Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാലു ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ; അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി; പത്രം, പാൽ എന്നിവ രാവിലെ ആറ് മണിക്ക് മുമ്പേ വീട്ടിലെത്തിക്കണം; ബേക്കറി, പലവ്യഞ്ജന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ; ബാങ്കുകൾ ചൊവ്വയും വെള്ളിയും; സഹകരണ ബാങ്കുകൾ തിങ്കളും വ്യാഴവും: മാർഗ്ഗനിർദ്ദേശങ്ങൾ

നാലു ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ; അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി; പത്രം, പാൽ എന്നിവ രാവിലെ ആറ് മണിക്ക് മുമ്പേ വീട്ടിലെത്തിക്കണം; ബേക്കറി, പലവ്യഞ്ജന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ; ബാങ്കുകൾ ചൊവ്വയും വെള്ളിയും; സഹകരണ ബാങ്കുകൾ തിങ്കളും വ്യാഴവും: മാർഗ്ഗനിർദ്ദേശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നതിന് 10,000 പൊലീസുകാരെ വിന്യസിക്കുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

.നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനത്തെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രം, പാൽ എന്നിവ രാവിലെ ആറ് മണിക്ക് മുമ്പേ തന്നെ വീട്ടിലെത്തിക്കേണ്ടതുണ്ട്. ബേക്കറി, പലവ്യഞ്ജന കടകൾ എന്നിവയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. വീട്ടുജോലിക്കാരായിട്ടുള്ളവർക്ക് പാസ് വാങ്ങിക്കൊണ്ട് യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്.

ട്രിപ്പിൾ ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ പ്രവേശിക്കാനും പുറത്തുപോകാനും ഒരുവഴി മാത്രമാവും ഉണ്ടാവുക എന്ന് മുഖ്യമന്ത്രി അറിയിച്ചു.
മേഖലകളായി തിരിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെയും സഹായിക്കുന്നക്കെതിരെയും നിയമനടപടി

ഭക്ഷണം എത്തിക്കുന്നതൊഴികെയുള്ള സാമൂഹ്യപ്രവർത്തനങ്ങൾ ഒഴിവാക്കണം. നിയന്ത്രണങ്ങൾക്കായി പതിനായിരം പൊലീസുകാരെ നിയോഗിച്ചു. മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും തുറക്കും. പലചരക്ക് കടകൾ, ബേക്കറികൾ ഒന്നിടവിട്ട ദിവസങ്ങളിൽ

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവങ്ങളിൽ. സഹകരണ ബാങ്കുകൾ തിങ്കൾ വ്യാഴം ദിവസങ്ങളിൽ

മുഖ്യമന്ത്രിയുടെ വാക്കുകൾ

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ നാളെ അർദ്ധരാത്രി ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരും. അതു സംബന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അഥോറിറ്റികൾ പുറപ്പെടുവിക്കും. മറ്റു പത്തുജില്ലകളിൽ നിലവിലുള്ള ലോക്ക്ഡൗൺ തുടരും.

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കർശനമായ മാർഗമാണ് ട്രിപ്പിൾ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നിൽക്കുക, മാസ്‌ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകും.

ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റൈൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് മാത്രമല്ല, അതിനു സഹായം നൽകുന്നവർക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കർശനമായ നടപടികൾ എടുക്കും.

ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം. കമ്യൂണിറ്റി കിച്ചനുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതിൽക്കവിഞ്ഞുള്ള സാമൂഹിക പ്രവർത്തനങ്ങളെല്ലാം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പരിപൂർണമായി ഒഴിവാക്കണം.

ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ പതിനായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകട, പെട്രോൾ ബങ്ക് എന്നിവ തുറക്കും. പത്രം, പാൽ എന്നിവ രാവിലെ ആറുമണിക്കു മുൻപ് വീടുകളിൽ എത്തിക്കണം. വീട്ടുജോലിക്കാർ, ഹോം നേഴ്‌സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ മുതലായവർക്കും ഓൺലൈൻ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നതാണ് അഭികാമ്യം.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്ന ജില്ലകളിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേയ്ക്കും പുറത്തേയ്ക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്മെന്റ് സോൺ മുഴുവനായും അടയ്ക്കും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 7,669 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 3,561 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 26,50,950 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

തിരുവനന്തപുരം ജില്ലയിൽ 710 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. എല്ലാ ദുരിതാശ്വാസ ക്യമ്പുകളിലും കർശന കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച് വീടുകളിൽ കഴിയുകയായിരുന്നവരെ ഏറ്റവുമടുത്ത കരുതൽ വാസകേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.

കനത്ത മഴയെത്തുടർന്ന് ഇന്നലെ ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ സെഷനുകൾ റദ്ദാക്കിയിരുന്നു. ഇന്ന് 59 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുന്നു.

കൊല്ലം ജില്ലയിൽ അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങൾക്കായി വ്യവസായ യൂണിറ്റുകൾ, ചെറുകിട വ്യാപാരികൾ, വ്യവസായ അസോസിയേഷനുകൾ എന്നിവരുടെ കൈവശമുള്ള വ്യവസായ ഓക്‌സിജൻ സിലിണ്ടറുകൾ സമാഹരിക്കാൻ തുടങ്ങി.

പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്ക മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പോസിറ്റീവാകുന്നവർ, സമ്പർക്കപ്പട്ടികയിൽ ഉള്ളവർ, മറ്റ് ആളുകൾ എന്നിങ്ങനെ പ്രത്യേകമായി താമസിപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിവരുന്നു.
ആലപ്പുഴയിൽ കോവിഡ് ബാധിതരുടെ വീടുകളിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷത്തിന് ആളില്ലാതെ വരുന്ന സാഹചര്യത്തിൽ ഇവയെ സംരക്ഷിക്കുന്നതിനായി താൽക്കാലിക ഷെഡുകൾ, കാലിത്തീറ്റ ലഭ്യമാക്കുന്നതിനുള്ള സംവിധാനം, പാൽ കറവയ്ക്കുള്ള സംവിധാനം, മൃഗങ്ങളുടെ ചികിത്സയ്ക്കും രോഗപ്രതിരോധത്തിനുമുള്ള സംവിധാനം എന്നിവ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സമഗ്ര പദ്ധതി നടപ്പിലാക്കും.

കോഴിക്കോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 19,500 പൾസ് ഓക്‌സിമീറ്ററുകൾ വാങ്ങും. പഞ്ചായത്തുകളിൽ 200 വീതവും മുനിസിപ്പാലിറ്റികളിൽ 500 വീതവും കോർപ്പറേഷനിൽ 2000 എണ്ണവുമാണ് വാങ്ങുക.

നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നൽകിയ പുതിയ നിർദ്ദേശ പ്രകാരം 12 ആഴ്ച കഴിഞ്ഞാൽ മാത്രമേ, കോവിഷീൽഡ് രണ്ടാമത്തെ വാക്‌സിൻ ലഭ്യമാവുകയുള്ളു. സോഫ്‌റ്റ്‌വെയറിൽ രണ്ടാമത്തെ ഡോസ് എന്റർ ചെയ്യാൻ അത്രയും ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ സാധിക്കൂ. എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
വിദേശങ്ങളിലേയ്ക്കു മറ്റും തിരിച്ചു പോകേണ്ടവർക്ക് ഇതു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്, അക്കാര്യത്തിൽ ഒരു ഭേദഗതിവരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. വാക്‌സിൻ വിതരണം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിലും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടി വരും. അക്കാര്യങ്ങൾ കേന്ദ്ര സർക്കാർ ആണ് തീരുമാനിക്കേണ്ടത്.?

18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അതിൽ മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കായിരിക്കും മുൻഗണന ലഭിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം,?ലിവർ സീറോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്‌ഐവി ഇൻഫെക്ഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരും?അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഏകദേശം 20 കാറ്റഗറികളിൽ പെടുന്നവർക്കാണ് മുൻഗണന ലഭിക്കുക. ഈ വിഭാഗങ്ങളിൽ പെടുന്നവർ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷൻ ചെയ്ത്, വാക്‌സിൻ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കാൻ തയ്യാറാകണം.

കോവിഡ് രോഗികളിൽ പരമാവധി ആളുകൾക്ക് സർക്കാർ ആശുപത്രികളിൽ ആണ് ചികിത്സ നൽകിവരുന്നത്. അതിനു പുറമേ, സർക്കാർ ആശുപത്രികളിൽ നിന്നും, കൺട്രോൾ സെല്ലുകളിൽ നിന്നും റഫർ ചെയ്യപ്പെട്ടവരും കാരുണ്യപദ്ധതിയുടെ ഗുണഭോക്താക്കളായവരും ഉൾപ്പെടെയുള്ള 39,280 പേരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ തന്നെ വഹിക്കുകയും ചെയ്തിട്ടുണ്ട്. 102 കോടി രൂപ ഇതുവരെ അതിനായി ചെലവഴിച്ചു കഴിഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവളണ്ടിയർമാർക്ക് പ്രത്യേകം പ്രത്യേകം രാഷ്ട്രീയം കാണും. എന്നാൽ അവർ കൂട്ടായി ഒരുമയോടെയാണ് വളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. കൊടി വെച്ചും ചിഹ്നം വെച്ചും ഉള്ള പ്രവർത്തനം പ്രോത്സാഹിപ്പിക്കരുത്. കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. വളണ്ടിയർമാർ അതത് സ്ഥലത് തന്നെ ഉള്ളവർ ആയതിനാൽ തിരിച്ചറിയാൻ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസ്സങ്ങൾ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ ശ്രദ്ധിക്കണം.

മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ട്. കോവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽ പെട്ടതാണ്. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളേജുകളിലെ ഇൻഫക്ക്ഷൻ ഡിസീസ് ഡിപ്പാർട്ട്‌മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.

ഇന്നലെ നല്ല രീതിയിൽ ഓക്‌സിജൻ അശുപത്രികളിൽ എത്തിക്കാനായി. ഇന്ന് ഇത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. ഒരു ഓക്‌സിജൻ ട്രെയിൻ കൂടി നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ ഒരു ട്രെയിൻ നാളെ പുലർച്ചെ വല്ലാർപാടത്ത് എത്തും. കാലാവസ്ഥ പ്രശ്‌നം കാരണം ഓക്‌സിജൻ ലഭ്യതയിൽ തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കാൻ നിർദ്ദേശം നൽകി.

യൂറോപ്പിലും അമേരിക്കയിലും രണ്ടും മൂന്ന് തരംഗം ഉണ്ടായപ്പോഴും കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ കുട്ടികൾ രോഗവാഹകരായേക്കാം എന്നത് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്കും രോഗം വരാം. പക്ഷെ ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും.
അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ അമിതമായ ഭീതി പരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറക്കുക, മാസ്‌ക് കൃത്യമായി ഉപയോഗിക്കുക എന്നീ കാര്യങ്ങൾ കുട്ടികളുടെ കാര്യത്തിലും കൃത്യമായി പാലിക്കണം.

അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ കിറ്റ് വിതരണം പൂർത്തിയായി വരുന്നു. ഒറ്റപ്പെട്ടു നിൽക്കുന്നവർക്കും നൽകി വരികയാണ്. ഇടുക്കി, വയനാട് ജില്ലകളിലെ ലയങ്ങളിൽ താമസിക്കുന്നവർക്ക് മരുന്നും മറ്റും നൽകുന്നുണ്ട്. ആരും തിരികെ നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടില്ല. ഇവിടെ തുടർന്ന് ജോലി ചെയ്യാനാണ് മിക്കവർക്കും താൽപര്യം.

ആയുർവേദം, ഹോമിയോ മരുന്നുകൾ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് കഴിഞ്ഞകാലങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കുട്ടികൾക്കും അത് നൽകാവുന്നതാണ്. അതിനുള്ള നടപടികൾ എടുക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP