Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം കോർപ്പറേഷനിലെ എല്ലാ റോഡുകളും അടച്ചു; ഇടവഴികളിൽ എല്ലാം നിരീക്ഷണത്തിന് പൊലീസും; ആരും പുറത്തിറങ്ങരുതെന്ന നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും; പതിനായിരം രൂപ പിഴയും ഈടാക്കും; സെക്രട്ടറിയേറ്റ് അടക്കമുള്ള എല്ലാ സർക്കാർ ഓഫീസും അടഞ്ഞു കിടക്കും; കൊറോണയിലെ സമൂഹ വ്യാപന പേടിയിൽ ഒന്നാം ഘട്ട ലോക്ഡൗണിനേക്കാൾ നിയന്ത്രണങ്ങളുമായി ട്രിപ്പിൾ അടച്ചിടൽ; സഹായം വേണ്ടവർക്ക് ഇനി പൊലീസിനെ വിളിക്കാം

തിരുവനന്തപുരം കോർപ്പറേഷനിലെ എല്ലാ റോഡുകളും അടച്ചു; ഇടവഴികളിൽ എല്ലാം നിരീക്ഷണത്തിന് പൊലീസും; ആരും പുറത്തിറങ്ങരുതെന്ന നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും; പതിനായിരം രൂപ പിഴയും ഈടാക്കും; സെക്രട്ടറിയേറ്റ് അടക്കമുള്ള എല്ലാ സർക്കാർ ഓഫീസും അടഞ്ഞു കിടക്കും; കൊറോണയിലെ സമൂഹ വ്യാപന പേടിയിൽ ഒന്നാം ഘട്ട ലോക്ഡൗണിനേക്കാൾ നിയന്ത്രണങ്ങളുമായി ട്രിപ്പിൾ അടച്ചിടൽ; സഹായം വേണ്ടവർക്ക് ഇനി പൊലീസിനെ വിളിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ പ്രധാന റോഡുകളും പൊലീസ് അടച്ചു. ഇനി ഇടറോഡുകൾ മാത്രം. ഇവിടേയും ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ് സാന്നിധ്യവും സജീവം. ആദ്യ ഘട്ട ലോക്ഡൗണിൽ പോലുമില്ലാത്ത വിധമുള്ള അടച്ചിടലാണ് തിരുവനന്തപുരം നഗരത്തിൽ. നഗരത്തിന് പുറത്തും തിരുവനന്തപുരത്തും പരിശോധന കർശനമാണ്. തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂർണ്ണമായും അടച്ചു. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.

കോർപ്പറേഷൻ മേഖലയിൽ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കുകടകൾ എന്നിവ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവിൽ തുറന്നു പ്രവർത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. സഹായങ്ങൾക്ക് ഇനി പൊലീസിനെ വിളിക്കാം. ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

സ്റ്റേറ്റ് പൊലീസ് കൺട്രോൾ റൂം - 112
തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂം - 0471 2335410, 2336410, 2337410
സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂം - 0471 2722500, 9497900999
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂം - 9497900121, 9497900112

എടിഎമ്മുകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവയെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനനന്തപുരം നഗരത്തിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് അടച്ചിടൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.തിരുവനന്തപുരം ജില്ലയിൽ 22 പേർക്ക് കൂടി സമ്പർക്കംവഴി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പാരമ്യത്തിലായത്. ജില്ലയിൽ ഞായറാഴ്ച ആകെ രോഗം സ്ഥിരീകരിച്ചത് 27 പേർക്കാണ്. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നതോടെ അതിജാഗ്രതയിലായി സർക്കാർ. ജില്ലയിൽ സ്ഥിതി അതീവഗൗരവമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുള്ളവ ഇവയാണ്.

എയർപോർട്ട്, വിമാനസർവീസുകൾ, ട്രെയിൻ യാത്രക്കാർ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉൾപ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ, ഡേറ്റ സെന്റർ ഓപ്പറേറ്റർമാരും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, മൊബൈൽ സർവ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാർ, ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവർത്തനം, വളരെ അത്യാവശ്യമുള്ള മാധ്യമ പവർത്തകരുടെ സേവനം, പെട്രോൾ പമ്പ്, എൽ.പി.ജി, ഗ്യാസ് സ്ഥാപനങ്ങൾ, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

ട്രിപ്പിൾ ലോക്ഡൗൺ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും ഫൈൻ ഈടാക്കുകയും ചെയ്യും. പതിനായിരം രൂപ പിഴ ഈടാക്കാനാണ് സാധ്യത. വാഹന ഗതാഗതം പൂർണ്ണമായും തടയും.

ആരും പുറത്തിറങ്ങരുത്

അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്ന് നിർദ്ദേശം. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റ വഴി മാത്രം ഏർപ്പെടുത്തും. സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരു.സെൻട്രൽ കെഎസ്ആർടിസി ഡിപ്പോകൾ അടയ്ക്കും. സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് തുറക്കാൻ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ്മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

പി എസ് സി ഇന്റർവ്യൂവും പരീക്ഷയും മാറ്റി

പിഎസ്‌സി ആസ്ഥാന ഓഫീസിൽ തിങ്കളാഴ്ച മുതൽ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ബുധനാഴ്ച മുതൽ തുടങ്ങാനിരുന്ന ഇന്റർവ്യൂവും മാറ്റിവച്ചു. എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റർവ്യൂന് മാറ്റമില്ല.

കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു. കോർപ്പറേഷൻ പരിധിയിൽ പരീക്ഷ പിന്നീട് നടത്തും. മറ്റു കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സർവകലാശാല അറിയിച്ചു.

മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽവച്ചു നടത്താനിരുന്ന തിങ്കൾ മുതലുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 27 പേരുടെ വിശദവിവരങ്ങൾ:

1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

3. മണക്കാട് സ്വദേശി44 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി.

4. പൂന്തുറ സ്വദേശിനി 18 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൾ.

5. പൂന്തുറ സ്വദേശി 15 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൻ.

6. പൂന്തുറ സ്വദേശിനി 14 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

7. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

8. ഉച്ചക്കട സ്വദേശി 12 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

9. ഉച്ചക്കട സ്വദേശി 2 വയസുകാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

10. പുല്ലുവിള സ്വദേശി 42 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

11. വള്ളക്കടവ് സ്വദേശി 65 കാരൻ. ഉറവിടം വ്യക്തമല്ല.

12. പൂന്തുറ സ്വദേശി 36 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

13. കാലടി സ്വദേശി 8 വയസുകാരി. ഉറവിടം വ്യക്തമല്ല.

14. പേട്ട സ്വദേശിനി 42 കാരി. പടിഞ്ഞാറേക്കോട്ടയിൽ പ്രവർത്തിക്കുന്ന നഴ്സറി സ്‌കൂളിലെ അദ്ധ്യാപിക.

15. വഞ്ചിയൂർ സ്വദേശി 62 കാരൻ. പടിഞ്ഞാറേക്കോട്ട-എയർപോർട്ട് റോഡിൽ മിൽമ ബൂത്ത് നടത്തുന്നു.

16. മുട്ടത്തറ സ്വദേശി 29 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

17. മണക്കാട് സ്വദേശി 51 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരൻ.

18. മണക്കാട് സ്വദേശി 29 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്റെ മകൻ. ഈ വ്യക്തിയും കുമരിച്ചന്തയിൽ മത്സ്യക്കച്ചവടം നടത്തിവരുന്നു.

19. ചെമ്പഴന്തി സ്വദേശിനി 29 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്.

20. മണക്കാട് സ്വദേശിനി 22 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ്.

21. മണക്കാട് സ്വദേശി 70 കാരൻ. ആറ്റുകാൽ-മണക്കാട് റോഡിൽ ചായക്കട നടത്തുന്നു.

22. മുട്ടത്തറ സ്വദേശി 46 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

23. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ.

24. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി 29 കാരൻ.

25,26,27. കുവൈറ്റിൽ നിന്നും ജൂൺ 24ന് തിരുവനന്തപുരത്തെത്തിയ നെയ്യാറ്റിൻകര സ്വദേശി 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP