Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയലളിതയും മമതയും എതിർത്തപ്പോൾ ചെന്നൈയും കൊൽക്കത്തയും സ്വകാര്യന്മാർക്ക് കിട്ടിയില്ല; തിരുവനന്തപുരത്തെ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ പച്ചക്കൊടി കാട്ടി പിണറായിയും; ടിയാൽ കമ്പനി എന്ന് പേരിട്ട് സർക്കാർ ലേബലിൽ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്താലും പിടിമുറുക്കുക പണം നിക്ഷേപിക്കുന്ന വമ്പൻ മുതലാളിമാർ; ടിയാലിൽ 26 ശതമാനം പങ്കാളിത്തമുള്ള കേരള സർക്കാർ വെറും നോക്കുകുത്തിയാകും: നടക്കുന്നത് തലസ്ഥാനത്തെ കണ്ണായ സ്ഥലത്തെ വിമാനത്താവളം പച്ചയ്ക്ക് വിൽക്കാനുള്ള കള്ളക്കളി

ജയലളിതയും മമതയും എതിർത്തപ്പോൾ ചെന്നൈയും കൊൽക്കത്തയും സ്വകാര്യന്മാർക്ക് കിട്ടിയില്ല; തിരുവനന്തപുരത്തെ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ പച്ചക്കൊടി കാട്ടി പിണറായിയും; ടിയാൽ കമ്പനി എന്ന് പേരിട്ട് സർക്കാർ ലേബലിൽ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്താലും പിടിമുറുക്കുക പണം നിക്ഷേപിക്കുന്ന വമ്പൻ മുതലാളിമാർ; ടിയാലിൽ 26 ശതമാനം പങ്കാളിത്തമുള്ള കേരള സർക്കാർ വെറും നോക്കുകുത്തിയാകും: നടക്കുന്നത് തലസ്ഥാനത്തെ കണ്ണായ സ്ഥലത്തെ വിമാനത്താവളം പച്ചയ്ക്ക് വിൽക്കാനുള്ള കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നോട്ടിഫിക്കേഷൻ വന്നത് കഴിഞ്ഞ നവമ്പർ 14നാണ്. പക്ഷെ, നിർഭാഗ്യകരമെന്നു തന്നെ പറയട്ടെ ഈ നോട്ടിഫിക്കേഷൻ വരും മുൻപ് തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിന് കൂട്ട് നിൽക്കാനുള്ള സർക്കാർ തീരുമാനം ഇടത് സർക്കാർ കൈക്കൊണ്ടിരുന്നു. അതിനായാണ് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) സർക്കാർ രൂപവത്ക്കരിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരുദ്ദേശ്യപരമായ തീരുമാനത്തിനെതിരെ എയർപോർട്ട് അഥോറിറ്റി എംപ്ലോയീസ് യൂണിയൻ ഇപ്പോൾ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്.

കേരളം മുഴുവൻ പിന്തുണയ്‌ക്കേണ്ട ഒരു സമരമാണ് എയർപോർട്ട് അഥോറിറ്റി എംപ്ലോയീസ് യൂണിയൻ ഒറ്റയ്ക്ക് നടത്തുന്നത്. എയർപോർട്ട് സ്വകാര്യവത്ക്കരണ നീക്കത്തിന്നെതിരെയാണ് ഈ സമരം യൂണിയൻ ഒറ്റയ്ക്ക് നടത്തുന്നതെങ്കിലും ഈ സമരം കേരളം ഏറ്റെടുക്കേണ്ട ഒരു സമരമാണ്. കാരണം 200 കോടിയോളം വർഷാവർഷം പ്രവർത്തന ലാഭം തരുന്ന ഈ വിമാനത്താവളവും അതിന്റെ സ്വത്ത് വകകളും എല്ലാം സ്വകാര്യ ഗ്രൂപ്പുകളുടെ കയ്യിലേക്ക് ഒതുങ്ങാൻ പോവുകയാണ്. കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് ശതകോടികൾ പ്രവർത്തന ലാഭം തരുന്ന വിധത്തിലേക്ക് സ്വകാര്യ ഗ്രൂപ്പുകളെ കൈപിടിച്ച് നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ നീക്കത്തിന്നെതിരെയാണ് പല മാതൃകകളും ലോകത്തിനു നൽകിയിട്ടുള്ള കേരളം പോലുള്ള ഒരു സംസ്ഥാനം ജാഗ്രത കാട്ടേണ്ടത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ നൂറു ശതമാനം സ്വകാര്യവത്ക്കരിക്കാൻ കേന്ദ്ര സർക്കാർ നീങ്ങുമ്പോൾ നൂറു ശതമാനവും എയർപോർട്ട് പിടിച്ചെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ടിയാലിൽ സർക്കാർ പങ്കാളിത്തം 26 ശതമായിരിക്കെ സർക്കാർ പങ്കാളിയുടെ കയ്യിലേക്കാണ് വിമാനത്താവളം നീങ്ങുക. അതായത് സർക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത് സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന പ്രക്രിയയാണ് സ്വകാര്യവത്ക്കരണത്തിന്റെ മറവിൽ കേരളത്തിൽ നടക്കാൻ പോകുന്നത്. . സ്വകാര്യവത്ക്കരണത്തിനെയും ബഹുരാഷ്ട്ര കുത്തകകളെയും എന്നും എതിർക്കുന്ന ഇടത് സർക്കാരിൽ നിന്നുമാണ് ഈ തീരുമാനം വന്നത് എന്നത് കൂടി ഓർക്കേണ്ടതുണ്ട്. സ്വകാര്യവത്ക്കരണ തീരുമാനം വന്നപ്പോൾ തന്നെ കേരള സർക്കാർ ഈ നീക്കത്തിന് കുടപിടിച്ചു കഴിഞ്ഞിരിക്കുന്നു. സ്വകാര്യവത്കരണം വന്നാൽ വന്നോട്ടെ. ഞങ്ങൾ അത് ഏറ്റെടുക്കും. ഇതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തിൽ കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നിലപാട്. അതിനാണ് ടിയാൽ എന്ന പ്രത്യേക കമ്പനി ഇടത് സർക്കാർ തത്ക്ഷണം രൂപീകരിച്ചതും.

ഇടത് സർക്കാർ ഈ തീരുമാനം കൈക്കൊള്ളുമ്പോൾ തന്നെയാണ് ബിജെപി വിരുദ്ധ നിലപാടിൽ എന്നും ഉറച്ചു നിൽക്കുന്ന മറ്റ് രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുടെ നിലപാടുകൾ കേരളത്തിന് മുൻപാകെ വരുന്നത്. അവരുടെ സംസ്ഥാനത്തും രണ്ടു എയർപോർട്ടുകൾ സ്വകാര്യവത്ക്കരണ ഭീഷണിയുമായി നിന്നിരുന്നു. അത് ഈ മുഖ്യമന്ത്രിമാർ എങ്ങിനെ ഇടംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചു എന്നും അറിയണം. ജയലളിതയും മമതാ ബാനർജിയുമാണ് ഈ രണ്ടു മുഖ്യമന്ത്രിമാർ. രണ്ടു പേരും വനിതാ മുഖ്യമന്ത്രിമാരും. ഇവർ ഭരിച്ചത് തമിഴ്‌നാടും ബംഗാളും. ഇതിൽ ജയലളിത ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. മമത ഇപ്പോഴും ബംഗാൾ ഭരിക്കുന്നുണ്ട്. ചെന്നൈ, കൊൽക്കത്ത എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര നീക്കം വന്നപ്പോൾ രണ്ടു വനിതാ മുഖ്യമന്ത്രിമാരും അത് ഇടം കാലുകൊണ്ട് തന്നെ തട്ടിത്തെറിപ്പിച്ചു.

കേന്ദ്ര തീരുമാനത്തിൽ ഒപ്പിടാൻ ഇരുമുഖ്യമന്ത്രിമാരും തയ്യാറായില്ല. എയർപോർട്ട് കേന്ദ്രം വകയാണെങ്കിലും അതിൽ അതാത് സംസ്ഥാന സർക്കാരുകൾക്ക് കൂടി പങ്കാളിത്തമുണ്ട്. വൈദ്യുതി, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുന്നത് സംസ്ഥാന സർക്കാരാണ്. അതിനാൽ സംസ്ഥാനത്ത് നിന്ന് എതിർപ്പ് വന്നപ്പോൾ ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കാൻ കേന്ദ്രം തയ്യാറായില്ല. ഈ മുഖ്യമന്ത്രിമാരുടെ തീരുമാനത്തിന്റെ കരുത്തിൽ ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങൾ ഇതുവരെ സ്വകാര്യവത്ക്കരിക്കപ്പെട്ടിട്ടില്ല. ഈ വിമാനത്താവളങ്ങൾ ഇപ്പോഴും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഇഹലോകവാസം വെടിഞ്ഞെങ്കിലും ചെന്നൈ എയർപോർട്ടിന് ഇപ്പോഴും ജയലളിത എടുത്ത ഈ സ്വതന്ത്ര തീരുമാനത്തിന്റെ സംരക്ഷണമുണ്ട്.

ബംഗാൾ ഇപ്പോഴും മമത തന്നെ ഭരിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യവത്ക്കരണത്തിൽ ഈ രണ്ടു മുഖ്യമന്ത്രിമാർ എടുത്ത തീരുമാനങ്ങൾ ആണ് ഇപ്പോൾ തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രനീക്കം മുന്നിൽ വന്നപ്പോൾ കേരളത്തിനും മുന്നിലുള്ളത്. ഇവിടെ ഭരിക്കുന്നത് ഇടത് സർക്കാർ ആണ്. സ്വകാര്യവത്ക്കരണ നീക്കം അറിഞ്ഞത് മുതൽ പിണറായി സർക്കാർ കരുക്കൾ നീക്കിത്തുടങ്ങി. വരുന്നത് 100 ശതമാനം സ്വകാര്യവത്ക്കരണമാണ്. ഉടൻ സ്വന്തമാക്കണം. അല്ലാതെ എതിർപ്പിന്റെ ഒരു സ്വരവും മുഴക്കിയില്ല. ടിയാൽ എന്ന കമ്പനി തന്നെ രൂപവത്ക്കരിച്ചാണ് സർക്കാർ സ്വകാര്യവത്ക്കരണ നീക്കങ്ങൾക്ക് കൂട്ടുപിടിക്കുന്നത്. ടിയാലിൽ 26 ശതമാനം സർക്കാർ പങ്കാളിത്തമേയുള്ളൂ. ബാക്കി സ്വകാര്യ കൂട്ടാളിയെ തേടുകയാണ്. സർക്കാരിന് ഭാഗിക പങ്കാളിത്തവും സ്വകാര്യ കമ്പനിക്ക് വിമാനത്താവളത്തിൽ മുഴുവൻ പങ്കാളിത്തവും വരും. നിലവിൽ പൂർണമായും കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ള, സംസ്ഥാന സർക്കാരിന് പിടിപാടുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് ആണ് ഇത്തരം ശ്രമം നടക്കുന്നത് എന്നും ഓർമ്മിക്കേണ്ടതുണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വൻ ലാഭത്തിലാണ്. 170 കോടിയോളം വാർഷിക ലാഭം നൽകുന്ന വിമാനത്താവളം കൂടിയാണിത്. . നാലര ലക്ഷത്തോളം യാത്രക്കാർ വർഷം തോറും ആശ്രയിക്കുന്ന വിമാനത്താവളം കൂടിയാണിത്. യാത്രക്കാരുടെ കണക്കെടുത്താലോ എണ്ണത്തിൽ നൂറിരട്ടി വർധനവാണ് വർഷം തോറും സംഭവിക്കുന്നത്. 700 ഓളം ഏക്കർ ഭൂമിയുമുണ്ട്. ഇത്തരം ഘടകങ്ങൾ നിൽക്കുമ്പോൾ എന്തിനു സ്വകാര്യവത്ക്കരണം കടന്നുവരണം? ഇവിടെയാണ് ഇടത് സർക്കാരും സ്വാർത്ഥതയാർന്ന ലക്ഷ്യങ്ങളുമായാണ് കേരളത്തിലെ പ്രയാണം തുടരുന്നത് എന്ന് ചൂണ്ടിക്കാട്ടാൻ കഴിയും. പുതിയ ടെർമിനലിനായി എയർപോർട്ട് അഥോറിറ്റി 600 കോടി രൂപ നീക്കിവെച്ചതായി വാർത്തകളും വന്നിട്ടുണ്ട്. അപ്പോൾ വിമാനത്താവളത്തിന്റെ വികസനം തന്നെ ത്വരിത ഗതിയിൽ നടക്കുകയാണ് എന്നർത്ഥം. ആയിരക്കണക്കിന് ജീവനക്കാരും ഈ വിമാനത്താവളത്തിലുണ്ട്. അവരുടെ ജോലിയും ഭാവിയുമെലാം അവതാളത്തിലാകുകയും ചെയ്യും. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് വിമാനത്താവളത്തിന്റെ പോക്കെങ്കിൽ ഈ സ്വകാര്യവത്ക്കരണ നീക്കത്തിനു എല്ലാവരും അനുകൂലമായി നീങ്ങിയേനെ. പക്ഷെ ഇവിടെ കാര്യങ്ങൾ തകിടം മറിയുകയാണ് ചെയ്യുന്നത്. ടിയാൽ കമ്പനിയുമായി ഇടത് സർക്കാർ നീങ്ങിയതോടെ സ്വകാര്യവത്ക്കരണ നീക്കങ്ങളും കരുത്താർജ്ജിക്കുകയാണ്.

ടിയാൽ കമ്പനിക്ക് സ്വകാര്യ പങ്കാളിയെത്തേടി ആഗോള ടെൻഡർ വിളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിമാനത്താവളം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു നൽകാതെ സർക്കാരിനു കൈമാറണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ടിയാലിന്റെ കയ്യിലേക്ക് തിരുവനന്തപുരം വിമാനത്താവളം വന്നുചേരുന്ന സാഹചര്യമാണ് നിലവിൽ ഒരുങ്ങുന്നത്. വിമാനത്താവള സ്വകാര്യവത്കരണത്തിൽ കേരളത്തിന് ഇളവ് നൽകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്വകാര്യവത്കരണ ലേലത്തിൽ പങ്കെുടക്കാനുള്ള ആദ്യ അവസരം കേരളത്തിന് തന്നെ ലഭിക്കും. നവംബർ നാലിന് നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞു. ഫെബ്രുവരി 15 വരെ ബിഡ് നൽകാം. ഫെബ്രുവരി 27-28 തീയതികളിൽ ഈ ബിഡ് ഓപ്പൺ ചെയ്യും. അങ്ങിനെയെങ്കിൽ ഫെബ്രുവരി 28 നു തന്നെ വിമാനത്താവളം കൈമാറുകയും ചെയ്യും. വരുന്ന മാസം തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിനാൽ തിരക്ക് പിടിച്ചാണ് കേന്ദ്ര-സംസ്ഥാന നീക്കങ്ങൾ. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വന്നാൽ ഒന്നും നടക്കാതെ വരും. അടുത്ത സർക്കാർ കേന്ദ്ര സർക്കാർ തന്നെയെന്ന് ഉറപ്പുമില്ല. ഈ സാഹചര്യത്തിൽ ടിയാലുമായി ബന്ധപ്പെട്ടു കേരളാ ചീഫ് സെക്രട്ടറി ടോം ജോസ് ഡൽഹിയിൽ തന്നെയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പക്ഷെ കേരളത്തിൽ നിന്നും എതിർസ്വരം മുഴങ്ങുന്നുമുണ്ട്. മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ സ്വരമാണത്. വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നാണ് സുധീരൻ പറഞ്ഞത്. ഈ തീരുമാനം എതിർക്കപ്പെടേണ്ടതുണ്ടെന്നും സുധീരൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിമാനത്താവളത്തിന്റെ പ്രവർത്തന ലാഭവും യാത്രക്കാരുടെ എണ്ണത്തിലുമുള്ള വർദ്ധനവും ചൂണ്ടിക്കാട്ടിയാണ് സുധീരൻ ഈ തീരുമാനത്തെ എതിർക്കുന്നത്. ഈ എതിർപ്പ് ഭീമാകാര രൂപം പ്രാപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP