Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോരമ ന്യൂസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കേളേജിലേത്; കോവിഡ് രോഗികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുക്കി നൽകുന്നത് ഒരേ വാർഡ്; നിരവധി രോഗികൾക്ക് ഉപയോഗിക്കാൻ ആകെയുള്ളത് നാല് ശൗചാലയങ്ങൾ; പരാതിപ്പെട്ടാൽ പരസ്പ്പരം പഴിചാരുന്ന ജീവനക്കാരും; മനോവൈകല്യമുള്ള പതിനഞ്ച് വയസുകാരനെ കട്ടിലിൽ കെട്ടിയിട്ട നിലയിൽ; 14ാം വാർഡിലെ ദുരവസ്ഥ വെളിപ്പെടുത്തി യുവതി: അസൗകര്യങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതരും

മനോരമ ന്യൂസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കേളേജിലേത്; കോവിഡ് രോഗികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുക്കി നൽകുന്നത് ഒരേ വാർഡ്; നിരവധി രോഗികൾക്ക് ഉപയോഗിക്കാൻ ആകെയുള്ളത് നാല് ശൗചാലയങ്ങൾ; പരാതിപ്പെട്ടാൽ പരസ്പ്പരം പഴിചാരുന്ന ജീവനക്കാരും; മനോവൈകല്യമുള്ള പതിനഞ്ച് വയസുകാരനെ കട്ടിലിൽ കെട്ടിയിട്ട നിലയിൽ; 14ാം വാർഡിലെ ദുരവസ്ഥ വെളിപ്പെടുത്തി യുവതി: അസൗകര്യങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് ചാനൽ നൽകിയ വാർത്തയിൽ ദൃശ്യങ്ങൾ മാറിയത് സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്കാണ് ഇടവരുത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ദൃശ്യങ്ങൾ എന്നു പറഞ്ഞ് നൽകിയ വാർത്തയിലെ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതായിരുന്നു. ഇതോടെ വാർത്തയുടെ പേരിൽ മനോരമ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതിന്റെ പേരിൽ സൈബർ ലോകത്ത് മനോരമ റിപ്പോർട്ടർക്കും ചാനലിനും എതിരായ ആക്രമണം ശക്തമാണ്.

അതേസമയം മനോരമ ന്യൂസ് റിപ്പോർട്ടിൽ തെറ്റിയത് ദൃശ്യങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിലേത് എന്നതായിരുന്നു. യഥാർത്ഥത്തിൽ കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 14ാം വാർഡിലെ ദുരവസ്ഥയാണ് അവിടെ ചികിത്സയിൽ കഴിഞ്ഞ യുവതി വിവരിച്ചത്. 14ാം വാർഡിൽ അസൗകര്യങ്ങൾ ഏറെയുണ്ടെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. പുറത്തുവന്ന ദൃശ്യങ്ങളിലെ വിവരങ്ങൾ ശരിവെച്ചുകൊണ്ടാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെയുള്ള രോഗികളെ ഒരേ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉവിടെ മതിയായ ഭക്ഷണമോ കുടിവെള്ളമോ യഥാസമത്ത് എത്തുന്നില്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്. ഭക്ഷണം ലഭിക്കാത്ത് മൂലം വയോധികനായ രോഗിക്ക് ട്രിപ്പ് നൽകേണ്ട സാഹചര്യം വരെയെത്തി എന്നും യുവതി പറയുന്നു. 14-ാം വാർഡിലെ കോവിഡ് വാർഡിൽ നിന്നാണ് യുവതി ആശുപത്രിയിലെ ദയനീയവസ്ഥയുടെ നേർസാക്ഷ്യം പങ്കുവയ്ക്കുന്നത്.

രോഗികൾക്ക് കൃത്യമായ ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ല. രണ്ട് ദിവസമായി മാത്രം പരിശോധനയ്ക്ക് എത്തുന്ന നഴ്സുമാരും ഡെയിലി റൊട്ടീന് പോലും കടന്നുവരാത്ത ഡോക്ടർമാരും. വയോധികനായ കോവിഡ് രോഗിയ്്ക്ക് മരുന്ന ഭക്ഷണമോ പോലും കൃത്യ സമയത്ത് കിട്ടിയിട്ടില്ലെന്ന് രോഗിയായ യുവതി പറഞ്ഞു. രണ്ട് ദിവസം മുൻപ് കോവിഡ് പോസിറ്റീവായി ചികിത്സയിൽ പ്രവേശിപ്പിച്ച വയോധികന് ഭക്ഷണം പോലും ലഭ്യമായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഭക്ഷണം കഴിച്ചോ എന്ന ചോദ്യത്തിന്നിന് നിസംഗനായിട്ടാണ് വയോധികന്റെ മറുപടി. കോവിഡ് ചികിത്സയെന്ന് രീതിയിൽ രോഗിക്ക് ആകെ നൽകിയത് ട്രിപ്പ് മാത്രം. പിന്നീട് ഈ വഴിക്ക് നഴ്സിങ് സ്റ്റേഷനിൽ നിന്ന് ഒരു നഴ്സ് പോലും എ്ത്തിയിട്ടില്ലെന്ന് യുവതി പറയുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ച് വയസുകാരനായ കോവിഡ് രോഗിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിലെ ദാരുണമായ കാഴ്‌ച്ച. കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ മാതാവിനൊപ്പമാണ് മാനസിക വെല്ലുവിളി നേരിടുന്ന 15 വയസുകാരൻ കോവിഡ് വാർഡിലെത്തിത്. ആദ്യമൊക്കെ മറ്റ് രോഗികളുടെ കട്ടിലിലൊക്കെ വന്നിരിക്കുമെങ്കിലും സഹരോഗികളെ ആക്രമിക്കുമെന്ന കാരണം പറഞ്ഞ് ജീവനക്കാർ എത്തി പതിനഞ്ചുകാരനായ കോവിഡ് രോഗിയുടെ കയ്യും കാലും ബന്ധിക്കുകയായിരുന്നു. ബന്ധനസ്ഥനായ പതിനഞ്ചുകാരന് കോവിഡ് വാർഡിൽ ആകെ നൽകിയത് പാർലെജിയുടെ പത്ത് രൂപ വിലയുള്ള രണ്ട് പായ്ക്കറ്റ് ബിസ്‌ക്കറ്റും ഒരു കുപ്പി വെള്ളവും മാത്രമാണെന്നും ആക്ഷേപം ഉയരുന്നു. മാതാവിന് കോവിഡ് റിസൾട്ട് നെഗറ്റവ് ആയതോടെ പതിനഞ്ചുകാരനായ ഈ കൗമാരക്കാരൻ കോവിഡ് വാർഡിൽ ഒറ്റപ്പെട്ട അവസ്ഥയാണ്.

രോഗം ബാധിച്ചവരേയും രോഗനിർണയത്തിന് കഴിയുന്നവരേയും ഒരേ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന ആക്ഷേപവും യുവതി ഉന്നയിക്കുന്നുണ്ട്. ഇവരിൽ പലരും പ്രമേഹരോഗികളാണ്. ഭക്ഷണം പോലും കൃത്യമായി ലഭിക്കാഞ്ഞതോടെ ഇവരെ സുപ്രണ്ടിനെ പരാതിപ്പെടാനും രോഗികൾ ഒരുങ്ങി. എന്നാൽ സംഭവം വിവാദമായതോടെ രാത്രി 12 ഓടെ രോഗം ബാധിച്ച മുഖ്യരോഗബാധിതരെ ഇവിടെ നിന്ന് മറ്റൊരു വാർഡിലേക്ക് മാറ്റിയാണ് സൂപ്രണ്ടിന്റെ തടിതപ്പൽ ശ്രമമെന്ന് രോഗി ആരോപിക്കുന്നത്. കോവിഡ് രോഗികൾക്ക് പുഴുങ്ങിയ മുട്ടയും സദ്യയും അടക്കം പോഷക സമൃദമായ ആഹാരമാണ് സർക്കാർ നൽകുന്നതെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും കാത്തിരുന്ന് ഇവരിലേക്ക് എത്തുന്ന ഭക്ഷണത്തിന്റെ കാര്യം തന്നെയാണ്. ചോറും പച്ചക്കറി അരിഞ്ഞിട്ട ഒരു കറിയും മാത്രം. ഇത് എത്തുന്നത് പോലും വൈകിട്ടോടെ. കോവിഡ് രോഗികൾക്ക് കുടിക്കാൻ തിളപ്പിച്ച വെള്ളം പോലും കോവിഡ് വാർഡിലില്ല. രോഗികൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചതോടെയാണ് ഇന്നലെ മുതൽ അടിയന്തര നടപടി എന്നപോലെ തിളപ്പിച്ച വെള്ളം രോഗികൾക്ക് വിതരണം ചെയ്ത് തുടങ്ങിയതെന്ന് യുവതിയുടെ പ്രതികരണം.

സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ നായികയ്ക്ക് നാൽപത് വട്ടം പറയുമ്പോഴും കോവിഡ് വാർഡിലെ രോഗികളുടെ കിടക്കൾക്ക് പോലും വേണ്ടത്ര അകലമില്ല. രോഗമുള്ളവലും സമ്പർക്കത്തിൽപ്പെട്ടവരുമെല്ലാം ഒരേ വാർഡിൽ അടുത്തടുത്ത കിടക്കകകളിൽ. രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് പറയുമ്പോൾ കിടക്കകൾക്ക് അകലം മന്ത്രിയുടെ പ്രസ്താവനകളിൽ മാത്രം. ചികിത്സയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആകെ ലഭിക്കുന്നത് പാരസിറ്റാമോൾ മാത്രമാണെന്നാണ് യുവതിയുടെ ആരോപണം. ശരീരത്തിൽ ചൂട് കൂടുന്നെന്ന് രോഗിയായ യുവതി നഴ്സുമാരോട് പറഞ്ഞെങ്കിലും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.

രോഗികളുടെ കൈവശം ലഭ്യമായ ഡോളോ അടക്കമുള്ള മരുന്നുകൾ നൽകി സ്വയം ചികിത്സ നൽകുന്നതും തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ നിന്നുമുള്ള ദാരുണ ചിത്രം. നൂറിലധം രോഗികളെ അതിവസിപ്പിച്ചിരിക്കുന്ന കോവിഡ് വാർഡിൽ ശൗചാലയങ്ങളും പരിമിതം. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഉപയോഗിക്കാൻ ആകെയുള്ളത് നാല് ശൗചാലയങ്ങൾ മാത്രമാണ്. കുളിക്കാനായി രണ്ട് ബാത്ത് റൂമുകളും. യൂറോപ്യൻ ക്ലോസറ്റുകൾ അടങ്ങിയ ബാത്ത് റൂമുകളിൽ അടക്കം വൃത്തിഹീനമായ രീതിയിലാണ് കോവിഡ് വാർഡിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. കാൽ മുട്ടോളം മലിനജലം നിറഞ്ഞ ബാത്ത് റൂം വൃത്തിയാക്കാൻ ക്ലീനിങ് സ്റ്റാഫ് പോലും ഇവിടെ എത്താറില്ലെന്നും യുവതി ആരോപിക്കുന്നു. അതേസമയം ഇത്തരം അസൗകര്യങ്ങളില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്.

ആശുപത്രിയിൽ ഡോക്ടർമാർ അടക്കം നിരവധി ജീവനക്കാർക്ക് കോവിഡ് രോഗം ബാധിച്ചതും ആശുപത്രിയുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നുണ്ട്. 140തോളം ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.

അസൗകര്യങ്ങളില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസൗകര്യങ്ങൾ ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷർമാദ് വ്യക്തമാക്കിയത്. ഡോക്ടർമാർക്ക കോവിഡ് വന്നതിനെ കുറിച്ചും മറ്റു പൊതു സാഹചര്യത്തെ കുറിച്ചുമുള്ള വാർത്തയോടാണ് സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളെയും നാട്ടുകാരെയും ഭീതിയിലാഴ്‌ത്തും വിധമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിസന്ധിയെന്ന പ്രചരണം തെറ്റാണെന്നം അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മറ്റേത് ആരോഗ്യ പ്രവർത്തകരെയും പോലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകേണ്ടിവരും.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വാർഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. ചികിത്സ കാലയളവിൽ കുറച്ചുദിവസങ്ങൾക്കുശേഷമാണ് ഇവരുടെ ഫലം പോസിറ്റീവായത്. അതുകൊണ്ടുതന്നെ അത്രയുംദിവസം ഈ രോഗികളെ പരിചരിച്ച ഡോക്ടർമാരും മറ്റും സ്വാഭാവികമായും ക്വാറന്റീനിൽ പോയിട്ടുണ്ട്. എന്നാൽ രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ആശുപത്രി പരിസരങ്ങളിലും ഹോട്‌സ്‌പോട്ടുകളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രിക്കുള്ളിലും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് വേണ്ടി പ്രത്യേക ഒ.പി സംവിധാനം ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. അവിടെ നടക്കുന്ന ആദ്യ പരിശോധന നെഗറ്റീവാണെങ്കിലും തുടർന്നുള്ള ഫലങ്ങൾ മാറിവരാറുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കാതിരിക്കാനുള്ള സുരക്ഷ സംവിധാനങ്ങളും നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP