൂക്ഷിച്ചത് കോവിഡ് രോഗിയുടെ മൃതദേഹത്തിനൊപ്പം; ഡോക്ടർ പോലും വിവരമറിയുന്നത് പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിയപ്പോൾ; 'മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി' എന്ന് സൂപ്പർ ലീഡ് വാർത്ത കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ പ്രശ്‌നം ഗുരുതരം

കോവിഡ് ഫലമറിയാൻ ആറുദിവസത്തോളം കാലതാമസം; മോർച്ചറിയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു; ആത്മഹത്യ ചെയ്ത ആളിന്റെ മൃതദേഹം സൂക്ഷിച്ചത് കോവിഡ് രോഗിയുടെ മൃതദേഹത്തിനൊപ്പം; ഡോക്ടർ പോലും വിവരമറിയുന്നത് പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിയപ്പോൾ; 'മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി' എന്ന് സൂപ്പർ ലീഡ് വാർത്ത കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ പ്രശ്‌നം ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം ഇന്ന് മുഖ്യമന്ത്രി വൈകുന്നേരം ആറ് മണിക്കുള്ള വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. 'ചെറിയ പ്രശ്‌നങ്ങളെപ്പോലും ഊതിവീർപ്പിച്ച്, 'മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി' എന്ന സൂപ്പർലീഡ് വാർത്ത നൽകിയാലോ? മെഡിക്കൽ കോളേജുകളിൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകാം. അവർക്ക് ചികിത്സ നൽകേണ്ടതുമുണ്ട്. അങ്ങനെ അനുഭവമുണ്ടാകുമ്പോൾ മെഡിക്കൽ കോളേജുകളിലാകെ പ്രതിസന്ധിയാണ് എന്നു പ്രചരിപ്പിക്കരുത്-മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ. എന്നാൽ, രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണെന്ന വസ്തുത കാണാതെ പോകുകകയാണ്. കോവിഡിനെ തളയ്ക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടത്തിനിടയിൽ പരാതി പറയാൻ സമയമില്ലെങ്കിലും പലരും സ്വകാര്യമായി പരിഭവങ്ങൾ പറയുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഏറ്റവും വലിയ പ്രശ്‌നം കോവിഡ് ടെസ്റ്റ് ഫലം അറിയുന്നതിലെ കാലതാമസമാണ്. ഇതുണ്ടാക്കുന്ന അനുബന്ധപ്രശ്‌നങ്ങൾ നിരവധിയാണ്.

കോവിഡ് ടെസ്റ്റ് ഫലം അറിയാൻ ആറ് ദിവസം വരെ

തിരുവല്ലം സ്വദേശിനിയുടെ കോവിഡ് ഫലം അറിയാൻ വൈകിയത് മൂലം ബന്ധുക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചില്ലറയല്ല. വയോധിക മരണമടഞ്ഞേതോടെ സമ്പർക്കത്തിലേർപ്പെട്ട 25 ഓളം പേർ നിരീക്ഷണത്തിലായി. ഫലമറിയാൻ കാത്തിരുന്നത് ആറ് ദിവസം. കോവിഡ് രോഗികളുടെ പട്ടികയിൽ ഇനിയും പെട്ടില്ലഇവർ. ഇതുപോലെ മൂന്നുമൃതദേഹങ്ങൾ കൂടി ഇപ്പോൾ കോവിഡ് ഫലമറിയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്്.

മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്നു

50 മൃതദേഹങ്ങൾ സൂക്ഷിക്കാനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശേഷിയുള്ളത്. എന്നാൽ, മരണം സംഭവിക്കുമ്പോൾ കോവിഡ് പരിശോധനയിലെ വേഗക്കുറവ് കാരണം മൃതദേഹങ്ങൾ കുമിഞ്ഞുകുടുകയാണ്. സ്ഥലക്കുറവ് കാരണം കോവിഡ് വന്ന് മരിച്ചവരുടെയും മറ്റ് അസുഖങ്ങൾ ബാധിച്ച് മരിച്ചവരുടെയും മൃതദേഹങ്ങൾ ഒന്നിച്ച് സൂക്ഷിക്കുന്നതായി പരാതിയുണ്ട്. കോവിഡ് പോസിറ്റീവായ ഒരാളുടെ മൃതദേഹവും നെഗറ്റീവായ ആളുടെ മൃതദേഹവും അടുത്തടുത്ത് വരുന്ന സാഹചര്യം നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒരാളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിയപ്പോഴാണ് മോർച്ചറിയിലെ സൂക്ഷിപ്പിന്റെ അപകടം ഡോക്ടർ പോലും അറിയുന്നത്. മൃതദേഹം ഒന്നുശുചീകരിച്ച് പോസ്റ്റ് മോർട്ടം കഴിഞ്ഞ് സാധാരണ പോലെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. 14 ദിവസം കഴിയുമ്പോൾ ചിലപ്പോൾ ആ നാടൊന്നാകെ ക്വാറന്റൈനിൽ കഴിയേണ്ടി വന്നേക്കാം.

അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു മെഡിക്കൽ കോളേജ്

മതിയായ ജീവനക്കാരുടെ അഭാവം, മതിയായ വിശ്രമത്തിന്റെ കുറവ്, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും കോവിഡ് ബാധിച്ച അനുഭവം, കോവിജ് ടെസ്റ്റുകളുടെ ഫലമറിയാനുള്ള കാലതാമസം എല്ലാം കൊണ്ട് ജീവനക്കാർ വശം കെട്ടിരിക്കുകയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എച്ചഡിസി അംഗമായ വിക്രമൻ പറയുന്നു. ഏകോപനത്തിന്റെ കുറവാണ് വലിയ തോതിൽ അനുഭവപ്പെടുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനൊപ്പം ടെസ്റ്റുകളുടെ ഫലം അറിയാനും വലിയ കാലതാമസം നേരിടുന്നു. പരാതികൾ പറയുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ കാര്യങ്ങൾ നിസ്സാരവത്കരിക്കുകയാണെന്നും വിക്രമൻ പറയുന്നു. മെഡിക്കൽ കോളേജ് അധികൃതർ മാത്രം വിചാരിച്ചാൽ കാര്യങ്ങൾ കൈപ്പിടിയിൽ ഒതുങ്ങില്ല. സർക്കാരിന്റെ ഇടപെടൽ കാര്യമായുണ്ടായില്ലെങ്കിൽ മെഡിക്കൽ കോളേജ് തന്നെ വലിയൊരു രോഗവ്യാപന കേന്ദ്രമാകുമെന്നാണ് ആശുപത്രി വികസന സമിതി അംഗത്തിന്റെ മുന്നറിയിപ്പ്.

മെഡിക്കൽ കോളേജിലെ സ്ഥിതിഗതികളെ കുറിച്ച് ബിജെപി നേതാവ് വി.വി.രാജേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് കൂടി വായിക്കാം

കോവിഡ് സാഹചര്യം അതിരൂക്ഷമാണ് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന കൗൺസിലംഗവും, തിരുവനന്തപുരം മെഡിക്കൽ കോളേജ് HDC മെമ്പറുമായ പോങ്ങുമ്മൂട് വിക്രമൻജി കഴിഞ്ഞ മൂന്ന് മാസമായി അവിടെ ജനങ്ങൾക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും സ്ഥിതിഗതികൾ കൈവിട്ട് പോകുന്ന സാഹചര്യമാണ്. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സർക്കാരിന്റെ പിടിപ്പുകേടിനെതിരെ രോഷാകുലരാണ്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സൗകര്യങ്ങൾ നല്കിയില്ലെങ്കിൽ മനസ്സ് മടുത്തും, ആത്മവിശ്വാസം നഷ്ടപ്പെട്ടും അവർ തകർന്ന് പോകും. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് അത്മവിശ്വാസം നല്കി ഒപ്പം നില്‌ക്കേണ്ട സർക്കാർ 'കോവിഡ് പ്രോട്ടോക്കോൾ ' പറഞ്ഞ് ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. ഈ നിലപാട് തിരുവനന്തപുരത്തെ മരണക്കയമാക്കി മാറ്റും.

ആരോഗ്യ മന്ത്രിക്ക് 'ടീച്ചറമ്മ ചമയാനും, മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിന്റെ റേറ്റിങ് കൂട്ടാനുമായി ജനങ്ങളുടെ ജീവൻ പന്താടരുത്. കഴിഞ്ഞ 6 ദിവസമായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ 'കോവിഡ്' വന്ന് മരിച്ച മൂന്ന് dead body കളുണ്ട്. കോവിഡ് പരിശോധനയുടെ വേഗക്കുറവ് കാരണം മൃതശരീരങ്ങൾ മോർച്ചറിയിൽ കുമിഞ്ഞ് കൂടുകയാണ്. ആറുദിവസമായി സ്ഥല പരിമിതി കാരണം സാധാരണ അസുഖങ്ങൾ വന്ന് മരിച്ചവരുടെയും, ആത്മഹത്യ ചെയ്തവരുടെയും മൃതശരീരങ്ങൾ ഒരുമിച്ചാണ് സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒരാളിന്റെ body പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിയപ്പോഴാണ് ഇക്കാര്യം ഡോക്ടർപോലും അറിയുന്നത്.പോസ്റ്റ് മോർട്ടം കഴിഞ്ഞ് സാധാരണ പോലെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

രണ്ടാഴ്ച കഴിയുമ്പോഴറിയാം സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഒരു ഗ്രാമം അനുഭവിക്കാൻ പോകുന്ന ദുരിതം. ഇത്തരത്തിലുള്ള പിടിപ്പു കേടുകൾ കാരണമാണ് കഴിഞ്ഞയാഴ്ച 6 ഡോക്ടർമാർക്കും, നിരവധി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പിടിപെട്ടത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് ആൾക്കൂട്ട സമരങ്ങൾ ഞങ്ങൾ ഒഴിവാക്കുന്നു.പക്ഷെ മെഡിക്കൽകോളേജിലെ ആരോഗ്യ പ്രവർത്തകർക്കും , മോർച്ചറി ജീവനക്കാർക്കും അടിയന്തരമായി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ജനരോഷം ആളിപ്പടരും.

കോവിഡ് വന്ന് മരണപ്പെട്ടവരെ മോർച്ചറിയിൽ മറ്റ് മൃതശരീരങ്ങളോടൊപ്പം വയ്ക്കാതെ ഉടൻതന്നെ സംസ്‌കരിക്കുക, ആവശ്യമായ PPE കിറ്റ്, ഗ്ലൗസുകൾ, മതിയായ വിശ്രമത്തിനുള്ള സമയം എന്നീ കാര്യങ്ങൾ മാത്രം അവരാവശ്യപ്പെടുമ്പോൾ 'ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും കണ്ണുരുട്ടിക്കാണിക്കരുത്. കാരണം ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നല്കാൻ ഞങ്ങൾ വലിയൊരു ജനത ഇവിടെ കാവലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP