Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് വീണ്ടും ട്രഷറിക്കൊള്ള; മരിച്ചു പോയ സ്ഥിരനിക്ഷേപകയുടെ 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തത് പത്തനംതിട്ട ജില്ലാ ട്രഷറിയിൽ; നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; മൂന്നു പേരും സിപിഎം അനുകൂല സംഘടനയിൽ പെട്ടവർ

സംസ്ഥാനത്ത് വീണ്ടും ട്രഷറിക്കൊള്ള; മരിച്ചു പോയ സ്ഥിരനിക്ഷേപകയുടെ 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ട്  ഉണ്ടാക്കി തട്ടിയെടുത്തത് പത്തനംതിട്ട ജില്ലാ ട്രഷറിയിൽ; നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; മൂന്നു പേരും സിപിഎം അനുകൂല സംഘടനയിൽ പെട്ടവർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ട്രഷറിക്കൊള്ള. മരിച്ചുപോയ നിക്ഷേപകയുടെ നാല് സ്ഥിരനിക്ഷേപങ്ങൾ വ്യാജഅക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് വകമാറ്റി തട്ടിയെടുത്ത സംഭവത്തിൽ നാലു ജീവനക്കാരെ ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തു. ഇതിൽ മൂന്നുപേർ സിപിഎമ്മിന്റെ സർവീസ് സംഘടനയായ എൻജിഓ യൂണിയനിൽപ്പെട്ടവരാണ്. ഒരാൾ കോൺഗ്രസിന്റെ പോഷക സംഘടനയായ എൻജിഓ അസോസിയേഷൻ പ്രവർത്തകനുമാണ്.

ഓമല്ലൂർ സ്വദേശിയായ നിക്ഷേപകയുടെ നിക്ഷേപത്തിലും പലിശയിലും നിന്നായി 8.13 ലക്ഷം രൂപയാണ് വിവിധ ട്രഷറികൾ വഴി തട്ടിയെടുത്തിരിക്കുന്നത്. വീഴ്ച വരുത്തിയതിന് കോന്നി സബ് ട്രഷറി ഓഫീസർ രഞ്ജി കെ. ജോൺ, ജില്ലാ ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് കെ.ജി. ദേവരാജൻ, റാന്നി-പെരുനാട് സബ്ട്രഷറിയിലെ ട്രഷറർ സി.ടി. ഷഹീർ, ജില്ലാ ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റ് ആരോമൽ അശോകൻ എന്നിവരെയാണ് ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഇതിൽ ഷഹീർ എൻജിഓ അസോസിയേഷന്റെയും ബാക്കി മൂന്നു പേരും എൻജിഓ യൂണിയന്റെയും അംഗങ്ങളാണ്.

ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഓമല്ലൂർ സ്വദേശിനിയുടെ പേരിൽ ജില്ലാ ട്രഷറിയിൽ ഉണ്ടായിരുന്ന അക്കൗണ്ടിൽ കിടന്ന പണമാണ് 79901010099099 എന്ന നമ്പരിൽ വ്യാജ എസ്.ബി അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മാറ്റി തട്ടിയെടുത്തത്. ഈ അ്ക്കൗണ്ട് നമ്പരിൽ സംശയം തോന്നിയ ജില്ലാ ട്രഷറി ഓഫീസർ ട്രഷറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം ട്രഷറി ആസ്ഥാന കാര്യാലയ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ ട്രഷറിയിൽ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ആസൂത്രിത തട്ടിപ്പ് കണ്ടെത്തിയത്.

മരിച്ചു പോയ നിക്ഷേപകയുടെ പേരിൽ നാല് സ്ഥിരനിക്ഷേപങ്ങളാണ് ജില്ലാ ട്രഷറിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ക്ലോസ് ചെയ്തും മറ്റു മൂന്നു സ്ഥിര നിക്ഷേപങ്ങളുടെ പലിശയിനത്തിൽ ഉള്ള തുകയും വ്യാജമായി സൃഷ്ടിച്ച എസ്.ബി അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. നിക്ഷേപകയുടെ പേരിലുള്ള ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് അതിലെ നീക്കിയിരുപ്പ് തുകയും വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഈ അക്കൗണ്ടിലേക്ക് പല തവണയായി 8,13,468 രൂപ വകമാറ്റി. തുടർന്ന് ഏഴു തവണകളായി വിവിധ ട്രഷറികളിലൂടെ 8.13 ലക്ഷം പിൻവലിക്കുകയും ചെയ്തതായി ട്രഷറി ഡയറക്ടർ കണ്ടെത്തി. ക്രമവിരുദ്ധമായി വ്യാജ അക്കൗണ്ട് ആരംഭിച്ചതിലും അതിലേക്ക് പണം ക്രെഡിറ്റ് ചെയ്തതിലും പിൻവലിച്ചതിലും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ക്രമവിരുദ്ധ ഇടപാടുകൾക്ക് സസ്പെൻഷനിലായ ജീവനക്കാർക്ക് പങ്കുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ജനുവരി 11 നാണ് ജില്ലാ ട്രഷറി ഓഫീസർ ട്രഷറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. പിറ്റേന്ന് തന്നെ പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടുപിടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP