Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിൽ 7.7 മാഗ്‌നിറ്റിയൂഡ് ശക്തിയുള്ള അതിഭയങ്കരമായ ഭൂകമ്പം; കരീബിയൻ ദ്വീപ സമൂഹങ്ങൾ പലതും മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്; ആറോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്; അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും; മിക്കയിടങ്ങളിലും വൻ തോതിൽ ഒഴിപ്പിക്കൽ തുടരുന്നു: ലോകം മറ്റൊരു വമ്പൻ ദുരന്തത്തിന്റെ ഭീതിയിൽ

ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിൽ 7.7 മാഗ്‌നിറ്റിയൂഡ് ശക്തിയുള്ള അതിഭയങ്കരമായ ഭൂകമ്പം; കരീബിയൻ ദ്വീപ സമൂഹങ്ങൾ പലതും മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്; ആറോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്; അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും; മിക്കയിടങ്ങളിലും വൻ തോതിൽ ഒഴിപ്പിക്കൽ തുടരുന്നു: ലോകം മറ്റൊരു വമ്പൻ ദുരന്തത്തിന്റെ ഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ജമൈക്ക: കരീബിയൻ രാജ്യങ്ങളായ ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിലുണ്ടായത് അതിഭയങ്കരമായ ഭൂകമ്പം. റിക്ചർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മിക്ക രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പും നൽകിയിരിക്കുകയാണ്. ജമൈക്ക, ക്യൂബ, സെയ്മാൻ ദ്വീപ് തുടങ്ങി ആറോളം രാജ്യങ്ങളിലാണ് ചൊവ്വാഴ്ച സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കരീബിയൻ ദ്വീപ സമൂഹങ്ങൾ പലതും മുങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.

അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് മിക്കയിടങ്ങളിലും വൻ തോതിൽ ഒഴിപ്പിക്കൽ തുടരുന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അനേകം പേരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നതിന് പിന്നാലെ ലോകം മറ്റൊരു വമ്പൻ ദുരന്തത്തിന്റെ ഭീതിയിലേക്ക് വീണിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക 2.10ഓട് കൂടി ജമൈക്കയുടെയും ക്യൂബയുടെയും കടലിടുക്കിലാണ് ഭൂകമ്പം ഉണ്ടായത്. 72 മൈൽ അകലെയുള്ള ജമൈക്കയിലെ ലൂസിയയും 87 മൈൽ അകലെയുള്ള ക്യൂബയിലെ നിക്വരോയും ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 6.2 മൈൽ ആഴത്തിലുള്ള ഭൂകമ്പമാണ് ഇവിടെ ഉണ്ടായതെന്നാണ് യുഎസ് ജിയോളജിക്കൽ സർവ്വേയുടെ റിപ്പോർട്ട്.

ഭൂമി കുലുങ്ങുന്നതായി ജനങ്ങൾക്ക് തോന്നിയതോടെ ജമൈക്കയിലേയും ക്യൂബയിലേയും സ്‌കൂളുകൾ ഒഴിപ്പിച്ചു. അമേരിക്കയിലെ മിയാമിയിൽ നിന്നും വളരെ ദൂരത്തിലാണ് ഭൂകമ്പം ഉണ്ടായതെങ്കിലും അതിന്റെ പ്രകമ്പനം മിയാമിയിലും അനുഭവപ്പെട്ടു. ഇതേ തുടർന്ന് ഉയർന്ന നിലകളുള്ള കെട്ടിടങ്ങളിൽ നിന്നും മറ്റും ആളുകളെ ഒഴുപ്പിച്ചു. അതേസമയം ഭൂകമ്പത്തിന് പിന്നാലെ അതിശക്തമായ സുനാമിയും ഉണ്ടായേക്കുമെന്നാണ് ദി പെസഫിക് സുനാമി വാണിങ് സെന്ററിൽ നിന്നുള്ള മുന്നറിയിപ്പ്. തിരമാലകൾ സാധാരണ നിലയിൽ നിന്നും 3.5 അടിവരെ ഉയരുമെന്നും ബെലൈസ്, ക്യൂബ, ഹോണ്ടുറാസ്, മെക്സികോ, ജമൈക്ക, സെയ്മാൻ ദ്വീപ് എന്നിവിടങ്ങളിൽ നാശം വിതച്ചേക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഭൂകമ്പത്തിന് പിന്നാലെ ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് സുനാമി മുന്നറിയിപ്പ് വന്നത്. മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഭീതി പരത്തിക്കൊണ്ട് വ്യാപകമായി ഈ വാർത്ത പരക്കുകയും ചെയ്തു. ഭൂകമ്പത്തെ തുടർന്ന് പലയിടങ്ങളിലും വിള്ളൽ വീഴുകയും സിങ്ക്ഹോൾ തുറന്ന് പോവുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തു. എന്നാൽ എങ്ങും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തുടർ ചലനങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന ഭയവും ഉണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 6.5 മാഗ്‌നിറ്റിയൂഡിൽ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി. വൻ നാശനഷ്ടങ്ങളൊന്നും ഭൂകമ്പത്തിൽ ഉണ്ടായില്ലെങ്കിലും ജനങ്ങൾ ഭയചകിതരായിരിക്കുകയാണ്. കിഴക്കൻ ക്യൂബയിലെ സാന്റിയാഗോയിൽ ശക്തമായ ചലനമണ് ഉണ്ടായത്.

സുനാമി ഭീതിയെ തുടർന്ന് സെയ്മാൻ ദ്വീപിൽ തീരത്തോട് അടുത്ത് താമസിക്കുന്നവരെ എല്ലാം മുൻകരുതലെന്നോണം ഒഴിപ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും 155 മൈൽ മാത്രം അകലമുള്ള ഇവിടെ റോഡുകളിൽ വിള്ളലുകൾ വീഴുകയും ഓടകൾ തകരുകയും മാൻഹോളുകൾ തകരുകയും ചെയ്തിരുന്നു. അതേസമയം മിയാമിക്ക് പുറമേ അമേരിക്കൻ നഗരമായ ഫ്ളോറിഡയിലും നേരിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടു.

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് കഴിഞ്ഞ ഡിസംബർ 26ന് 15 വർഷം തികഞ്ഞിരുന്നു. അന്ന് ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി രണ്ടേകാൽ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്. 2004 ഡിസംബർ 25ന് ലോകം മുഴുവൻ ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകിയപ്പോഴാണ് ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ ദുരന്തം വിതച്ച് സുനാമി ഭീതിയുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞുറങ്ങിയ ജനം ഉണർന്നെഴുന്നേറ്റത് ഒന്നുമില്ലായ്മയിലേക്കാണ്.

കലി തുള്ളിയ കടൽ സകലതുമെടുത്തു. എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു. കണ്ണടച്ച് തുറക്കുംമുൻപ് കൺമുന്നിൽ കണ്ടതെല്ലാം കടൽ കൊണ്ടുപോയ കാഴ്ച നിസ്സഹായനായി നോക്കി നിൽക്കാനേ മനുഷ്യന് കഴിഞ്ഞുള്ളൂ. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ നിന്നായി കടൽ കവർന്നെടുത്തത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ. 2004 ഡിസംബർ 26 രാവിലെ 7.59നാണ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിൽ റിക്ടർ സ്‌കെയിലിൽ 9.1 മുതൽ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. വൻ ഭൂകമ്പം വമ്പൻ തിരമാലകളായി രൂപാന്തരപ്പെട്ടു.

ആന്തമാൻ ദ്വീപുകൾക്കും സുമാത്രയ്ക്കുമിടയിലുള്ള ഇന്ത്യൻ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുൻപ് കൂറ്റൻ തിരമാലകൾ സുമാത്രയിലെയും ആന്തമാൻ നിക്കോബാർ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതൽ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹിൽ മുപ്പത് മീറ്റർ ഉയരത്തിലാണ് തിരമാലകൾ താണ്ഡവമാടിയത്. മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിലായിരുന്നു കൂറ്റൻ തിരമാലകൾ കരയിലേക്കെത്തിയത്. സുനാമി ഏറ്റവും കൂടുതൽ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനാണ് ഇവിടെ മാത്രം പൊലിഞ്ഞത്. ശ്രീലങ്കയിൽ 35,000 പേരും ഇന്ത്യയിൽ 18,000 പേരുടെയും ജീവനെടുത്തു. തായ്ലന്റിൽ 8000 പേരും മരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നൂറുകണക്കിനാളുകളുടെ ജീവനും സുനാമി കവർന്നു.

ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയിൽ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകൾ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരള തീരങ്ങൾ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP