Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെക്‌സ്‌കോൺ വഴി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരാക്കിയത് ആശുപത്രി വികസന സമിതി; ആശുപത്രി നിയമിച്ച സെക്യൂരിറ്റിക്ക് 800 രൂപയും കുടുംബശ്രീക്കാർക്ക് 650 രൂപയും നൽകുമ്പോൾ എക്‌സർവീസുകാർക്ക് നൽകുന്നത് നാനൂറു രൂപ; ആട്ടും തുപ്പുമേറ്റ് ജോലി ചെയ്യുന്നതിൽ സുരക്ഷാ ജീവനക്കാർ കടുത്ത അതൃപ്തിയിൽ; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ മിനിമം വേതനം ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ച് എക്‌സ് സർവീസുകാർ

കെക്‌സ്‌കോൺ വഴി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരാക്കിയത് ആശുപത്രി വികസന സമിതി; ആശുപത്രി നിയമിച്ച സെക്യൂരിറ്റിക്ക് 800 രൂപയും കുടുംബശ്രീക്കാർക്ക് 650 രൂപയും നൽകുമ്പോൾ എക്‌സർവീസുകാർക്ക് നൽകുന്നത് നാനൂറു രൂപ; ആട്ടും തുപ്പുമേറ്റ് ജോലി ചെയ്യുന്നതിൽ സുരക്ഷാ ജീവനക്കാർ കടുത്ത അതൃപ്തിയിൽ; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ മിനിമം വേതനം ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ച് എക്‌സ് സർവീസുകാർ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി നോക്കുന്ന എക്‌സ് സർവീസുകാർക്ക് അവഗണന. തുച്ഛമായ വേതനമാണ് സർക്കാർ തലത്തിലെ സംവിധാനം വഴി ഇവിടെ നിയമിക്കപ്പെട്ട എക്സ്സർവീസുകാർക്ക് നൽകുന്നത്. 2014 മുതൽ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്യുന്ന എക്‌സ് സർവീസുകാർക്ക് 400 രൂപയാണ് ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റി നൽകുന്നത്.

സൊസൈറ്റി വിളിച്ചെടുത്ത സെക്യൂരിറ്റിക്കാർക്ക് 800 രൂപയും ട്രാഫിക് വാർഡന്മാരായി വന്നവർക്ക് 650 രൂപയും കുടുംബശ്രീ വഴി നിയമിക്കപ്പെട്ടവർക്ക് 550 രൂപയും നല്കുമ്പോഴാണ് എക്സ്സർവീസുകാരോട് മെഡിക്കൽ കോളേജ് അധികൃതർ ഇത്രയും അവഗണന കാട്ടുന്നത്. അറുപതോളം പേരെയാണ് കേരള സ്റ്റേറ്റ് എക്സ്സർവീസ്‌മെൻ വികസന കോർപറേഷൻ വഴി മെഡിക്കൽ കോളെജ് അധികൃതർ നിയമിച്ചിരിക്കുന്നത്. ഒരേ പന്തിയിൽ വ്യത്യസ്ത ഊണ് എന്ന സമീപനം വേതന കാര്യത്തിൽ അധികൃതർ പിന്തുടരുന്നത് ആശുപത്രിയിൽ ജോലി നോക്കുന്ന വിരമിച്ച ഈ സുരക്ഷാ ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാണ്. ജീവിതത്തിന്റെ നല്ല പങ്ക് രാജ്യസുരക്ഷയ്ക്ക് ഉഴിഞ്ഞുവെച്ച സൈനികരെയാണ് മെഡിക്കൽ കോളേജ് അധികൃതർ മാന്യമായ വേതനം നൽകാതെ അവഗണിക്കുന്നത്.

വിരമിച്ച സൈനികർക്ക് സർക്കാർ സംവിധാനങ്ങൾ മാന്യമായ വേതനവും പെരുമാറ്റവും ഉറപ്പ് വരുത്തുമ്പോൾ ഇതിനു കടകവിരുദ്ധമായ സമീപനമാണ് മെഡിക്കൽ കോളെജ് അധികൃതരുടെ ഭാഗത്ത് നിന്നും വരുന്നത്. ലഭിക്കുന്ന നാനൂറു രൂപയിൽ നിന്നും പിടുത്തം കഴിഞ്ഞാൽ പ്രതിദിനം ലഭിക്കുന്നത് 330 ഓളം രൂപയാണ്. കിലോമീറ്ററുകളോളം അകലെനിന്നാണു സെക്യൂരിറ്റി ജീവനക്കാരിൽ പലരും ആശുപത്രിയിൽ ജോലിക്ക് എത്തുന്നത്. ദിവസ വേതനത്തിൽ ലഭിക്കുന്നതിൽ വലിയൊരു ഭാഗം യാത്രയ്ക്കും മാറ്റി വയ്‌ക്കേണ്ടി വരും. നിരവധി തവണ അധികൃതരെ സമീപിച്ച് ഈ കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും വേതന വർധനയുടെ കാര്യത്തിൽ വിരമിച്ച ജീവനക്കാരെ ആശുപത്രി അധികൃതർ പരിഗണിക്കാറില്ല. നിരന്തര അവഗണന കാരണം പൊറുതിമുട്ടിയപ്പോൾ വിരമിച്ച ഈ സൈനികർ നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

വേതനകാര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ എക്സ്സർവീസുകാരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരേ ജോലിയിൽ പല വേതനം എന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ഒരു മറുപടിയും ഇവർക്ക് നൽകിയില്ല. എച്ച്ഡിസി നേരിട്ട് നിയമിക്കുന്നവർക്ക് നൽകുന്ന 800 രൂപ വിരമിച്ച സൈനികർക്ക് നിഷേധിക്കുക തന്നെയാണു ചെയ്യുന്നത്. എന്നാൽ ട്രാഫിക് വാർഡന്മാർക്ക് നൽകുന്ന 650 രൂപ പോലും നൽകാൻ തയാറുമല്ല. നിവൃത്തിയില്ലാതെ ഹൈക്കോടതിയെ സമീപിച്ചത് ചൂണ്ടിക്കാട്ടി ഇപ്പോൾ വേതന വർധനവ് ആലോചനയിൽ പോലുമില്ലാത്ത അവസ്ഥയാണ്. വേതന വർധനവ് പറയുമ്പോൾ ഹൈക്കൊടതിയിൽ നൽകിയ കേസിന്റെ കാര്യം ചൂണ്ടിക്കാട്ടും. അത് തീർപ്പാകട്ടെ എന്ന് പറഞ്ഞു കൈമലർത്തുകയും ചെയ്യും. ഹൈക്കോടതിയിൽ നൽകിയ കേസ് ഒന്നുമായില്ല. അതേസമയം വേതനവർധനവിന്റെ ആവശ്യം നിരാകരിക്കുകയും ചെയ്യപ്പെട്ടു. ഈ അവസ്ഥയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിമുക്ത ഭാടന്മാരായ സുരക്ഷാ ജീവനക്കാർ നേരിടുന്നത്.

ഒന്നുകിൽ കിട്ടുന്നത് വാങ്ങി ജോലി ചെയ്യുക. അല്ലെങ്കിൽ ജോലി ഒഴിവാക്കി പോകുക. ഈ നിർദ്ദേശമാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ചതെന്നു വിമുക്തഭടന്മാർ മറുനാടനോട് പറഞ്ഞു. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ നാടിന്റെ സുരക്ഷയ്ക്കായി വിയർപ്പ് ഒഴുക്കിയവരാണ് ഞങ്ങൾ. കുടുംബശ്രീ വഴി നിയമിച്ച ശുചീകരണ തൊഴിലാളികൾക്ക് വരെ 650 രൂപ നൽകുന്നുണ്ട്. പിന്നെ എന്തിനാണ് വിമുക്ത ഭടന്മാരോടു ഇത്ര അവഗണന-വിമുക്ത ഭടന്മാർ പറയുന്നു. നിലവിൽ പൊലീസിനും എക്സ്സർവീസുകാർക്കും മാത്രമാണ് കാക്കി അണിയാൻ അനുവാദമുള്ളത്. പക്ഷെ ഇപ്പോൾ ആശുപത്രി വികസന സൊസൈറ്റി നിയമിക്കുന്ന സുരക്ഷാജീവനക്കാർക്കും കാക്കി അണിയാൻ അനുമതി നൽകുന്നുണ്ട്.

കുടുംബശ്രീയിൽ നിന്ന് വന്നവർ പോലും കാക്കി അണിഞ്ഞാണ് ജോലി ചെയ്യുന്നത് എന്നാണ് വിമുക്തഭടന്മാർ ചൂണ്ടിക്കാട്ടുന്നു. എല്ലാ സെക്യൂരിറ്റി ജീവനക്കാരും കാക്കി അണിയുന്നത് സൊസൈറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അതിനു ഒരു വിലയും നൽകിയിട്ടില്ല. ഇതും വിമുക്തഭടന്മാരിൽ കടുത്ത പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.

ആശുപത്രി വികസനസമിതിയുടെ വിശദീകരണം:

2015-ൽ രണ്ടു വർഷ കോൺട്രാക്റ്റ് ആയിരുന്നു. അത് 2017-ൽ അവസാനിക്കേണ്ട നിയമനമാണിത്. വീണ്ടും പഴയ നിരക്കിൽ കരാർ നീട്ടി. ആ നിരക്ക് അവർ സമ്മതിച്ചതാണ്-ആശുപത്രി വികസന സമിതിയുടെ സുപ്രണ്ട് ഉണ്ണിക്കൃഷ്ണൻ മറുനാടനോട് പറഞ്ഞു. 2019 ലാണ് സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത്. എച്ച്ഡിഎസിന് വലിയ വരുമാനമില്ല. ആശുപത്രിയിൽ ലഭിക്കുന്ന ഫീസ് അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. നഴ്‌സ്, ടെക്‌നീഷ്യന്മാർ, അറ്റൻഡർമാർ എല്ലാവർക്കും ഞങ്ങൾ ശമ്പളം നൽകേണ്ടതുണ്ട്. ശമ്പളം കൂട്ടി നൽകുക അപ്രായോഗികമാണ്. കമ്മിറ്റി കൂടി ഒരു തുക തീരുമാനിച്ചാണ് ശമ്പളം നൽകുന്നത്. എക്സ്സർവീസുകാരുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ അവർ സമ്മതിച്ചാണ് കരാർ വെച്ച് മുന്നോട്ടു പോകുന്നത്. 2019-ൽ ഒരു ചർച്ച നടന്നതാണ്. സാമ്പത്തിക സ്ഥിതി മോശമായതിനാൽ സർക്കാർ നിരക്കിൽ ശമ്പളം നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ചെറിയ വർധനവ് വരുത്താം എന്നാണ് പറഞ്ഞത്.

425 രൂപ നൽകുന്നത് 550 ആക്കി നൽകാം എന്ന് പറഞ്ഞു. അപ്പോൾ 25 ശതമാനത്തോളം വർധനവ് വരും. അവർക്ക് അത് സമ്മതിക്കാൻ പ്രയാസമാണെന്ന് പറഞ്ഞു ഹൈക്കോടതിയിൽ പോയി. ആ കേസ് ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. പക്ഷെ ഞങ്ങൾ എക്സ്സർവീസുകാരെ മാറ്റിയിട്ടില്ല. പഴയ ശമ്പളത്തിൽ വർധനവ് വരുത്തുന്നത് കേസ് നടക്കുന്നതിനാൽ കഴിയുകയുമില്ല. ഇപ്പോൾ കൊറോണയും. പ്രതിദിനം 550 രൂപ ഇനി അവർക്ക് ശമ്പളം നൽകണമെങ്കിൽ കേസ് ഒഴിവാക്കണം. ഇതാണ് മുന്നിലെ പ്രശ്‌നം. എച്ച്ഡിഎസിൽ വർഷങ്ങളായി ജോലി നോക്കുന്നവരുണ്ട്. അവർക്കാണ് 800 രൂപ ശമ്പളം നൽകുന്നത്. പക്ഷെ തുടക്കകാർക്ക് എച്ച്ഡിഎസിൽ ലഭിക്കുന്നത് 438 രൂപയാണ്.

ട്രാഫിക് വാർഡന്മാരെ നിയമിക്കുമ്പോൾ 650 രൂപ നൽകുന്നുണ്ട്. അത് പൊലീസിന്റെ നിരക്കാണ്. ഇനി കേസ് എന്തെങ്കിലും തീർപ്പാകുകയോ എക്‌സ് സർവീസുകാർ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിക്കുകയോ വേണം- ഉണ്ണിക്കൃഷ്ണൻ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP