Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തീവ്രരോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീടുകളിൽ തന്നെ കഴിയാമെന്ന് പിണറായി വിജയനും; അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചെയ്തപ്പോൾ കളിയാക്കിയവരും ഇപ്പോൾ അതേവഴി തിരഞ്ഞെടുക്കുന്നു; പ്രതിദിനം ആയിരം രോ​ഗികൾ ആയതോടെ പറഞ്ഞതെല്ലാം മറന്ന് സംസ്ഥാന സർക്കാർ; ലോകം വാഴ്‌ത്തിയ കേരള മോഡൽ എന്ന് വീമ്പ് പറഞ്ഞവർക്കും മൗനം

തീവ്രരോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീടുകളിൽ തന്നെ കഴിയാമെന്ന് പിണറായി വിജയനും; അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചെയ്തപ്പോൾ കളിയാക്കിയവരും ഇപ്പോൾ അതേവഴി തിരഞ്ഞെടുക്കുന്നു; പ്രതിദിനം ആയിരം രോ​ഗികൾ ആയതോടെ പറഞ്ഞതെല്ലാം മറന്ന് സംസ്ഥാന സർക്കാർ; ലോകം വാഴ്‌ത്തിയ കേരള മോഡൽ എന്ന് വീമ്പ് പറഞ്ഞവർക്കും മൗനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തീവ്രമായ രോ​ഗ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീടുകളിൽ ഐസൊലേഷനിൽ തുടരാൻ അനുവദിച്ചുകൊണ്ട് കലക്ടറുടെ ഉത്തരവിറങ്ങിയതോടെ പൊളിയുന്നത് സംസ്ഥാന സർക്കാർ മാസങ്ങളായി പടുത്തുയർത്തിയ നുണകളുടെ ചീട്ടുകൊട്ടാരം. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ ആദ്യം നടപ്പിലാക്കിയ ഈ സംവിധാനത്തെ പരിഹസിച്ചവരാണ് കേരളത്തിലെ മുഖ്യമന്ത്രിയും ആരോ​ഗ്യ മന്ത്രിയും. വികസിത രാജ്യങ്ങൾ എന്ന് അവകാശപ്പെടുന്നവർ കോവിഡ് രോ​ഗികളെ ആശുപത്രിയിൽ പോലും പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ, കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചയാളെ ഉടൻ ആശുപത്രി ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും റൂട്ട്മാപ്പ് ഉൾപ്പെടെ തയ്യാറാക്കി തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അവകാശ വാദം. എന്നാലിപ്പോൾ റൂട്ട് മാപ്പും ക്വാറന്റൈനും എല്ലാം ഉപേക്ഷിച്ച സർക്കാർ, രോ​ഗികളെ വീട്ടിൽ തന്നെ തുടരാൻ അനുവദിക്കുകയും ചെയ്യുന്നു. കോവിഡ് അത്ര ഭയക്കേണ്ട മഹാവ്യാധി അല്ലെന്ന യൂറോപ്യൻ- അമേരിക്കൻ നിലപാടുകൾ വൈകിയെങ്കിലും അം​ഗീകരിക്കുകയാണ് പിണറായി സർക്കാർ.

അതേസമയം, സംസ്ഥാന സർക്കാർ ഇതത്ര ഭയക്കേണ്ട രോ​ഗമല്ലെന്ന് തുറന്ന് പറയാൻ ഇനിയും തയ്യാറാകുന്നില്ല. വൈറസ് വ്യാപനത്തെ ആദ്യം അവകാശപ്പെട്ടത് പോലെ ഫലപ്രദമായി തടയാൻ കഴിഞ്ഞില്ലെന്നും വൈറസിനൊപ്പം ജീവിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും തുറന്ന് പറയേണ്ടതിന് പകരമാണ്. ആദ്യം പരിഹസിച്ച അമേരിക്കൻ-യുറോപ്യൻ മാതൃക കേരളവും പിന്തുടരുന്നത്. കോവിഡ് ബാധിക്കുന്ന മഹാഭൂരിപക്ഷത്തിനും രോ​ഗലക്ഷണങ്ങൾ ഇല്ല എന്നത് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിരുന്നു. അനേകായിരങ്ങൾക്ക് ഇതിനോടകം രോ​ഗം വന്ന് ഭേദമായിട്ടും ഉണ്ടാകാം. മറ്റ് രോ​ഗങ്ങളെ അപേക്ഷിച്ച് മരണനിരക്കും വളരെ കുറവാണ്. അതുകൊണ്ട് തന്നെ പരിശോധനകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് രോ​ഗബാധിതരുടെ എണ്ണവും കുറവായിരിക്കും. ഈ ചെപ്പടിവി​ദ്യയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ ആരോ​ഗ്യ മേഖലയിലെ അപര്യാപ്തത പുറത്ത് വരുന്നത്. ദിവസവും ശരാശരി അയിരം രോ​ഗികളെ പ്രവേശിപ്പിച്ചാൽ ആശുപത്രികൾ നിറയാൻ അധികം നാളുകൾ വേണ്ട, ഇതോടെ ​ഗുരുതരമായി രോ​ഗം ബാധിച്ചവർക്ക് മാത്രം ചികിത്സ എന്ന നിലയിലേക്ക് പിണറായി വിജയനും സംഘവും കാര്യങ്ങൾ നീക്കി.

രോ​ഗം ​ഗുരുതരമായി ബാധിച്ചവർക്ക് ആശുപത്രികളിൽ വെന്റിലേറ്ററിൽ സൗകര്യം ആവശ്യമാണ്. ​ഗുരുതരമായ മറ്റ് അസുഖങ്ങൾ ഇല്ലാത്തവർക്ക് പരിചരണത്തിന്റെ ആവശ്യമില്ല. എന്നാൽ അത് ഇതുവരെ തുറന്ന് സമ്മതിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. ഇതുവരെ കേരളത്തിലെ ജനങ്ങളെ മുഴുവൻ ഭയപ്പെടുത്തിയിരുന്നത് ഇത് മഹാവിപത്താണ് എന്ന് പറഞ്ഞാണ്. ആദ്യകാലങ്ങളിൽ രോ​ഗികളെ ആക്ഷേപിക്കുന്ന നിലവരെ കാര്യങ്ങൾ എത്തിയിരുന്നു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ലക്ഷക്കണക്കിന് രോ​ഗികൾ ഉള്ളപ്പോഴാണ് വീടുകളിൽ രോ​ഗികളെ പരിചരിച്ചതെങ്കിൽ കേരളത്തിൽ വെറും പതിനായിരം രോ​ഗികൾ ചികിത്സയിൽ ഉള്ളപ്പോഴാണ് സർക്കാർ പറയുന്നത്, രോ​ഗികൾ വീടുകളിൽ കഴിഞ്ഞാൽ മതി എന്ന്.

വിമർശനവുമായി ചെന്നിത്തല

പ്രകടമായ രോഗ ലക്ഷണം ഇല്ലാത്ത കോവിഡ്ബാധിതരെ വീട്ടിൽ കിടത്തി ചികിത്സിക്കാനുള്ള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ വീട്ടിൽ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും എങ്ങനെ ചികിത്സ ഉറപ്പാക്കുമെന്നൊന്നും ഉത്തരവിൽ വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോവിഡ് പ്രതിരോധത്തിന് കൊട്ടിഘോഷിച്ച കേരളാ മോഡൽ തകർന്നടിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീടുകളിൽ ഐസൊലേഷനിൽ തുടരാൻ അനുവദിച്ചുകൊണ്ട് കലക്ടറുടെ ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിമർശനവുമായി രം​ഗത്തെത്തിയത്.

ഉത്തരവിറക്കി  ജില്ലാ കളക്ടർ

ഇത്ര ​ഗൗരവമായ ഒരു രോ​ഗത്തെ നേരിടാൻ പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ചുമതല ജില്ലാ കളക്ടർമാരുടെ ചുമലിൽ വെച്ചുകൊടുക്കുകയാണ് പിണറായി സർക്കാർ. ചീഫ് സെക്രട്ടറിയോ ആരോ​ഗ്യ സെക്രട്ടറിയോ ഉത്തരവ് ഇറക്കുന്നതിന് പകരം ജില്ലാ കളക്ടർമാരാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ഒറ്റയ്ക്കു കഴിയാൻ മുറിയും ടൊയ്‌ലറ്റ് സൗകര്യവും ഉള്ളവർക്കാണ് ഇത്തരത്തിൽ അനുമതി ലഭിക്കുക. വാർഡ് തല സമിതിയുടെ പരിശോധനകൾക്കു ശേഷമായിരിക്കും കോവിഡ് ബാധിതരെ വീടുകളിൽ കഴിയാൻ അനുവദിക്കുക. കോവിഡ് പോസിറ്റിവ് ആവുന്നവർക്ക് അവർ ആവശ്യപ്പെടുന്ന പക്ഷം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 213പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 87 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 84 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 83 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 67 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 54 പേർക്കും, പാലക്കാട്, കാസർകോട് ജില്ലകളിൽ നിന്നുള്ള 49 പേർക്കുവീതവും, വയനാട് ജില്ലയിൽ നിന്നുള്ള 43 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 38 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 34 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 31 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 29 പേർക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP