Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറു വിദ്യാർത്ഥികൾ നമ്മുടെ രുദ്രാക്ഷം വാങ്ങിയാൽ അവരിൽ ഇരുപതുപേർ ഇല്ലെങ്കിൽ പത്തുപേർ, അതുമല്ലെങ്കിൽ രണ്ടാളുകൾ എങ്കിലും പാസ്സാവുകയില്ലേ; അവർ തീർച്ചയായും നമ്മൾക്ക് ആ വിവരം എഴുതി അയക്കും; ബാക്കിയുള്ള തൊണ്ണൂറ്റെട്ടാളുകൾ തങ്ങൾക്കു പറ്റിയ വിഡ്ഢിത്തത്തെ പറ്റി ഒരക്ഷരം മിണ്ടുകയില്ല'; വിശ്വാസ ചികിൽസകർ വിജയിക്കുന്നത് ഇതേ ടെക്ക്നിക്കുകൊണ്ടാണ്; കൃപാസനം പത്രത്തിനെതിരെ സഞ്ജയന്റെ 'രുദ്രാക്ഷമാഹാത്മ്യം' കഥ വൈറലാക്കി ട്രോളന്മാർ

നൂറു വിദ്യാർത്ഥികൾ നമ്മുടെ രുദ്രാക്ഷം വാങ്ങിയാൽ അവരിൽ ഇരുപതുപേർ ഇല്ലെങ്കിൽ പത്തുപേർ, അതുമല്ലെങ്കിൽ രണ്ടാളുകൾ എങ്കിലും പാസ്സാവുകയില്ലേ; അവർ തീർച്ചയായും നമ്മൾക്ക് ആ വിവരം എഴുതി അയക്കും; ബാക്കിയുള്ള തൊണ്ണൂറ്റെട്ടാളുകൾ തങ്ങൾക്കു പറ്റിയ വിഡ്ഢിത്തത്തെ പറ്റി ഒരക്ഷരം മിണ്ടുകയില്ല'; വിശ്വാസ ചികിൽസകർ വിജയിക്കുന്നത് ഇതേ ടെക്ക്നിക്കുകൊണ്ടാണ്; കൃപാസനം പത്രത്തിനെതിരെ സഞ്ജയന്റെ 'രുദ്രാക്ഷമാഹാത്മ്യം' കഥ വൈറലാക്കി ട്രോളന്മാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാൽനൂറ്റാണ്ടു മുമ്പ് കേരളത്തിലെ സ്‌കൂളുകളിൽ 9ാം ക്ലാസിൽ പഠിപ്പിച്ച ഒരു കഥയാണ് മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം'. നിർഗതിയും പരഗതിയുമില്ലാതെ കോഴിക്കോട് മാനാഞ്ചിറയിലും പരിസരത്തും തെണ്ടി നടന്നിരുന്ന സഞ്ജയനും സുഹൃത്ത് പറങ്ങോടനും രുദ്രാക്ഷ വിൽപ്പനയിലൂടെ കോടീശ്വരന്മാർ ആവുന്നതാണ് കഥയുടെ പ്രമേയം. ഈ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കാരണം മറ്റൊന്നുമല്ല ഇതേ രീതിയിലാണ് കൃപാസന പത്രം അടക്കമുള്ളവ പ്രചരിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അത്ഭുതസിദ്ധിയുണ്ടെന്ന് കാണിച്ച് ഈ കഥയിലെ കഥാപാത്രങ്ങൾ വിൽക്കുന്ന രുദ്രാക്ഷങ്ങൾ അവർ തന്നെ ഉണ്ടാക്കിയതാണ്. പക്ഷേ ഇതു ഫലിക്കും എന്നതിന് കാരണമായി കഥയിലെ പറങ്ങോടൻ പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.

കഥയിൽനിന്ന്..

പറങ്ങോടൻ കീശയിൽ നിന്ന് ഒരു സിഗററ്റെടുത്തു കൊളുത്തി ഇങ്ങനെ പറഞ്ഞു: 'ആദ്യമായി ഞാൻ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. കാര്യം ഞാൻ ഒടുക്കം പറയാം. ഈ ലോകത്തിൽ രോഗം പിടിച്ചവരൊക്കെ മരിക്കുന്നുണ്ടോ?'

'ഇല്ല'

'പരീക്ഷയ്ക്കു പോയവരൊക്കെ തോല്ക്കുന്നുണ്ടോ?'

'ഇല്ല'

വിവാഹം കഴിക്കുന്നവരിൽ നൂറിൽ നൂറും തങ്ങൾക്ക് തീരെ പ്രണയമില്ലാത്ത സ്ത്രീപുരുഷന്മാരെയാണോ വിവാഹം കഴിക്കുന്നത്?'

'അല്ല'

'കോടതികളിൽ കേസ്സുള്ളവർ എല്ലാം ചെലവുസഹിതം തോല്ക്കാറുണ്ടോ?'

'ഇല്ല'

'ശരി: എന്നാൽ നമുക്ക് സർട്ടിഫിക്കറ്റു കിട്ടും. നൂറു വിദ്യാർത്ഥികൾ നമ്മുടെ രുദ്രാക്ഷം വാങ്ങിയാൽ അവരിൽ ഇരുപതുപേർ ഇല്ലെങ്കിൽ പത്തുപേർ, അതുമല്ലെങ്കിൽ രണ്ടാളുകൾ എങ്കിലും പാസ്സാവുകയില്ലേ? അവർ തീർച്ചയായും നമ്മൾക്ക് ആ വിവരം എഴുതി അയയ്ക്കും. രുദ്രാക്ഷം വാങ്ങുന്ന നൂറു രോഗികളിൽ, ഈ കോഴിക്കോടു നഗരത്തിൽ കൂടി, രണ്ടാളുകളുടെയെങ്കിലും രോഗം മാറിക്കിട്ടുകയില്ലേ? ആ രണ്ടാളുകൾ നമ്മൾക്ക് സസന്തോഷം സർട്ടിഫിക്കറ്റ് തരും.'

'ബാക്കിയുള്ള തൊണ്ണൂറ്റെട്ടാളുകളോ?'

'അവർ തങ്ങൾക്കു പറ്റിയ വിഡ്ഢിത്തത്തെ പറ്റി ഒരക്ഷരം മിണ്ടുകയില്ല. ഒരു പക്ഷേ നമ്മൾക്ക് എഴുതിയേക്കാം. ആ എഴുത്തുകൾ നമ്മൾ പ്രസിദ്ധപ്പെടുത്തിക്കൊള്ളണമെന്നു നിയമമുണ്ടോ? അതുമല്ല. ഉപയോഗിച്ചു ഫലം കണ്ടു എന്നു വിശ്വസിക്കുന്നവർ അവിശ്വാസികളുടെ വാക്ക് എടുക്കുകയുമില്ല'-

ഇതേ ടെക്ക്നിക്കുതന്നെയാണ് വിശ്വാസ ചികിൽസകരും ജ്യോതിഷികളുമൊക്കെ പ്രയോഗിക്കുന്നത് എന്നാണ് ടോളന്മാർ ചൂണ്ടിക്കാട്ടുന്നത്. സ്വാഭവികമായും ശരിയാവുന്ന കാര്യങ്ങളെ തെറ്റിദ്ധരിച്ചാണ് ഭൂരിഭാഗം പേരും ഈ കെണിയിൽ പെടുന്നത്. പത്രവും ഏലസ്സുമൊക്കെ ഉപയോഗിച്ച് പരാജയപ്പെട്ടവർ തങ്ങൾക്കുപറ്റിയ അബദ്ധം വലുതായൊന്നും പ്രചരിപ്പിക്കുകയും ഇല്ല. കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്ത് എത്തുന്നുണ്ട്. ഏലസ്സുകളും ചരടുകളും പത്രങ്ങളും നിരോധിക്കണമെന്നും അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. ഡ്രഗസ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് പ്രകാരം കേസെടുക്കാവുന്ന കുറ്റ കൃത്യമായിട്ടും സർക്കാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നും അവർ ചോദിക്കുന്നു. ഇത് 25 വർഷം മുമ്പായതുകൊണ്ട് പാഠപുസ്തകത്തിലെത്തി, ഇന്നായിരുന്നെങ്കിൽ അത് മതശക്തികളുടെ സമ്മർദത്തിന് വഴങ്ങി പിൻവലിക്കപ്പെടുമായിരുന്നെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 1935ൽ എഴുതിയ ഈ കഥ ഇന്നും പ്രസക്തമാകുന്നെങ്കിൽ കേരളം എത്രമാത്രം പിന്നോട്ടുപോകുന്നുവെന്ന് വ്യക്തമാണ്.

ധ്യാനം കൂടിയാൽ അസുഖം മാറുന്നത് എങ്ങനെ?

വചനോൽസവങ്ങളും ധ്യാനങ്ങളും ദിവ്യാത്ഭുത പ്രഭാഷണങ്ങളും നിറയുന്ന കേരളത്തിൽ, എന്താണ് ഇതിന്റെ യഥാർഥ വസ്തുതയെന്ന് അന്വേഷിക്കാനും ആരും മിനക്കെടാറില്ല. കരിസ്്മാറ്റിക്ക് ധ്യാനങ്ങളിലും ശുശ്രൂഷകളിലും പങ്കെടുത്ത് ജലദോഷം മുതൽ കാൻസർ വരെ മാറിയതായുള്ള വാർത്തകൾ പോട്ട ധ്യാനകേന്ദ്രത്തിന്റെയൊക്കെ മാസികകളിൽ കാണാം. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് വിലയിരുത്തുകയാണ് ജനകീയാരാഗ്യ പ്രവർത്തകനും ശാസ്ത്ര-സ്വതന്ത്രചിന്താ പ്രവർത്തകനും പ്രഭാഷകനുമായ ഡോ അഗസ്റ്റ്സ് മോറിസ്. നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡോ.മോറിസിന്റെ വീഡിയോ ഇങ്ങനെയാണ്.

ചോദ്യം: പോട്ടയിൽ പള്ളിയിൽ നിശ്ചിത ദിവസം ഭജനമിരുന്നാൽ ഡോക്ടർമാർ തിരസ്‌ക്കരിച്ച രോഗികൾ വരെ രക്ഷപ്പെട്ടതായി അവർ പ്രസിദ്ധീകരിച്ച വചനോത്സവത്തിൽ കാണുന്നു. ഇത് ശരിയാണന്ന തോന്നും വിധം സർക്കാരോ ഐഎംഎ പോലുള്ള സംഘടനകളോ എതിർക്കുന്നതായി കാണുന്നില്ല എന്തുകൊണ്ട്?

ഡോ.മോറിസ്: ബോബനും മോളിയും വായിക്കുന്നതിനേക്കാൾ രസകരമാണ് സാക്ഷ്യപ്പെടുത്തലുകളാൽ നിറഞ്ഞ ഇത്തരം മാഗസീനുകൾ. വയറ്റിൽ മുഴയുണ്ടായിരുന്നു ഡോക്ടർ നീക്കം ചെയ്യണമെന്ന് പറഞ്ഞു. അവിടെ പോയി ആരാണ്ടൊക്കെ കൈവെച്ചിട്ട് എന്തൊക്കെയോ ചെയ്തപ്പോൾ മുഴമാറി. അണ്ഡാശയത്തിലും ഗർഭത്തിലും ഒക്കെ കാണുന്ന സിസ്റ്റ് അൽപം കഴിയുമ്പോൾ ക്രമേണ വടഞ്ഞ് പോകും ഒന്നും ചെയ്യണമെന്നില്ല.

എന്നാൽ ചില സിസ്റ്റുകൾക്കുള്ളിൽ നിൽക്കുന്ന ദ്രാവകാംശം രക്തമയമുള്ളതാണെങ്കിൽ അത് പ്രശ്‌നകാരിയായി മാറും. അത് പുറമേ നിന്ന് പറയാൻ പറ്റില്ല. അത് സൂചിയിട്ട് നോക്കണമെന്നോ എന്തെങ്കിലും ഡോക്ടർമാർ പറയുമ്പോഴേക്കും അതിനെ ഓപ്പറേഷൻ എന്ന പദമാക്കി മാറ്റുന്നു. നിരുപദ്രവകാരികൾ ആയി നിൽക്കുന്ന മുഴകൾ ചിലപ്പോൾ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് ഉപദ്രവകാരിയായി മാറാം. ഇത്തരം കാര്യങ്ങൾ ഉള്ളതു കൊണ്ടാവും ഡോക്ടർമാർ എന്തെങ്കിലും ഒരു സർജിക്കൽ കറക്ഷൻ പറയുക. ഉടൻ ധ്യാനകേന്ദ്രത്തിലേക്ക് പോകും. ഇവിടെ പോയി ധ്യാനത്തിന് ഇരുന്ന ശേഷം മുഴ പോയി എന്ന് പറയും. യഥാർത്ഥത്തിൽ സിസ്റ്റിനുള്ളിലെ ദ്രാവകാംശം വടിഞ്ഞു പോയി ഇതാണ് സംഭവിക്കുന്നത്. എന്നാൽ ഇത് ദൈവാനുഗ്രഹം എന്ന പേരിൽ ചിത്രീകരിക്കപ്പെടുന്നു.

കുട്ടികൾ ഇല്ലാതെ ചികിത്സയിൽ ആയിരുന്ന ദമ്പതികൾ ഇന്ന് പോട്ടയിൽ പോയി നാളെ മൂത്രം പരിശോധിക്കുമ്പോൾ ഗർഭം ഉള്ളതായി കാണുന്നു. ഗർഭം ഉണ്ടായിട്ട് കുറച്ച് ദിവസങ്ങളായി പക്ഷേ ക്രെഡിറ്റ് പോകുന്നത് മതത്തിനാണ്. മതം വളരെയധികം രൂഢമൂലമായ ഈ സമൂഹത്തിൽ ആരും മതത്തെ തൊട്ടുകളിക്കാൻ ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയ കക്ഷികൾക്കോ സംഘടനകൾക്കോ പോലും മതത്തെ തൊട്ടുകളിക്കാൻ ധൈര്യമില്ല.

മനുഷ്യ ശരീരം കീറിമുറിച്ച് പഠിക്കുന്ന ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം തൊലിമുറിച്ച് താഴേക്ക് നിർത്തിയാൽ എല്ലാ മനുഷ്യരും ഒരു പോലെയാണ്. കോശങ്ങൾ എടുത്തു നോക്കുമ്പോൾ 46 ക്രോമസോമുകളേ ഉള്ളൂ. അതിൽ തന്നെ എക്‌സ് വൈ ആണും, എക്‌സ് എക്‌സ് പെണ്ണുമാണ് ഇതാണ് മനുഷ്യന്റെ ജാതി എന്ന് പറയുന്നത്. മൂന്നാമതൊരു ജാതി എന്ന് വേണമെങ്കിൽ ട്രാൻസ്‌ജെൻഡറിനെ പറയാം. ഇത്രയും പഠിച്ച് മനസ്സിലാക്കിയ ഡോക്ടർമാർ തന്നെ അവരുടെ ജാതി മതം എന്നിവയിൽ അഭിരമിക്കുന്നത് കണ്ടാൽ അതിശയിച്ച് പോകും. അത്രയ്ക്കും ആഴത്തിലാണ് മതം വേരുറപ്പിച്ചിരിക്കുന്നത്.

മാതാപിതാക്കൾ സർട്ടിഫിക്കറ്റിൽ അടിച്ചു തന്ന ജാതിയും മതവും താൻ അതാണെന്ന് വിശ്വസിക്കുക. ഏതെങ്കിലും ഒരു ഡോക്ടർമരിച്ചിട്ട് മൃതദേഹം മെഡിക്കൽ കോളേജിന് കൊടുത്തതായി കാണാറില്ല. യുക്തിവാദികൾ കൊടുക്കുമായിരിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട് ചിലപ്പോൾ ആരെങ്കിലും കൊടുത്തിട്ടുണ്ടായിരിക്കും. പത്രങ്ങളിൽ വരുന്ന മാട്രിമോണിയൽ കോളം നോക്കിയാൽ ഡോക്ടറായ മാതാപിതാക്കൾ അവരുടെ മക്കൾക്ക് വേണ്ടി സ്വന്തം ജാതിയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നത് കാണാമെന്നും ഡോ മോറിസ് പറയുന്നു.

രുദ്രാക്ഷ മഹാഹത്മ്യം കഥയുടെ പൂർണ്ണ രൂപം ഇങ്ങനെയാണ്:

രചന:മാണിക്കോത്ത് രാമുണ്ണിനായർ

കഥാനായകൻ പല വൈകുന്നേരവും ചെയ്യാറുണ്ടായിരുന്നതുപോലെ ഒരു വൈകുന്നേരം മാനാഞ്ചിറവക്കിൽ കിടക്കുകയായിരുന്നു. അങ്ങനെ കിടന്നുകൊണ്ടിരിക്കെ, തന്നെക്കാൾ ദുറാവായി, തന്നെക്കാൾ ലൂട്ടിമസ്സായി, തന്നേക്കാൾ പാംസുസ്നാതനായി, തന്നെക്കാൾ അക്ലീമനായി, തന്നെക്കാൾ മെലിഞ്ഞവനായി ഒരു സ്വരൂപം അവിടെ ആവിർഭവിച്ചു. ആദേഹം ഇന്ന് മലബാറിലെ മറ്റൊരു കുബേരനായ പൂഴിപ്പറമ്പിൽ പറങ്ങോടനായിരുന്നു. പറങ്ങോടനും സഞ്ജയനും അയൽവീട്ടുകാരായിരുന്നു. അവർ ഒരുമിച്ചാണ് എഴുത്തുപള്ളിയിൽ പഠിച്ചത്; ഒരുമിച്ചാണ് അവരെ ഹൈസ്‌കൂൾ ക്ലാസ്സിന്റെ പടിവാതില്ക്കൽ വച്ച് തികഞ്ഞ ബുദ്ധിശൂന്യതയുടെ കൂടെ വിളഞ്ഞ തെമ്മാടിത്തരവും കാണിച്ചതിനാൽ സ്‌കൂളിൽ നിന്ന് 'ഇങ്ങിനിച്ചവിട്ടരു'തെന്ന അധികൃതാജ്ഞാ സമേതം വെളിയിലേക്ക് തള്ളിയയച്ചത്; ഒരുമിച്ചാണ് അവർ വീട്ടിലേക്ക് ഒരു ശാപവും നാട്ടിലേക്ക് ഒരു ദ്രോഹവുമായിത്തീർന്നത്; ഒരുമിച്ചാണ് മുക്കാൽ പൈസയുടെ വരവില്ലാതെ അവർ കോഴിക്കോടു മുനിസിപ്പാലിറ്റിയിലെ പൊടികൊണ്ട് മുഖദ്വാരങ്ങൾ നിറച്ച് ഒരു വ്യാഴവട്ടക്കാലം സകല തെരുവുകളിൽക്കൂടിയും രാപ്പകൽ തെണ്ടിയത്; ഒരുമിച്ചാണ് അവരുടെ മൂക്കുകൾ മേപ്പടി മുനിസിപ്പാലിറ്റിയിലെ നാനാതരം ദുർഗന്ധങ്ങൾ അനുഭവിച്ച് പഴകിയത്; ഒരുമിച്ചാണ് അവർ അനേകം വായനശാലകൾക്കും, പ്രദർശനങ്ങൾക്കും, പ്രക്ഷോഭണങ്ങൾക്കും പണപ്പിരിവുകൾ നടത്തി, പിരിവിന്റെ പകുതിയിലധികം ഭാഗം കൊണ്ട് കാപ്പിക്ലബ്ബിലേയും സിഗരറ്റു കടയിലേയും കണക്കു തീർത്ത് തടിയൊഴിച്ചത്; ഒരുമിച്ചാണ് അവർ നിർദ്ദിഷ്ട സായാഹ്നത്തിൽ മാനാഞ്ചിറയുടെ വക്കിൽ മേളിച്ചത്.

* * *
ഈ സ്നേഹിതന്മാർ തമ്മിൽ ഇങ്ങനെയൊരു സംഭാഷണം നടന്നു:

സഞ്ജയൻ: 'എന്താ ചങ്ങാതീ, ഒന്നുമായില്ലേ?'

പറങ്ങോടൻ: 'എല്ലാമായി.'

സഞ്ജയൻ: 'എല്ലാമായെന്നുവച്ചാൽ?'

പറങ്ങോടൻ: 'എല്ലാം ആയെന്നുതന്നെ. 'ഐഹിക പാരത്രിക വിജ്ഞാനജ്ഞാന സംവർദ്ധിനി വായനശാല'യുടെ പേരിൽ നൂറുറുപ്പിക പിരിച്ചിട്ടുണ്ട്.'

സഞ്ജയൻ: 'നൂറുറുപ്പിക കൊണ്ടെന്താവും? കാപ്പി കുടിച്ച വകയിൽ ശത്രുഘ്നയ്യർക്കു തന്നെ എഴുപതുറുപ്പികയിലധികം രണ്ടാളും കൂടി കൊടുപ്പാനുണ്ടാവുകയില്ലേ?'

പറങ്ങോടൻ: 'താൻ ബുദ്ധിശൂന്യനായ ഒരു മരക്കഴുതയാണ്; വകതിരിവില്ലാത്ത ഒരു മ്ലേച്ഛനാണ്. അതല്ലെങ്കിൽ ഈ നൂറുറുപ്പിക ശത്രുഘ്നയ്യർക്ക് കൊടുപ്പാനാണെന്നാണോ താൻ വിചാരിച്ചിരിക്കുന്നത്? തന്റെ തലയുടെ കല്ല് ഇളകിപ്പോയിരിക്കുന്നു! താൻ നിയമേന നെല്ലിക്ക ഉപയോഗിക്കണം.'

സഞ്ജയൻ: 'പണം പിരിക്കുന്നത് കടംതീർക്കുവാനാണെന്നല്ലേ ഞാൻ കരുതിയത്?'

പറങ്ങോടൻ: 'അതാണ് തന്റെ വങ്കത്തമെന്നു പറഞ്ഞത്, പണം പിരിച്ചത് ധനമുണ്ടാക്കുവനാണ്.'

സഞ്ജയൻ: 'പിരിഞ്ഞപണം ധനമല്ലേ?'

പറങ്ങോടൻ: 'അതേ. പക്ഷേ അത് സാധനമല്ല, ഉപായം മാത്രമാണ്. അതു ചൂണ്ടലിന്റെ ഇരയാണ്, ഇരയെ മത്സ്യം ഭക്ഷിക്കും; മത്സ്യത്തെ നമ്മൾ ഭക്ഷിക്കും.'

സഞ്ജയൻ: 'ഈ ഇര ഭക്ഷിക്കുന്ന മത്സ്യങ്ങൾ ഏതാണ്?'

പറങ്ങോടൻ: 'പത്രവായനക്കാർ!'

സഞ്ജയൻ: 'ഏതു പത്രത്തിന്റെ വായനക്കാർ?'


പറങ്ങോടൻ: 'നൂറുറുപ്പികകൊണ്ട് ഏതെല്ലാം പത്രങ്ങളിൽ ഞാനുദ്ദേശിക്കുന്ന ഒരു പരസ്യം പ്രസിദ്ധപ്പെടുത്തുവാൻ സാധിക്കുമോ അവയുടെയൊക്കെ വായനക്കാർ'......................

സഞ്ജയൻ: 'താൻ എന്തു പരസ്യമാണ് പ്രസിദ്ധപ്പെടുത്തുവാൻ വിചാരിക്കുന്നത്? 'നമ്മൾ രണ്ട് നിസർഗ്ഗ നിസ്തേജന്മാർ ഗതികെട്ടമ്പലവാസികളായി നടക്കുന്നതിനാൽ പൊതുജനങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു' എന്നോ? ചിത്രമായി!'

പറങ്ങോടൻ: 'അതു വരുമ്പോൾ കണ്ടോളൂ.'

സഞ്ജയൻ: 'അല്ലാ നേരമ്പോക്കു പോട്ടെ! സത്യമായും ഇങ്ങനെ കഷ്ടപ്പെട്ടു നേടിയ പണം വല്ല ഭ്രാന്തിന്റെയും വാലിന്മേൽ കെട്ടി ആകാശത്തിലേക്കു വിടുവാൻ താൻ ആലോചിക്കുകയല്ലല്ലോ!'

പറങ്ങോടൻ: 'ആകാശത്തിലേക്കു വിടുവാൻ തന്നെയാണ് പോകുന്നത്. പക്ഷേ ഭ്രാന്തിന്റെ വാലിന്മേൽ കെട്ടീട്ടല്ല; പരസ്യത്തിന്റെ കഴുത്തിൽ തൂക്കീട്ടാണ്. അത്രയേ വ്യത്യാസമുള്ളൂ.'

* * *
അന്നു രാത്രി ഞാൻ വളരെ കുറച്ചേ ഉറങ്ങിയുള്ളു. സ്വപ്നമാണെങ്കിൽ കുറേയധികം കാണുകയും ചെയ്തു.

കണ്ണു തുറന്നപ്പോൾ നമ്മുടെ പറങ്ങോടനുണ്ട് കട്ടിലിന്മേലിരിക്കുന്നു.

'എന്താണിത്ര പുലർച്ചെ പുറപ്പെട്ടത്?'

'പുലർച്ചയോ? പുലർന്നിട്ട് നാഴിക നാലായി.'

ഞാൻ എഴുന്നേറ്റിരുന്നു. മിസ്റ്റർ പറങ്ങോടൻ അന്നത്തെ കേരളകാഹളത്തിന്റെയും മലയാളമദ്ദളത്തിന്റെയും ഓരോ കോപ്പി കിടക്കയിൽ വച്ചു. 'കാഹള'ത്തിലുള്ള ഒരു പരസ്യത്തിന്റെ നേർക്ക് വിരൽ ചൂണ്ടി. ഞാൻ വായിച്ചു. പരസ്യം ഇതായിരുന്നു.

'അദ്ഭുതം! അത്യദ്ഭുതം ഇങ്ങനെയൊന്നു കണ്ടിട്ടില്ല' എന്നാണ് ഉപയോഗിച്ചവരെല്ലാംഒന്നൊഴിയാതെ പറയുന്നത്. ഹിമാലയത്തിൽ നിന്ന് ഞങ്ങൾ നേരിട്ടു വരുത്തിയ സാക്ഷാൽ ത്രൈയംബക രുദ്രാക്ഷങ്ങളെപ്പറ്റി നിങ്ങൾ ഇനിയും കേട്ടിട്ടില്ലെങ്കിൽ അത് കേൾക്കുമ്പോഴേക്ക് ഞങ്ങളുടെ സ്റ്റോക്കു തീർന്നുപോയെന്നു വരാവുന്നതാണ്. കഷ്ടിച്ച് മുന്നൂറെണ്ണം മാത്രമേ ബാക്കിയുള്ളു. ഈ രുദ്രാക്ഷങ്ങളിലോരോന്നും പതിനായിരം ഉരു ത്രൈയംബകഹൃദയമന്ത്രം ജപിച്ച് ആവാഹിക്കപ്പെട്ടതാണ്. ഹിമാലയ മഹാഗിരിയുടെ ഗഹ്വരങ്ങളിലൊന്നിൽ തപസ്സുചെയ്തുകൊണ്ടിരിക്കുന്ന ഒരു മഹാസിദ്ധനാണ് ഇവയെ സംസ്‌കരിച്ചിട്ടുള്ളത്. ഈ രുദ്രാക്ഷം കഴുത്തിൽ ധരിക്കുന്നവർക്ക് ലോകത്തിൽ അസാദ്ധ്യമായി യാതൊന്നും ഉണ്ടാവുകയില്ലെന്നു പറയുന്നത് അതിശയോക്തിയാണെന്നു കരുതുന്നവർ ഇതൊന്നു പരീക്ഷിച്ചു നോക്കുകയേ വേണ്ടു. രുദ്രാക്ഷം ഒന്നിന് വില 1 ക. മാത്രം. ഒരു ഡസൻ ഒന്നായി വാങ്ങുന്നവർ 10 ക. മണിയോർഡർ ചെയ്താൽ മതി. ഉടനേ അപേക്ഷിക്കുക. അപേക്ഷിക്കേണ്ടും മേൽവിലാസം:

രുദ്രാക്ഷസിദ്ധ ഡിപ്പോ
ഡിപ്പാർട്ടുമെന്റ് K/379
കോഴിക്കോട്.

'മദ്ദള'ത്തിലെ പരസ്യം കുറച്ചുകൂടി ഗംഭീരമായിരുന്നു.

'ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!'

പാശ്ചാത്യശാസ്ത്രങ്ങൾ കണ്ടതിലും അപ്പുറത്ത് ഇനിയും അനേകമനേകം രഹസ്യങ്ങൾ ഉണ്ടെന്ന് ബോധ്യമാകാത്തവർ ആരെങ്കിലുമുണ്ടോ? മന്ത്രത്തിന്റെ അദ്ഭുത ഫലങ്ങളെക്കുറിച്ച് ഒരു അനുഭവമെങ്കിലും നേരിട്ടുണ്ടാവുകയോ പത്രങ്ങളിൽ വായിക്കുകയോ ചെയ്യാത്തവർ ലക്ഷത്തിലൊന്നുണ്ടോ? ഉണ്ടെങ്കിൽ അവരെ ഞങ്ങളുടെ സിദ്ധരുദ്രാക്ഷം (ത്രൈയംബക രുദ്രാക്ഷം) വിശ്വസിപ്പിക്കും! അവൾ നിങ്ങളെ സ്നേഹിക്കുന്നില്ലേ? അദ്ദേഹം നിങ്ങളിൽ വിരക്തി കാണിക്കുന്നുണ്ടോ? പരീക്ഷ പാസ്സാകുവാൻ സാധിക്കുകയില്ലെന്ന് നിങ്ങൾ തീർച്ചപ്പെടുത്തിക്കഴിഞ്ഞുവോ? ഉദ്യോഗക്കയറ്റത്തിന്റെ കാര്യത്തിൽ നിങ്ങൾ ഹതാശനായിരിക്കുകയാണോ? നിങ്ങളുടെ രോഗം മാറുകയില്ലെന്ന് വൈദ്യന്മാർ തീർച്ചപ്പെടുത്തിയോ? വിവാഹം ചെയ്തിട്ട് ഒരു വ്യാഴവട്ടക്കാലത്തിലധികമായെങ്കിലും ഒരു കുട്ടിയുടെ മുഖം കാണാതെ മരിക്കേണ്ടിവരുമെന്നാണോ നിങ്ങളുടെ ഭയം? എങ്കിൽ നിങ്ങൾ ഞങ്ങളുടെ ത്രൈയംബക രുദ്രാക്ഷം ഒന്നു വരുത്തി ഉപയോഗിച്ചു നോക്കുക!

ത്രൈയംബക രുദ്രാക്ഷത്തിന് ഒരുറുപ്പികയേ വിലയുള്ളു. എത്ര പണം നിങ്ങൾ ചികിത്സയ്ക്കുവേണ്ടിയും മറ്റുപായങ്ങൾക്കുവേണ്ടിയും ചെലവാക്കി! കൂട്ടത്തിൽ ഒരുറുപ്പികയ്ക്ക് ഒരവസാന പരീക്ഷകൂടി കഴിച്ചുകൂടെന്നോ?

ഈ ഉറുപ്പിക വെറുതെപോവുകയില്ലെന്ന് ഞങ്ങൾ ഉറപ്പുതരുന്നു. ഹിമാലയത്തിലെ ഒരു സിദ്ധയോഗിയാണ് ഈ രുദ്രാക്ഷങ്ങളെ മന്ത്രപൂതമാക്കിയിരിക്കുന്നത്. ഇന്നുതന്നെ ഒന്നിന് എഴുതുക! ഉപയോഗിച്ച് തൃപ്തിയടയുക! 10ക മണിയോർഡർ ചെയ്യുന്നവർക്ക് 12 രുദ്രാക്ഷം അയയ്ക്കും.

സിദ്ധ രുദ്രാക്ഷ ഡിപ്പോ
ഡിപ്പാർട്ടുമെന്റ് K/379
കോഴിക്കോട്.
* * *
പറങ്ങോടന്റെ തലയ്ക്കു സുഖമില്ലായ്മയെപ്പറ്റി മുമ്പൊരു സംശയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളുവെങ്കിൽ ഇപ്പോൾ അത് ദൃഢപ്പെട്ടു. ഇങ്ങനെയൊരു ഭ്രാന്ത് ആരെങ്കിലും ഇതുവരെ കേട്ടിട്ടുണ്ടോ? എന്തൊരു പച്ചക്കളവാണ്! ഏതു ഹിമാലയ യോഗി? എന്തു രുദ്രാക്ഷം? എന്നു മാത്രമല്ല, ഈ കളവുകൾ പ്രസിദ്ധപ്പെടുത്തിയതിന് വല്ല പൊലീസ് പ്രോസിക്യൂഷൻ കൂടി വരുവാൻ തരമുണ്ടോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ ആ ശങ്ക അസ്ഥാനത്തിലാണെന്ന് എനിക്കുതന്നെ ബോദ്ധ്യമായി. പരസ്യങ്ങളിൽ എന്തും എത്രയും പറയാമെന്നാണ് നിയമം! എന്നാലും മറ്റുള്ള സംഗതികളോ? ഞാൻ ചോദിച്ചു:'എടോ സത്യമായും താനാണോ ഈ പരസ്യങ്ങളുടെ കർത്താവ്?'

'അതേ'

'തന്റെ കൈവശം രുദ്രാക്ഷങ്ങളുണ്ടോ?'

'ഉണ്ട്: മൂന്നു ചാക്കു നിറയെ ഉണ്ട്.'

'അവ മന്ത്രപൂതങ്ങളാണോ?'

'അല്ലെന്ന് ആരു പറയുന്നു?'
ഞാൻ ആലോചിച്ചു. അതു ശരിതന്നെ.

'ഇതിന് ഒരു സമയം ആളുകൾ ആവശ്യപ്പെട്ടാലോ?'

'മഹാബുദ്ധിമാനേ, അത് ആളുകൾ ആവശ്യപ്പെടണമെന്നു കരുതിയല്ലേ ഇല്ലാത്ത പണം ചെലവാക്കി പരസ്യം പ്രസിദ്ധപ്പെടുത്തിയത്?'

'ഇവയ്ക്കു താൻ പറഞ്ഞ ഫലങ്ങൾ എങ്ങനെ കാണും?'

'പോട്ടെ. ഞാനൊരു വീരവാദം പറയട്ടെ; ഇന്നുമുതൽ മൂന്നു മാസത്തിനകത്ത് നമ്മുടെ രുദ്രാക്ഷം ഉപയോഗിച്ച് രോഗം മാറിയവരുടെ, പരീക്ഷ പാസ്സായവരുടെ, ഇഷ്ടപ്പെട്ട പ്രെണ്ണിന്റെ പ്രേമം നേടിയവരുടെ, ഉദ്യോഗകയറ്റം കിട്ടിയവരുടെ, വ്യവഹാരത്തിൽ ജയിച്ചവരുടെ, അത്യാപത്തിൽ നിന്നു രക്ഷപെട്ടവരുടെ സ്വന്തം കൈയക്ഷരത്തിലുള്ള മുന്നൂറിൽ കുറയാതെ എഴുത്തുകൾ നമ്മൾക്കു പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുവാൻ കഴിയുമെന്നു ഞാൻ ഉറപ്പുതരുന്നു. വാതുവെയ്ക്കുന്നോ?'

ഞാൻ മിഴിച്ചു. പറങ്ങോടനെപ്പറ്റി അതുവരെയില്ലാതിരുന്ന ഒരു ബഹുമാനം എന്റെ മനസ്സിൽ അങ്കുരിച്ചു. കാര്യം എനിക്ക് അപ്പോഴും മനസ്സിലായിട്ടില്ല, പക്ഷേ അങ്ങോരുടെ വാക്കുകളിലെ ശാന്തതയും ഉറപ്പും അത്ര അധൃഷ്യങ്ങളായിരുന്നു. സവിനയം ഞാൻ ചോദിച്ചു:


'അപ്പോൾ തന്റെ ഈ രുദ്രാക്ഷങ്ങൾക്ക് യഥാർത്ഥമായ വല്ല ദിവ്യശക്തിയുമുണ്ടോ?'

പറങ്ങോടൻ കട്ടിലിന്മേൽ നിന്ന് എഴുന്നേറ്റ് ക്യാൻവാസ് കസാലയിന്മേൽ പോയി ചാരിക്കിടന്ന് കൈകൊട്ടി മേല്പോട്ടു നോക്കി അത്യുച്ചത്തിൽ 'ഹാ....ഹാ....ഹാ' എന്നു പൊട്ടിച്ചിരിച്ചു. ഒരു ചിരി കഴിഞ്ഞപ്പോൾ വേറൊരു ചിരി ആരംഭിച്ചു. അങ്ങനെ തിരുവാതിര ഞാറ്റുവേലയിലെ മഴപോലെ ഏകദേശം അരമണിക്കൂർ നേരം ചിരിച്ചു. എനിക്കു കുറേശ്ശെ ശുണ്ഠി വന്നു തുടങ്ങി. 'താനെന്താണ് കഴുതയെപ്പോലെ ഇളിക്കുന്നത്?' എന്നു ഞാൻ ചോദിച്ചു. പറങ്ങോടൻ അക്ഷോഭ്യനായി സമാധാനം പറഞ്ഞു 'തന്റെ ഉപമ പ്രകൃതിശാസ്ത്രവിജ്ഞാനത്തെ കുറിക്കുന്നില്ല; പ്രതിയോഗിയെ വല്ലതും പറഞ്ഞ് അവമാനിക്കണമെന്നുള്ള ദുരുദ്ദേശ്യത്തെ മാത്രമേ കുറിക്കുന്നുള്ളൂ. അതുപോട്ടെ, ശുദ്ധാത്മാവേ, കൂപമണ്ഡൂകമേ, മരമസ്തിഷ്‌കമേ, നിർവിചാര സത്വമേ, വങ്കശിരോമണേ, ആജന്മ ഗർദ്ദഭമേ,'

ഞാൻ : 'നില്കൂ ! നില്കൂ ! ഞാനും കുറച്ചു പറയട്ടെ: 'കർദ്ദമശിരസ്സേ, സമ്പൂർണ്ണോന്മാദമേ, നിസർഗ്ഗ ദീപാളിത്തമേ, നിർഭര തെമ്മാടിത്തമേ, ദുസ്സഹ വിഡ്ഢിത്തമേ, കുതിരവട്ടമേ!' ഇനിപ്പറഞ്ഞോളൂ.'

പറങ്ങോടൻ : 'ഹു : തന്റെ സിദ്ധാന്തം. ആട്ടെ ഞാൻ പറയാം. ഈ രുദ്രാക്ഷങ്ങൾക്ക് ആ മുറ്റത്തു കാണുന്ന ഉരുളൻ കല്ലുകളെക്കാൾ യാതൊരു മഹത്ത്വവുമില്ല. സർവവ്യാപിയായ ബ്രഹ്മം അവയിലെന്നപോലെ ഇവയിലുമുണ്ടെന്ന് വേണമെങ്കിൽ സിദ്ധാന്തിക്കാം.'

ഞാൻ : 'എന്നാൽ താൻ എങ്ങനെയാണ് തന്റെ രുദ്രാക്ഷങ്ങൾ ഉപയോഗിക്കുന്നവർ തനിക്കു സർട്ടിഫിക്കറ്റ് തരുമെന്ന് പ്രതീക്ഷിക്കുന്നത്!'

പറങ്ങോടൻ കീശയിൽ നിന്ന് ഒരു സിഗററ്റെടുത്തു കൊളുത്തി ഇങ്ങനെ പറഞ്ഞു: 'ആദ്യമായി ഞാൻ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. കാര്യം ഞാൻ ഒടുക്കം പറയാം. ഈ ലോകത്തിൽ രോഗം പിടിച്ചവരൊക്കെ മരിക്കുന്നുണ്ടോ?'

'ഇല്ല'

'പരീക്ഷയ്ക്കു പോയവരൊക്കെ തോല്ക്കുന്നുണ്ടോ?'

'ഇല്ല'

വിവാഹംകഴിക്കുന്നവരിൽ നൂറിൽ നൂറും തങ്ങൾക്ക് തീരെ പ്രണയമില്ലാത്ത സ്ത്രീപുരുഷന്മാരെയാണോ വിവാഹം കഴിക്കുന്നത്?'

'അല്ല'

'കോടതികളിൽ കേസ്സുള്ളവർ എല്ലാം ചെലവുസഹിതം തോല്ക്കാറുണ്ടോ?'

'ഇല്ല'

'ശരി: എന്നാൽ നമുക്ക് സർട്ടിഫിക്കറ്റു കിട്ടും. നൂറു വിദ്യാർത്ഥികൾ നമ്മുടെ രുദ്രാക്ഷം വാങ്ങിയാൽ അവരിൽ ഇരുപതുപേർ ഇല്ലെങ്കിൽ പത്തുപേർ, അതുമല്ലെങ്കിൽ രണ്ടാളുകൾഎങ്കിലും പാസ്സാവുകയില്ലേ? അവർ തീർച്ചയായും നമ്മൾക്ക് ആ വിവരം എഴുതി അയയ്ക്കും. രുദ്രാക്ഷം വാങ്ങുന്ന നൂറു രോഗികളിൽ, ഈ കോഴിക്കോടു നഗരത്തിൽ കൂടി, രണ്ടാളുകളുടെയെങ്കിലും രോഗം മാറിക്കിട്ടുകയില്ലേ? ആ രണ്ടാളുകൾ നമ്മൾക്ക് സസന്തോഷം സർട്ടിഫിക്കറ്റ് തരും.'

'ബാക്കിയുള്ള തൊണ്ണൂറ്റെട്ടാളുകളോ?'

'അവർ തങ്ങൾക്കു പറ്റിയ വിഡ്ഢിത്തത്തെ പറ്റി ഒരക്ഷരം മിണ്ടുകയില്ല. ഒരു പക്ഷേ നമ്മൾക്ക് എഴുതിയേക്കാം. ആ എഴുത്തുകൾ നമ്മൾ പ്രസിദ്ധപ്പെടുത്തിക്കൊള്ളണമെന്നു നിയമമുണ്ടോ? അതുമല്ല. ഉപയോഗിച്ചു ഫലം കണ്ടു എന്നു വിശ്വസിക്കുന്നവർ അവിശ്വാസികളുടെ വാക്ക് എടുക്കുകയുമില്ല.'

'അതിരിക്കട്ടെ, 'ഡിപ്പാർട്ടുമെന്റ് K/379 എന്നുവച്ചാലെന്താ? എന്തു ഗ? 379 ഡിപ്പാർട്ടുമെന്റുകൾ എന്തിനു വേണ്ടിയാണ്?'

'അതൊക്കെ വിഡ്ഢികൾക്ക് വിഴുങ്ങാനാണ് മൂപ്പരേ! K/379 എന്നു വച്ചാൽ A/1 എന്നു മാത്രമാണർത്ഥം. കിം ബഹുനാ? 'എട്ടു നാളിനകം പുറം ചില ചട്ടമൊന്നു പകർന്നു പോം' എന്നു മാത്രമേ ഞാൻ തല്ക്കാലം പറയുന്നുള്ളൂ.'

'ശരി! ശരി! ഭേഷ്! തന്നെപ്പറ്റി പറഞ്ഞതൊക്കെ ഞാൻ മാപ്പുസമേതം മടക്കിയെടുത്തിരിക്കുന്നു. 'തേരിലേറി നടക്കുമമ്പൊടു ഞാനുമെന്നുടെ പാർത്ഥനും' എന്നു കൂടി ഞാൻ പറയാൻ വിചാരിക്കുന്നു. പാർത്ഥൻ എന്നുവച്ചാൽ പ്രകൃതത്തിൽ പറങ്ങോടൻ ഇത്യർത്ഥം.'

'താൻ എന്തെങ്കിലും പറഞ്ഞുകൊള്ളൂ. ഞാൻ പോകുന്നു. പിന്നെക്കാണാം.'

പറങ്ങോടൻ പോയി. പിന്നെ എന്തെന്നില്ലാത്ത ഒരു ഉന്മേഷത്തോടുകൂടി ആസന്നമായ ലോക വഞ്ചനാസമാരംഭം ഗതിവേഗം കൂട്ടിയ ഹൃത്സ്പന്ദത്തോടുകൂടി ഞാൻ ദിനകൃത്യങ്ങൾക്കൊരുങ്ങി.

ദിവസം പത്തുപതിനഞ്ചു കഴിഞ്ഞു. ഓർഡറുകൾ ഒന്നും വന്നു ചേർന്നില്ല. ശത്രുഘ്നയ്യരുടെ കാപ്പിക്ലബ്ബിനു മുൻവശത്തു കൂടി പോകുവാൻ നിവൃത്തിയില്ലാത്തതുകൊണ്ട് പറങ്ങോടനും ഞാനും ചിലപ്പോൾ ഒന്നും രണ്ടും ഫർലോങ് വഴി വളച്ചാണ് പോകാറുള്ളത്.

കുറച്ചു ദിവസം കൂടി കാത്തു. അതിനകത്ത് തിരുവിതാംകൂറിൽ കരുനാഗപ്പള്ളിയിൽ നിന്ന് അബ്രഹാം കപ്പമൂട്ടിൽ എന്ന ഒരു വിദ്വാൻ മാത്രം ഒരെഴുത്തെഴുതി. കാർഡായിരുന്നു. പറങ്ങോടനും ഞാനും ഒരുമിച്ചിരിക്കുമ്പോഴാണ് തപാൽ ശിപായി അതു കൊണ്ടുവന്നുതന്നത്. പരസ്യത്തിലുള്ള മേൽവിലാസം കണ്ടപ്പോൾത്തന്നെ പറാങ്ങോടൻ വിജയസൂചകമായ ഒരു പുഞ്ചിരിയോടു കൂടി എന്നെ ഒന്നു നോക്കി. എന്റെ നെഞ്ഞിടിപ്പ് ദുർഭരമായിരുന്നു. 'ഗണപതിക്കയ്യല്ലേ? ഉറക്കെ വായിക്കൂ!' എന്നു ഞാൻ പറങ്ങോടനോടു പറഞ്ഞു. അങ്ങോർ വായിച്ചു:

'കേരള കാഹളത്തിൽ നിങ്ങളുടെ പരസ്യം കണ്ടതിന്മണ്ണമാണ് ഞാനിതെഴുതുന്നത്. ഞാൻ ഏഴു വർഷമായി ഒരു വയറുവലികൊണ്ട് എന്തെന്നില്ലാത്ത വിമ്മിട്ടം അനുഭവിക്കുന്നു. നിങ്ങളുടെ രുദ്രാക്ഷം കൊണ്ട് വല്ല പൊറുതിയുമൊണ്ടാവുമോ? ഒണ്ടാവുമെങ്കിൽ ഒരെണ്ണം മറുവശത്തെഴുതിയ മേൽവിലാസത്തിൽ അയച്ചേക്കണം. ആദ്യംതന്നെ പണമൊന്നും തരികേല. നോവു മാറിയെങ്കിൽ ഒന്നല്ല രണ്ടോ നാലോ രൂപതന്നെ കൂടുതൽ തന്നേക്കാം. നിങ്ങളെപ്പറ്റി വളരെയൊക്കെ പ്രശംസിച്ചു നടക്കുകയും ചെയ്യാം.'

ഈ കാർഡു വായിച്ചു തീർന്നതോടുകൂടി പറങ്ങോടന്റെ കോപത്തിനു തുല്യമായി ഈ ലോകത്തിൽ മറ്റൊന്നുണ്ടെങ്കിൽ അത് എന്റെ നിരാശത മാത്രമായിരുന്നു. ആ കരിനാഗപ്പള്ളിയിലെ നിസർഗ്ഗനിസ്തേജന്റെ വയറ്റുനോവ് 'ധാരാഹന്ത കല്പാന്തതോയേ' കുളിക്കുമ്പോഴെങ്കിലും മാറിപ്പോകുമല്ലോ എന്നായിരുന്നു ഞങ്ങളുടെ ഒറ്റ വ്യസനം. കപ്പമൂട്ടിനെ കഠിനമായി ശകാരിച്ചുകൊണ്ട് ഒരു കാർഡ് എഴുതി അയയ്ക്കുവാൻ ഞങ്ങൾ ആലോചിച്ചുവെങ്കിലും അതിന്നാവശ്യമായ ഒമ്പതു പൈസ തത്ക്കാലം കൈവശമില്ലാത്തതുകൊണ്ട് അതു നിവൃത്തിയില്ലാതെവന്നു.

ഈ കാർഡു കിട്ടി ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് തൃക്കരിപ്പൂരിൽ നിന്ന് ഒരാൾ, സ്വകാര്യമായ ഒരു കാര്യലാഭത്തെ ഉദ്ദേശിച്ചുകൊണ്ടാണെന്ന മുഖവുരയോടു കൂടി ഞങ്ങളുടെ രുദ്രാക്ഷത്തിനാവശ്യപ്പെട്ടത്. പക്ഷേ ഇത്തവണ കാർഡിന്റെ കൂടെ മണിഓർഡറും ഉണ്ടായിരുന്നു. രുദ്രാക്ഷം അയ്ക്കുവാനുള്ള തുക മാത്രം ഒരുറുപ്പികയിൽ നിന്നെടുത്ത് ബാക്കി, ആവശ്യങ്ങൾ നൂറായിരം ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ ഒരു പെട്ടിയിൽ നിക്ഷേപിച്ചു. പിന്നീടുള്ള ചരിത്രം ചുരുക്കിപ്പറയാം: മൂന്നുമാസം കൊണ്ട് രണ്ടിടങ്ങഴി രുദ്രാക്ഷം ഞങ്ങൾ പല സ്ഥലങ്ങളിലേക്കുമായി അയച്ചുകൊടുത്തു. നാലുമാസം കഴിഞ്ഞപ്പോഴേക്കും മദ്രാസ്, കൽക്കത്ത, ബോംബായ് എന്നീ നഗരങ്ങളിലെ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഓരോ ചെറിയ പരസ്യവും മലയാളം പത്രങ്ങളിൽ സർട്ടിഫിക്കറ്റുകളോടു കൂടിയ അര പേജ് പരസ്യങ്ങളും കൊടുക്കുവാൻ ഞങ്ങൾക്കു സാധിച്ചു.

പറങ്ങോടൻ പ്രതീക്ഷിച്ചിരുന്നതുപോലെ അന്നേ ഞങ്ങൾക്കു സർട്ടിഫിക്കറ്റുകൾ വരാതിരുന്നില്ല. അവയിൽ ചിലതിൽ കൂടി പ്രസ്ഫുരിച്ച ഞങ്ങളുടെ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തിലുള്ള അതിരറ്റ ഭക്തിവിശ്വാസങ്ങൾ കണ്ടപ്പോൾ 'ഒടുക്കം ഇതിൽ നമ്മളറിയാത്ത വല്ല അഭൗമശക്തികളും ഉണ്ടായിരിക്കുമോ?' എന്നുകൂടി ഞാൻ പറങ്ങോടനോടു ചോദിക്കുവാൻ പ്രേരിതനായി. ആ വഞ്ചകമഹാസമ്രാട്ടാകട്ടെ,

'വെൺചന്ദ്രികയ്ക്കു നിറംകൂടുമാറൊന്നു
പുഞ്ചിരികൊള്ളുക മാത്രം ചെയ്തു!'

ഒരെഴുത്ത് ഇതാ:

S 2400
ഗുരുപാദങ്ങളെ,
ലോക രക്ഷചെയ്വാൻ അവതരിച്ചിരിക്കുന്ന അങ്ങുന്ന് ആരാണെന്ന് ഞാൻ അറിയുകയില്ല. പക്ഷേ ആരായിരുന്നാലും അങ്ങ് ലോകത്തിന് പ്രദാനം ചെയ്തിരിക്കുന്ന ഈ ദിവ്യവരംഅതിവിശിഷ്ടമായ ത്രൈയംബക രുദ്രാക്ഷംലോകത്തിലെ അവതാരപുരുഷന്മാരുടെ ഇടയിൽ അങ്ങയുടെ സ്ഥാനത്തെ ഉറപ്പിച്ചിരിക്കുന്നു. എനിക്കയച്ചുതന്ന രുദ്രാക്ഷം ഞാൻ ധരിക്കുവാൻ തുടങ്ങിയതിന്റെ ശേഷം ഞാനൊരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഒരു കേസ് ജയിച്ചു. എന്റെ ഭാര്യ ഒരാൺകുട്ടിയെ പ്രസവിച്ചു. കഴിഞ്ഞ ആഴ്ച ഒരു വലിയ പ്രൈസ് കുറിയുടെ ഒന്നാം നറുക്കും എനിക്കു കിട്ടി. ഇങ്ങനെ അടുത്തടുത്ത് ഒരു ഭാഗ്യ സന്നിപാതം ഞാൻ എന്റെ ജീവകാലത്ത് അനുഭവിച്ചിട്ടില്ല. ദയ ചെയ്ത് പന്ത്രണ്ടു രുദ്രാക്ഷം കൂടി ഈ എഴുത്തുകണ്ട ഉടനെ അയച്ചുതരുവാനപേക്ഷ. പത്തുറുപ്പിക ഇന്നലെ മണിയോർഡർ ചെയ്തിട്ടുണ്ട്. ഈ പരസ്യം നിങ്ങൾക്ക് ഏതു വിധത്തിൽ വേണമെങ്കിലും ഉപയോഗിക്കാം

കൃതജ്ഞതാകുലൻ
കോറോത്ത് കൃഷ്ണൻനായർ
സാമ്പിളിന് ഒരെഴുത്തു കൂടി താഴെ ചേർക്കുന്നു.

P 2009
സർ,
നിങ്ങളുടെ രുദ്രാക്ഷം ധരിച്ചതിന്റെ ശേഷം ചിരകാലമായി ഞാനാഗ്രഹിച്ചിരുന്ന കാര്യം ഏഴു ദിവസത്തിനകം സാധിച്ചിരിക്കുന്നു. നന്ദി പറയുന്നു. മൂന്നു രുദ്രാക്ഷത്തിന്റെ വില ഇതു സഹിതം അയയ്ക്കുന്നു. സ്നേഹിതന്മാർക്കു വേണ്ടിയാണ്.

ഔസേഫ് മാത്തൻ ബി.ഏ.
(പറയുന്നതിനിടയ്ക്ക് എഴുത്തിനു മീതെയുള്ള നമ്പർ പറങ്ങോടൻ ചേർത്തതാണ് രണ്ടായിരത്തിലധികം എഴുത്തുകൾ ഞങ്ങൾക്ക് കിട്ടിയെന്ന് അതു കണ്ടാൽ തോന്നുമെങ്കിലും ആദ്യത്തെ എഴുത്തിന്നു കൊടുത്ത നമ്പർ 2000 ആണെന്നു കൂടി ഇവിടെ പ്രസ്താവ്യമാണ്, S എന്നും P എന്നുമുള്ള അക്ഷരങ്ങൾ എഴുത്ത് ആദ്യം വായിച്ചത് സഞ്ജയനോ പറങ്ങോടനോ ആണെന്നു മാത്രമേ കുറിക്കുന്നുള്ളൂ.)

പക്ഷേ രണ്ടായിരത്തിലധികം എഴുത്തുകൾ വരാൻ ഞങ്ങൾ വളരെയൊന്നും താമസിക്കേണ്ടി വന്നില്ല. രുദ്രാക്ഷം പാർസലായി ആയയ്ക്കുവാൻ നിശ്ചയിക്കപ്പെട്ട കൂലിക്കാരുടെ എണ്ണം പ്രതിമാസം രണ്ടു വീതം വർദ്ധിച്ചു. ഒരു കൊല്ലത്തിനകത്ത് എഴുത്തുകൾക്ക് മറുപടി അയയ്ക്കുവാൻ രണ്ട് ക്ലാർക്കുമാരെയും ഞങ്ങൾ നിശ്ചയിക്കേണ്ടി വന്നു. ഇംഗ്ലീഷ് ദിനപ്രത്രങ്ങളിൽ ത്രൈയംബക രുദ്രാക്ഷത്തിന്റെ പരസ്യം ആരും പെട്ടന്ന് കാണുവാനിടയില്ലാത്ത മൂലയിൽ ഒരിഞ്ച് (ഒറ്റക്കോളം) ആയിരുന്നത് പോയി ഒരു മുഴുവൻ പേജായിത്തീർന്നു. 1934 ജനുവരി 1-ആം തീയതി മുതൽ ഒരു വലിയ മാളികക്കെട്ടിടം ഞങ്ങൾ 50 ക വാടകയായെടുത്തു. രുദ്രാക്ഷം സപ്ലൈ ചെയ്യുന്ന ഏജൻസികളുടെ എണ്ണം ആറായിരുന്നു. വേറെയും പരിഷ്‌കാരങ്ങൾ ഞങ്ങൾ വരുത്തി. വെള്ളികെട്ടിച്ച രുദ്രാക്ഷം അഞ്ചുറുപ്പികയ്ക്കും സ്വർണം കെട്ടിച്ചത് ഇരുപതുറുപ്പികയ്ക്കും ഞങ്ങൾ അയയ്ക്കുവാൻ തുടങ്ങി. (ആ വഴിക്കും ആദായമുണ്ടായിരുന്നു). സ്ത്രീകൾക്കു ധരിക്കുവാൻ ഒരു മാതിരി ചെറിയ രുദ്രാക്ഷം അതിമനോഹരമായ ലോക്കറ്റിൽ അടക്കി സ്വർണ്ണചെയിൻ സമേതം 100 ക. വിലയായി ഞങ്ങൾ സ്റ്റോക്കു ചെയ്തു.

1935 പിറന്നു. പറങ്ങോടനും ഞാനും പണക്കാരായി. ഞങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിരുചി വർദ്ധിച്ചു. പറങ്ങോടനും ഞാനും ഓരോ പ്രാദേശിക ബോർഡിന്റെ അധ്യക്ഷന്മാരായി. കാറുകൾ ഞങ്ങൾക്ക് പ്രത്യേകമുണ്ടായിരുന്നു. ശത്രുഘ്നയ്യർ പൊളിഞ്ഞു ദീപാളിയായി. ടൗണിലുള്ള അയാളുടെ കാപ്പിക്ലബ് കെട്ടിടം ലേലത്തിൽ വിറ്റപ്പോൾ അതു ഞങ്ങൾ വാങ്ങി ആ സ്ഥലത്ത് അതിഗംഭീരമായ ഞങ്ങളുടെ രുദ്രാക്ഷ ഡിപ്പോ പണിയിച്ചു. ഗൗരീശങ്കർ ബാങ്ക് മാനേജരായിരുന്ന ശങ്കർ ലാൽസേട്ട് ഇൻസോൾവെന്റായപ്പോൾ കടപ്പുറത്തുള്ള അദ്ദേഹത്തിന്റെ അമരാവതീസദൃശമായ മൂന്നുനില ബംഗ്ലാവും ഞങ്ങൾ വിലകൊടുത്തു വാങ്ങി. പറങ്ങോടൻ എന്ന പേരിന് അവസ്ഥ പോരായ്കയാൽ അങ്ങോർ തന്റെ പേരുമാറ്റി, പി. എൻ. പൂഴിപ്പറമ്പ് എന്നാക്കി. നിലവിലുള്ള രണ്ടു കാറുകൾക്കു പുറമേ ഒരു റോൾസ് റോയ്സ് ഞങ്ങൾ ഇരുവരും കൂടി വാങ്ങി.

ആറു മാസം മുൻപ് ഒരു ദിവസം ഞങ്ങളുടെ റോൾസ്‌റോയ്സ് ബംഗ്ലാവിന്റെ ഗെയ്റ്റിനടുത്ത് എത്താറായപ്പോൾ പന്ത്രണ്ടണ വിലയുള്ള ചുരുട്ടിന്റെ 'അന്ത്യദ്രേക്കാണ'ത്തെ പുറത്തേക്കെറിഞ്ഞ് ഞാൻ പറങ്ങോടനോടു പറഞ്ഞു:

'അന്നൊരു ദിവസം നമ്മുടെ രുദ്രാക്ഷത്തിൽ വാസ്തവത്തിൽ നമ്മൾ കാണാത്ത വല്ല മഹത്ത്വവും ഒളിഞ്ഞുകിടക്കുന്നുണ്ടായിരിക്കുമോ എന്നു ഞാൻ ചോദിച്ചപ്പോൾ താൻ പുച്ഛരസത്തോടു കൂടി ചിരിച്ചത് ഓർമ്മയുണ്ടോ?'

പറങ്ങോടൻ: 'എന്തോ എനിക്കോർമ്മയില്ല. പക്ഷേ അങ്ങനെ വല്ല മഹത്ത്വവും ഉണ്ടെന്നാണോ തന്റെ വിശ്വാസം?'

ഞാൻ: 'അതേ.'

പറങ്ങോടൻ: 'തെളിവ്?'

ഈ സമയത്ത് കാർ നാനാസുമസുരഭിലമായ നടയിൽക്കൂടി വീടിന്റെ മുൻവശത്തെത്തി നിന്നു. ഞാൻ പുറത്തിറങ്ങി സ്വർണംകെട്ടിച്ച ആനക്കൊമ്പു വടി ബംഗ്ലാവിന്റെയും കാറിന്റെയും പൂന്തോട്ടത്തിന്റെയും നേരെ ചൂണ്ടിക്കൊണ്ടു പറഞ്ഞു. 'തെളിവോ? അതാ! ഇതാ! അതാ!'

പറങ്ങോടൻ ചിരിച്ചു. പക്ഷേ ഇത്തവണ ആ ചിരിയിൽ പുച്ഛരസം തീരെ ഉണ്ടായിരുന്നില്ല.

(ഇതി ശ്രീരുദ്രാക്ഷമാഹാത്മ്യം സമാപ്തം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP