Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു; സാമൂഹിക അകലം പാലിക്കാതെ 16 പേർ ഒത്തുകൂടിയത് ജനങ്ങൾ തൊഴിൽ പോലും ചെയ്യാനാവാതെ കഷ്ടപ്പെടുമ്പോൾ; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കോൺഗ്രസിന്റെ പരാതി

ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു; സാമൂഹിക അകലം പാലിക്കാതെ 16 പേർ ഒത്തുകൂടിയത് ജനങ്ങൾ തൊഴിൽ പോലും ചെയ്യാനാവാതെ കഷ്ടപ്പെടുമ്പോൾ; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കോൺഗ്രസിന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. എൽഡിഎഫ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ചിരുന്നു. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷികളുടേയും സാന്നിധ്യത്തിലാണ് വിജയാഘോഷം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് അഡ്വ.എം. മുനീറിന്റെ പരാതിയിൽ പറയുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പരാതി ഇങ്ങനെ:

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച അർദ്ധരാത്രി മുതലാണ് ട്രിപ്പിൾ ലോക് ഡൗൺ തുടങ്ങിയത്. സാധാരണപൗരന്മാരുടെ മൗലികാവകാശമായ ജീവനോപാധിയായ തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം പോലും ഈ ഉത്തരവ് മൂലം തടയപ്പെട്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി ജനങ്ങൾ ഈ കഷ്ടപാടെല്ലാം സഹിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ, ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡിൽ പെട്ട എകെജി സെന്ററിൽ കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ, കാവൽ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും, കോടിയേരി ബാലഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ആന്റണി രാജു, ജോസ് കെ മാണി എന്നിവരുൾപ്പടെ 16 പേരാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് പരാതിയിൽ പറയുന്നു.

ട്രിപ്പിൾ ലോക്ഡൗൺ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. അവശ്യസേവന വിഭാഗത്തിൽ പെട്ടവരൊഴികെ പുറത്തിറങ്ങരുതെന്ന വ്യവസ്ഥയും ഇവർ ലംഘിച്ചിരിക്കുകയാണ്. പ്രകടമായി തന്നെ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് അനുയായികൾ ഉള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കളുടെ നിയമലംഘനങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണണം. ഏതാനും ദിവസം മുമ്പ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച പുരോഹിതന്മാർക്കെതിരെ കേസെടുത്തിരുന്നു. നേതാക്കളുടെ ഇത്തരം പ്രവർത്തനങ്ങൾ അനുയായികളെ നിയമലംഘനം നടത്താൻ പ്രേരിപ്പിച്ചേക്കാമെന്നും പരാതിയിൽ പറയുന്നു.

ട്രിപ്പിൾ ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ച നേതാക്കൾക്കെതിരെ ഐപിസി 188, ദുരന്ത നിവാരണ നിയമം വകുപ്പ് 51, കേരള പകർച്ച വ്യാധിനിയമം വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും അഡ്വ.മുനീറിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.

ജില്ലാ കളക്ടർക്കും, ഐജിക്കും, സിറ്റി പൊലീസ് കമ്മീഷണർക്കും പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP