Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

അദാനിക്ക് പകരം രവി പിള്ളയോ എംഎ.യൂസഫലിയോ വന്നാലോ? തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനോടുള്ള എതിർപ്പ് അലിഞ്ഞില്ലാതാകുമോ? സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അദാനിയോട് സഹകരിക്കില്ലെന്ന് പിണറായി വിജയൻ പറയുന്നത് ശരിയല്ലെന്ന് ശശിതരൂർ എംപി; അദാനിയെ എതിർക്കുന്നതിന് പിന്നിൽ എന്ത്? എതിർപ്പുകൾക്കിടെ അദാനിക്ക് വിമാനത്താവളം ഏറ്റെടുക്കാൻ കഴിയുമോ?

അദാനിക്ക് പകരം രവി പിള്ളയോ എംഎ.യൂസഫലിയോ വന്നാലോ? തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനോടുള്ള എതിർപ്പ് അലിഞ്ഞില്ലാതാകുമോ? സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അദാനിയോട് സഹകരിക്കില്ലെന്ന് പിണറായി വിജയൻ പറയുന്നത് ശരിയല്ലെന്ന് ശശിതരൂർ എംപി; അദാനിയെ എതിർക്കുന്നതിന് പിന്നിൽ എന്ത്? എതിർപ്പുകൾക്കിടെ അദാനിക്ക് വിമാനത്താവളം ഏറ്റെടുക്കാൻ കഴിയുമോ?

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: 88 വർഷം പഴക്കമുള്ള വിമാനത്താവളം. അദാനി എന്ന പുറംനാട്ടുകാരന്, ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായി ലേലത്തിൽ പിടിച്ചു. ഒരുയാത്രക്കാരന് 168 രൂപ ഫീ വാഗ്ദാനം ചെയ്ത അദാനി 135 രൂപ വാഗ്ദാനം ചെയ്ത കെഎസ്‌ഐഡിസിയെ തോൽപിച്ചു. അദാനി ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ പിടിച്ചെങ്കിലും അവിടൊന്നും ആരും ഇത് അറിഞ്ഞ മട്ട് കാണിക്കുന്നില്ല. കോലാഹലമില്ല. ഇവിടെയാകട്ടെ, പ്രധാനമന്ത്രിക്ക് കത്ത്, സർവകക്ഷിയോഗം, വീണ്ടും പ്രധാനമന്ത്രിക്ക് കത്ത്, അദാനിയോട് നിസ്സഹകരണം പ്രഖ്യാപിക്കൽ എന്നിങ്ങനെ മുന്നേറുന്നു. വിമാനത്താവള സ്വകാര്യവത്കരണത്തെ സ്വാഗതം ചെയ്യുന്ന ബിജെപിക്കാകട്ടെ അപ്രതീക്ഷിതമായി ഒരുകൂട്ടുകാരനെ കിട്ടി. കോൺഗ്രസ് എംപിയായ ശശി തരൂർ. തരൂരിനെ എഐസിസി പോലും തള്ളിപ്പറഞ്ഞെങ്കിലും അദാനി വന്നാൽ വിമാനത്താവളം നന്നാവുമെന്നാണ് തരൂർ പറയുന്നത്.

ഒരുചാനലിന് നേരത്തെ നൽകിയ അഭിമുഖത്തിൽ തരൂർ തന്റെ ഐഡിയ ക്യത്യമായി പറയുന്നുണ്ട്. വിമാനത്താവളത്തെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്റർ നമുക്ക് ആവശ്യമുണ്ട് എന്നാണ് എംപിയുടെ പക്ഷം.

തരൂരിന്റെ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ:

'ആദ്യത്തെ ഒമ്പത് വർഷം നല്ല പുരോഗതിയുണ്ടായിരുന്നു. ഇതുവരെ ഇല്ലാതിരുന്ന പല ഫ്‌ളൈറ്റുകളും കൊണ്ടുവന്നത് ഞാനാണ്. പല കമ്പനികളുമായി സംസാരിക്കുമ്പോൾ, അവർ ചൂണ്ടിക്കാട്ടുന്നത് ഫ്‌ളൈറ്റ്‌സ് ഇല്ലാത്ത സ്ഥലത്ത് ഞങ്ങൾ എങ്ങനെ വരും എന്നാണ്. ടെക് മഹീന്ദ്ര തിരുവനന്തപുരത്തേക്ക് വരാൻ 90 ശതമാനവും സമ്മതിച്ചിരുന്നതാണ്. പക്ഷേ വിമാനങ്ങളുടെ അഭാവമാണ് അവർ പിന്മാറാൻ കാരണം. ടെക് മഹീന്ദ്ര സി ഇ ഒ തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടുതന്നെ തിരുവനന്തപുരം എയർപോർട്ടിനെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്ററെ നമുക്ക് ആവശ്യമുണ്ട്.

ആരും ആർക്കും എയർപോർട്ട് വിൽക്കുന്നില്ല. ഓപ്പറേറ്ററും ഡെവലപ്പറുമായിട്ടുള്ള കോൺട്രാക്ട് മാത്രമാണ്.പ്രൈവറ്റ് ഓപ്പറേറ്റർ വന്നുകഴിഞ്ഞാൽ അവരോട് സഹകരിക്കില്ല എന്ന് പിണറായി വിജയൻ പറയുന്നത് ശരിയല്ല. ആരുവന്നാലും തിരുവനന്തപുരത്ത് വികസനം വേണം. ആദാനിയെ മാറ്റി രവി പിള്ളയെ കൊണ്ടുവന്നാലോ യൂസഫലിയെ കൊണ്ടുവന്നാലോ... ആരുവന്നാലും ഒരുപ്രശ്‌നവുമില്ല. ഒരാൾ ടെൻഡർ ജയിച്ചു വന്നുകഴിഞ്ഞാൽ തിരുവനന്തപുരത്തെ നന്നാക്കട്ടെ. എന്റെ അഭിപ്രായത്തിൽ തിരുവനന്തപുരം വിമാനത്താവളം അത്യാവശ്യമായി വികസിക്കണം'.

ബിജെപി ഒഴിച്ചുള്ള കക്ഷികൾ അദാനിയെ എതിർക്കുന്നത് എന്തിന്?

1.തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തെ പൂർണമായി എതിർക്കുന്നു.

2.മോദി സർക്കാരിന്റെ ഒരുപ്രതിനിധിയായി അദാനിയെ കണക്കാക്കുന്നു.

3.അദാനി എന്ന പുറംനാട്ടുകാരനോടുള്ള എതിർപ്പ്.

4.വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്ന അദാനി വിമാനത്താവളം കൂടി ഏറ്റെടുത്താൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ.

5. സംസ്ഥാനത്തിന്റെ സ്വത്താണ് തിരുവനന്തപുരം വിമാനത്താവളം, അത് സ്വകാര്യവത്കരിക്കരുത്-പ്രതിപക്ഷം സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നതും ഈ പോയിന്റിലാണ്.

കേരളത്തിലെ മറ്റുമൂന്നുവിമാനത്താവളങ്ങളും ഇന്റർനാഷണലാണ്-കൊച്ചി, കരിപ്പൂർ, കണ്ണൂർ. കൊച്ചിയും, കണ്ണൂരും പിപിപി മോഡലിൽ ഓടുന്നു. കേരളസർക്കാരിന്റെ ഓഹരി പങ്കാളിത്തത്തോടെ. തിരുവനന്തപുരമാണെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം 170 കോടി ലാഭമുണ്ടാക്കി എന്ന് വാദിക്കുന്നു എൽഡിഎഫ് നേതാക്ക.

എന്നാൽ, ഈ ലാഭം എവിടെ നിന്ന് വരുന്നു? ഉയർന്ന യൂസർ ഫീയിലൂടെ. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളേക്കാൾ ഉയർന്ന താരിഫ് ചുമത്തുന്നു. ഇതൊക്കെ കാരണം അന്താരാഷ്ട്ര യാത്രക്കാർ തിരുവനന്തപുരം വഴി വരാൻ മടിക്കുന്നു. രണ്ടുവർഷത്തിലേറെയായി ഡ്യൂട്ടി ഫ്രീ ഷോപ്പ് പോലുമില്ല. ഇതൊക്കെ വേണ്ടവർ ടിക്കറ്റ് കൊച്ചിയിലേക്ക് ആക്കുന്നു. തരൂർ പറയുന്നത് പോലെ വിമാനങ്ങളുടെ കുറവും വിമാനത്താവള വികസനത്തിന് വിലങ്ങ് തടിയായി മാറുന്നു.

അദാനിയെ എതിർക്കാൻ സംസ്ഥാന സർക്കാർ പറയുന്ന മുഖ്യകാരണങ്ങൾ ഇവയാണ്:

*സംസ്ഥാന സർക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്.ഇതേ മാതൃകയിൽ തന്നെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും ഏറ്റെടുക്കാൻ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുൻപരിചയമില്ല

*2003ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിൽ, സംസ്ഥാന സർക്കാർ വിമാനത്താവള വികസനത്തിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് നൽകാമെന്ന് പറഞ്ഞിരുന്നു.

*2005ൽ സംസ്ഥാന സർക്കാർ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് 23.57 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി നൽകിയിട്ടുണ്ട്. ഇതിനുപുറമേ, 18 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തു നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റെടുത്ത് സൗജന്യമായി നൽകിയ ഭൂമിയുടെ വില എസ്‌പിവിയിൽ സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നൽകിയത്.

*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻ തിരുവിതാംകൂർ സംസ്ഥാനം നൽകിയ റോയൽ ഫ്‌ളയിങ്ങ് ക്ലബ്ബ് വക 258.06 ഏക്കർ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കർ വിസ്തൃതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

*വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്റെ ആവശ്യം. ഒരു ഘട്ടം വരെ കേന്ദ്രം അത് അംഗീകരിച്ചതാണ്.

*ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. വികസന കാര്യങ്ങളിൽ സർക്കാർ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ മുന്നിൽ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാമെന്ന് ഉന്നതതലത്തിൽ സംസാരിച്ചപ്പോൾ വാക്കു തന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്.

അദാനിക്ക് പകരം മറ്റാരെങ്കിലും വന്നാലോ?

അദാനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ സംസ്ഥാന സർക്കാരിന് സ്വീകാര്യമാകുമായിരുന്നോ? സിയാലിലും കിയാലിലും ഒക്കെ നിർണായക ഓഹരികൾ കൈവശമുള്ളത് ഗർഫിലെ പ്രമുഖ വ്യവസായിക്കാണ്. കേരള സർക്കാരിന് 32 .42 ശതമാനം ഓഹരിയാണുള്ളത്നേരത്തെ സിയാലിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്നത് എൻ.വി.ജോർജ്ജ് എന്ന ഗൾഫു വ്യവസായിക്കായിരുന്നു. 11 .96 ശതമാനം ഓഹരികളാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. പിന്നീട് ഓഹരികൾ അദ്ദേഹം വിറ്റു. ഇതോടെ നിർണായക ഓഹരികൾ കൈവശമുള്ള ഗൾഫ് വ്യവസായി അതുകൂടി വാങ്ങി സ്വാധീനം ഉറപ്പിച്ചുവെന്നാണ്സൂചന.

കണ്ണൂർ വിമാന താവള കമ്പനിയായ കിയാലിലും ഗൾഫ് വ്യവസായികൾ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. സർക്കാർ കഴിഞ്ഞാൽ കൂടുതൽ നിക്ഷേപം സിയാലിൽ നിക്ഷപമുള്ള പ്രമുഖ വ്യവസായിക്ക് തന്നെ. ഇദ്ദേഹത്തെ കൂടാതെ മറ്റുചില ഗൾഫ് പ്രമുഖർക്കും ഗണ്യമായ നിക്ഷേപമുണ്ട് കിയാലിൽ. പൊതു-സ്വകാര്യ പങ്കാളിത്ത-പിപിപി മോഡലിൽ വിമാനത്താവള വികസനത്തിൽ പങ്കാളികളാകുക എന്ന ധാരണയോടെ ആദ്യം വരികയും പിന്നീട് വിമാനത്താവളത്തിലെ ഭൂരിപക്ഷ ഓഹരികൾ കൈയടക്കുകകയും ചെയ്യുന്ന രീതിയാണ് ഗൾഫ് ഗ്രൂപ്പുകൾ പിന്തുടരുന്നത്. അതായത് വിമാനത്താവള നടത്തിപ്പിന്റെ അമരത്ത് ഗൾഫിലെ പ്രമുഖവ്യവസായികൾ വരുന്നു. അവർ ഭരിക്കുന്നു. തിരുവനന്തപുരത്തും അതേ മാർഗ്ഗം അവർ പിന്തുടരാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? സർക്കാരിന്റെ എതിർപ്പിന്റെ രൂക്ഷതയ്ക്ക് കാരണം ഗൾഫ് ലോബിയുടെ സ്വാധീനമാണെന്ന ആരോപണവും ഉണ്ട്.

എതിർപ്പുകൾക്കിടെ അദാനിക്ക് വിമാനത്താവളം ഏറ്റെടുക്കാൻ കഴിയുമോ?

തടസ്സങ്ങളെല്ലാം നീക്കി അദാനി ഗ്രൂപ്പിന് വിമാനത്താവളം എന്ന് ഏറ്റെടുക്കാൻ കഴിയും എന്ന കാര്യത്തിൽ വ്യക്തതയില്ല. സംസ്ഥാന സർക്കാരുമായി സ്റ്റേറ്റ് സപ്പോർട്ട് കരാറിൽ അദാനി ഒപ്പുവയ്‌ക്കേണ്ടി വരും. എന്നാൽ, അദാനിയോട് സഹകരിക്കില്ലെന്ന് കടുത്ത നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ നിയമപ്രശ്‌നമുണ്ട്. അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള എയർപോർട്ട് അഥോറിറ്റി തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെയും എയർപോർട്ട് എംപ്ലോയീസ് യൂണിയന്റെയും ഹർജികൾ തീർപ്പാകുക കൂടി വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP