Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ

പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ

അർജുൻ സി വനജ്

കൊച്ചി: കരിവെള്ളൂരിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ടിവി പ്രസാദെന്ന മുപ്പത്തിയഞ്ചുകാരൻ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് കണ്ണൂരുകാർക്ക് പറയാനുള്ളത്. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിൽ എസ്.എഫ്.ഐയുടെ കരുത്തനായ നേതാവ്, മാധ്യമ രംഗത്തേക്ക് എത്തിയപ്പോഴും കേരളത്തെ പിടിച്ചുകുലുക്കിയ വാർത്തകൾ പുറത്ത് വിട്ടുകൊണ്ടേയിരുന്നു.

ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതമായിരുന്നു പണ്ടേ പ്രസാദിന്, അതിനാൽ തന്നെ എതിരാളികൾ സ്വരം എത്ര കടുപ്പിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. 2014 ൽ കോഴിക്കോട് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന കാലത്ത് ടിപി കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വിട്ടതോടെയാണ് ടിവി പ്രസാദ് എന്ന പേര് കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. ഇതോടെ സിപിഎമ്മും, എസ്.എഫ്.ഐയിൽ ഒന്നിച്ച് പ്രവർത്തിച്ച ഏതാനംപേരടക്കം പ്രസാദിന്റെ ശത്രുപക്ഷത്ത് ചേർന്നു.

ആ വാർത്തയെ പ്രസാദിന്റെ പ്രൊഫഷന്റെ ഭാഗം മാത്രമായി കണ്ടത് ചിലർ മാതമാണ്. സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും ഇതിനിടെ ഇടത്പക്ഷ പേജുകളിലും ഗ്രൂപ്പുകളിലും നിറഞ്ഞു. സ്വഭാവ ദൂഷ്യമുള്ളവനാണെന്ന് പോലും ചില പോസ്റ്റുകൾ പറഞ്ഞ് വെച്ചു. ഈ ദിവസങ്ങളിലാണ് കരിവെള്ളൂരിലെ പാർട്ടി ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമികൾ രാത്രിയുടെ മറവിൽ വീടിന്റെ ജനൽ ചില്ലുകൾ ഏറിഞ്ഞുടച്ചു. ഈ സമയം വീട്ടിൽ അമ്മമാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ പ്രസാദ് പൊലീസിൽ പരാതിപ്പെട്ടില്ല, ജയ്ഹിന്ദ് ചാനൽ മാത്രമാണ് ഏതാനം മിനുട്ടുകൾ മാത്രം വീടിനു നേരെ അക്രമം എന്ന ഫ്ലാഷ് ന്യൂസ് കൊടുത്തത്. പിന്നീട് പ്രസാദിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് അതും ഒഴിവാക്കി.

പയ്യന്നൂർ കോളേജിലെ ഡിഗ്രി പഠനകാലത്താണ് എസ്.എഫ്.ഐയിൽ സജീവമാകുന്നത്. സംഘടന പ്രാഗൽഭ്യം വളരെപ്പെട്ടന്ന് തന്നെ തെളിയിച്ച പ്രസാദിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഒരോ ജില്ലാ സമ്മേളനങ്ങൾ കഴിയുന്തോറും, ജില്ലാ കമ്മിറ്റി, എക്സിക്യൂട്ടിവ്, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലേക്ക് ഉയർത്തപ്പെട്ടു. പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം പാലയാട് ക്യാമ്പസിൽ നിന്ന് 3 വർഷ എൽ.എൽ.ബി. ഇക്കാലത്താണ് സംസ്ഥാന സമിതിയിലേക്ക് എത്തുന്നതും, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ യൂണിയൻ ചെയർമാനാകുന്നതും അച്ഛന്റെ വിയോഗം ഉണ്ടാകുന്നതും. പ്രസാദിന്റെ നിർബന്ധപ്രകാരം മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കിയായിരുന്നു അച്ഛന്റെ സംസ്്ക്കാരം. 2005 ലെ എസ്.എഫ്.ഐയുടെ കൗൺസിലിംങ് മാർച്ചിന്റെ ഭാഗമായടക്കം, വിവിധ സമരങ്ങളുടെ ഭാഗമായി 100 ഓളം ദിവസം, കണ്ണൂർ, കോഴിക്കോട് ജയിലിൽ കിടന്നിട്ടുണ്ട്.

'പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ', പ്രസാദിന്റെ വിദ്യാർത്ഥി രാഷ്ട്രീയകാലത്തെ സ്വഭാവത്തെക്കുറിച്ച് അക്കാലത്തെ കെ.എസ്.എയു നേതാവിന്റെ അഭിപ്രായമാണിത്. അതിനാൽ തന്നെ കേസുകൾക്കും യാതൊരുവിധ പഞ്ഞവുമുണ്ടായിരുന്നില്ല. 'മീശ പിരിച്ച് മുകളിലേക്ക് വെച്ച, താടി വളർത്തിയ രൂപം'. അതായിരുന്നു അക്കാലത്തെ ടിവി പ്രസാദ്. രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം സൗഹൃദങ്ങൾക്ക് ഏറെ വിലകൽപ്പിച്ചിരുന്ന വ്യക്തികൂടിയായിരുന്നു പ്രസാദ്. മികച്ച സംഘാടകൻ, നല്ല പ്രാസംഗികൻ, ആരേയും പേടിയില്ലാത്ത സ്വഭാവം, ഇതൊക്കെയാണ് വിദ്യാർത്ഥി രാഷ്ട്രീയക്കാലത്തെ എതിരാളികൾക്ക് പ്രസാദിനെക്കുരിച്ച് പറയാനുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വിവിധ സമരങ്ങളുടെ ഭാഗമായി നിരവധി തവണ ലാത്തിച്ചാർജിനും ഇരയാകേണ്ടിവന്നിട്ടുണ്ട്.

എൽ.എൽ.ബിക്ക് ശേഷമാണ് തിരുവനന്തപുരത്ത് ജേർണലിസം പഠനത്തിനായി ചേരുന്നത്. ആഭ്യന്തര സംഘടനാ പ്രശ്നങ്ങളെത്തുടർന്നായിരുന്നു നാട്ടിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പ്രസാദെടുത്തതെന്നാണ് വിവരം. പിന്നീട് ഇടത്പക്ഷ പ്രസ്ഥാനങ്ങളോട് വിട്ട് നിന്ന പ്രസാദ് കോൺഗ്രസ്സ് നേതാവ് കെ സുധാകരന്റെ റെക്കമെന്റിൽ ജയ്ഹിന്ദ് ചാനലിൽ ഇന്റേണൽഷിപ്പ് പൂർത്തീകരിച്ചു. എട്ട് മാസത്തോളം അവിടെ തുടർന്ന പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിൽ ട്രെയിനി റിപ്പോർട്ടറായി എത്തുന്നത് 2010 അവസാനമാണ്.

തിരുവനന്തപുരം ബ്യൂറോയിൽ ആയിരുന്നു ആദ്യ പോസ്റ്റിംങ്, മൂന്ന് വർഷത്തിന് ശേഷം കോഴിക്കോട് ബ്യൂറോയിൽ രണ്ട് വർഷം, വീണ്ടും തിരുവനന്തപുരം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആലപ്പുഴ ബ്യൂറോയിൽ. ഇതിനിടെയാണ് ആലപ്പുഴയിലെ തോമസ് ചാണ്ടിയുടെ കൈയേറ്റം വാർത്തകളിൽ എത്തിച്ചത്. തുടക്കത്തിൽ ഏവരും ചിരിച്ചുതള്ളി. എന്നാൽ പ്രസാദ് നിരന്തരം വാർത്തകൾ നൽകി. കൈയേറ്റത്തിൽ സർക്കാരിന് അന്വേഷണം നടത്തേണ്ടി വന്നു. അപ്രതീക്ഷിതമായി ആലപ്പുഴയിൽ കളക്ടറായി ടിവി അനുപമയും എത്തി. ഇതോടെ അനുപമ പ്രസാദിന്റെ റിപ്പോർട്ടുകളെ ഗൗരവത്തോടെ എടുത്തു. സത്യം തന്റെ റിപ്പോർട്ടിലെഴുതി. അങ്ങനെ തോമസ് ചാണ്ടി കുടുങ്ങി. ഒടുവിൽ രാജിയും. ഇവിടെ ജയിക്കുന്നത് ഭീഷണികൾക്ക് വഴങ്ങാത്ത പ്രസാദെന്ന മാധ്യമ പ്രവർകനാണ്.

ആലപ്പുഴ ബ്യൂറോ ഓഫീസിൽ പ്രസാദ് ഉള്ളപ്പോഴായിരുന്നു, ബ്യൂറോയ്ക്ക് നേരെ അക്രമം നടക്കുന്നത്. നിത്യ ഭാര്യയും, നക്ഷത്ര മകളുമാണ്. നീണ്ട വർഷക്കാത്തെ പ്രണയത്തിനൊടുവിലാണ് നിത്യയുടേയും പ്രസാദിന്റേയും വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP