Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

സഹോദരി പുത്രിയുടെ വിവാഹത്തിനായി രണ്ടരലക്ഷം രൂപ നൽകി ഹാൾ ബുക്ക് ചെയ്തു; കോവിഡ് മൂലം ചടങ്ങ് വീട്ടിലേക്ക് മാറ്റിയപ്പോൾ തിരിച്ചുകിട്ടിയത് 50000 രൂപ മാത്രം; കേസെടുക്കാതെ ഉഴപ്പി പൊലീസും; ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ അധികൃതരുടെ തട്ടിപ്പുകഥ

സഹോദരി പുത്രിയുടെ വിവാഹത്തിനായി രണ്ടരലക്ഷം രൂപ നൽകി ഹാൾ ബുക്ക് ചെയ്തു; കോവിഡ് മൂലം ചടങ്ങ് വീട്ടിലേക്ക് മാറ്റിയപ്പോൾ തിരിച്ചുകിട്ടിയത് 50000 രൂപ മാത്രം; കേസെടുക്കാതെ ഉഴപ്പി പൊലീസും; ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ അധികൃതരുടെ തട്ടിപ്പുകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപ്രതീക്ഷിതമായി കോവിഡ് പടർന്നുപിടിച്ചപ്പോൾ അന്നുവരെയുണ്ടായിരുന്ന ജീവിതരീതികളൊക്കെ മാറുകയായിരുന്നു. ആളും ആർഭാടങ്ങളും ഒഴുക്കിയുള്ള വിവാഹങ്ങളും മറ്റ് ചടങ്ങുകളുമൊക്കെ നിയന്ത്രിക്കപ്പെട്ടു. അക്കാലത്താണ് ഗൗരീശപട്ടം സ്വദേശിയായ കൃഷ്ണകുമാർ സഹോദരിയുടെ മകളുടെ വിവാഹത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തത്. 2019 സെപ്റ്റംബറിലാണ് രണ്ട് ലക്ഷത്തി അമ്പത്തിആറായിരം രൂപ നൽകി 2020 ഏപ്രിലിലെ വിവാഹത്തിനായി ഹാൾ ബുക്ക് ചെയ്തത്.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കൺവെൻഷൻ സെന്റർ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. കൃഷ്ണകുമാറിന് അനന്തരവളുടെ വിവാഹം വീട്ടിലേയ്ക്ക് മാറ്റേണ്ടിയും വന്നു. കോവിഡ് മൂലം കൺവെൻഷൻ സെന്റർ അടച്ചിടുകയാണെന്നും അഡ്വാൻസ് തുകയായിട്ട് നൽകിയിട്ടുള്ള രണ്ട് ലക്ഷത്തി അമ്പത്തിആറായിരം രൂപ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ചാലുടൻതന്നെ തിരിച്ചുനൽകാമെന്നും കൺവെൻഷൻ സെന്റർ അധികൃതർ സമ്മതിച്ചിരുന്നതാണ്. എന്നാൽ പിന്നീട് വിളിച്ചാൽ പോലും ഫോണെടുക്കാതെ വരുകയും മറ്റ് നമ്പരുകളിൽ നിന്നും വിളിച്ചാൽ ഫോൺ എടുത്ത ശേഷം മറ്റൊരു ദിവസം പണം തരാമെന്ന് പറഞ്ഞ് ദിവസങ്ങൾ നീട്ടിനീട്ടികൊണ്ടുപോയി പറ്റിക്കുകയുമായിരുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു.

കോവിഡിന്റെ സാമ്പത്തിക പ്രശ്നങ്ങളിലായിരിക്കുമെന്ന് കരുതി ഒന്നരവർഷത്തോളം കൃഷ്ണകുമാർ കാത്തിരുന്നു. എന്നിട്ടും പണം തിരികെനൽകാൻ സാധ്യതയൊന്നും ഇല്ലെന്ന് കണ്ടപ്പോഴാണ് കൃഷ്ണകുമാർ പരാതിയുമായി കഴക്കൂട്ടം പൊലീസിനെ സമീപിച്ചത്. എന്നാൽ കേസെടുക്കുന്നതിന് പൊലീസിന് താൽപര്യമുണ്ടായിരുന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് പൊലീസ് പരാതിക്കാരനെ തിരികെ വീട്ടിൽപറഞ്ഞുവിട്ടു. അവിടെ നിന്നും നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം കമ്മീഷണറെ സമീപിച്ചു. എന്നാൽ പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരോട് കൺവെൻഷൻ സെന്റർ ഉടമയ്ക്ക് ഉള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ അപ്പോഴാണ് അറിയുന്നത്. അയാളോട് വളരെ സൗഹാർദ്ദപൂർവം പെരുമാറിയ ഉന്നത ഉദ്യോഗസ്ഥർ നടപടികൾ കൈക്കൊള്ളാതെ കൃഷ്ണകുമാറിനെ വക്കീൽനോട്ടീസ് അയയ്ക്കാൻ ഉപദേശിച്ച് തിരിച്ചുപറഞ്ഞുവിടുകയായിരുന്നു.

മറ്റ് വഴികളില്ലാതായപ്പോൾ കൃഷ്ണകുമാർ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. എന്നാൽ ആ പരാതിയും ഒടുവിൽ എത്തിച്ചേർന്നത് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ തന്നെ. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ ബന്ധപ്പെട്ടപ്പോൾ കോവിഡ് പ്രതിസന്ധിയിലായതിനാലാണ് പണം റീഫണ്ട് ചെയ്യാൻ വൈകിയതെന്നും ഓരോരുത്തർക്കായി പണം നൽകി വരുകയാണെന്നുമാണ് അവർ അറിയിച്ചത്. തങ്ങൾക്ക് ഒരു ഗഢുവായി പണം നൽകാൻ കഴിയില്ലെന്നും പല ഗഢുക്കളായി പണം നൽകാമെന്നും ആദ്യ ഗഢു ഉടൻതന്നെ കൃഷ്ണകുമാറിന് നൽകാമെന്നും അറിയിക്കുകയാണ് ഉണ്ടാത്. എന്നാൽ, ഇത് പാലിക്കാൻ കൺവെൻഷൻ സെന്റർ അധികൃതർ തയ്യാറായില്ല.

സ്വന്തം അനന്തരവളുടെ വിവാഹത്തിന് ഹാൾ ബുക്ക് ചെയ്യാൻ രണ്ടര ലക്ഷം രൂപ അഡ്വാൻസ് നൽകി എന്നതാണ് കൃഷ്ണകുമാർ ചെയ്ത തെറ്റ്. ആ തെറ്റിന്റെ പേരിലാണ് ഇന്ന് ഒരു പരാതിയുമായി വാതിലുകൾ മുട്ടേണ്ട അവസ്ഥയിലേയ്ക്ക് അദ്ദേഹം എത്തിച്ചേർന്നിരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം കൺവൻഷൻ സെന്റർ താൽക്കാലികമായി പൂട്ടിയതിന്റെ ഭാഗമായിട്ടാണ് വിവാഹം ഹാളിൽ നിന്നും മാറ്റേണ്ടി വന്നത്. അത് കൺവെൻഷൻ സെന്റർ അധികൃതർ കൃഷ്ണകുമാറിന് നൽകിയ കത്തിൽ വിശദമായി പറയുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ആ കൺവെൻഷൻ സെന്റർ അധികൃതരും സർക്കാരും കൈകഴുകുകയാണ്. സമാനമായി വഞ്ചിതരായ നിരവധിപേരുണ്ട്. എന്നാൽ എല്ലാവരുടെയും പരാതി സ്വാധീനമുപയോഗിച്ച് പൊലീസ് സ്റ്റേഷനിൽ തന്നെ മുക്കുകയാണ്.

കൃഷ്ണകുമാറിന്റെ ആരോപണങ്ങളെല്ലാം എതിർകക്ഷിയും അംഗീകരിക്കുന്നു എന്നതാണ് ഈ കേസിന്റെ കൗതുകം. കൃഷ്ണകുമാർ 2,56000 രൂപ നൽകിയെന്നും അതിൽ 50,000 രൂപ മാത്രമെ തിരിച്ച് നൽകിയിട്ടുള്ളുവെന്നും കൺവെൻഷൻ സെന്റർ അധികൃതർ അംഗീകരിക്കുന്നുണ്ട്. എന്നിട്ട് പോലും ആ പണം വാങ്ങിനൽകാൻ പൊലീസിന് താൽപര്യമില്ല. ഒരു സാമ്പത്തികതട്ടിപ്പ് കേസിൽ പൊലീസ് സ്റ്റേഷനിൽ നിന്നും നീതിയില്ല, ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്നോ മുഖ്യമന്ത്രീയുടെ ഓഫീസിൽ നിന്നോ നീതിയില്ല. ഒരു സാധാരണക്കാരൻ എന്തു ചെയ്യണം? ഒരു പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ അത് നൽകാതിരുന്നാൽ ജനങ്ങൾ എന്തുചെയ്യണമെന്നാണ് കൃഷ്ണകുമാർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP