Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ

സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ

മറുനാടൻ ഡെസ്‌ക്‌

ഫ്‌ളോറിഡ: സംഭവബഹുലമായ ഒരു പ്രസിഡണ്ട്ഷിപ്പിന് അവസാനം ഒരു സാധാരണ അമേരിക്കൻ പൗരനായി മാറിയ ഡൊണാൾഡ് ട്രംപ് ഇപ്പോൾ ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള തന്റെ ഒഴിവുകാലവസതിയിലാണ് ആദ്യം താമസത്തിന് എത്തിയത്. തന്റെ തന്നെ ഉടമസ്ഥതയിലുള്ള വെസ്റ്റ് പാം ബീച്ച് ക്ലബ് ഗോൾഫ് കോഴ്സിലെത്തി ഗോൾഫ് കളിച്ചാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിയതിനു ശേഷമുള്ള ആദ്യ വാരാന്ത്യം ചെലവഴിച്ചത്. തന്റെ മുഖമുദ്രയായ ''അമേരിക്കയെ മഹത്തരമാക്കൂ'' എന്നെഴുതിയ ചുവന്ന തൊപ്പിയും ധരിച്ചാണ് അദ്ദേഹം കളിക്കാൻ എത്തിയത്.

ഫ്ളോറിഡയിലെത്തിയ ട്രംപിനെ സ്വീകരിക്കാൻ ചെറിയൊരു കൂട്ടം ആരാധകർ എത്തിയിരുന്നു. അമേരിക്കൻ പതാകയുമേന്തി എത്തിയ അവരുടെ പലരുടെയും കൈകളിൽ ''ഇപ്പോഴും എന്റെ പ്രസിഡണ്ട് ട്രംപ്'', ''ജയിച്ചത് ട്രംപ്'' എന്നെല്ലാം എഴുതിയ പ്ലക്കാർഡുകളും ഉണ്ടായിരുന്നു. കാത്തുനിന്നവർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്ത ട്രംപ് പിന്നീട് തന്റെ സ്ഥിരം വസതിയായ മാർ - എ-ലോഗോ റിസോർട്ടിലേക്ക് യാത്രയായി. ആരാധകരെ കടന്ന് സാവധാനം നീങ്ങിയ കാറിൽ ഇരുന്ന് ആവേശത്തോടെയാന് ട്രംപ് അവർക്ക് അഭിവാദ്യം അർപ്പിച്ചത്.

പതിവിനു വിപരീതമായി, പുതിയ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ നിൽക്കാതെ ബുധനാഴ്‌ച്ച തന്നെ ട്രംപ് ഫ്ളോറിഡയ്ക്ക് തിരിച്ചിരുന്നു. പ്രസിഡണ്ട് ആയിരിക്കുമ്പോൾ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തന്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് കോഴ്സുകളിൽ ഗോൾഫ് കളിക്കുവാൻ ട്രംപ് ഏറെ സമയം വിനിയോഗിക്കുമായിരുന്നു. അദ്ദേഹം, തെരഞ്ഞെടുപ്പിലെ തന്റെ തോൽവി അറിഞ്ഞതുതന്നെ വെർജീനിയയിൽ ഗോൾഫ് കളിക്കുന്നതിനിടയിലായിരുന്നു. ഇപ്പോൾ തന്റെ പ്രിയവിനോദത്തിൽ ഏർപ്പെടാൻ അദ്ദേഹത്തിന് ധാരാളം സമയവും ലഭിച്ചിരിക്കുന്നു.

ഇംപീച്ച്മെന്റ് നടപടികൾ മുന്നോട്ടുതന്നെ

പ്രസിഡണ്ട് പദവി ഒഴിഞ്ഞെങ്കിലും, ഇംപീച്ച്മെന്റിൽ നിന്നും ഒഴിവാകാൻ ട്രംപിന് സാധിക്കുമെന്ന് തോന്നുന്നില്ല. നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീർമാനമെന്ന സെനറ്റ് മെജോറിറ്റി നേതാവ ചക്ക് ഷൂമർ പറഞ്ഞു. തന്റെ നിയമവിദഗ്ദരെ ഒരുക്കുവനും പ്രതിരോധം തീർക്കുവാനും ട്രംപിന് അവശ്യമായ സമയം നൽകണമെന്നതിന്റെ പേരിൽ നടപടികൾ വൈകിപ്പിച്ച റിപ്പബ്ലിക്കൻ പാർട്ടിയുമായി ഇക്കര്യത്തിൽ ഒത്തുതീർപ്പുണ്ടായിട്ടുണ്ട് എന്നാണ് സൂചനകൾ ലഭിക്കുന്നത്. കാപിറ്റോളിൽ നടന്ന അക്രമസംഭവങ്ങളുടെ പേരിലായിരിക്കും ഇംപീച്ച്മെന്റ്.

ചരിത്രത്തിൽ ഇതാദ്യമായാന് ഒരു മുൻ പ്രസിഡണ്ട് ഇംപീച്ച്മെന്റിന് വിധേയനാകുന്നത്. ഫെബ്രുവരി 8 ന് വിചാരണ ആരംഭിക്കും. എന്നാൽ, ട്രംപ് അധികാരത്തിൽ ഇല്ലാത്തതിനാൽ ഇത്തരമൊരു നടപടി ഉപയോഗശൂന്യമാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപ് അനുകൂലികൾ വാദിക്കുന്നത്. മാത്രമല്ല, ഇത് നിയമവിരുദ്ധമാണെന്നും അവർ പറയുന്നു. എന്നാൽ, അമേരിക്കൻ ജനാധിപത്യത്തിന്റെ അടയാളം കൂടിയായ കാപ്പിറ്റോളിൽ നടന്ന അക്രമസംഭവങ്ങൾ നിസാരമായി കാണാനാവില്ലെന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ പറയുന്നത്. അതിനുത്തരവാദിയായ ട്രംപ് ശിക്ഷ അനുഭവൈക്കേണ്ടതാണെന്നും അവർ പറയുന്നു. ഇതിൽ കുറ്റക്കാരനെന്നു വിധിക്കപ്പെട്ടാൽ ഭാവിയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും ട്രംപിന് വിലക്കേർപ്പെടുത്തിയേക്കും.

ടിഫാനി പ്രണയിക്കുന്നത് കടുത്ത ട്രംപ് ആരാധകനെ

പ്രസിഡണ്ട് പദവി ഒഴിയുന്നതിന് തൊട്ടുമുൻപായിരുന്നു വൈറ്റ്ഹൗസിൽ വെച്ച് ട്രംപിന്റെ രണ്ടാം ഭാര്യയിലുള്ള മകൾ ടിഫാനി ട്രംപിന്റെ വിവാഹ നിശ്ചയം നടന്നത്. വടക്കൻ ലബനനിൽ വേരുകളുള്ള, അരബ്അമേരിക്കൻ വംശജനായ ഭാവി മരുമകൻ, ട്രംപിന്റെ കടുത്ത ആരാധകൻ കൂടിയാണ്. 1.2 മില്ല്യൺ ഡോളറിന്റെ മോതിരമാണ് വിവാഹ നിശ്ചയസമയത്ത് ഈ ശതകോടീശ്വരൻ ടിഫാനിയുടെ വിരലിലണിയിച്ചത്. മൈക്കൽ ബൗലോസ് എന്ന ട്രംപിന്റെ ഭാവി മരുമകന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് വ്യവസായതാത്പര്യങ്ങൾ ഏറെയും.

മൈക്കലിന്റെ സഹോദരൻ ഒരു നടൻ കൂടിയാണ് ദി ക്രൗൺ ഉൾപ്പടെ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മൈക്കലിന്റെ പിതാവും വ്യവസാര രംഗത്തെ വൻതോക്കുമായ ഡോ. മസാദ് ബൗലോസും ട്രംപിന്റെ കടുത്ത ആരാധകനാണ്. അമേരിക്ക കണ്ട എക്കാലത്തേയും മികച്ച പ്രസിഡണ്ട് എന്നാണ് അദ്ദേഹം ഒരിക്കൽ ട്രംപിനെ വിശേഷിപ്പിച്ചത്. ടിഫാനി സുന്ദരിയും, സാമർത്ഥ്യമുള്ള സ്ത്രീയും ആണെന്നും, അവളെ ലഭിച്ചത് തന്റെ മകന്റെ ഭാഗ്യമാണെന്നും അദ്ദെഹം പറഞ്ഞു.

ലബനീസ് കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച മൈക്കലിന് നൈജീരിയയിലും ഫ്രാൻസിലുമൊക്കെ കുടുംബബന്ധങ്ങളുണ്ട്. ഹൂസ്റ്റണീലെ ടെക്സാസിലയിരുന്നു മൈക്കൽ ജനിച്ചത്. ലാഗോസിലായിരുന്നു ഇവർ വളർന്നത്. ഇവിടെയുള്ള ആഫ്രിക്കൻ-ഏഷ്യൻ വംശജരൊക്കെ എന്നും ട്രംപിനെ വംശവെറിയനെന്ന് പരിഹസിക്കുമ്പോഴും മൈക്കലും കുടുംബവും എന്നും ട്രംപിനൊപ്പമായിരുന്നു. 2018-ലെ വേനല്ക്കാലത്ത് ടിഫാനിയെ കണ്ടുമുട്ടുന്നതുവരെ ലാഗോസിലെ ബാറുകളിൽ സായന്തനം ചെലവഴിചിരുന്ന മൈക്കൽ ഒരു കൗബോയ് സ്‌റ്റൈൽ ജീവിതമായിരുന്നു നയിച്ചിരുന്നത്.

മൈക്കലിന്റെ പിതാവായ മസൂദ് ബൗലോസ് ലബനീസ് അതിർത്തിയിലെ ഫരാക്കയിലായിരുന്നു. ജനിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്, 1970 കളിലാണ് ആ കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്.പിന്നീട് വൻ വ്യവസായിയായ സൗഹിർ ഫഡോളിന്റെ സുന്ദരിയായ മകൾ സാറാ ഫഡോലിനെ അദ്ദേഹം വിവാഹം കഴിച്ചു. നിർമ്മാണം, ഗതാഗതം തുടങ്ങിവ്യത്യസ്ത മേഖലകളിൽ 13 ആഫ്രിക്കൻ രാജ്യങ്ങളിലായി വൻ ബിസിനസ്സ് സാമ്രാജ്യം ഉണ്ടായിരുന്നു ഫദൗൾ തന്റെ മരുമകനേയും അതിന്റെ ഭാഗമാക്കുകയായിരുന്നു.

ട്രംപിസ്റ്റ് മാധ്യമങ്ങളിൽ പിടിമുറുക്കി ബൈഡൻ

അധികാരത്തിന്റെ ഓരോ മുക്കിലും മൂലയിലും, ട്രംപിസ്റ്റുകളെ അടിച്ചുപുറത്താക്കി ശുദ്ധീകരണത്തിനിറങ്ങിയിരിക്കുകയാണ് ജോ ബൈഡൻ. അതിന്റെ ഭാഗമായി യു എസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ (യു എസ് എ ജി എം)യിലും പണിതുടങ്ങി. മൂന്ന് മാധ്യമങ്ങളുടെ തലവന്മാരുടെ തലയാണ് ഇന്നലെ ഉരുണ്ടത്. റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബർട്ടി, റേഡിയോ ഫ്രീ ഏഷ്യ എന്നിവയിലെ ഡയറക്ടർമാരെയാണ് ജോ ബൈഡൻ ഇന്നലെ പിരിച്ചുവിട്ടത്. കഷ്ടി ഒരു മാസം മുൻപാണ് ഇവർ ഈ സ്ഥാനങ്ങളിൽ എത്തിച്ചേർന്നത്.

നേരത്തേ വോയ്സ് ഓഫ് അമേരിക്കയുടെ ഡയറക്ടറേയും ഡെപ്യുട്ടി ഡയറക്ടറേയും പുറത്താക്കിയിരുന്നു. അതിനെ തുടർന്ന് ഓഫീസ് ഓഫ് ക്യുബ ബ്രോഡ്കാസ്റ്റിങ് തലവനും രാജിവച്ചിരുന്നു. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക താത്പര്യപ്രകാരം നിയമിക്കപ്പെട്ടവരായിരുന്നു ഇവരൊക്കെയും. വോയ്സ് ഓഫ് അമേരിക്കയേയും അതിന്റെ സഹോദര മാധ്യമങ്ങളേയും ട്രംപ് അനുകൂല പ്രചാരണത്തിനായി യു എസ് എ ജി എം തലവൻ മൈക്കൽ പാക്ക് ഉപയോഗിക്കുന്നു എന്ന് നേരത്തേ ഡെമോക്രാറ്റുകൾ ആരോപിച്ചിരുന്നു.

ഏജൻസിയുടെ താത്ക്കാലിക മേധാവിയായി വോയ്സ് ഓഫ് അമേരിക്കയിൽ മുതിർന്ന പത്രപ്രവർത്തകയായ കോ ഷാവോ നിയമതിനായിട്ടുണ്ട്. പത്രപ്രവർത്തന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള വ്യക്തിയാണിവർ.എന്നാൽ, തന്റെ നിയമന കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ ഇവർ തയ്യാറായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP