Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പ്രഖ്യാപനത്തോടെ വന്ന തൃപ്തി ദേശായിക്ക് ഇത് കയ്‌പേറിയ അനുഭവം തന്നെ! ശനി ശിംഘ്‌നാപൂരിൽ മാർച്ച് തടഞ്ഞാൽ ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ വരെ പ്ലാനിട്ട സംഘത്തിന് കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ സഹനത്തിന്റെ 13 മണിക്കൂർ; ടാക്‌സിയോ താമസിക്കാൻ ഹോട്ടൽ മുറിയോ കിട്ടാതെ വിശ്വാസികളുടെ പ്രതിഷേധച്ചൂടിൽ ഒരുപകൽ മുഴുവൻ; മുന്നറിയിപ്പില്ലാതെ മടങ്ങിവന്നാലും ദേശായിക്ക് മലകയറ്റം അതികഠിനം തന്നെ

തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പ്രഖ്യാപനത്തോടെ വന്ന തൃപ്തി ദേശായിക്ക് ഇത് കയ്‌പേറിയ അനുഭവം തന്നെ! ശനി ശിംഘ്‌നാപൂരിൽ മാർച്ച് തടഞ്ഞാൽ ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ വരെ പ്ലാനിട്ട സംഘത്തിന് കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ സഹനത്തിന്റെ 13 മണിക്കൂർ; ടാക്‌സിയോ താമസിക്കാൻ ഹോട്ടൽ മുറിയോ കിട്ടാതെ വിശ്വാസികളുടെ പ്രതിഷേധച്ചൂടിൽ ഒരുപകൽ മുഴുവൻ; മുന്നറിയിപ്പില്ലാതെ മടങ്ങിവന്നാലും ദേശായിക്ക് മലകയറ്റം അതികഠിനം തന്നെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശബരിമലയുടെ പടി ചവിട്ടുമെന്ന പ്രഖ്യാപനത്തോടെ തൃപ്തിദേശായിക്കും സംഘത്തിനും വിനയായത് അമിത ആത്മവിശ്വാസം. വിശ്വാസികളുടെ പ്രതിഷേധച്ചൂട് ഇത്രയും വരുമെന്ന് അവർ കരുതിയതേയില്ല. പുലർച്ചെ 4.30 ഓടെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ തൃപ്തിദേശായിക്കും, മീനാക്ഷി എന്ന മലയാളി യുവതി അടക്കം ഏഴംഗസംഘത്തിന് വിമാനത്താവളത്തിന്റെ പുറത്ത് ഒന്നിറങ്ങാൻ പോലും ഇറങ്ങാൻ കഴിഞ്ഞില്ല. 13 മണിക്കൂറിലേറെ അവർ വിമാനത്താവളത്തിനകത്ത് ബന്ദിയെ പോലെ കുത്തിയിരുന്നു. സംഘം നിലത്ത് കുത്തിയിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകാൻ വാഹനം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്സികളും ഓൺലൈൻ ടാക്സികളും തൃപ്തിയെ കൊണ്ടുപോകാൻ തയ്യാറായില്ല. വിമാനത്താവളത്തിന് പുറത്ത് സംഘപരിവാറിന്റ നേതൃത്വത്തിൽ നാമജപപ്രതിഷേധം അതിശക്തമായി തുടർന്നു. ഇതിനിടെ തൃപ്തി ദേശായിയുടെ പൂണെയിലെ വസതിയിലേക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ശബരിമല ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പല തവണ തൃപ്തി ദേശായി തന്റെ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. പൊലീസ് സംരക്ഷണം നൽകുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും എന്നാൽ കൊച്ചിയിൽ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാർ തന്നെ അക്രമിക്കാൻ വരുന്നതിനാൽ വിമാനത്താവളത്തിൽ തന്നെ നിൽക്കുകയാണ്. എന്നാൽ ശബരിമലയിൽ ദർശനം നടത്താതെ താൻ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകില്ലെന്നും അവർ നെടുമ്പാശേരി വിമാത്താവളത്തിൽ നിന്നുള്ള തന്റെ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.

പ്രതിഷേധത്തെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സംസ്ഥാന സർക്കാറിന് വേണ്ടി ആലുവ തഹസിൽദാർ ചർച്ച നടത്തി. എന്നാൽ ശബരിമല ദർശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിൽ തൃപ്തി ദേശായി തുടർന്നതോടെ സിയാൽ അധികൃതർ പൊലീസിനെ സമീപിച്ചു.

തൃപ്തിക്കെതിരായ പ്രതിഷേധം സിയാലിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന ആശങ്ക ഇവർ പൊലീസിനെ അറിയിച്ചു. പ്രശ്‌നത്തിൽ എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സിയാൽ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് അന്തിമ തീരുമാനം പെട്ടെന്ന് എടുക്കണമെന്ന് തൃപ്തിയോട് പൊലീസ് ആവശ്യപ്പെട്ടത്.

ശനിശിംഘ്‌നാപൂർ ക്ഷേത്രത്തിലും, ഹാജിഅലി ദർഗയിലും തടസ്സങ്ങളെ വെന്ന് സ്ത്രീസ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച തൃപ്തി ദേശായിക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാനാവാതെ വന്നത് കയ്‌പേറിയ അനുഭവമായി. ഇനിയും ശബരിമലയിലേക്ക് വരുമെന്നും, അത് മുൻകൂട്ടി അറിയിക്കാതെയാവുമെന്നും അവർ പറഞ്ഞതിന് കാരണവും ഇതുതന്നെ. വിമാനത്താവളത്തിൽ താൻ മൂലം ക്രമസമാധാനപ്രശ്‌നമുണ്ടായൽ അത് മറ്റുകേസുകളിലേക്ക് നയിക്കുമെന്നും ദേശായി ഭയന്നു. വിശ്വാസികളുടെ വികാരം മാനിച്ച പൊലീസ് പിന്മാറാൻ അഭ്യർത്ഥിക്കുക കൂടി ചെയ്തതോടെ മടങ്ങുകയല്ലാതെ നിവൃത്തിയില്ലാതായി.

ഇതുപൊലൊരു അനുഭവം തൃപ്തിക്ക് ആദ്യം

മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂരിൽ ഇതായിരുന്നില്ല സാഹചര്യം. 2016 ലെ റിപ്പബ്ലിക് ദിനം. അന്ന് തൃപ്തിദശായിക്ക് 31 വയസ്. ദേശായിയെ അലട്ടിയിരുന്ന വലിയ ചോദ്യം പശ്ചിമ മഹാരാഷ്ട്രയിലുള്ള ശനി ശിംഘ്‌നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുമോ എന്നായിരുന്നു. മൂർത്തിയെ പ്രതിഷ്ഠിച്ചിരുന്ന തുറന്ന പ്ലാറ്റ്ഫോമിൽ കയറാൻ ഒരുസ്ത്രീ എന്ന നിലയിൽ അനുവാദമില്ല. എന്നാൽ, പുരുഷന്മാർക്ക് കയറാം. 11,111 രൂപ അടച്ചാൽ മതി. ഇതുപൊളിക്കാൻ ഭൂമാതാ ബ്രിഗേഡിന്റെ സ്ഥാപകയും പ്രസിഡന്റുമായ ദേശായി തീരുമാനിച്ചു. ഗ്രാമത്തിലേക്ക് ആയിരം സ്ത്രീകളുമായി മാർച്ച് ചെയ്യാനായിരുന്നു പദ്ധതി. ആരെങ്കിലും തടഞ്ഞാൽ, ഹെലികോപ്ടർ വഴി നൂഴ്ന്നിറങ്ങി പ്ലാറ്റ്ഫോമിൽ ലാൻഡ് ചെയ്യാനായിരുന്നു പ്ലാൻ.

ശനി ശിംഘ്‌നാപൂർ നിവാസികളും വലതുപക്ഷ മതസംഘടനകളും ശക്തമായി എതിർത്തെങ്കിലും ദേശായി വഴങ്ങിയില്ല. റിപ്പബ്ലിക് ദിനത്തിൽ ആയിരം സ്ത്രീകളെയും കൂട്ടി പൂണെയിൽ നിന്ന് ഗ്രാമത്തിലേക്ക്. പുനെ-അഹമ്മദാബാദ് അതിർത്തിയിൽ സുപ എന്ന ഗ്രാമത്തിൽ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് വന്ന് എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഒരു സ്ത്രീയും എഴുന്നേറ്റില്ല. തങ്ങൾ രക്തസാക്ഷികളായാലും വേണ്ടില്ല, അവിടെ തന്നെ തുടരുമെന്നും ദർശനത്തിന് അനുവദിക്കാതെ സ്ഥലം വിടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. ആ പ്രതിഷേധം പൊലീസ് തടങ്കലിൽ അവസാനിച്ചെങ്കിലും, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഇടപെടലിലേക്ക് അത് വഴിതെളിച്ചു. 400 വർഷത്തെ ഇടവേളയ്ക്ക ശേഷം ക്ഷേത്ര ശ്രീകോവിൽ തുറന്നത് പിന്നീട് ചരിത്രമായി.

2012ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഈ വർഷം ഏപ്രിലിൽ തൃപ്തി ദേശായുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദർഗയിൽ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ൽ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടർന്ന് തൃപ്തിയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ദർഗയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. മുസ്ലിം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പർദ്ദയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലിം മത സംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു

നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. പിന്നീട് 'ഹാപ്പി ടു ബ്ലീഡ്' എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിൻ ആരംഭിച്ചു. അത് വലിയ ചർച്ചയായി മാറി. മഹാരാഷ്ട്രയിൽ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട്് വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ്.

40 പേരുമായി 2010-ൽ ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയിൽ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 21 ബ്രാഞ്ചുകൾ. വനിതകൾ മാത്രമല്ല, പുരുഷ അംഗങ്ങളും ബ്രിഗേഡിലുണ്ട്. റാൻ റാഗിണി ബ്രിഗേഡ് വനിതാ ഘടകമാണ്.

മടങ്ങി വന്നാലും മല കയറ്റം കഠിനം തന്നെ

ഏതായാലും ശബരിമല കയറാനുള്ള തൃപ്തി ദേശായിയുടെ ആദ്യശ്രമം അയ്യപ്പഭക്തരുടെ പ്രതിഷേധത്തിൽ തകർന്നുപോയി. ഇനിയൊരു മടങ്ങിവരവുണ്ടെന്ന് അവർ അറിയിച്ചിരിക്കുന്നു. വിശ്വാസികളെ പേടിച്ചല്ല മടങ്ങുന്നതെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്ന പൊലീസ് അഭ്യർത്ഥന മാനിച്ചാണ് മടങ്ങി പോകുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങിയത് തൊട്ട് തന്നെ പ്രതിഷേധക്കാർ അസഭ്യവർഷം കൊണ്ട് മൂടി. ചിലർ ആക്രമിക്കാൻ ശ്രമിച്ചു. വിശ്വാസികളാണ് തന്റെ വരവിൽ പേടിച്ചതെന്നും തൃപ്തി പറയുന്നു.

തനിക്ക് താമസസൗകര്യം ഒരുക്കാൻ ഹോട്ടലുകാർ തയ്യാറായില്ല. ടാക്സിക്കാരും വരാൻ തയ്യാറായില്ല. എന്നാൽ ഇത് പേടിച്ചു മടങ്ങി പോകുന്നതാണെന്ന് കരുതേണ്ട. ഗുണ്ടായിസം ഒന്നും വില പോകില്ല. സുപ്രീം കോടതി വിധിയുടെ പിൻബലം തനിക്കുണ്ട്. ഇനിയും തിരിച്ചു വരും. എന്നാൽ ഇനി മുൻകൂട്ടി അറിയിക്കാതെയാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞു. എന്നാൽ, ആക്ടിവിസ്റ്റുകൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാർ ബാധ്യത അല്ലെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മലകയറ്റം തൃപ്തിദേശായിക്കും സംഘത്തിനും അത്ര എളുപ്പമാവില്ല. ശനി ശിംഘ്‌നാപൂരിലും, ഹാജി അലി ദർഗയിലും തോൽക്കാത്ത ദേശായിക്ക് ശബരിമല കയറ്റം കഠിനം തന്നെയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP