Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സദാചാര ഗുണ്ടായിസത്തിലെ പ്രതിയുടെ സുഹൃത്തുക്കളെ വളഞ്ഞിട്ട് തല്ലിയത് ന്യൂസ് 18 ചാനലുകാരും മാധ്യമം-ഡെക്കാൺ ക്രോണിക്കൾ ജേർണലിസ്റ്റുകളും ചേർന്ന്; മാധ്യമത്തിലെ ജേർണലിസ്റ്റിനെ കൈകാര്യം ചെയ്തത് പ്രഭാത വാർത്തയിലെ സാനുവും ഇടിവിയിലെ ബിജുവും; തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിവാദം തീരുന്നില്ല; ലൈസൻസില്ലാതെ പ്രവർത്തിച്ച സങ്കേതം പൂട്ടിയിട്ടും പുറത്തു വരുന്നത് അടിപിടി കേസുകൾ മാത്രം; പൊലീസിന് തലവേദനയായി പത്രക്കാർ മാറുമ്പോൾ

സദാചാര ഗുണ്ടായിസത്തിലെ പ്രതിയുടെ സുഹൃത്തുക്കളെ വളഞ്ഞിട്ട് തല്ലിയത് ന്യൂസ് 18 ചാനലുകാരും മാധ്യമം-ഡെക്കാൺ ക്രോണിക്കൾ ജേർണലിസ്റ്റുകളും ചേർന്ന്; മാധ്യമത്തിലെ ജേർണലിസ്റ്റിനെ കൈകാര്യം ചെയ്തത് പ്രഭാത വാർത്തയിലെ സാനുവും ഇടിവിയിലെ ബിജുവും; തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിവാദം തീരുന്നില്ല; ലൈസൻസില്ലാതെ പ്രവർത്തിച്ച സങ്കേതം പൂട്ടിയിട്ടും പുറത്തു വരുന്നത് അടിപിടി കേസുകൾ മാത്രം; പൊലീസിന് തലവേദനയായി പത്രക്കാർ മാറുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സദാചാരഗുണ്ടായിസവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന്റെ കേന്ദ്രബിന്ദുവായി പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ മാറിയതോടെ തുടങ്ങിയ മാധ്യമപ്രവർത്തകരുടെ ചേരിപ്പോര് വീണ്ടും കേസുകളിലേക്കും നിയമനടപടികളിലേക്കും നീങ്ങുന്നു. രണ്ടു കേസുകളാണ് പുതുതായി കന്റോൺമെന്റ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രസ് ക്ലബ് യോഗങ്ങളെ തുടർന്ന് നടന്ന സംഘർഷങ്ങളിൽ ഉൾപ്പെട്ട കെ.എൻ സാനു, ബിജു ഗോപിനാഥൻ എന്നിവർക്കെതിരെയുള്ള ഒരു കേസും ഇവർ നൽകിയ പരാതിയിൽ വി എസ്.അനു, ബിനീഷ് തോമസ്, വി.വി.അരുൺ, സാബ്ലു തോമസ് എന്നിവർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്. രണ്ടു കേസുകളിലെ പ്രതികൾക്കും ജാമ്യം നൽകി വിട്ടതായും പക്ഷെ കേസിൽ തുടർനടപടികൾ വരുമെന്നും കന്റോൺമെന്റ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പുതിയ കേസുകളോടെ പ്രസ് ക്ലബിലെ പ്രശ്‌നങ്ങൾ വീണ്ടും വഷളായി തീർന്നിട്ടുണ്ട്. ഇന്നലെ പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അനുമതിയില്ലാതെ വിമതവിഭാഗം യോഗം ചേരാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘർഷം വന്നത്. പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും മാനേജിങ് കമ്മറ്റി സസ്‌പെൻഡ് ചെയ്ത മുൻ ജോയിന്റ് സെക്രട്ടറി സാബ്ല്യു തോമസിന്റെ നേതൃത്വത്തിൽ വിമത വിഭാഗക്കാർ യോഗം ചേരാൻ തുടങ്ങിയതോടെയാണ് വീണ്ടും സംഘർഷം രൂപപ്പെട്ടത്. ഈ സംഘർഷത്തിലാണ് സാനുവിനും ബിജു ഗോപിനാഥനും മർദ്ദനമേറ്റതായി ആരോപണം വന്നത്. കേസിൽ പ്രതിയായ വി എസ് അനുവും അനൂപും ന്യൂസ് 18 ചാനലിലെ ജേണലിസ്റ്റുകളാണ്. ബിജു ഗോപിനാഥ് ഇടിവിയിലെ ലേഖകനാണ്. സാനു ജോർജ് പ്രഭാത വാർത്തിയിലും. ബിനീഷ് മാധ്യമത്തിലേയും സാബ്ലു തോമസ് ഡെക്കാൺ ക്രോണിക്കളിലേയും ജേർണലിസ്റ്റാണ്. മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ സഹോദരിയുടെ മകനാണ് സാബ്ലു. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ എസ് എഫ് ഐയോട് ചേർന്നാണ് സാബ്ലുവിന്റെ പ്രവർത്തനം.

സദാചാര ഗുണ്ടായിസ കേസിൽ അകപ്പെട്ടതോടെയാണ് പ്രസ് ക്ലബ് സെക്രട്ടറിയായ എം.രാധാകൃഷ്ണന് സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്. രാധാകൃഷ്ണന് സ്ഥാനം നഷ്ടമായതോടെ സാബ്ല്യു തോമസിന് താത്കാലിക സെക്രട്ടറി സ്ഥാനം ലഭിച്ചതോടെ പ്രശ്‌നം വീണ്ടും രൂക്ഷമാവുകയാണ് ഉണ്ടായത്. തുടർന്ന് പഴയ കമ്മറ്റിയുടെ രാജിയും പുതിയ കമ്മറ്റിയുടെ ചാർജ് ഏറ്റെടുക്കലും വന്നു. പക്ഷെ ഇവർക്കാർക്കും തുടരാൻ സാധ്യമാകാത്ത രീതിയിൽ പഴയ സെക്രട്ടറി രാധാകൃഷ്ണൻ തനിക്ക് അനുകൂലമായ കോടതി വിധി നേടുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രസ് ക്ലബ് അധികാരം ആർക്കെന്ന രീതിയിൽ തർക്കങ്ങൾ തലപൊക്കി തുടങ്ങിയത്.

മുൻ പ്രസ്‌ക്ലബ് സെക്രട്ടറിയും, ആരോപണവിധേയനാകുകയും ചെയ്ത രാധാകൃഷ്ണനോടൊപ്പം രാജിവെച്ചവർ രാജി പിൻവലിച്ച് പ്രസ്‌ക്ലബിലെ ജനറൽ ബോഡി യോഗത്തിനു എത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും വഷളായി. സദാചാര ഗുണ്ടായിസ ആരോപണമുയർത്തിയ മാധ്യമപ്രവർത്തകയുടെ ഭർത്താവിനെ കെ എൻ സാനു, ബിജു ഗോപിനാഥനും ചേർന്ന് കൈയേറ്റം ചെയ്തതായി ആരോപണം ഉയർന്നു. പ്രസ്‌ക്ലബ് ജനറൽബോഡിയിൽ പ്രസ്‌ക്ലബ് മെമ്പർ എന്ന നിലയ്ക്ക് പങ്കെടുത്ത എന്നെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ കെ എൻ സാനു, ബിജു ഗോപിനാഥൻ എന്നിവർ ചേർന്ന് എന്റെ കൈയിൽ കയറിപിടിക്കുകയും എന്റെ മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. ബിജു ഗോപിനാഥൻ എന്റെ കൈപിടിച്ച് തിരിക്കുകയും എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി അടിച്ചൊടിക്കുകയും ചെയ്തു. രാധാകൃഷ്ണനൊപ്പം രാജിവെച്ചവർ ജനറൽബോഡിയിൽ എത്തിയിരുന്നു. അവരുടെ കൂട്ടാളികളാണ് എന്നെ കൈയേറ്റം ചെയ്തത്. മാധ്യമ പ്രവർത്തകയുടെ ഭർത്താവ് പ്രതികരിച്ചത്. ഈ സംഭവത്തിൽ ഇവർ സാനുവിനും ബിജു ഗോപിനാഥനും എതിരെ പരാതി നൽകിയിരുന്നു. ഈ കേസിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തുടർന്നാണ് സാബ്ല്യു തോമസിനും ബിനീഷ് തോമസിനും വി എസ്.അനുവിനും അടക്കമുള്ളവർക്ക് എതിരെ സാനുവും ബിജു ഗോപിനാഥും ഉൾപ്പെടെയുള്ളവർ പരാതി നൽകുന്നത്.

അറിയാതെ അകപ്പെട്ട പ്രശ്‌നത്തിൽ പ്രതിയായ മാറിയ രാധാകൃഷ്ണനെ അനുകൂലിക്കുന്ന സമീപനമാണ് പ്രസ് ക്ലബിലെ മാധ്യമ പ്രവർത്തകരിൽ വലിയ പങ്കു കൈക്കൊണ്ടത്. സാബ്ല്യു തോമസ്, സദാചാര ഗുണ്ടായിസ ആരോപണവുമായി എത്തിയ മാധ്യമ പ്രവർത്തകയുടെ ഭർത്താവ്, മാധ്യമ പ്രവർത്തക, ഇവരെ അനുകൂലിക്കുന്ന മാധ്യമ പ്രവർത്തകർ എന്നിവരാണ് രണ്ടു ചേരിയായി നിലയുറപ്പിച്ചിരിക്കുന്നത്. പക്ഷെ സെക്രട്ടറിയായി രാധാകൃഷ്ണനു തുടരാം എന്ന വിധിയുടെ ബലത്തിൽ രാധാകൃഷ്ണൻ നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് മാധ്യമ പ്രവർത്തകർ വീണ്ടും ചേരി തിരിഞ്ഞു അടിയാകുന്നത്. 'രണ്ടും മൂന്നും പേരോടു ഒപ്പം ഉറങ്ങുന്നവർ സദാചാരം പ്രസംഗിക്കരുത് എന്ന് കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ പരസ്യ പ്രഖ്യാപനം നടത്തിയതോടെയാണ് രാധാകൃഷ്ണന് അനുകൂലമായ നീക്കങ്ങൾ പ്രസ് ക്ലബിനുള്ളിൽ തന്നെ ശക്തമായത്.

സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ കേസ് രാധാകൃഷ്ണനെതിരെ വന്നതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. തിരുവനന്തപുരം പ്രസ് ക്ലബ് മന്ദിരത്തിൽ നിന്നാണ് രാധാകൃഷ്ണനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവർത്തകർ പ്രസ്‌ക്ളബ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് പേട്ട പൊലീസ് പ്രസ് ക്ലബിലെത്തി കഴിഞ്ഞ ഡിസംബർ ആദ്യവാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിൻ, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ പ്രതിക്കൂട്ടിലായതോടെ പ്രസ് ക്ലബിലുള്ളവർ മദ്യപിക്കാൻ എത്തുന്ന സങ്കേതത്തിനു താത്കാലികമായി താഴ് വീണെങ്കിലും അതുകൊണ്ടൊന്നും പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്ന സൂചനകളാണ് പുതിയ കേസുകൾ ഉയർത്തുന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സങ്കേതത്തിന്റെ പേരിലും മാധ്യമപ്രവർത്തകർ ചേരിതിരിഞ്ഞു പോരാടിയിരുന്നു. പ്രശ്‌നങ്ങളെ തുടർന്ന് വീണ്ടും അടഞ്ഞു കിടന്ന സങ്കേതം ഇവർക്കിടയിൽ നിന്ന് തന്നെ വന്ന സമവായ പ്രശ്‌നങ്ങളെ തുടർന്ന് വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി തന്നെ സദാചാരഗുണ്ടായിസ പ്രശ്‌നവുമായി കേസിൽ ജയിലിലേക്ക് നീങ്ങിയതോടെയാണ് സങ്കേതത്തിന് വീണ്ടും താഴ് വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP