Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇപ്പോൾ ജീവിതം തിരക്കേറിയതും കളർഫുളും; ഉണ്ടായിരുന്നു നാട്ടുകാർ കൂവിത്തോൽപ്പിക്കാൻ നോക്കിയ ഒരുകാലം; സിനിമാ താരം ഹരിണി ചന്ദനയും മോഡലും നർത്തകിയുമായ ദീപ്തി കല്യാണിയും കൈകോർക്കുന്നത് സൂര്യ ടിവിയിലെ ജോഡി നമ്പർ 1 റിയാലിറ്റി ഷോയിൽ; ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ പെട്ടവർ റിയാലിറ്റി ഷോയിൽ ജോഡികളായി പങ്കെടുക്കുന്നതും ഇതാദ്യം

ഇപ്പോൾ ജീവിതം തിരക്കേറിയതും കളർഫുളും; ഉണ്ടായിരുന്നു നാട്ടുകാർ കൂവിത്തോൽപ്പിക്കാൻ നോക്കിയ ഒരുകാലം; സിനിമാ താരം ഹരിണി ചന്ദനയും മോഡലും നർത്തകിയുമായ ദീപ്തി കല്യാണിയും കൈകോർക്കുന്നത് സൂര്യ ടിവിയിലെ ജോഡി നമ്പർ 1 റിയാലിറ്റി ഷോയിൽ; ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ പെട്ടവർ റിയാലിറ്റി ഷോയിൽ ജോഡികളായി പങ്കെടുക്കുന്നതും ഇതാദ്യം

ജംഷാദ് മലപ്പുറം

കൊച്ചി: റിയാലിറ്റി ഷോയിൽ തകർക്കാൻ ട്രാൻസ്ജെന്റർ ജോഡികളും. സൂര്യ ടിവിയിലെ 'സൂര്യ ജോഡി നമ്പർ 1' റിയാലിറ്റിഷോയിലൂടെ കഴിവ്തെളിയിക്കാനൊരുങ്ങി ഹരിണി ചന്ദനയും ദീപ്തി കല്യാണിയും. റിയാലിറ്റി ഷോയിൽ 12 ജോഡി മത്സരാർഥികളാണുള്ളത്. ഇതിലെ ഒരു ജോഡിയാണ് ട്രാൻസ്ജെന്റർ വിഭാഗത്തിൽ പെട്ട ഹരണിയും, ദീപ്തിയും. ചില സിനിമകളിൽ അഭിനയിച്ച ഹരണിയെന്ന സുന്ദരിയും, ഡാൻസറും മോഡലുമായ ദീപ്തി കല്യാണിയും ജോഡികളാണ് വരുമ്പോൾ മറ്റുള്ളവരിൽനിന്നും ഇവർ വ്യത്യസ്തമാകുന്നത് എങ്ങിനെയാകുമെന്നാണ് ട്രാൻസ്ജെന്റർ സമൂഹവും പുറത്തുള്ളവരും ഉറ്റുനോക്കുന്നത്.

ട്രാൻസ് കമ്മ്യൂണിറ്റി വിശ്വാസ പ്രകാരം പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് ഇരുവരുടേയും അമ്മ. ആദ്യമായാണ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽപെട്ടവർ ജോഡികളായി പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. മോഡലിങ്ങിലും അഭിനയത്തിലും കഴിവ് തെളിയിച്ച ഹരണി ചന്ദന ഡാൻസിലും ഒരു കൈനോക്കാനാണ് ദീപ്തികല്യാണിക്കൊപ്പം റിയാലിറ്റി ഷോയിലെത്തിയത്. ദീപ്തി മികച്ച ഐറ്റം ഡാൻസർകൂടിയാണ്. മിയ, ശ്വേതാമേനോൻ, പ്രസന്ന മാസ്റ്റർ, ഇനിയ ഈനാലുപേരാണ് റിയാലിറ്റിഷോയുടെ വിധികർത്താക്കൾ. ഷോയിൽ പങ്കെടുക്കുന്ന മത്സരാർഥികൾ എല്ലാവരും തന്നെ സെലിബ്രറ്റികളാണ്. ഓരോ മേഖലയിലും കഴിവ് തെളിയച്ചവരാണ് മത്സരാർഥികൾ.

സിനിമയിൽ സ്ത്രീകഥാപാത്ര നായികയായ ട്രാൻസ്ജെൻഡർ കൂടിയാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനി ഹരണിചന്ദന. അരൂൺ സാഗർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സിനിമയിലാണ് ഹരണി സ്ത്രീകഥാപാത്ര നായികയായി അഭിനയിച്ചത്. എറണാകുളം കുമ്പളങ്ങി മഠത്തിൻപറമ്പിൽ ജോയിയുടേയും കുഞ്ഞുമോളുടെയും, രണ്ട്മക്കളിൽ മൂത്ത മകനായാണ് ഹരണിയുടെ ജനനം. തുടർന്ന് ലിംഗമാറ്റത്തിലൂടെ സ്ത്രീയായി മാറി, ഏറെദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ഹരണി ഇന്ന് തട്ടാശേരികൂട്ടം, മുട്ടുവിൻതുറക്കപ്പെടും എന്നീ സിനിമകളിലും വിവിധ ഷോർട്ട്ഫിലിമുകളിലും അഭിനയിച്ചുകഴിഞ്ഞു. രണ്ട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവും നേടി. മോഡലിങ് രംഗത്തും സജീവസാന്നിധ്യമാണ്.

ലിംഗ മാറ്റത്തിലൂടെ താൻ സ്ത്രീയായി മാറാനും ഇന്ന് സിനിമയിലേക്കടക്കം കാലെടുത്തുവെക്കാനും പ്രചോദനമായത് സ്വന്തംനാട്ടുകാരാണെന്നാണ് ഹരണി പറയുന്നത്. നാട്ടുകാർ നൽകിയ പ്രോത്സാഹനം പക്ഷെ കൂരമ്പുകൾകൊണ്ടായിരുന്നുവെന്നു മാത്രം. നാട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലുകളും അവഹേളനങ്ങളും കാരണം മനസ്സ്മടുത്തുപോയ സാധാരണ ഒരുട്രാൻസ്ജെൻഡർ ആയിരുന്നു ഹരണിയും. പിന്നീടാണ് അവഹേളിക്കുന്നവർക്കുമുന്നിൽ മുട്ടുമടക്കുകയല്ല നിവർന്ന് നിന്ന് മുന്നേറുകയാണു വേണ്ടതെന്ന് ഹരണി തിരിച്ചറിഞ്ഞത്. ഇതിനായി കഠിനപ്രയ്തനം ചെയ്യാനും തീരുമാനിച്ചതോടെ ഹരണിക്ക് വിജയങ്ങളുടേയും പുരോഗതിയുടേയും വഴികൾ തുറക്കപ്പെട്ടു.

നേരത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്ത നാട്ടുകാരെല്ലാം ഇന്ന് ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്ത്രീ സ്വഭാവം ചെറുപ്രായത്തിൽ തന്നെയുണ്ടായിരുന്നെങ്കിലും 12-ാംവയസ്സിലാണ് ഇത് താൻ തിരിച്ചറിഞ്ഞതെന്ന് ഹരണി പറയുന്നു. തുടർന്ന് 14-ാം വയസ്സിലാണ് താൻ ഇക്കാര്യം മാനസികമായി ഉൾക്കൊണ്ടത്. തുടർന്ന് പത്താംക്ലാസ് കഴിഞ്ഞതോടെ 17-ാംവയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറി. നിലവിൽ കൊല്ലത്താണ് ഹരണിയുടെ താമണം. രഞ്ജുരഞ്ജിമാറാണ് വളർത്തമ്മയെന്നും ഹരണി പറയുന്നു.

മോഡൽ, പ്രൊഫഷണൽ ഡാൻസർ, ഫാഷൻ കോറിയോഗ്രാഫർ, സ്റ്റേജ് ഷോ, നാടക അഭിനേത്രി എന്നീ മേഖലകളില്ലൊം തിളങ്ങുന്ന ദീപ്തി കല്യാണിയും ചില സിനിമകളിൽ മുഖംകാണിച്ചിട്ടുണ്ട്. തിരക്കും കളർഫുളുമായ ഈജീവിതത്തിന് മുമ്പു ദീപ്തിയുടെ ദുരിതപൂർവമായ പഴയകാലങ്ങൾ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കെല്ലാം ഒരുപാഠമാണ്. ഗുരുവായൂരിൽ മാതാവിനും പിതാവിനോടുംഒപ്പം നാലുസഹോദരിമാരും ഒരുസഹോദരനും അടങ്ങുന്ന കുടുംബത്തിലാണ് ദീപ്തിയുടെ ജനനം.

ആൺകുട്ടിയായി ജനിച്ച തന്റെ ഉള്ളിലെ പെൺമനസ്സ് ചെറുപ്രായത്തിൽതന്നെ ദീപ്തിക്ക് മനസ്സിലായി. തുടർന്നു നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് പത്താംക്ലാസ് പഠനത്തോടെ വീട്വിട്ട് ബംഗളൂരുവിലേക്ക് വണ്ടി കയറിയത്.പിന്നീടുള്ള പത്തുവർഷം ബംഗളൂരുവിൽവച്ചാണ് ദീപ്തി ജീവിതം പഠിച്ചത്. ഇതിനിടയിൽ നിരവധി പ്രയാസങ്ങളും പ്രശ്നങ്ങളും അതിജീവിച്ചു. നൃത്തം അഭ്യസിച്ച് പ്രൊഫഷണൽ ഡാൻസറായി. ജോലി ചെയ്തു പണമുണ്ടാക്കി ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി.

തുടർന്നു ബംഗളൂരുവിലെ പത്തുവർഷത്തെ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. പിന്നീട് വനിത മാസികയുടെ മുഖചിത്രമായ പ്രത്യക്ഷപ്പെട്ടു. ഇതോടെ ട്രാൻസ്ജെൻഡർ സമൂഹം വീണ്ടും പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമായി. പതിനാറു വയസ്സുവരെ ഷിനോജ് എന്ന ആൺശരീരത്തിൽ മനസ്സു വേദനിച്ച് ശ്വാസംമുട്ടി കഴിഞ്ഞ ദീപ്തിയുടെ മുന്നേറ്റത്തിന്റെ നാളുകളായിരുന്നു പിന്നീട്. പിന്നീട് വിവിധ മേഖലകളിൽ കഴിവുതെളിയിക്കുകയും നാലാൾ അറിയാവുന്ന ഒരു വ്യക്തിയുമായി മാറി. കയ്പേറിയ പല അനുഭവങ്ങളും ജീവിതത്തിൽ അനുഭവിച്ചെങ്കിലും ഇന്ന് കുടുംബത്തോടൊപ്പമാണ് താമസം. തന്റെ വീട്ടിലാണു ഇന്ന് അച്ഛനും അമ്മയും താമസിക്കുന്നത്. നാലുസഹോദരിമാരുടെ വിവാഹം കഴിഞ്ഞു. സഹോദരൻ വീടുവെച്ചു മറ്റൊരിടത്തു താമസിക്കുന്നു. എല്ലാവരും ഇടക്ക് ഒരുമിച്ചുകൂടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP